Image

കാടിനു നടുവില്‍, കാട്ടരുവിയോരത്ത്‌ (പ്രകൃതിയുടെ നിഴലുകള്‍ തേടി-2: ജോര്‍ജ്‌ തുമ്പയില്‍)

Published on 29 January, 2014
കാടിനു നടുവില്‍, കാട്ടരുവിയോരത്ത്‌ (പ്രകൃതിയുടെ നിഴലുകള്‍ തേടി-2: ജോര്‍ജ്‌ തുമ്പയില്‍)
പുലര്‍ച്ചെ തന്നെ കുളി കഴിഞ്ഞ്‌ ഞാന്‍ യാത്രയ്‌ക്ക്‌ തയ്യാറായി. കൈയിലൊരു ഡയറി കരുതി. അതൊരു പതിവുള്ളതാണ്‌. എല്ലായ്‌പ്പോഴും യാത്രയ്‌ക്കിടയില്‍ ഇതൊക്കെ കുറിച്ചു വയ്‌ക്കുന്നത്‌ എപ്പോഴും ഗുണകരമാവുമല്ലോ.രാവിലെ 9 മണിക്ക്‌ ബോണക്കാട്‌ ഫോറസ്‌റ്‌ ഓഫീസില്‍ എത്തേണ്ടതുണ്ട്‌. ഞാന്‍ തലേന്നു തന്നെ ഒരു ടാക്‌സി തയ്യാറാക്കിയിരുന്നു. രാവിലെ വണ്ടി പുറപ്പെടുമ്പോള്‍ മുതല്‍ ഡ്രൈവര്‍ ജോണ്‍സണ്‌ സംശയങ്ങളായിരുന്നു. ബോണക്കാട്‌ എന്താണ്‌ പരിപാടി? ഫോറസ്റ്റ്‌ ഓഫീസിലാണോ ജോലി? അവിടെ ഒരു ഡ്രൈവര്‍ പോസ്റ്റില്‍ കയറിക്കൂടാന്‍ പറ്റുമോ? ഇതൊക്കെയായിരുന്നു അയാളുടെ സംശയങ്ങള്‍. ഒടുവില്‍ ഞാനൊരു സഞ്ചാരിയാണെന്നും യാത്ര അഗസ്‌ത്യമലയിലേക്കാണെന്നും അറിഞ്ഞതോടെ അയാള്‍ സംസാരം രാഷ്‌ട്രീയത്തിലേക്കും കേരളത്തില്‍ കഴിഞ്ഞു കൂടാനുള്ള ബുദ്ധിമുട്ടുകളിലേക്കുമാക്കി.

വിചാരിച്ചതിനും ഒരു മണിക്കൂര്‍ മുമ്പേ ഞാന്‍ ബോണക്കാട്‌ എത്തി. ഫോറസ്റ്റ്‌ ഓഫീസിനു മുന്നില്‍ എനിക്കു മുന്നേ എത്തിയിരുന്നവര്‍ കൂട്ടം കൂടി നിന്നിരുന്നു. ഞാന്‍ ഫോറസ്റ്റ്‌ ഓഫീസിനുള്ളിലേക്ക്‌ കയറി യാത്രാസജ്ജമായെന്നു റിപ്പോര്‍ട്‌ ചെയ്‌തു. ഞാന്‍ കൂട്ടത്തില്‍ രാമകൃഷ്‌ണന്‍ എന്നൊരു സുഹൃത്തുമായി സംസാരിച്ചു. അദ്ദേഹവും എന്നെ പോലെ ഒരു സ്വതന്ത്ര്യ മാധ്യമപ്രവര്‍ത്തകനാണ്‌. അഗസ്‌ത്യൂകൂടം എന്ന സ്വപ്‌നഭൂമിയിലേക്കു യാത്ര ചെയ്യാനെത്തിയ മധ്യവയ്‌സകന്‍. അവിവാഹിതന്‍. നല്ല ആഴത്തിലുള്ള വായനയും അത്രമേല്‍ ഗൗരവമായ കാര്യങ്ങളെക്കുറിച്ചുള്ള സംസാരവും. ആദ്യ സംസാരത്തില്‍ തന്നെ എനിക്ക്‌ ആളെ ഇഷ്‌ടപ്പെട്ടു. എന്റെ ഇഷ്‌ടങ്ങള്‍ക്കൊത്തു നടക്കുന്ന ഒരാള്‍. പുകവലിയില്ല. മദ്യപാനമില്ല. ഇതു രണ്ടും ഇനിയുള്ള യാത്രയില്‍ നടത്താന്‍ ഒരു സാധ്യതയുമില്ലെന്നത്‌ വേറെ കാര്യം.

ഞങ്ങള്‍ക്ക്‌ മുമ്പേയെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയവരെ കയറ്റി വിട്ടു തുടങ്ങിയിരുന്നു. പാസ്‌, ലഗ്ഗേജ്‌ എന്നിവ പരിശോധിച്ചതിനു ശേഷം 10.50 ന്‌ ഞങ്ങളും യാത്രയാരംഭിച്ചു. ബേസ്‌ ക്യാമ്പിലെ ക്യാന്‍റീനില്‍ നിന്നും പൂരിയും കറിയും ഉച്ചഭക്ഷണമായി വാങ്ങിച്ച്‌ നടത്തം തുടങ്ങി. വഴിയിലൊരിടത്തു നിന്നും അപ്പവും മുട്ടക്കറിയും ചായയും പ്രഭാതഭക്ഷണമായ അകത്താക്കിയിരുന്നതിനാല്‍ വിശപ്പ്‌ അനുഭവപ്പെട്ടിരുന്നില്ല. ഞാന്‍ ലഗേജില്‍ ഏത്തപ്പഴും ബ്രെഡും ബിസ്‌ക്കറ്റും കുപ്പിവെള്ളവും കരുതിയിരുന്നു. കിളികളുടെ ചിലമ്പല്‍ എങ്ങും മുഖരിതമായിരുന്നു. സഞ്ചാരികളെ വരവേല്‍ക്കുന്നതു പോലെ. ചെറിയ തണുപ്പ്‌ അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്നുണ്ട്‌. ഇതിനു മുന്‍പ്‌ എവിടെയൊക്കെ യാത്ര ചെയ്‌തിട്ടുണ്ടെന്ന്‌ ഞാന്‍ രാമകൃഷ്‌ണനോടു ചോദിച്ചു. അയാള്‍ കുടജാദ്രിയും കൈലാസവും പോയിട്ടുണ്ട്‌. ഇവിടങ്ങളില്‍ രണ്ടിടത്തും ഞാന്‍ പോയിട്ടില്ല.

നടപ്പിന്‌ ഒരേ വേഗതയാണ്‌. ഈ യാത്ര ഇനി അതിരുമലയില്‍ അവസാനിക്കും. അവിടെ വനംവകുപ്പിന്‌ ഡോര്‍മിറ്ററി സൗകര്യത്തോടെയുള്ള ഒരു ക്യാംപുണ്ട്‌. അവിടെയെത്തിയാലെ ഇനി ഭക്ഷണമുള്ളൂ. ബേസ്‌ ക്യാംപായ ബോണക്കാട്‌ ഫോറസ്‌റ്‌ ഓഫീസില്‍ നിന്നും 22 കിലോമീറ്റര്‍ ദൂരെയാണ്‌ അതിരുമല. ഞങ്ങള്‍ക്കൊപ്പം ഗൈഡായി ഒരാളെ ഫോറസറ്റ്‌ ഓഫീസില്‍ നിന്നും ഒപ്പം വിട്ടിരുന്നു. ക്യാമ്പ്‌ പിന്നിട്ട്‌ കുറച്ച്‌ ദൂരം നടന്നപ്പോള്‍ വഴി രണ്ടായി പിരിയുന്നതു കണ്ടു. ബോണഫാള്‍സ്‌ എന്ന വെള്ളച്ചാട്ടത്തിനടുത്തുകൂടിയാണ്‌ ഒരു വഴി. ആന ശല്യം കാരണം അതിലൂടെ അപ്പോള്‍ പ്രവേശനമില്ലായിരുന്നു. ഞങ്ങള്‍ അതിനടുത്തുണ്ടായിരുന്ന മറ്റൊരു വഴിയിലൂടെ യാത്ര തുടര്‍ന്നു. രാമകൃഷ്‌ണ്‍ ആനച്ചൂരിനെക്കുറിച്ചു പറഞ്ഞു. ആനയുടെ മണവും വരവുമൊക്കെ അറിയാന്‍ പ്രത്യേക സിദ്ധികള്‍ ഉണ്ടെന്നു അതിന്റെ ടെക്‌നിക്കിനെക്കുറിച്ചു വാചാലനായി.

അടുത്ത ക്യാമ്പ്‌ കരമനയാറാണ്‌. ഈ ക്യാമ്പുകളെല്ലാം അരുവികളുടെ കരയില്‍. എല്ലായിടത്തും ടെന്‍റടിച്ച്‌ ഗൈഡ്‌സ്‌ ക്യാമ്പ്‌ ചെയ്യുന്നു. കണ്ണാടി പോലെ തെളിഞ്ഞ വെള്ളവുമായാണ്‌ അരുവികളൊഴുകുന്നത്‌. ഉരുളന്‍ പാറകളിലൂടെ ഒഴുകുന്ന വെള്ളം കണ്ടാല്‍ ദേഹമൊന്നു തണുപ്പിക്കണമെന്നു മോഹിച്ചു പോകും. ഇത്രയും ശുദ്ധമായ ജലം ഞാന്‍ കണ്ടിട്ടേയുണ്ടായിരുന്നില്ല. രാമകൃഷ്‌ണന്‍ ആ വെള്ളം കൈക്കുമ്പിളില്‍ കോരിയെടുത്തു മുഖം കഴുകി. ഞാന്‍ കരയിലിരുന്നു അതു കണ്ടു. കാല്‍ വെള്ളത്തിലേക്കിറക്കിയപ്പോള്‍ എന്തൊരു സുഖകരമായ ശീതളത.

ഞങ്ങള്‍ നടപ്പു തുടര്‍ന്നു. ഞങ്ങള്‍ക്കൊപ്പം നാലഞ്ചു പേര്‍ വേറെയുമുണ്ട്‌. അവരും പല കാര്യങ്ങളെക്കുറിച്ചു സംസാരിച്ചു പ്രകൃതിയെ അറിഞ്ഞ്‌ ആസ്വദിച്ചാണ്‌ നടക്കുന്നത്‌. അടുത്ത ക്യാമ്പ്‌ ആയ അട്ടയാര്‍ വരെ മരങ്ങള്‍ തണല്‍ വിരിച്ചു നില്‌ക്കുന്നുണ്ട്‌. ഓരോ മരത്തിനും അപ്പുറത്ത്‌ കാട്‌ വന്യമായി നിലകൊണ്ടു. കാടിനെക്കുറിച്ച്‌, കാടിന്റെ ജനനത്തെക്കുറിച്ച്‌ ഒക്കെ രാമകൃഷ്‌ണന്‍ സംസാരിച്ചു. എനിക്ക്‌ അയാളുടെ വര്‍ത്തമാനങ്ങള്‍ പലതും പുതിയ അറിവുകളായിരുന്നു. പായലുകള്‍ പറ്റിപിടിച്ചു നില്‌ക്കുന്ന, ആകാശം മുട്ടെ വളര്‍ന്ന മരങ്ങള്‍ക്കിടയിലൂടെ നടപ്പു തുടര്‍ന്നു. പലയിടങ്ങളിലും വന്‍ മരങ്ങള്‍ വീണു കിടക്കുന്നു. അട്ടയാര്‍ കഴിഞ്ഞാല്‍ ഏഴുമടക്കംതേരിയാണ്‌. ഇവിടം പുല്‍മേടാണ്‌. ആനകളും കാട്ടുപോത്തും വിഹരിക്കുന്നിടം. ഇവിടം മുതല്‍ മുട്ടിടിച്ചാന്‍തേരി ഗൈഡ്‌ പറഞ്ഞതനുസരിച്ച്‌ ഞങ്ങളെല്ലാവരും ഒപ്പം ചേര്‍ന്നാണ്‌ നടന്നത്‌. ദൂരെ മലയടിവാരത്ത്‌ ഒരു കറുത്ത കാട്ടിന്‍പോത്തിന്‍ കൂട്ടത്തെ കണ്ടു. അവ കണ്ണിന്‌ ഒരു അഴകായിരുന്നുവെങ്കിലും ദൂരക്കൂടതലായിരുന്നതിനാല്‍ അവരുടെ ചെയ്‌തികള്‍ വ്യക്തമായിരുന്നില്ല. ഇവിടെ എത്തിയപ്പോഴേയ്‌ക്കും ഉച്ചവെയിലിന്റെ കാഠിന്യം ശരിക്കും അറിഞ്ഞു. ലഗേജിനുള്ളില്‍ നിന്നും കൂടെ കരുതിയിരുന്ന വെള്ളക്കുപ്പി പുറത്തെടുത്തി. എന്നെ അപേക്ഷിച്ച്‌ രാമകൃഷ്‌ണന്‍ ആവശ്യത്തിനു മാത്രമേ വെള്ളം അകത്താക്കിയുള്ളു. പുല്‍മേടിനു താഴെ ഒരു അരുവിയുണ്ടെന്നും അവിടെ നിന്ന്‌ ആവശ്യത്തിനു കുടിവെള്ളം ശേഖരിക്കാമെന്നും ഗൈഡ്‌ പറഞ്ഞു. കൈയില്‍ കരുതിയിരിക്കുന്ന ഉച്ചഭക്ഷണം ആ അരുവിയുടെ തീരത്തിരുന്നാണ്‌ കഴിക്കേണ്ടത്‌.

ഭക്ഷണം കഴിച്ചു കഴിഞ്ഞ്‌ മാനം നോക്കി, പ്രകൃതിയുടെ മണം ശ്വസിച്ച്‌ ഒന്നു കണ്ണടച്ചു. അരുവിയില്‍ നിന്നും ആവശ്യത്തിനു വെള്ളം ശേഖരിച്ചു. മിനറല്‍ വാട്ടര്‍ തോറ്റു പോകുന്ന വെള്ളം. രണ്ടു മണിയോടെയാണ്‌ അട്ടയാറില്‍ നിന്നും യാത്ര തുടങ്ങിയത്‌. ഏഴുമടക്കംതേരി പിന്നിട്ട്‌ മുട്ടിടിച്ചാന്‍തേരി എത്തിയപ്പോള്‍ കയറ്റം തുടങ്ങിയിരുന്നു. നടത്തത്തിന്റെ ആലസ്യം അറിഞ്ഞു തുടങ്ങി. കാലുകള്‍ക്കൊക്കെ ഒരു വേദന. സാരമില്ല, മെല്ലെ കയറിയാല്‍ ഒന്നുമറിയില്ലെന്ന രാമകൃഷ്‌ണന്റെ ആപ്‌തവാക്യം വിശ്വസിച്ചു. മെല്ലെ കയറിത്തുടങ്ങുമ്പോള്‍ വാച്ചില്‍ നോക്കി. സമയം 3.30 കഴിഞ്ഞിരുന്നു. കുത്തനേയുള്ള കയറ്റമാണിവിടെ. ആകാശത്ത്‌ സൂര്യനെ കാണുന്നില്ല. ഇവിടെ മരങ്ങള്‍ ധാരളമുള്ള പ്രദേശമാണ്‌. ചുറ്റുമാകെ ഇരുണ്ടു കിടന്നു. അവിടമാകെ ഈര്‍പ്പം തങ്ങിനില്‍ക്കുന്നുണ്ടായിരുന്നു. അതിനിടയില്‍ ഒരു അട്ട എന്റെ കൈമുട്ടില്‍ കടിച്ചു തൂങ്ങി കിടക്കുന്നത്‌ രാമകൃഷ്‌ണന്‍ കണ്ടുപിടിച്ചു. ഞാന്‍ ഒന്ന്‌ ഭയപ്പെട്ടെങ്കിലും രാമകൃഷ്‌ണന്‍ നിസ്സാരമായി അതിനെ തോണ്ടി കളഞ്ഞു. ഉപ്പോ പുകയിലയോ ഉപയോഗിച്ചാല്‍ അട്ടയുടെ ശല്യത്തില്‍ നിന്നും രക്ഷ നേടാമായിരുന്നു. ആ പ്രദേശങ്ങളില്‍ ധാരാളം അട്ടയുണ്ടായിരുന്നു. രാമകൃഷ്‌ണന്‍ ബാഗിനുള്ളില്‍ അട്ടയുടെ മുഖ്യശത്രുവായ ഉപ്പ്‌ കരുതിയിരുന്നു.

നടത്തത്തിന്റെ ക്ഷീണം അല്‍പ്പം കുറഞ്ഞു. എല്ലാവരും അട്ട തങ്ങളുടെ ദേഹത്ത്‌ പറ്റിയിട്ടുണ്ടോയെന്ന അന്വേഷണത്തിലായിരുന്നു. അപ്പോഴാണ്‌ ദിക്കുകള്‍ പൊട്ടുമാറ്‌ ഉച്ചത്തിലൊരു ഛിന്നം വിളികേട്ടത്‌. ഹൃദയത്തിലൂടെ ഒരു മരവിപ്പ്‌ കയറി പോകുന്നത്‌ ഞാനറിഞ്ഞു. കാലുകള്‍ക്ക്‌ ശക്തി പോരെന്നു തോന്നി.

(തുടരും)
കാടിനു നടുവില്‍, കാട്ടരുവിയോരത്ത്‌ (പ്രകൃതിയുടെ നിഴലുകള്‍ തേടി-2: ജോര്‍ജ്‌ തുമ്പയില്‍)കാടിനു നടുവില്‍, കാട്ടരുവിയോരത്ത്‌ (പ്രകൃതിയുടെ നിഴലുകള്‍ തേടി-2: ജോര്‍ജ്‌ തുമ്പയില്‍)കാടിനു നടുവില്‍, കാട്ടരുവിയോരത്ത്‌ (പ്രകൃതിയുടെ നിഴലുകള്‍ തേടി-2: ജോര്‍ജ്‌ തുമ്പയില്‍)കാടിനു നടുവില്‍, കാട്ടരുവിയോരത്ത്‌ (പ്രകൃതിയുടെ നിഴലുകള്‍ തേടി-2: ജോര്‍ജ്‌ തുമ്പയില്‍)കാടിനു നടുവില്‍, കാട്ടരുവിയോരത്ത്‌ (പ്രകൃതിയുടെ നിഴലുകള്‍ തേടി-2: ജോര്‍ജ്‌ തുമ്പയില്‍)
Join WhatsApp News
karthu .k.kutty 2014-01-30 06:15:07
iinformative and very interesting..men only allowed?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക