Image

പ്രകൃതിയുടെ നിഴലുകള്‍ തേടി -1 (ജോര്‍ജ്‌ തുമ്പയില്‍)

Published on 21 January, 2014
പ്രകൃതിയുടെ നിഴലുകള്‍ തേടി -1 (ജോര്‍ജ്‌ തുമ്പയില്‍)
പുനര്‍ജന്മമാണ്‌ യാത്രകള്‍. യാത്രകളെ സ്‌നേഹിക്കുന്നവര്‍ യാത്ര ചെയ്യാന്‍ കിട്ടുന്ന ഒരു അവസരവും പാഴാക്കുകയില്ല. വീണ്ടും വീണ്ടും കാണാനുള്ള മനസ്സിന്റെ ഉത്‌കടമായ ആഗ്രഹത്തിലൂടെയാണ്‌ സഞ്ചാരത്തിന്റെ പുതിയ പാതകള്‍ തേടുക. ഇത്തവണ യാത്രാപഥം നമ്മുടെ കൊച്ചു കേരളം തന്നെ. കേരളത്തിന്റെ ഓരോ പത്തു കിലോമീറ്ററിലും കണ്ടിരിക്കേണ്ട ഒരു കാഴ്‌ചയെങ്കിലും ഒളിഞ്ഞിരിപ്പുണ്ടെന്നതാണ്‌ സത്യം. അതു കൊണ്ടു തന്നെ എല്ലാ തിരക്കുകളും മാറ്റിവച്ച്‌ കേരളത്തിന്റെ പ്രകൃതി തൊട്ടറിഞ്ഞു കൊണ്ടു നടത്തിയ യാത്രകളുടെയും ചില യാത്രാവീഥികളുടെയും മൊഴിയഴകാണ്‌ ഇത്തവണ ഒരുക്കുന്നത്‌.

ഈ യാത്രകളൊന്നും ഒരുമിച്ചായിരുന്നില്ല. ഈ യാത്രകളില്‍ പലപ്പോഴും സുഹൃത്തുക്കളുണ്ടായിരുന്നില്ല. പലതും മുന്‍കൂട്ടി തയ്യാറാക്കിയതുമായിരുന്നില്ല. നാട്ടില്‍ ചെന്നപ്പോള്‍, നാട്ടിലുണ്ടായിരുന്നപ്പോള്‍ ഒക്കെ നടത്തിയ യാത്രകളാണിത്‌. ഇവയെല്ലാം ഇപ്പോള്‍ ഒരുമിപ്പിച്ചു യാത്രയുടെ സുഖം എഴുത്തിലൂടെ വീണ്ടും പുനരുജ്ജീവിപ്പിക്കുന്നു എന്നേയുള്ളു. സൗദി അറേബ്യയില്‍ ജോലി ചെയ്‌തിരുന്ന കാലത്ത്‌ വര്‍ഷത്തിലൊരിക്കല്‍ നാട്ടിലെത്താനുള്ള സൗകര്യമുണ്ടായിരുന്നു. ഓരോ വെക്കേഷനിലും നാട്ടിലെത്തുമ്പോള്‍ കേരളത്തെ അടുത്തറിയാന്‍ ശ്രമിച്ചിരുന്നതിന്റെ ശേഷിപ്പുകളും ഇവിടെ പങ്കുവയ്‌ക്കുന്നുണ്ട്‌. സാങ്കേതികമായ പിഴവുകള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കാമെന്ന ഉറപ്പുണ്ട്‌. പക്ഷേ, ചില നാടുകളിലെ ഐതീഹ്യങ്ങള്‍, കെട്ടുകഥകള്‍ എന്നിവയെക്കുറിച്ചുള്ള വിവരണങ്ങളില്‍ വായനക്കാര്‍ക്ക്‌ ഉണ്ടാകുന്ന അഭിപ്രായങ്ങള്‍ അറിയിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

ഒരിക്കല്‍, ക്രിസ്‌മസ്‌ ആഘോഷിക്കാനായി നാട്ടിലെത്തിയപ്പോഴാണ്‌ തിരുവനന്തപുരത്ത്‌ ഒരാഴ്‌ച തങ്ങേണ്ടി വന്നത്‌. അങ്ങനെയായിരുന്നു അഗസ്‌ത്യകൂടം യാത്രയ്‌ക്കായി ഞാന്‍ ഒരുങ്ങിയത്‌. അതിന്‌ പ്രത്യേകിച്ച്‌ ഒരു കാരണമുണ്ടായിരുന്നു. ആഗ്രഹിച്ചാലുടന്‍ പോകാന്‍ പറ്റിയ ഇടമല്ലത്‌.

കാരണം, അഗസ്‌ത്യകൂടം ഭാഗത്തേക്ക്‌ നടന്നു മാത്രമേ പോകാന്‍ പറ്റുകയുള്ളു. വനംവകുപ്പ്‌ ഉദ്യോഗസ്ഥരുടെ പ്രത്യേക അനുമതി വേണം. തന്നെയുമല്ല, ജനുവരി മാസം പകുതയോടെ തിരുവന്തപുരത്ത്‌ ഫോറസ്‌റ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫീസില്‍ അപേക്ഷ കൊടുത്താലേ ഇവിടേക്കു പോകാനും പറ്റു. അതൊക്കെയും എനിക്ക്‌ പുതിയ അറിവുകളായിരുന്നു. ഒരു കേരളീയന്‍ ആയിട്ടു കൂടി കേരളത്തിനകത്തുള്ള ഒരു സ്ഥലം സന്ദര്‍ശിക്കാന്‍ പ്രത്യേക അനുമതി വേണമെന്ന അറിവ്‌ പോലും ആദ്യം എന്നെ അമ്പരപ്പിച്ചു കളഞ്ഞു. ഇതായിരുന്നു, എന്നെ അവിടേക്ക്‌ നയിച്ചത്‌. എന്താണ്‌ അവിടെയിത്ര കാണാനുള്ളത്‌. എന്തിനായിരിക്കണം യാത്രികരെ അവിടേക്ക്‌ കടത്തി വിടാതിരിക്കുന്നത്‌. എങ്കിലൊന്നു പോവുക തന്നെ. നടക്കുക തന്നെ. ആദ്യ പടിയായി അനുമതി സംഘടിപ്പിച്ചു.

കാടും മേടും കടന്നുള്ള സാഹസിക യാത്രയാണ്‌. അത്യപൂര്‍വ ജൈവവൈവിധ്യങ്ങളുടെ കലവറയായ അഗസ്‌ത്യവനത്തിലൂടെയുള്ള യാത്രയും മലകയറ്റവും ഏതൊരു സഞ്ചാരിക്കും ഹരംപകരുന്നതാണ്‌. മേഘമേലാപ്പിനെ തൊട്ടുരുമ്മുന്ന അഗസ്‌ത്യകൂടത്തിന്‍റെ ചുറ്റുവട്ടത്ത്‌ പച്ചപ്പരവതാനി വിരിച്ചിട്ടപോലെയുള്ള തമാലവനങ്ങളാണ്‌ അഗസ്‌ത്യവനം.

അഗസ്‌ത്യവനത്തിലൂടെയുള്ള യാത്ര പ്രകൃതിയുമായുള്ള ഇഴുകിച്ചേരലാണ്‌. യാത്രയുടെ തുടക്കത്തില്‍ തന്നെ മലദൈവങ്ങളെ വണങ്ങിയുള്ള യാത്രയില്‍ സാഹസികതയും പ്രകൃതിസൗന്ദര്യവും ആത്മീയതയും സമ്മേളിക്കുന്നു. പ്രകൃതി നമ്മെ മാറോടണയ്‌ക്കുന്ന ഒരു യാത്ര! ഔഷധസസ്യങ്ങളുടെ കലവറയിലൂടെ ശുദ്ധവായു ശ്വസിച്ചുകൊണ്ടുള്ള യാത്ര. യാത്രയില്‍ അപൂര്‍വ്വയിനം പക്ഷികള്‍, പുഷ്‌പങ്ങള്‍, ശലഭങ്ങള്‍, മലയണ്ണാന്‍ തുടങ്ങിയവയെയൊക്കെ കാണാം. മാത്രവുമല്ല പ്രകൃതി തീര്‍ക്കുന്ന വിവിധ വര്‍ണ്ണങ്ങള്‍! അസുലഭമായി ലഭിക്കുന്ന മഴവില്ലുകള്‍! ആന, കാട്ടുപോത്ത്‌, പാമ്പ്‌, കുളയട്ട തുടങ്ങിയവയും ഈ വനത്തില്‍ സുലഭം!

യാത്രയ്‌ക്ക്‌ മുന്‍പായി അഗസ്‌ത്യകൂടത്തെക്കുറിച്ച്‌ കിട്ടാവുന്ന വിവരങ്ങളൊക്കെയും ശേഖരിച്ചു. ഓരോ വിവരവും എന്നെ ആവേശം കൊള്ളിക്കുന്നതായിരുന്നു. പശ്‌ഛിമഘട്ടത്തില്‍ ആനമുടി കഴിഞ്ഞാല്‍ ഏറ്റവും പൊക്കമുള്ളത്‌ (1868 മീറ്റര്‍) അഗസ്‌ത്യകൂടത്തിനാണ്‌. ഇവിടേക്കാണ്‌ യാത്ര. ഒരു പര്‍വ്വതാരോഹകന്റെ ചുറുചുറുക്കോടെ ഞാന്‍ യാത്രയ്‌ക്ക്‌ തയ്യാറെടുത്തു. നൂറുകണക്കിനു സഞ്ചാരികളാണ്‌ യാത്രയ്‌ക്കായി ഓരോ വര്‍ഷവും ഇവിടെ എത്തുന്നത്‌. എന്നാല്‍ യാത്രാനുമതി എല്ലാവര്‍ക്കും ലഭിക്കണമെന്നുമില്ല. പേപ്പാറ വന്യജീവി റിസര്‍വില്‍ വരുന്ന അഗസ്‌ത്യകൂടത്തിലേയ്‌ക്ക്‌ ബോണക്കാടുവഴിയാണ്‌ യാത്ര അനുവദിക്കുക. രണ്ടുദിവസമാണ്‌ യാത്രയുടെ ദൈര്‍ഘ്യം. ആദ്യദിവസം ബോണക്കാട്ടുനിന്ന്‌ തുടങ്ങുന്ന യാത്ര കാല്‍നടയായി ഏഴുമടക്ക്‌ തേരിയും മുട്ടിടിച്ചാല്‍ തേരിയും കഴിഞ്ഞ്‌ അതിരുമലയിലെ വനംവകുപ്പിന്‍റെ ഡോര്‍മറ്ററിയില്‍ അവസാനിക്കും. അവിടെ രാത്രി വിശ്രമത്തിനുശേഷം പുലര്‍ച്ചെ വീണ്ടും യാത്ര ആരംഭിച്ചാല്‍ നട്ടുച്ചയോടെ പൊങ്കാലപ്പാറയിലും ഒരുമണിക്കൂര്‍കൊണ്ട്‌ അഗസ്‌ത്യകൂടത്തിനു മുകളിലുമെത്താന്‍ കഴിയും.

ഒരു ദിവസം മേഖലയിലേക്ക്‌ യാത്രചെയ്യുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ നിയന്ത്രണമുണ്ട്‌. യാത്രയിലുടനീളം വനംവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. പ്‌ളാസ്റ്റിക്‌ കവറുകള്‍, തീപ്പെട്ടി, ആയുധങ്ങള്‍ എന്നിവ അനുവദിക്കില്ല.

അഗസ്‌ത്യാര്‍കൂടത്തിലേക്ക്‌ തിരുവനന്തപുരത്തുനിന്നും നെടുമങ്ങാട്‌ പഴകുറ്റി, ചുള്ളിമാനൂര്‍ , വിതുര, ജഴ്‌സിഫാം വഴി ബോണക്കാട്‌ അവസാന ബസ്സ്‌ സ്‌റ്റോപ്പായ പഴയ തേയില ഫാക്ടറിക്ക്‌ മുന്നില്‍ ബസ്സിറങ്ങി അവിടെനിന്നും മണ്‍പാതവഴി ഏകദേശം രണ്ടു കിലോമീറ്റര്‍ നടന്ന്‌ ബോണക്കാട്‌ പിക്കറ്റ്‌ സ്‌റ്റേഷനില്‍ എത്താം.

ബോണക്കാടുനിന്നും രാവിലെ ഒന്‍പതു മണിക്ക്‌ ആരംഭിക്കുന്ന ആദ്യദിവസത്തെ യാത്ര ഏകദേശം 18 കിലോമീറ്റര്‍ കാല്‍നടയായി കരമനയാര്‍, അട്ടയാര്‍ , കുട്ടിയാര്‍ എന്നിവയുടെ കൈവഴികള്‍ പിന്നിട്ട്‌ ഏഴുമടക്കന്‍ മലയും മുട്ടിടിച്ചാന്‍മലയും കടന്നു അഗസ്‌ത്യമലയുടെ താഴ്‌ഭാഗമായ അതിരുമലയിലെ വിശ്രമകേന്ദ്രത്തില്‍ വൈകിട്ട്‌ അഞ്ചു മണിക്ക്‌ മുന്‍പായി എത്തുന്നു.

അടുത്ത ദിവസം രാവിലെ തന്നെ അഗസ്‌ത്യമലയുടെ മുടിയിലേക്കുള്ള യാത്ര ആരംഭിക്കുകയായി.

പൊതിഗമലൈയില്‍ ഉത്ഭവിച്ച്‌ തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലയെ സമ്പല്‍സമൃദ്ധമാക്കിയൊഴുകുന്ന താമ്രപര്‍ണിനദിയുടെ ഏതാണ്ട്‌ ഉദ്‌ഭവസ്ഥാനത്ത്‌ പ്രകൃതിരമണീയമായ പാറയുടെ മുകളില്‍ തീര്‍ക്കപ്പെട്ട തടാകത്തിലെ സ്‌ഫടികംപോലെ ക്ലിയറായ തണുത്ത വെള്ളത്തില്‍ കുളിച്ച്‌ കൊടുമുടിയിലേക്കുള്ള കയറ്റം തുടങ്ങുകയായി.

നെയ്യാര്‍ഡാം, കൊമ്പൈ, മീന്‍മുട്ടി, ഉണ്ണിക്കടവ്‌ വഴിയും അതിരുമലയിലെത്താം. എന്നാല്‍ ഈ പാത അതി ദുര്‍ഘടമാണ്‌. തമിഴകത്ത്‌ നിന്ന്‌ മൂങ്ങന്‍തുറൈ റിസര്‍വ്‌ വനത്തിലൂടെയും അംബാസമുദ്രം കളക്കാട്‌ ഇഞ്ചിക്കുന്ന്‌ വഴിയും ശിവരാത്രി ഉത്സവകാലത്ത്‌ ഇവിടെ തീര്‍ത്ഥാടകരെത്തുന്നതായി പറയപ്പെടുന്നു. വഴിയരികിലുള്ള ചാത്തന്‍ അപ്പ്‌, കരടി അപ്പ്‌ എന്നീ പാറയിടുക്കുകള്‍ വിശ്രമകേന്ദ്രങ്ങളാണ്‌. പുല്‍മേടുകള്‍ !!, നിത്യഹരിത വനം, ഇലപൊഴിയും വനം, ചോലക്കാടുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ആവാസവ്യവസ്ഥയിലൂടെയാണീ മനംമയക്കുന്ന നിത്യസത്യം തേടിയുള്ള ഈ യാത്ര. പ്രകൃതിയില്‍ ശില്‌പങ്ങളായി പാറകള്‍ നിരന്ന്‌ കിടക്കുന്ന വിഗ്രഹപ്പാറ മറ്റൊരു കൗതുകമാണ്‌.

ആവശ്യമുള്ള വസ്‌തുക്കള്‍ നിറച്ച്‌ ബാക്ക്‌പാക്ക്‌ ശരിയാക്കി. ബാഗിന്റെ ഘനം കൂടാതെ ശ്രദ്ധിച്ചു. അതിരാവിലെ ഉണര്‍ന്ന്‌ ബോണക്കാടേക്ക്‌ യാത്ര പോകാന്‍ അലാറാം വച്ചു. ഇനി പ്രകൃതിയുടെ നിത്യസത്യത്തിലേക്ക്‌.

(തുടരും)

പ്രകൃതിയുടെ നിഴലുകള്‍ തേടി -1 (ജോര്‍ജ്‌ തുമ്പയില്‍)പ്രകൃതിയുടെ നിഴലുകള്‍ തേടി -1 (ജോര്‍ജ്‌ തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക