Image

ഷിക്കാഗോ സെന്റ്‌ ഗ്രിഗോറിയോസ്‌ കത്തീഡ്രലില്‍ പെരുന്നാള്‍ സമാപിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 03 November, 2011
ഷിക്കാഗോ സെന്റ്‌ ഗ്രിഗോറിയോസ്‌ കത്തീഡ്രലില്‍ പെരുന്നാള്‍ സമാപിച്ചു
ഷിക്കാഗോ: ബെല്‍വുഡ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ കത്തീഡ്രലില്‍ കാവല്‍പിതാവായ പരിശുദ്ധ പരുമല മാര്‍ ഗ്രിഗോറിയോസ്‌ തിരുമേനിയുടെ 109-മത്‌ ഓര്‍മ്മപ്പെരുന്നാള്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഒക്‌ടോബര്‍ 28,29,30 തീയതികളില്‍ വിവിധ പരിപാടികളോടെ ആചരിച്ചു.

തിരുവനന്തപുരം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്‌ തിരുമേനിയും, സൗത്ത്‌ വെസ്റ്റ്‌ ഭദ്രാസനാധിപന്‍ അഭിവന്ദ്യ അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌ തിരുമേനിയും പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി. 28-ന്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ ഏഴുമണിക്ക്‌ കൊടിയിറക്കത്തോടെ പരിശുദ്ധന്റെ ഓര്‍മ്മപ്പെരുന്നാളിന്‌ തുടക്കംകുറിച്ചു. സന്ധ്യാനമസ്‌കാരത്തെ തുടര്‍ന്ന്‌ അഭി. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്‌ തിരുമേനി വചന ശുശ്രൂഷ നടത്തി. പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തില്‍ നിര്‍മ്മിക്കുന്ന കുരിശടിയുടെ അടിസ്ഥാനശിലാ വാഴ്‌വ്‌ അഭി. ഗ്രിഗോറിയോസ്‌ തിരുമേനി നടത്തി. അഭി. യൗസേബിയോസ്‌ തിരുമേനി പ്രസംഗിച്ചു.

29-ന്‌ ശനിയാഴ്‌ച രാവിലെ അഭി. യൗസേബിയോസ്‌ തിരുമേനിയുടെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും വൈകിട്ട്‌ 7 മണിക്ക്‌ സന്ധ്യാപ്രാര്‍ത്ഥനയും നടന്നു. തുടര്‍ന്ന്‌ വിശുദ്ധന്മാരുടെ ജീവിതത്തെ ആസ്‌പദമാക്കി അഭി. യൗസേബിയോസ്‌ തിരുമേനി പ്രസംഗിച്ചു.

30-ന്‌ ഞായറാഴ്‌ച രാവിലെ 8.30-ന്‌ അഭിവന്ദ്യ യൗസേബിയോസ്‌ തിരുമേനിയുടെ മഹനീയ സാന്നിധ്യത്തില്‍ നവ വൈദീകന്‍ ഫാ. സക്കറിയാ സ്‌കറിയ (ഡിജു അച്ചന്‍) വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു. കുര്‍ബാന മധ്യേ പരിശുദ്ധ പരുമല തിരുമേനിയുടെ ജീവിതമാഹാത്മ്യത്തെക്കുറിച്ച്‌ ജനങ്ങളെ ഉത്‌ബോധിപ്പിച്ചു. 12 മണിക്ക്‌ കുരിശുകള്‍, കൊടികള്‍, മുത്തുക്കുടകള്‍, വാദ്യമേളങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ നടന്ന വര്‍ണ്ണശബളവും ഭക്തിസാന്ദ്രവുമായ റാസയില്‍ ഭക്തിഗീതങ്ങള്‍ ആലപിച്ചുകൊണ്ട്‌ ആബാലവൃദ്ധം ജനങ്ങളും പങ്കുകൊണ്ടു. വിശ്വാസികളെ അഭിവന്ദ്യ തിരുമേനി അനുഗ്രഹിച്ച്‌ ആശീര്‍വദിച്ചു. കൈമുത്തിനുശേഷം കറീസ്‌ കേറ്ററിംഗ്‌ ഒരുക്കിയ വിഭവസമൃദ്ധമായ പെരുന്നാള്‍ സദ്യയ്‌ക്ക്‌ അനിതാ ഡാനിയേല്‍, റീന വര്‍ക്കി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

മുന്‍കാലങ്ങളെ അപേക്ഷിച്ച്‌ വമ്പിച്ച ജനക്കൂട്ടം മൂന്നുദിവസങ്ങളിലായി പെരുന്നാളിലും അനുബന്ധ പരിപാടികളിലും സംബന്ധിച്ച്‌ അനുഗ്രഹം പ്രാപിക്കുകയുണ്ടായി.

ഫാ. ഡാനിയേല്‍ ജോര്‍ജ്‌ (വികാരി), പി.സി. വര്‍ഗീസ്‌ (ട്രസ്റ്റി), ഏബ്രഹാം വര്‍ക്കി (സെക്രട്ടറി), ഏലിയാസ്‌ തോമസ്‌ (ജനറല്‍ കണ്‍വീനര്‍), യോഹന്നാന്‍ വര്‍ഗീസ്‌, തോമസ്‌ മാമ്മൂട്ടില്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു. ജോര്‍ജ്‌ വര്‍ഗീസ്‌ വെങ്ങാഴിയില്‍ അറിയിച്ചതാണിത്‌.
ഷിക്കാഗോ സെന്റ്‌ ഗ്രിഗോറിയോസ്‌ കത്തീഡ്രലില്‍ പെരുന്നാള്‍ സമാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക