Image

പെട്രോള്‍ വില വര്‍ധന: മമത കടുത്ത നടപടിയിലേക്ക്‌

Published on 04 November, 2011
പെട്രോള്‍ വില വര്‍ധന: മമത കടുത്ത നടപടിയിലേക്ക്‌

ന്യൂഡല്‍ഹി: പെട്രോള്‍ വില തുടര്‍ച്ചയായി വര്‍ധിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് കടുത്ത നടപടിക്ക് ഒരുങ്ങുന്നു. വിഷയം ചര്‍ച്ചചെയ്യാന്‍ എം.പിമാരുടെ അടിയന്തര യോഗം പാര്‍ട്ടി അധ്യക്ഷ മമത ബാനര്‍ജി വിളിച്ചു. വില കൂട്ടിക്കൊണ്ടുള്ള പ്രഖ്യാപനം വന്നതിന് പിന്നാലെ വ്യാഴാഴ്ച രാത്രി തന്നെ എം.പിമാരോട് അടിയന്തിരമായി കൊല്‍ക്കത്തയിലെത്താന്‍ അവര്‍ നിര്‍ദേശം നല്‍കി. യു.പി.എയിലെ പ്രധാന ഘടകകക്ഷിയായിട്ടും തീരുമാനം കൈക്കൊള്ളുന്നതിന് മുമ്പ് തങ്ങളോട് ആലോചിക്കാത്തതില്‍ മമത കടുത്ത രോഷത്തിലാണ്. പണപ്പെരുപ്പം വര്‍ധിച്ചതിനെ തുടര്‍ന്ന് ബുദ്ധിമുട്ടുന്ന സാധാരണക്കാരന് പെട്രോളിന്റെ വില വര്‍ധന അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് മമത.

തങ്ങളുടെ പ്രതിഷേധം വകവെക്കാത്ത സാഹചര്യത്തില്‍ യു.പി.എയില്‍ തുടരണോ എന്ന കാര്യവും യോഗത്തില്‍ ചര്‍ച്ചചെയ്‌തേക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സപ്തംബര്‍ 15ന് പെട്രോള്‍ വില ലിറ്ററിന് മൂന്നു രൂപ വര്‍ധിപ്പിച്ചപ്പോള്‍ തന്നെ ശക്തമായ പ്രതിഷേധം അറിയിച്ച മമത തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര ഭരണം ഘടകകക്ഷികളുടെ കൂടി പിന്തുണയോടെയാണെന്ന കാര്യം കോണ്‍ഗ്രസ് പലപ്പോഴും മറക്കുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ചീഫ് വിപ്പ് സുദീപ് ബന്ദോപാധ്യായ പറഞ്ഞു. ഇതാദ്യമായല്ല ഘടകകക്ഷികളെ കണക്കിലെടുക്കാതെ കേന്ദ്രം തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക