Image

ജോഷ്വ: ലാനാ സമ്മേളനത്തില്‍ ചരിത്രനോവല്‍ (ജോണ്‍മാത്യു)

Published on 25 January, 2014
ജോഷ്വ: ലാനാ സമ്മേളനത്തില്‍ ചരിത്രനോവല്‍ (ജോണ്‍മാത്യു)
ചിക്കാഗോ ലാനാ സമ്മേളനത്തിലെ ഏറ്റവും ശ്രദ്ധേയമായ പ്രഭാഷണമായിരുന്നു ഡോ. തെക്കേടത്ത്‌ മാത്യുവിന്റേത്‌. അദ്ദേഹം ചരിത്രനോവലുകളെപ്പറ്റി ആധികാരികമായി പറഞ്ഞത്‌ ലാന സമ്മേളനങ്ങളിലെതന്നെ പുതുമയും! ഒരിക്കല്‍ ചര്‍ച്ച ചെയ്‌തതുതന്നെ ആവര്‍ത്തിക്കുന്നതിനുപകരം സാഹിത്യത്തിന്റെ വിവിധ ശാഖകളിലേക്കുംകൂടി വെളിച്ചംവീശുന്ന ഇതുപോലെയുള്ള പ്രഭാഷണങ്ങള്‍ നമ്മുടെ സാഹിത്യസമ്മേളനങ്ങളില്‍ സ്വാഗതം ചെയ്യപ്പെടേണ്ടതാണ്‌.

മലയാളത്തില്‍ ചരിത്രാഖ്യായികളുടെ സ്ഥാനം വളരെ പിന്നിലാണ്‌. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ത്തന്നെ ഈ വിഷയത്തില്‍ നമുക്കു മാതൃകകള്‍ ഉണ്ടായിരുന്നെങ്കിലും അക്കാലത്തെ കൃതികള്‍ സ്‌കൂളിലെ `വായനാപുസ്‌തകം' എന്ന നിലവാരത്തിലേക്ക്‌ ഒതുങ്ങി. തുടര്‍ന്ന്‌ വിപ്ലവവും ഇക്കിളിയുമായി നമ്മുടെ എഴുത്തുകള്‍ മുന്നേറി.

ഭംഗിവാക്കായി പറയും എഴുത്തുകാരന്‌ വായന വേണമെന്ന്‌. പക്ഷേ ആ വായന എപ്പോള്‍ വേണമെന്നും എന്തിനു വേണമെന്നും, എപ്പോള്‍ അത്‌ നിര്‍ത്തണമെന്നും മറ്റുമുള്ള കാര്യങ്ങളില്‍ മാത്രമേ തര്‍ക്കമുള്ളൂ. എഴുത്തുകാരന്റെ പക്ഷത്തുനിന്നു പറയുമ്പോള്‍ വായനയെത്തുടര്‍ന്നുള്ള നിരീക്ഷണവും മിനുക്കിയെടുത്ത ശൈലിയുമാണ്‌ പ്രാധാന്യം. എന്നാല്‍ ചരിത്രാഖ്യായികാകാരന്‌ വായന മാത്രമല്ല, അതിലുമുപരി പഠനവും ഗവേഷണവും ചരിത്രബോധവുംകൂടി വേണം.

ഇവിടെയാണ്‌ ഡോ. മാത്യുവിന്റെ `ജോഷ്വാ' എന്ന കൃതിയുടെ പ്രസക്തി. ആരാണീ `ജോഷ്വാ?' തെറ്റിദ്ധരിക്കേണ്ട, `നസ്രായനായ ജോഷ്വ'തന്നെ, അതേ നസ്രായനായ യേശു. ഇവിടെ ചെറിയൊരു കൗശലം, ഹെര്‍മന്‍ ഹെസ്‌സെയുടെ അതേ തന്ത്രം, ബുദ്ധനു പകരം സിദ്ധാര്‍ത്ഥപോലെ!

തന്റെ ചാര്‍ച്ചക്കാരി വിവാഹിതയായപ്പോള്‍ കന്യകയല്ലായിരുന്നുവെന്ന കാരണത്താല്‍ അന്നത്തെ സാമൂഹികനടപടിപ്രകാരം കല്ലെറിഞ്ഞു കൊല്ലപ്പെട്ടത്‌ ജോഷ്വയുടെ മനസ്സിനെ വൃണപ്പെടുത്തി. ആ കൗമാരക്കാരന്‍ ചുറ്റുപാടും അനീതി നിറഞ്ഞ ലോകം കണ്ടു, വേദം ദുര്‍വ്യാഖ്യാനം ചെയ്യുന്ന മതാധിപന്മാരെ കണ്ടു. പതിമൂന്നാമത്തെ വയസ്സില്‍ അന്നത്തെ റബ്ബിമാരോട്‌ വഴക്കിട്ട്‌ വിശാലമായ ലോകത്തിലേക്ക്‌ ഇറങ്ങിച്ചിരച്ച ജോഷ്വ പിന്നീടെവിടെയായിരുന്നു?

ഈ ജോഷ്വയുടെ കഥ പറയാന്‍ അക്കാലത്തെ ചരിത്രം മുഴുവന്‍ ഡോ. മാത്യു പഠിച്ചിരിക്കുന്നു. അവസാനം ആ തെരച്ചില്‍ മറിയയിലേക്കും പിലാത്തോസിലേക്കം ഹേരോദാവിലേക്കും മഹാപുരോഹിതന്മാരിലേക്കും പത്രോസിലേക്കും ചെന്നെത്തുന്നു, നിങ്ങളില്‍ പാപമില്ലാത്തവര്‍ ഇവളെ കല്ലെറിയട്ടെ എന്ന പരമസത്യത്തിലേക്കും.

ഡോ. മാത്യു ഒരു വെളിപാടുപോലെ പ്രഭാഷണം നടത്തുകയല്ല ചെയ്‌തത്‌. അറുനൂറോളം പുറങ്ങള്‍ വരുന്ന തന്റെ ചരിത്രാഖ്യായിക അമേരിക്കയിലെ പ്രബുദ്ധരായ മലയാളി എഴുത്തുകാരുടെ സമ്മേളനത്തില്‍ സമര്‍പ്പിച്ചുകൊണ്ട്‌ ആധികാരികമായി സാഹിത്യലോകത്ത്‌ ചരിത്രനോവലുകള്‍ക്കുള്ള സ്ഥാനത്തെക്കുറിച്ച്‌ വിശദീകരണം നല്‍കി. അമേരിക്കയിലെ മലയാളം എഴുത്തുകാര്‍ക്കിടയില്‍ ഈ കൃതി ചലനം സൃഷ്‌ടിക്കുമോ? ഇന്നത്തെ പള്ളിഭക്തരായ ജനങ്ങളും പുരോഹിതന്മാരും ഇതു വായിക്കാന്‍ സമയം കണ്ടെത്തുമോ? ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്നതുകൊണ്ട്‌ ശുദ്ധമലയാളസാഹിത്യകാരന്മാര്‍ ഈ കൃതി അവഗണിക്കുമോ? എന്നാല്‍ ഞാനിവിടെ പറയുകയാണ്‌ നിങ്ങളുടെ സത്യവേദപുസ്‌തകത്തിനു സമീപം ഈ `ജോഷ്വാ' കൂടി ചേര്‍ത്തുവെക്കണമെന്ന്‌.

ചരിത്രനോവലുകള്‍ കുറെ വായനക്കാരെ, അല്ല, ഒരു ജനതയെത്തന്നെ മറ്റൊരു കാലഘട്ടത്തിലേക്കു നയിക്കുന്നതായിരിക്കണം. എഴുത്ത്‌ ശ്രമകരമായതുകൊണ്ടോ, വായനക്കാരെ കിട്ടാത്തതുകൊണ്ടോ ഈ വിഭാഗത്തില്‍പ്പെട്ട എഴുത്തുകള്‍ പലപ്പോഴും അവഗണിക്കപ്പെട്ട നിലയിലാണ്‌. ഇവിടെ, അമേരിക്കയില്‍നിന്ന്‌ മലയാളത്തില്‍ ചരിത്രനോവലുകള്‍ എഴുതുന്നത്‌ എന്റെ അറിവില്‍ ജോണ്‍ ഇളമത മാത്രമാണ്‌. അദ്ദേഹത്തിന്റെ മോശെ, മരണമില്ലാത്തവരുടെ താഴ്‌വര, ബുദ്ധന്‍, സോക്രട്ടീസു തുടങ്ങിയവ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. `മാര്‍ക്കോപ്പോളോ'യുടെ പണിപ്പുരയിലെ വേദനകള്‍ അദ്ദേഹം ചിലപ്പോഴെങ്കിലും പങ്കുവെക്കാറുമുണ്ട്‌.

സി.വി. രാമന്‍പിള്ളയുടെ കൃതികള്‍ സര്‍ വാള്‍ട്ടര്‍ സ്‌കോട്ടില്‍നിന്ന്‌ പ്രചോദനമുള്‍ക്കൊണ്ടതായിരുന്നു. ഒരു പക്ഷേ നാമൊക്കെ ഏറെ വായിച്ച വിദേശ ചരിത്രനോവല്‍ വാള്‍ട്ടര്‍ സ്‌കോട്ടിന്റെ `ഐവാന്‍ഹോയും!' ഇരുപതാം നൂറ്റാണ്ടിലെ വ്യവസായ ശാസ്‌ത്ര പുരോഗതിക്കെല്ലാം തുടക്കംകുറിച്ചത്‌ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ സംഭാവനകളാണ്‌, ശാസ്‌ത്രത്തിലും കലയിലുമെല്ലാം. ഈ യൂറോപ്യന്‍ നവോത്ഥാനത്തിന്റെ ഭാഗമായിരുന്നു ചരിത്രനോവലുകളും.

ചരിത്രം മുഴുവന്‍ സത്യമല്ല, തിരുവിതാംകൂറില്‍ മാര്‍ത്താണ്‌ഡവര്‍മ്മ ധീരപുരഷനായിരുന്നു. അന്ന്‌ നമുക്ക്‌ ടിപ്പുസുല്‍ത്താന്‍ അധമനും. കുറേക്കാലം കഴിഞ്ഞപ്പോള്‍ ഇതേ ടിപ്പുതന്നെ സ്വാതന്ത്ര്യസമരയോദ്ധാവായും പ്രഖ്യാപിക്കപ്പെട്ടു. ചരിത്രം ഇങ്ങനെപോകുന്നു. ഇവിടെ സത്യം തെരഞ്ഞുപിടിക്കുന്നതൊന്നും എഴുത്തുകാരന്റെ ജോലിയേ അല്ല. എഴുതപ്പെട്ട ചരിത്രത്തിന്റെ മറുപുറം അതേ ചരിത്രത്തിന്റെ ചുവടുപിടിച്ചുതന്നെ ഒരിക്കല്‍ അപ്രധാനമെന്നുകരുതിയ കഥാപാത്രങ്ങള്‍ക്കും സംഭവങ്ങള്‍ക്കും പുതിയ അര്‍ത്ഥവും വ്യാഖ്യാനവുമായി ആ കാലഘട്ടത്തിനു മറ്റൊരു മാനം കല്‌പിക്കുന്നതായിരിക്കണം ചരിത്രാഖ്യായിക.

ഇനിയും രണ്ടായിരത്തിപ്പതിമൂന്നിലെ ചിക്കാഗോ ലാനാ കണ്‍വെന്‍ഷനില്‍നിന്ന്‌ എന്തു നേടിയെന്നു ചോദിച്ചാല്‍ ഞാന്‍ സംശയമെന്യേ പറയും ചരിത്രാഖ്യായികള്‍ വായിക്കാനുള്ള ആവേശമുണ്ടായെന്ന്‌. അതിനു കാരണക്കാരന്‍ ഡോ. തെക്കേടത്ത്‌ മാത്യുവും.
ജോഷ്വ: ലാനാ സമ്മേളനത്തില്‍ ചരിത്രനോവല്‍ (ജോണ്‍മാത്യു)ജോഷ്വ: ലാനാ സമ്മേളനത്തില്‍ ചരിത്രനോവല്‍ (ജോണ്‍മാത്യു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക