Image

ഗംഗേ നീയും കേഴുകയോ (കവിത: ജോസ്‌ ഓച്ചാലില്‍)

Published on 25 January, 2014
ഗംഗേ നീയും കേഴുകയോ (കവിത: ജോസ്‌ ഓച്ചാലില്‍)
കളകള ഗാനംപാടി ഒഴുകും പ്രിയഗംഗേ
കടലിന്‌ പ്രിയസഖി നീ എന്നെന്നും
കടന്നു വന്നോരാ വഴികളിലെല്ലാം
കരകളിലെന്തു വിശേഷം പറയുക നീ

ഗാന്‌ധിമഹാത്‌ന്മന്‍ സ്വപ്‌നം കണ്ടൊരു
കാര്‍ഷീക ഇന്ത്യ തന്‍ സ്‌ഥിതിയെന്ത്‌
ജാതിമതാന്തര്‍ തമ്മിത്തല തല്ലിക്കീറും
കോലാഹലമതല്ലാതെന്തുണ്ടവിടിന്ന്‌

പണ്ടിവിടേവരും സോദരസ്‌നേഹാല്‍
ഒത്തു നടന്നൊരു കഥ ഓര്‍ത്താല്‍
ചങ്ക്‌ തകര്‍ന്നു പൊടിയുന്നിന്നിതാ
ദുഃസ്‌ഥിതി കണ്ട്‌ കേഴും ജനമെങ്ങും

വെള്ളക്കാരവര്‍ പോയാല്‍ പിന്നെ
സ്വര്‍ഗരാജ്യം പണിയാമിവിടിനി
കൊള്ളക്കാര്‍ ഇന്നിവിടെ സകലം
കൊള്ളയടിച്ചു മടിശീലകള്‍ നിറച്ചു

കൊടികള്‍ പല നിറം പാറുന്നിവിടെ
പാര്‍ട്ടികള്‍ പലതും ഭരിക്കുന്നിവിടെ
കൊടിയ വിപത്തുകള്‍ നിരനിരയായി
കണ്ടും കേട്ടും മടുത്തൂ ജനകോടികള്‍

മതി മതിയായീ പാഴ്‌ വചനങ്ങള്‍
പലവുരു കേട്ടു മടുത്തത്‌ വീണ്ടും
വേണ്ടാ ഇനിയീപ്പന്തിയിലിനിയും
വിളമ്പാനാരും തുനിഞ്ഞിറങ്ങണ്ടാ

ദേശം വിട്ടതിദൂരെപ്പോയ്‌ പലകാലം
കാശത്‌ കഷ്‌ടപ്പെട്ടുണ്ടാക്കിയെടുത്താല്‍
സ്വാസ്‌ഥ്യം തരികില്ലാ പലവിധ ശല്ല്യം
കൊണ്ടു മടുത്തൂ വലഞ്ഞു ബഹുജനം

കഥയിത്‌ ഭാരതമക്കള്‍ തന്‍ കഥ
കദനക്കഥയിത്‌ കേള്‍ക്കുമ്പോള്‍
കളകള ഗാനം പാടി നടന്നൊരു
ഗംഗേ നിയും കേഴുകയാണോ.
ഗംഗേ നീയും കേഴുകയോ (കവിത: ജോസ്‌ ഓച്ചാലില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക