Image

ഹൂസ്റ്റണിലെ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രം പ്രസിദ്ധിയിലേക്ക്‌

ചിറ്റൂര്‍ രാമചന്ദ്രന്‍ Published on 03 November, 2011
ഹൂസ്റ്റണിലെ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രം പ്രസിദ്ധിയിലേക്ക്‌
ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രം വളരെ കുറഞ്ഞ കാലയളവുകൊണ്ടുതന്നെ പ്രചുര പ്രചാരം നേടി. ഹൈന്ദവ ഭക്തരുടെ മനസ്സുകളെ, പ്രത്യേകിച്ച്‌ വളര്‍ന്നുവരുന്ന തലമുറയുടെ താത്‌പര്യാര്‍ത്ഥം ഭാരത പൈതൃകത്തിലെ അതിന്റെ പ്രദര്‍ശനാത്മകവും, പ്രചരണാത്മകവും, നിരവധി മതപരവും ആത്മീയപരവുമായ ആഘോഷങ്ങളിലൂടെ ആത്മാര്‍ത്ഥമായി അനുഷ്‌ഠിക്കുവാന്‍ ക്ഷേത്രഭാരവാഹികള്‍ അത്യതന്തം പരിശ്രമിക്കുന്നു.

കേരളത്തിലെ ഗുരുവായൂര്‍ ക്ഷേത്രത്തിലെ ആചാര പ്രകാരമുള്ള താന്ത്രിക സമ്പ്രദായത്തില്‍ തന്നെയാണ്‌ ഈ ക്ഷേത്രത്തിലേയും പൂജാവിധികളും കര്‍മ്മാനുഷ്‌ഠാനങ്ങളും എന്നുള്ളത്‌ പ്രത്യേകതയാണ്‌. പശ്ചിമ ലോകത്തില്‍ തന്നെ ഇദംപ്രഥമമായി ശ്രീഗുരുവായൂര്‍ പൂജാസമ്പ്രദായങ്ങള്‍ അതുപോലെ തന്നെ പിന്തുടരുകയും, ഒപ്പം അവിടുത്തെ എല്ലാ ആചാരപരമായ ആഘോഷങ്ങളും, അവയുടെ തനിമ ഒട്ടുംതന്നെ നഷ്‌ടപ്പെടാതെ കൊണ്ടാടുകയും ചെയ്യുന്ന ക്ഷേത്രമെന്ന നിലയില്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിനും അതിന്റെ ഭാരവാഹികള്‍ക്കും നിറഞ്ഞ അഭിമാനവുമാണ്‌.

ഭക്തമനസ്സുകള്‍ക്ക്‌ ആനന്ദലഹരി പ്രദാനം ചെയ്‌ത്‌ തൃപ്പൂണിത്തുറ മഹിള കഥകളി സംഘം നയിച്ച രണ്ടു ദിവസത്തെ കഥകളി മഹോത്സവത്തിനുശേഷം ക്ഷേത്രത്തിലെ നവരാത്രിദിനാഘോഷങ്ങളോടനുബന്ധിച്ച്‌ ഒമ്പത്‌ ദിവസത്തെ കര്‍ണ്ണാടക സംഗീതോത്സവവും ഒക്‌ടോബര്‍മാസത്തില്‍ ഇവിടെവെച്ച്‌ നടത്തപ്പെട്ടിരുന്നു. ഗുരുവായൂര്‍ ഏകാദശി പ്രമാണിച്ച്‌ ഈവരുന്ന ഡിസംബര്‍ 9,10 തീയതികളില്‍ ക്ഷേത്ര സന്നിധിയില്‍ വെച്ച്‌ ചെമ്പൈ സംഗീതോത്സവം നടത്തുന്നതിനുള്ള ശ്രമം നടന്നുവരുന്നു. നിരവധി സംഗീതജ്ഞരുടെ രാഗ-താള-ലയ ഭാവങ്ങളാല്‍ ഈ ഉത്സവം അതുപോലെതന്നെ 41 ദിവസം നീണ്ടുനില്‍ക്കുന്ന മണ്‌ഡലകാലം നവംബര്‍ 17-ന്‌ ആരംഭിക്കുമ്പോള്‍ മുതല്‍ ക്ഷേത്രവും പരിസരവും ശരണഘോഷങ്ങളാല്‍ മുഖരിതമാണ്‌. മാലധാരണം മുതല്‍ നെയ്യഭിഷേകം വരെയുള്ള എല്ലാ ചടങ്ങുകള്‍ക്കും വേണ്ട പ്രത്യേക സംവിധാനങ്ങള്‍ ക്ഷേത്രത്തിലെ അയ്യപ്പ സന്നിധിയില്‍ ഒരുക്കുന്നതാണ്‌.

ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രാങ്കണത്തില്‍ വെച്ച്‌ ആദ്യത്തെ ശ്രീമദ്‌ ഭാഗവത സപ്‌താഹ യജ്ഞം നവംബര്‍ 19 മുതല്‍ 26 വരെ നടത്തപ്പെടുന്നതാണ്‌. യജ്ഞാചാര്യന്‍ ശ്രീ പെരുമ്പള്ളി കേശവന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലും പ്രമുഖ ആചാര്യന്മാരുടെ കാര്‍മികത്വത്തിലുമാണ്‌ ഈ അപൂര്‍വ്വ യജ്ഞം നടത്തപ്പെടുന്നത്‌.

ക്ഷേത്രത്തിന്റെ പ്രധാന കെട്ടിടത്തിന്റെ പൂര്‍ത്തീകരണം ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. അതിനാല്‍ പൂര്‍ത്തീകരണത്തിനായുള്ള ധനസമാഹരണാര്‍ത്ഥം ഡിസംബര്‍ 17-ന്‌ ഒരു അത്താഴ വിരുന്ന്‌ സംഘടിപ്പിക്കുന്നു. സുപ്രസിദ്ധ മജീഷ്യന്‍ പ്രൊഫ. ഗോപിനാഥ്‌ മുതുകാട്‌ ആണ്‌ മുഖ്യാതിഥി. ഏവരേയും വിരുന്നിലേക്കും, ഗോപിനാഥ്‌ മുതുകാടിന്റെ മായാപ്രപഞ്ചത്തിലേക്കും ക്ഷേത്ര ഭാരവാഹികള്‍ സ്വാഗതം ചെയ്‌തു. ക്ഷേത്രത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.guruvayur.us
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക