Image

പോളിയോ തളര്‍ത്താത്ത മനസ്സ്‌ (കവിത: കൃഷ്‌ണ)

Published on 23 January, 2014
പോളിയോ തളര്‍ത്താത്ത മനസ്സ്‌ (കവിത: കൃഷ്‌ണ)
ഇനിയും പിറക്കാത്ത വാക്കു തേടീ ഞാന്‍ കാല
മുരുക്കിയുടച്ചെറിഞ്ഞ സ്വപ്‌നങ്ങള്‍ വീണ്ടും വാര്‍ക്കാന്‍
ഇനിയും മുളയ്‌ക്കാത്ത വിത്തുകള്‍ തേടീ ഞാനൊ
ന്നിനിയും വിടരാത്ത പൂക്കളെ ചുംബിക്കാനായ്‌
നടക്കാനാവില്ലിനി എനിക്കെന്നോര്‍ക്കുമ്പോഴും
സിരകളില്‍ ഉറയാതെ നോക്കുന്നു ഞാനെന്‍ മോഹം
ഒരു നാള്‍ ഇനിയും വരാം, അതെന്നെയുയര്‍ത്തിയെടു
ത്തണഞ്ഞേക്കാം വീണ്ടും സ്വപ്‌നഗേഹവാതില്‍ക്കല്‍
അന്നുവീണ്ടും കായികരംഗത്തേക്കണയേണ്ടേ?
അന്നുവീണ്ടുമെന്നുള്ളില്‍ ആത്മധൈര്യ,മുണരേണ്ടേ?
ഒരു പതനത്താലെന്നില്‍ ഗദ്‌ഗദം നിറഞ്ഞെങ്കില്‍
ഒരു നിമിഷം പോരേ,യെന്‍ പാദത്തെയുണര്‍ത്തുവാന്‍?
കാത്തിരിക്കാമിനിയും ക്ഷമതന്‍ പടവുകളില്‍
കാത്തിരിക്കാമിനിയും പ്രതീക്ഷതന്‍ സുഗന്ധത്തില്‍.
പോളിയോ തളര്‍ത്താത്ത മനസ്സ്‌ (കവിത: കൃഷ്‌ണ)
Join WhatsApp News
vaayanakkaaran 2014-01-23 20:51:42
ഒരു രാഗത്തിൽ ആരംഭിച്ച് മറ്റു രാഗങ്ങളിലേക്ക് മാറുന്നതിനെ ശാസ്ത്രീയ സംഗീതജ്ഞർ രാഗമാലിക എന്നാണ് വിളിക്കുന്നത്. കേകയിൽ ആരംഭിക്കുന്ന ഈ വൃത്തമാലികയിലെ അടുത്ത വൃത്തം എന്താണാവോ?
വിദ്യാധരൻ 2014-01-24 20:46:27
'മൂന്നും രണ്ടും രണ്ടും മൂന്നും രണ്ടും രണ്ടെന്നെഴുത്തുകൾ 
പതിനാലിനാറു ഗണം -പാദം രണ്ടിലുമൊന്നുപോൽ 
ഗുരുവൊന്നെങ്കിലും വേണം -മാറാതോരോ ഗണത്തിലും 
നടുക്കുയതി പാദാദി പൊരുത്തമിതു കേകയാം" 

ഉദാ; 

"വെട്ടത്തുനാട്ടിൽ നിത്യസൗഭാഗ്യ സത് സിന്ദൂര  -
പ്പൊട്ടുപൊലെഴും തുഞ്ചൻ പറമ്പേ നമസ്കാരം'

അങ്ങനെയാണെങ്കിൽ 

"ഇനിയും പിറക്കാത്ത വാക്കു തേടീ ഞാന്‍ കാല
മുരുക്കിയുടച്ചെറിഞ്ഞ സ്വപ്‌നങ്ങള്‍ വീണ്ടും വാര്‍ക്കാന്‍"

എന്നതിനെ 

 ഇനിയും പിറക്കാത്ത വാക്കു തേടീ ഞാന്‍ കാലം 
തച്ചുടച്ചെറിഞ്ഞതാം  സ്വപ്‌നങ്ങള്‍ വീണ്ടും വാര്‍ക്കാന്‍ - എന്ന് ചെറിയ മാറ്റം വരുത്തിയാൽ സംഗതികൾ എല്ലാം ശരിയാകും .  വൃത്തത്തെക്കാൾ ആത്മ ധൈര്യം കൊണ്ട് പോളിയോ പോലെയുള്ള മാരകമായ രോഗങ്ങളെ അതിജീവിക്കാൻ കഴിയുമെന്നും, പ്രതീക്ഷ കൈവിടരെതെന്നും ഒക്കെ കവി ഉദ്ബോധിപ്പിക്കുമ്പോൾ, അതിനെ നൂറു ശതമാനവും പിൻതാങ്ങത്തക്ക അനുഭവുമായി ഞാൻ ബന്ധപ്പെട്ടിരിക്കുന്നു. ഫ്രാങ്കിളിൻ റൂസ് വെൽട്ടു എന്ന അമേരിക്കയുടെ മുപ്പത്തിരണ്ടാമത്തെ പ്രസിഡന്റ്‌ പോളിയോ ബാധിതൻ ആയിരെന്നെങ്കിലും ആയിരത്തി തൊള്ളായിരത്തി മുപ്പതിലേ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് അമേരിക്കയെ കൈ പിടിച്ചു നടത്തിയ എന്നത് ഇവിടെ സ്മരിക്കുന്നു, കവിക്ക്‌ അഭിനന്ദനം 



മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക