Image

ഫായിസ്‌ ജയിലില്‍ പി മോഹനനെ കണ്ടതിന്റെ ദൃശ്യങ്ങള്‍ പുറത്ത്‌

Published on 28 January, 2014
ഫായിസ്‌ ജയിലില്‍ പി മോഹനനെ കണ്ടതിന്റെ ദൃശ്യങ്ങള്‍ പുറത്ത്‌
കോഴിക്കോട്‌: സ്വര്‍ണ്ണക്കടത്ത്‌ കേസിലെ പ്രതി ഫായിസ്‌ ജയിലിലെത്തി പി മോഹനനെ കണ്ടതിന്റെ തെളിവുകള്‍ പുറത്തായി. ജയിലയിലെ സിസിടിവി ക്യാമറ ദൃശ്യങ്ങളിലാണ്‌ ഇവരുടെ കൂടിക്കാഴ്‌ചയുടെ തെളിവുകളുള്ളത്‌. ജയിലില്‍ വച്ച്‌ താന്‍ ഫായിസിനെ കണ്ടിട്ടില്ലെന്ന പി മോഹനന്റെ വാദമാണ്‌ ഇതോടെ പൊളിയുന്നത്‌.

ടി പി ചന്ദ്രശേഖരന്‍ വധത്തില്‍ കുറ്റമാരോപിക്കപ്പെട്ട്‌ ജയിലിലായിരുന്ന സമയത്താണ്‌ ഫായിസ്‌ മോഹനനെ കണ്ടത്‌. കഴിഞ്ഞ ഓഗസ്‌റ്റ് ആറിനായിരുന്നു സംഭവം. ഫായിസ്‌ ജയിലില്‍ വെല്‍ഫയര്‍ ഓഫീസറുടെ മുറിയിലേക്ക്‌ കയറുന്നതും പത്തു മിനിറ്റിനു ശേഷം പുറത്തുവരുന്നതുമായ ദൃശ്യങ്ങള്‍ ചാനലുകളിലൂടെ നേരത്തേ പുറത്തുവന്നിരുന്നു. ഫായിസ്‌ പുറത്തിറങ്ങി ഏതാനും നിമിഷങ്ങള്‍ക്ക്‌ ശേഷം പി മോഹനനും അതേ മുറിയില്‍ നിന്നും പുറത്തുവരുന്ന ദൃശ്യങ്ങള്‍ കൂടി ഉള്‍പ്പെട്ട വീഡിയോ ആണ്‌ ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്‌.

ടിപി വധത്തില്‍ കുറ്റക്കാരനല്ലെന്നു കണ്ട്‌ പി മോഹനനെ കോടതി വെറുതെവിട്ടിരുന്നു. മോചിതനായതിനെ തുടര്‍ന്ന്‌ താന്‍ ഫായിസിനെ കണ്ടിട്ടില്ലെന്ന്‌ മോഹനന്‍ ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇത്‌ തെളിയിക്കാനാകുമെന്നും മോഹനന്‍ അവകാശപ്പെട്ടിരുന്നു. സിപിഎം കോഴിക്കോട്‌ ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗമാണ്‌ മോഹനന്‍.

ടിപി വധക്കേസിലെ പ്രതികളെ ജയിലില്‍ സന്ദര്‍ശിച്ചതിനെ സംബന്ധിച്ചും പ്രതികള്‍ക്ക്‌ മൊബൈല്‍ ഫോണ്‍ എത്തിച്ചതിലുള്ള പങ്കിനെ കുറിച്ചും ഫായിസിനെതിരെ അന്വേഷണം നടക്കുന്നുണ്ട്‌. പുതിയ തെളിവിന്റെ വെളിച്ചത്തില്‍ ഫായിസ്‌-മോഹനന്‍ കൂടിക്കാഴ്‌ചയെപ്പറ്റി അന്വേഷണം വേണമെന്ന്‌ ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ ആവശ്യപ്പെട്ടു.

Join WhatsApp News
Aniyankunju 2014-01-29 14:03:42
....ഇല്ലാത്ത ദൃശ്യങ്ങളുടെ പേരില്‍ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി മോഹനനെ മാധ്യമങ്ങള്‍ വീണ്ടും വേട്ടയാടുന്നു. ചന്ദ്രശേഖരന്‍ കേസില്‍ മോഹനനെ കുറ്റക്കാരനല്ലെന്നുകണ്ട് വിട്ടയച്ചതിന് തൊട്ടുപിന്നാലെയാണ് ജില്ലാ ജയിലിലെ സിസിടിവി ദൃശ്യങ്ങള്‍ മറയാക്കിയുള്ള ബോധപൂര്‍വ നുണപ്രചാരണം. സ്വര്‍ണകടത്ത് കേസിലെ പ്രതി ഫയാസ് ജില്ലാ ജയിലിലെത്തി പി മോഹനനെ കണ്ടിരുന്നുവെന്നാണ് ബുധനാഴ്ച രാവിലെ മുതല്‍ മനോരമ, മാതൃഭൂമി ന്യൂസ് ചാനലുകള്‍ പ്രചരിപ്പിക്കുന്നത്. ഇതിന് ബലമേകാന്‍ അവ്യക്തമായ ദൃശ്യങ്ങളും അവതരിപ്പിച്ചു. ഫയാസ് നടന്നുനീങ്ങുന്ന ദൃശ്യമാണ് ഒന്ന്. പിന്നീട് മോഹനനെ പോലെ തോന്നിക്കുന്ന ഒരാള്‍ നടക്കുന്ന അവ്യക്ത ദൃശ്യവുമുണ്ട്. വ്യത്യസ്ത സമയങ്ങളില്‍ സിസിടിവിയില്‍ പതിഞ്ഞ ചിത്രങ്ങള്‍ ഒന്നിനുപിറകെ ഒന്നായി കാണിച്ച് രണ്ടുപേരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്ന് വരുത്താന്‍ പാടുപെടുകയാണ് ചാനലുകള്‍. .............. ചാനലുകളില്‍ വന്ന ദൃശ്യങ്ങള്‍ക്ക് യാതൊരു ആധികാരികതയുമില്ല. ജയില്‍ വെല്‍ഫെയര്‍ ഓഫീസറുടെ മുറിയില്‍നിന്ന് ഇറങ്ങുന്ന ദൃശ്യങ്ങളെന്ന വ്യാജേന കാണിച്ചത് ജയിലിലേക്ക് കയറുന്നതിന്റെ ഭാഗത്തുള്ളതാണ്. ദൃശ്യങ്ങളിലുള്ളത് താനാണെന്നുപോലും വ്യക്തമല്ല. ഫയാസും താനും കാണുന്ന ദൃശ്യങ്ങള്‍ ഇല്ലാത്തതുതന്നെ കള്ളപ്രചാരണത്തിനുള്ള തെളിവാണ്. തങ്ങളാഗ്രഹിക്കുന്ന കോടതിവിധി വരാത്തതിലുള്ള ഇച്ഛാഭംഗത്തില്‍നിന്നാണ് വ്യാജ പ്രചാരണം. ഇത്തരംവ്യാജവാര്‍ത്തകള്‍ ഇനിയും പ്രത്യക്ഷപ്പെട്ടാല്‍ അത്ഭുതമില്ലെന്നും മോഹനന്‍ പറഞ്ഞു. ടി പി ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടശേഷം തുടങ്ങിയതാണ് പി മോഹനനെ ബോധപൂര്‍വം കേസുമായി ബന്ധിപ്പിക്കാനുള്ള ശ്രമം. സിനിമാ സ്റ്റൈലില്‍ വളഞ്ഞിട്ട് മോഹനനെ അറസ്റ്റ് ചെയ്ത് ഒന്നരവര്‍ഷം ജാമ്യംപോലും ലഭിക്കാത്ത തരത്തില്‍ ജയിലിലടച്ചു. ചന്ദ്രശേഖരനെ വധിക്കാന്‍ ഓര്‍ക്കാട്ടേരിയിലെ പൂക്കടയില്‍ പി മോഹനന്‍ അടക്കമുള്ള സിപിഐ എം നേതാക്കള്‍ ഗൂഢാലോചന നടത്തിയെന്ന് കള്ളക്കഥയുണ്ടാക്കി. ....................പൊലീസ് മെനഞ്ഞ കഥ കോടതിയില്‍ തുറന്നുകാട്ടപ്പെട്ടു. ഇതിലുള്ള വിറളിയിലാണ് ഒരുവിഭാഗം മാധ്യമങ്ങള്‍. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുംവരെ മോഹനനെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തി സിപിഐ എം വിരുദ്ധര്‍ക്ക് നേട്ടമുണ്ടാക്കാനുള്ള വൃഥാശ്രമത്തിലാണ് ചാനലുകള്‍. ഇല്ലാത്ത ദൃശ്യങ്ങള്‍ ഉണ്ടെന്നുവരുത്താന്‍ പൊലീസും ഒരുവിഭാഗം ജയില്‍ അധികൃതരും ചാനലുകാര്‍ക്ക് ഒത്താശ ചെയ്യുന്നു. മുമ്പ് ആശുപത്രിയില്‍ പോകുമ്പോള്‍ ഭാര്യ കെ കെ ലതിക എംഎല്‍എക്കൊപ്പം മോഹനന്‍ ചായ കുടിക്കുന്നതുപോലും മാധ്യമങ്ങള്‍ വിവാദമാക്കി....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക