Image

ടി.പി വധക്കേസ്; രാഷ്ട്രീയ ഒത്തുകളിയുടെ ബാക്കിപത്രം -ജയമോഹനന്‍ എം

ജയമോഹനന്‍ എം Published on 23 January, 2014
ടി.പി വധക്കേസ്; രാഷ്ട്രീയ ഒത്തുകളിയുടെ ബാക്കിപത്രം  -ജയമോഹനന്‍ എം
രാഷ്ട്രീയ കേരളത്തെ ഇളക്കി മറിച്ച ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ ആദ്യ വിധി വരുമ്പോള്‍ പൊറോട്ടു നാടകത്തിന് വേദിയാകുകയാണ് രാഷ്ട്രീയ കേരളം.  നിര്‍മ്മാതാവും സംവിധായകനും ഛായാഗ്രാഹകനും സൂപ്പര്‍താരങ്ങളുമെല്ലാം സുരക്ഷിതര്‍. ചെറു വേഷത്തില്‍ വന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ കുറെപ്പേര്‍ അകത്ത്. ഇതാണ് യഥാര്‍ഥത്തില്‍ ടിപി വധക്കേസിന്റെ വിചാരണക്ക് ശേഷമുള്ള ചിത്രം. ഇതൊരു രാഷ്ട്രീയ ഒത്തുകളിയുടെ ബാക്കി പത്രംമാത്രമെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് വ്യക്തമാകും.

ഏതെങ്കിലും പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ക്ക് ടി.പി ചന്ദ്രശേഖരനോടുള്ള വ്യക്തിവൈരാഗ്യമല്ല കൊലപാതകത്തിനു പിന്നിലെന്ന് പകല്‍ പോലെ വ്യക്തം തന്നെയാണ്. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പിമോഹനന്‍ സംശയത്തിന്റെ ആനുകൂല്യത്തില്‍ കേസില്‍ നിന്നും പുറത്തേക്ക് പോകുമ്പോഴും ഇനിയും അവശേഷിക്കുന്ന ചോദ്യങ്ങള്‍ നിരവധിയാണ്. സിപിഎമ്മിന്റെ കണ്ണൂരിലെ പാനൂര്‍ ഏരിയാ കമ്മറ്റിയിലെ നേതാവായ കുഞ്ഞനന്തന്‍ കേസില്‍ കുറ്റക്കാരനെന്ന്് കോടതി വിധിച്ചിരിക്കുന്നു. സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളില്‍ ശക്തനായ കുഞ്ഞനന്തന്‍ കുറ്റക്കാരനെന്ന്  വരുമ്പോള്‍ അത് സിപിഎമ്മിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന പ്രശ്‌നം തന്നെയല്ലേ. കേസിന്റെ വിധി വന്നതിനു ശേഷം ചന്ദ്രശേഖരന്റെ വിധവ കെ.കെ രമ ഉയര്‍ത്തി പ്രധാന ചോദ്യവും ഇതു തന്നെയാണ്. ഒപ്പം അവര്‍ ചോദിക്കുന്ന മറ്റൊരു ചോദ്യവും പ്രസക്തം തന്നെ. കണ്ണൂര്‍ ജില്ലയിലെ പ്രാദേശിക നേതാവായ കുഞ്ഞനന്തന് ടിപിയുമായി വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ല. കൊലപാതകം നടപ്പാക്കിയ കൊടിസുനി അടക്കമുള്ളവര്‍ ടിപിയെ നേരിട്ട് പരിചയമുള്ളവരോ ടിപിയുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടിട്ടുള്ളവരോ അല്ല. അപ്പോള്‍ പിന്നെ  ഒരു സവിശേഷമായ ഗൂഡാലോചനയുടെ ബാക്കി പത്രമായിരുന്നു കൊലപാതകം. ആ കൊലപാതകം നടത്താന്‍ ആഗ്രഹിച്ചവര്‍ ആരുമല്ല ഇപ്പോള്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. അവര്‍ കൃത്യം നിര്‍വഹിച്ചവര്‍ മാത്രമാണ്.

സിപിഎമ്മിന്റെ സംഘടനാ സംവിധാനം അനുസരിച്ച് ഏരിയാ കമ്മറ്റിയും ജില്ലാ സെക്രട്ടറിയേറ്റിലെ അംഗവുമൊക്കെ അറിഞ്ഞ ഒരു കാര്യം അതിനും മുകളിലേക്ക്് കൃത്യമായ റിപ്പോര്‍ട്ടിങ്ങുകളും നിര്‍ദ്ദേശങ്ങളും ഉണ്ടായിരുന്നിരിക്കും. ടിപി വധത്തിലും ഇതു തന്നെയാണ് സംഭവിച്ചതെന്ന് പോലീസ് പോലും സമ്മിതിക്കുന്നുണ്ട്. സിപിഎം സംസ്ഥാന നേതൃത്വത്തിന് വരെ ടിപി വധക്കേസില്‍ പങ്കുണ്ടെന്ന രമയുടെ വാദം ഇപ്പോഴും പ്രബലമായി നില്‍ക്കുന്നത് ഇവിടെ തന്നെയാണ്.  പി.മോഹനന്‍ മാസ്റ്റര്‍ക്ക് മുകളിലേക്ക് കൂടുതല്‍ തെളിവുകള്‍ കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിരുന്നില്ല. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് അന്വേഷണം തുടരനായിരുന്നു ക്രൈം ബ്രാഞ്ചിന് നല്‍കിയിരുന്ന നിര്‍ദ്ദേശമെങ്കിലും കുറ്റപത്രം സമര്‍പ്പിച്ച ശേഷം ഒരു അന്വേഷണവും നടന്നിരുന്നില്ല എന്നതാണ് വാസ്തവം.

ഇവിടെയാണ് യു.ഡിഎഫ് എല്‍.ഡി.എഫ് ഒത്തുകളി സംശയിക്കപ്പെടുന്നതും. ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റ പത്രത്തിന്റെ അവസാന ഭാഗത്ത് തുടരന്വേഷണം വ്യക്തമാക്കിയിരുന്നെങ്കിലും അന്വേഷണത്തിന് അനുമതി  ആഭ്യന്തര വകുപ്പ് നല്‍കാന്‍ താത്പര്യപ്പെട്ടില്ല എന്നതാണ് സത്യം. കേസുകളില്‍ നിന്നും രക്ഷപെടാന്‍ ഇടതുപക്ഷം ഭീക്ഷ നല്‍കിയത് പോലെയാണ് യുഡിഎഫിന്റെ ഇപ്പോഴത്തെ ഭരണം എന്നു വ്യക്തമാക്കപ്പെടുന്നത് ഇവിടെയാണ്. അല്ലെങ്കില്‍ സരിതയും സോളാറും വന്ന് പ്രതിഛായ അമ്പേ തകര്‍ന്ന യുഡിഎഫ് സര്‍ക്കാര്‍ എപ്പോഴെ താഴെ വീഴുമായിരുന്നു.

ടിപി വധക്കേസ് വിധിയിലെ നിയമനടപടികള്‍ പരിശോധിച്ച ശേഷം അപ്പീല്‍ പോകുമെന്നതിനെക്കുറിച്ച് ആലോചിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇതൊരു പാഴ്‌വാക്ക് മാത്രമാകാനാണ് സാധ്യത. കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന സര്‍ക്കാര്‍ തീരുമാനം തന്നെ ടിപി വധക്കേസ് മുകളിലേക്ക് പോകുന്നത് യുഡിഎഫ് ഗവണ്‍മെന്റും താത്പര്യപ്പെടുന്നില്ല എന്നതിത് തെളിവാണ്.
ഇനി ഈ കേസിലെ ഉന്നതരിലേക്ക് അന്വേഷണം കടന്നു പോകണമെങ്കില്‍ അതിനായി ആര്‍.എം.പിയും കെ.ക രമയും ഏറെ സമരങ്ങള്‍ തന്നെ നടത്തേണ്ടി വരും. കേസ് സിബിഐക്ക് വിടുക എന്ന ആവശ്യം അത്രഎളുപ്പമൊന്നും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു കൊടുക്കാന്‍ വഴിയില്ല.

എന്നാല്‍ പ്രത്യക്ഷത്തില്‍ ഇത്രയധികം സൂചനകളും കുഞ്ഞനന്തന്‍ കുറ്റക്കാരനെന്ന വിധി നിലനില്‍ക്കുകയും ചെയ്യുമ്പോഴും പാര്‍ട്ടിയെ കുറ്റവിമുക്തമാക്കിയ വിധിയാണ് വന്നിരിക്കുന്നത് എന്നാണ് സിപിഎമ്മിന്റെ ഔദ്യോഗിക ഭാഷ്യം. പിണറായി വിജയന്‍ തന്നെ ഇത് തുറന്നു പറഞ്ഞിരിക്കുന്നു. പാര്‍ട്ടിക്ക് പങ്കില്ലെന്ന് തെളിഞ്ഞതായിട്ടാണ് പിണറായി പറയുന്നത്. അപ്പോള്‍ പിന്നെ പാനൂര്‍ ഏരിയാ കമ്മറ്റിയിലെ കുഞ്ഞനന്തന്‍ എങ്ങനെ കുറ്റക്കാരനായി എന്നതിന് മറുപടിയുമില്ല. എന്നാല്‍ സിപിഎമ്മിലെ ഒറ്റയാള്‍ വിമതനായി മാറിയിരിക്കുന്ന വി.എസ് ഇപ്പോഴും ചന്ദ്രശേഖരനോടുള്ള സ്‌നേഹം വെടിഞ്ഞിട്ടില്ല. ചന്ദ്രശേഖരന്‍ ധീരനായ കമ്മ്യൂണിസ്റ്റുകാരനായിരുന്നുവെന്നും സിപിഎമ്മിലെ വലതുപക്ഷ വ്യതിയാനങ്ങള്‍ക്കെതിരെ പോരടിച്ച് രക്ഷസാക്ഷിയായ കമ്മ്യൂണിസ്റ്റാണെന്നും കഴിഞ്ഞ ദിവസവും വി.എസിന്റെ പ്രസ്താവന വന്നിരുന്നു. ടിപിയെ കൊന്നവര്‍ കണക്കു പറയേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസവും വി.എസ് പറഞ്ഞപ്പോള്‍ അതില്‍ രാഷ്ട്രീയ എതിരാളെ ലക്ഷ്യം വെച്ചുള്ള ഒളിയമ്പുകളൊന്നുമായിരുന്നില്ല കണ്ടത്, മറിച്ച് മരണപ്പെട്ടു പോയ ടിപിയോടും അയാളുടെ സത്യസന്ധതയോടുമുള്ള നീതി മാത്രമായിരുന്നു തെളിഞ്ഞു നിന്നത്.

ഈ നീതിയാണ് ഇനിയും തെളിയിക്കപ്പെടാനുള്ളത്. ടിപി വധക്കേസ് കോലാഹലമായി നിന്നപ്പോള്‍ മറ്റനേകം പ്രശ്‌നങ്ങള്‍ അതിനുള്ളിലൂടെ തേയ്ച്ചുമായ്ച്ചു കളയാന്‍ ഇടതിനും വലതിനും കഴിഞ്ഞു. അവസാനം ചില ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ മാത്രം അഴിക്കുള്ളിലേക്ക് പോകുന്ന പൊറാട്ടു നാടകം അരങ്ങേറുന്നു. പക്ഷെ തുടരന്വേഷണത്തിനായി കെ.കെ രമ നടത്തുന്ന പോരാട്ടങ്ങള്‍ ഇവിടെയൊന്നും അവസാനിക്കുമെന്ന് കരുതാന്‍ വയ്യ. തീര്‍ച്ചയായും ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്ന് രമ ചാനല്‍ ചര്‍ച്ചകളില്‍ ഉറപ്പിച്ചു പറഞ്ഞിരിക്കുന്നു. പുകമറയ്ക്കുള്ളില്‍ ഒളിച്ചവരെ പുറത്തു കൊണ്ടു വരാന്‍ രമ നയിക്കുന്ന സമരങ്ങള്‍ കഴിയുമെന്ന് തന്നെ പ്രതീക്ഷിക്കാം. 


ടി.പി വധക്കേസ്; രാഷ്ട്രീയ ഒത്തുകളിയുടെ ബാക്കിപത്രം  -ജയമോഹനന്‍ എം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക