Image

മൊയ്‌തീന്‍ പുത്തന്‍ചിറയ്‌ക്ക്‌ അവാര്‍ഡ്‌

Published on 04 November, 2011
മൊയ്‌തീന്‍ പുത്തന്‍ചിറയ്‌ക്ക്‌ അവാര്‍ഡ്‌
ന്യൂയോര്‍ക്ക്‌: കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പ്രസിദ്ധീകൃതമായ മികവുറ്റ ലേഖനങ്ങളെ പുരസ്‌കരിച്ച്‌ മൊയ്‌തീന്‍ പുത്തന്‍ചിറയ്‌ക്ക്‌ കൈരളി ടിവിയും, ഇ മലയാളി ഡോട്ട്‌കോമും ചേര്‍ന്ന്‌ അവാര്‍ഡ്‌ നല്‍കി ആദരിച്ചു.

പ്രശസ്‌ത പത്രപ്രവര്‍ത്തകരായ ഡി. വിജയമോഹന്‍ (മലയാള മനോരമ ഡല്‍ഹി ബ്യൂറോ ചീഫ്‌), ജോണ്‍ ബ്രിട്ടാസ്‌ (ഏഷ്യാനെറ്റ്‌ ബിസിനസ്‌ മേധാവി) എന്നിവര്‍ ഫലകവും കാഷ്‌ അവാര്‍ഡും സമ്മാനിച്ചു.

സൂര്യ ടിവി എഡിറ്റര്‍ റോയി മാത്യു, ഫോമാ പ്രസിഡന്റ്‌ ബേബി ഊരാളില്‍, ഫോമാ മുന്‍ സെക്രട്ടറി അനിയന്‍ ജോര്‍ജ്‌, എഴുത്തുകാരായ മനോഹര്‍ തോമസ്‌, കൈരളി ടിവിയുടെ ജോസ്‌ കാടാപ്പുറം, ജോസ്‌ പ്ലാക്കാട്ട്‌, ഫിലിപ്പ്‌ മാരേട്ട്‌, സുനില്‍ ട്രൈസ്റ്റാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ലവ്‌ ജിഹാദ്‌ മുതല്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിയെപ്പറ്റി വരെ വ്യത്യസ്‌തവും യുക്തിസഹവുമായ അഭിപ്രായങ്ങള്‍ സധൈര്യം എഴുതുന്ന മൊയ്‌തീന്‍ സ്വതന്ത്ര ചിന്തകനും മികച്ച മാധ്യമ പ്രവര്‍ത്തകനുമാണ്‌. ഏതൊരു വിഷയത്തെപ്പറ്റിയുമുള്ള റിപ്പോര്‍ട്ടുകള്‍ വസ്‌തുനിഷ്‌ഠമായും വ്യക്തതയോടെയും പെട്ടെന്നുതന്നെ തയാറാക്കി എത്തിക്കുന്നതില്‍ മൊയ്‌തീന്‍ പ്രകടിപ്പിക്കുന്ന പാടവം അനിതരസാധാരണമാണ്‌. പത്രപ്രവര്‍ത്തനവും എഴുത്തും ജീവിതോപാധി അല്ലാതിരുന്നിട്ടും ആ രംഗത്ത്‌ ഏറെ സംഭാനകളര്‍പ്പിക്കാന്‍ മൊയ്‌തീന്‌ കഴിഞ്ഞു.


മൊയ്‌തീന്‍ പുത്തന്‍ചിറ

തൃശൂര്‍ ജില്ലയിലെ മാളയ്‌ക്കടുത്ത്‌ പുത്തന്‍ചിറ ഗ്രാമത്തില്‍ ജനനം. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം കേരളാ ഹൈക്കോടതിയില്‍ ഒരു വക്കീല്‍ ഗുമസ്ഥന്റെ സഹായിയായി കുറച്ചു നാള്‍ ജോലി ചെയ്‌തു. പിന്നീട്‌ ന്യൂഡല്‍ഹിയില്‍ തുടര്‍പഠനവും `കെയര്‍' എന്ന അമേരിക്കന്‍ സ്ഥാപനത്തില്‍?ഔദ്യോഗിക ജീവിതവും ആരംഭിച്ചു. തുടര്‍ന്ന്‌ സൗദി അറേബ്യയിലെ റിയാദില്‍ മൂന്നു വര്‍ഷം സേവനമനുഷ്‌ഠിച്ച്‌ 1987ല്‍ അമേരിക്കയിലേക്ക്‌ കുടിയേറി. വെസ്റ്റ്‌ചെസ്റ്ററിലെ ബാങ്ക്‌ ഓഫ്‌ ന്യൂയോര്‍ക്കിന്റെ ലാര്‍ച്ച്‌മണ്ട്‌ ശാഖയിലും മൗണ്ട്‌ വെര്‍ണണ്‍ പോസ്റ്റ്‌ ഓഫീസിലും ജോലിയില്‍ തുടരവേ ന്യൂയോര്‍ക്ക്‌ സ്റ്റേറ്റ്‌ ഹെല്‍ത്ത്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ മെട്രോ റീജിയന്റെ ന്യൂറോഷല്‍ ഓഫീസില്‍ നിയമനം. പിന്നീട്‌ ആല്‍ബനിയിലെ ഡിവിഷന്‍ ഓഫ്‌ ലീഗല്‍ അഫയേഴ്‌സിലേക്ക്‌ സ്ഥലം മാറ്റം. 1992ല്‍ വെസ്റ്റ്‌ചെസ്റ്ററില്‍ നിന്ന്‌ ആല്‍ബനിയിലേക്ക്‌ കൂടുമാറി.

വെറും 30 കുടുംബങ്ങള്‍ മാത്രമുണ്ടായിരുന്ന ആല്‍ബനിയില്‍ 1993ല്‍ മലയാളി അസോസിയേഷന്‍ രൂപീകരിച്ചു. ക്യാപിറ്റല്‍ ഡിസ്‌ട്രിക്‌റ്റ്‌ മലയാളി അസോസിയേഷന്‍ എന്ന ആ സംഘടനയില്‍ 1993 മുതല്‍ 2000 വരെ സെക്രട്ടറിയായും, 2000മുതല്‍ 2002വരെ പ്രസിഡന്റായും, വീണ്ടും 2007 മുതല്‍ 2008വരെ പ്രസിഡന്റായും സേവനമനുഷ്‌ഠിച്ചു. ആല്‍ബനിയില്‍ ആദ്യമായി `ഹരിശ്രീ മലയാളം സ്‌കൂള്‍' എന്ന പേരില്‍ ഒരു മലയാളം സ്‌കൂള്‍ സ്ഥാപിക്കാനും മൊയ്‌തീന്‍ പ്രധാന പങ്കു വഹിച്ചിരുന്നു.
 
യുവജനങ്ങളുടെ ഉന്നമനത്തിനും സാമൂഹ്യസേവനത്തിനും `മയൂരം' എന്ന യുവജന സംഘടനയ്‌ക്ക്‌ രൂപം കൊടുത്തു. അസോസിയേഷന്റെ പ്രസിദ്ധീകരണമായി `കേസരം' രൂപകല്‌പന ചെയ്യുകയും ആദ്യമായി മലയാളത്തില്‍ ന്യൂസ്‌ ലറ്റര്‍ പ്രസിദ്ധീകരിക്കുകയും ചെയ്‌തത്‌ മൊയ്‌തീന്‍ പുത്തന്‍ചിറയുടെ മേല്‍നോട്ടത്തിലായിരുന്നു. 1995ല്‍ ഫൊക്കാനയില്‍ മെംബര്‍ഷിപ്പ്‌ എടുത്ത അസോസിയേഷന്റെ അന്നത്തെ പ്രവര്‍ത്തകരുമായി ഒട്ടേറെ ഫൊക്കാന പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കായിട്ടുണ്ട്‌. 2010ലെ ഫൊക്കാന കണ്‍വന്‍ഷന്റെ മീഡിയ ചെയര്‍മാനായി സേവനമനുഷ്‌ഠിച്ചു. ഇപ്പോള്‍ ട്രൈസിറ്റി ഇന്ത്യാ അസ്സോസിയേഷനില്‍ കമ്മിറ്റി മെംബറാണ്‌.

ഇ-മലയാളിയിലും അശ്വമേധം ഓണ്‍ലൈന്‍ പത്രത്തിലും തുടര്‍ച്ചയായി ലേഖനങ്ങളെഴുതുന്നു. നിരവധി സാമൂഹ്യ-സാംസ്‌ക്കാരിക സംഘടനകള്‍ക്കുവേണ്ടി വാര്‍ത്തകളും എഴുതുന്നു. മറ്റു ആനുകാലിക പ്രസിദ്ധീകരണങ്ങളിലും കഥകളും ചെറുകഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. നഗരമേ സാക്ഷി, ഓര്‍മ്മകള്‍ മരിക്കുമോ, പ്രണയമണിത്തൂവല്‍, ഏകാന്തപഥികന്‍, ആദ്യത്തെ കണ്‍മണി, മഴത്തുള്ളിക്കിലുക്കം, മരണം അതെത്ര സുന്ദരം എന്നീ ചെറുകഥകള്‍ രചിച്ചിട്ടുള്ള അദ്ദേഹം തന്റെ ജീവിതാനുഭവങ്ങളും, ജീവിതത്തില്‍ താന്‍ കണ്ടുമുട്ടിയവരെയും കോര്‍ത്തിണക്കി `ബന്ധങ്ങള്‍ ബന്ധനങ്ങള്‍' എന്ന നോവലിന്റെ പണിപ്പുരയിലാണ്‌.
മൊയ്‌തീന്‍ പുത്തന്‍ചിറയ്‌ക്ക്‌ അവാര്‍ഡ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക