Image

ആതുരസേവകര്‍ ആത്മഹത്യാ മുനമ്പില്‍-1

Published on 04 November, 2011
ആതുരസേവകര്‍ ആത്മഹത്യാ മുനമ്പില്‍-1

(see Nursing ramgam, our new section)

 

ആതുരസേവകര്‍ ആത്മഹത്യാ മുനമ്പില്‍
എളുപ്പത്തില്‍ ജോലിയും ഭേദപ്പെട്ട ശമ്പളവുമെന്ന പ്രതീക്ഷയാണ് ഇടത്തരം കുടുംബത്തില്‍ വളര്‍ന്ന അവളെ നഴ്‌സിംഗ് പഠനത്തിന് പ്രേരിപ്പിച്ചത്. പഠിച്ചിറങ്ങിയ ഉടനെ തന്നെ കൊച്ചിയിലെ പ്രമുഖ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ ജോലി കൂടിയായതോടെ അവളോടൊപ്പം ഇടുക്കിയിലെ അവളുടെ കര്‍ഷക കുടുംബവും സ്വപ്നം കാണാന്‍ തുടങ്ങി.

എന്നാല്‍ ജോലിയില്‍ പ്രവേശിച്ച് ഒന്നരവര്‍ഷം പിന്നിടുമ്പോള്‍ മാസം തോറും ലഭിക്കുന്ന ശമ്പളത്തില്‍ നിന്ന് ഹോസ്റ്റല്‍ ഫീസും മെസ്സ് ബില്ലും കഴിഞ്ഞാല്‍ പഠാനാവശ്യത്തിനായെടുത്ത ലോണടക്കാന്‍ നെട്ടോട്ടമോടുകയാണ് ഈ കുടുംബം.

പ്രതിദിനം കോടികള്‍ കൊയ്യുന്ന കച്ചവടത്തിന് ആതുരസേവരംഗം വഴിവക്കുമ്പോള്‍ തന്നെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന കേരളത്തിലെ ലക്ഷോപലക്ഷം-നഴ്‌സിംഗ് ജീവനക്കാരില്‍ ഒരാള്‍ മാത്രമാണ് ഇടുക്കി സ്വദേശിനിയായ ഈ ഇരുപത്തിമൂന്നുകാരിയും . ലക്ഷങ്ങള്‍ മുടക്കി പഠനം കഴിഞ്ഞ് ജോലിയില്‍ പ്രവേശിക്കുന്ന നഴ്‌സുമാര്‍ക്ക് ശമ്പളമായി ലഭിക്കുന്നത് കേവലം 3000 രൂപ. നാല് വര്‍ഷത്തെ പഠനം കഴിഞ്ഞ ബിഎസ്സി നഴ്‌സിംഗുകാര്‍ക്ക് മൂവായിരമെങ്കിലും ലഭിക്കുമ്പോള്‍ ജനറല്‍ നഴ്‌സിംഗ് കഴിഞ്ഞവരുടെ വേതനം ആരംഭിക്കുന്നത് 1500 മുതലാണ്. സര്‍ക്കാര്‍ മേഖലയില്‍ ഇതേ തൊഴില്‍ ചെയ്യുന്നവര്‍ക്ക് 8000 രൂപ മുതലാണ് ശമ്പളം. ബാങ്ക് ലോണിന്റെ സഹായത്തോടെ പഠിച്ച് നഴ്‌സിംഗ് മേഖലയിലേക്ക് കടന്നുവരുന്നവരില്‍ ഭൂരിഭാഗവും ഇടത്തരം, പാവപ്പെട്ട കുടുംബത്തില്‍പ്പെട്ടവരാണ്.

കൊച്ചിയിലെ പല പ്രമുഖ ആശുപത്രികളിലേയും സ്റ്റാഫ് നഴ്‌സുമാരുടെ ശമ്പളം 1500നും അയ്യായിരത്തിനുമിടയിലാണ്. എട്ട് മണിക്കൂര്‍ ജോലി സമയമെന്നാണ് പറയപ്പെടുന്നതെങ്കിലും പലപ്പോഴും പതിനാറ് മണിക്കൂര്‍ വരെ ഇവര്‍ ജോലി ചെയ്തുവരികയാണ്. മൂന്ന് ഷിഫ്റ്റായി ജോലി സമയം ക്രമീകരിക്കണമെന്നാണ് നിയമെങ്കിലും പലയിടത്തും രണ്ട് ഷിഫ്റ്റായാണ് ജോലി. അധികമായി ചെയ്യുന്ന തൊഴിലിന് നയാപൈസ ഇവരുടെ ശമ്പളത്തില്‍ വര്‍ദ്ധിക്കാറില്ല. ഓവര്‍ടൈമിന് പ്രതിഫലം ലഭിക്കാത്ത ഏക തൊഴില്‍ മേഖലയും നഴ്‌സിംഗ് തന്നെയായിരിക്കും. പത്ത് മുതല്‍ മുപ്പത് വരെ കിടക്കകളുള്ള വാര്‍ഡുകളില്‍ മൂന്നോ നാലോ പേര്‍ ചേര്‍ന്ന് രോഗികളെ പരിചരിക്കേണ്ടതായും വരുന്നുണ്ട്. നഴ്‌സിംഗ് മേഖലയില്‍ തുടക്കക്കാരാണ് ഏറ്റവുംമധികം ചൂഷണങ്ങള്‍ക്ക് വിധേയരാകേണ്ടി വരുന്നത്. ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെ ബോണ്ടെന്ന പേരില്‍ ഇവരെക്കൊണ്ട് തുച്ഛമായ ശമ്പളത്തില്‍ ജോലി ചെയ്യിപ്പിക്കുന്ന രീതിയും പതിവുണ്ട്. പഠനത്തോടൊപ്പം തന്നെ ട്രെയിനിംഗ് എന്ന പേരില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളെക്കൊണ്ട് ഡ്യൂട്ടി ചെയ്യിച്ചുവരുന്നു. ആശുപത്രികളോട് ചേര്‍ന്നുള്ള നഴ്‌സിംഗ് സ്ഥാപനങ്ങളാണ് ഇത്തരം ചൂഷണങ്ങള്‍ കൂടുതലും ചെയ്തുവരുന്നത്.

നഴ്‌സിംഗ് ആക്ട് പ്രകാരം ഒരു വര്‍ഷത്തെ പരിചയമുള്ളവര്‍ക്ക് 5000 രൂപയെങ്കിലും നല്‍കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ 200രൂപ കുറച്ച് 4800 രൂപയോളമാണ് നല്‍കി വരുന്നത്. ഇതില്‍ 1300 ഓളം രൂപ ഹോസ്റ്റല്‍ -മെസ്സ് ബില്ല്, ഇഎസ്‌ഐ, നേഴ്‌സിംഗ് വെല്‍ഫെയര്‍ ഫണ്ട് പിഎഫ്ഇ എന്നിവ കഴിഞ്ഞാല്‍ തങ്ങളുടെ പേഴ്‌സ് പലപ്പോഴും കാലിയായിരിക്കുമെന്ന് നഴ്‌സുമാര്‍ പറയുന്നു. കുറഞ്ഞ വേതനത്തോടൊപ്പം അമിത ജോലിഭാരവും കടുത്ത മാനസിക സമ്മര്‍ദവും കൂടിയാവുമ്പോള്‍ നഴ്‌സുമാര്‍ക്ക് പലപ്പോഴും കയ്യബദ്ധങ്ങള്‍ പറ്റാറുണ്ട്. ദിവസങ്ങളോളം രാത്രിയില്‍ തുടര്‍ച്ചയായി 36 മണിക്കൂര്‍ ജോലി ചെയ്ത ഒരാള്‍ക്ക് എങ്ങനെ അടുത്ത ദിവസം കൃത്യമായി രോഗിക്ക് ഡ്രിപ്പുകൊടുക്കാനും ഇഞ്ചക്ഷന്‍ എടുക്കാനും സാധിക്കുമെന്നാണ് ഇവര്‍ ചോദിക്കുന്നത്. ഏതെങ്കിലും ഉപകരണത്തിന് കേടു സംഭവിച്ചാല്‍ അതിന്റെ പണവും ശമ്പളത്തില്‍ നിന്ന് പിടിക്കുമെന്നതിനാല്‍ മുള്‍മുനയിലാണ് പലരുടെയും രോഗശുശ്രൂഷ. അത്യാഹിത വിഭാഗങ്ങളിലെ സേവനമാണ് നഴ്‌സുമാര്‍ക്ക് ഏറെ തലവേദന. പകല്‍ സമയങ്ങളില്‍ പത്തോ പതിനഞ്ചോ പേര്‍ ചെയ്യുന്ന ജോലിയാണ് രണ്ടോ മൂന്നോ പേര്‍ രാത്രികാലങ്ങളില്‍ ചെയ്യുന്നത്. ഐസിയുവില്‍ ഒരു രോഗിയെ പരിചരിക്കാന്‍ ഒരാള്‍ വച്ചെങ്കിലും വേണമെന്നിരിക്കെയാണ് ഒരു ക്യാബിനിലെ നാലോ അഞ്ചോ പേര്‍ക്ക് ഒരാള്‍ തന്നെ ഫീഡും മെഡിസിനും നല്‍കുന്നത്. ചലിക്കാന്‍ പോലും കഴിയാത്ത രോഗികളുടെ മലമൂത്ര വിസര്‍ജ്ജ്യങ്ങള്‍ നീക്കം ചെയ്യാനുമുള്ളത് ഒരു സ്റ്റാഫാണ്. വനിതാ നഴ്‌സുമാരെ സഹായിക്കാന്‍ അറ്റന്റര്‍മാരേയോ മെയില്‍ നഴ്‌സുമാരെയോ നിയമിക്കാതെ അതുവഴിയും ലാഭമുണ്ടാക്കാനാണാ മാനേജ്‌മെന്റുകള്‍ ശ്രമിക്കുന്നത്. ഡ്യൂട്ടി സമയത്ത് അഞ്ചോ പത്തോ മിനിറ്റ് താമസിച്ചാല്‍ അര ദിവസത്തെ വേതനം കട്ട് ചെയ്യുന്ന രീതിയും ആശുപത്രികളില്‍ പതിവുണ്ട്. ന്യൂറോ, കാര്‍ഡിയോ, നെഫ്രോ, നിയോ വിഭാഗങ്ങളില്‍ സീനിയര്‍ സ്റ്റാഫുമാരെ ഡ്യൂട്ടിക്കിടാതെ തുടക്കക്കാരെ മാത്രം ജോലിക്കയക്കുന്നത് വഴി രോഗികളുടെ ബന്ധുക്കളില്‍ നിന്ന് നഴ്‌സുമാര്‍ വഴക്കും കയ്യേറ്റവും വരെ നേരിടേണ്ടതായും വരുന്നുണ്ട്.

മോശം താമസസൗകര്യവും നിലവാരം കുറഞ്ഞ ഭക്ഷണവുമാണ് സ്വകാര്യ മേഖലകയില്‍ നഴ്‌സുമാര്‍ക്ക് നല്‍കി വരുന്നുണ്ട്. ഒരു മുറിയില്‍ എട്ടോ പത്തോ പേരെ താമസിപ്പിക്കുന്നതും തലേദിവസത്തെ ഭക്ഷണം തന്നെ മെസ്സില്‍ വിളമ്പുന്നതും സഹിക്കുകയാണ് കേരളത്തിലെ നഴ്‌സിംഗ് ജീവനക്കാര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക