Image

ആവേശമായി ഫൊക്കാന ജനറല്‍ കൗണ്‍സില്‍

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 03 November, 2011
ആവേശമായി ഫൊക്കാന ജനറല്‍ കൗണ്‍സില്‍
ന്യൂയോര്‍ക്ക്‌: പ്രതികൂല കാലാവസ്ഥയായിട്ടുപോലും ഫൊക്കാനയുടെ പ്രസക്തിയും കരുത്തും തെളിയിച്ചുകൊണ്ട്‌ ഒരു ദിവസം മുഴുവന്‍ നീണ്ടുനിന്ന റീജിയണല്‍ കണ്‍വന്‍ഷനിടയ്‌ക്ക്‌ ജനറല്‍ കൗണ്‍സിലിന്‌ ആവേശകരമായ പരിസമാപ്‌തിയായി.

ഒക്ടോബര്‍ 29-ന്‌ രാവിലെ 10 മണിമുതല്‍ രാത്രി 9 മണിവരെ ക്വീന്‍സിലെ ഗ്ലെന്‍ ഓക്‌സ്‌ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തിലും വിവിധ വേദികളിലുമായി ഫൊക്കാന ജനറല്‍ കൗണ്‍സില്‍, എക്‌സിക്യൂ ട്ടീവ്‌ കമ്മിറ്റി മീറ്റിംഗ്‌, നാഷണല്‍ സ്‌പെല്ലിംഗ്‌ ബീ ഫൈനല്‍ മത്സരങ്ങള്‍, റീജിയണല്‍ കണ്‍വന്‍ഷന്‍, വിവിധ കലാപരിപാടികള്‍, ഹൂസ്റ്റണ്‍ കണ്‍വന്‍ഷന്‍ കിക്ക്‌ഓഫ്‌ തുടങ്ങി വിവിധ പരിപാടികളില്‍ ദേശീയ നേതാക്കളും സംഘടനാ ഭാരവാഹികളും മറ്റുമായി നിരവധി പേര്‍ പങ്കെടുത്തു.

പതിനൊന്നു മണിക്ക്‌ ആരംഭിച്ച ഫൊക്കാന ജനറല്‍ കൗണ്‍സില്‍ മീറ്റിംഗില്‍ പ്രസിഡന്റ്‌ ജി.കെ. പിള്ള അദ്ധ്യക്ഷത വഹിച്ചു. ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീ ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍, ജനറല്‍ സെക്രട്ടറി ബോബി ജേക്കബ്ബ്‌, ട്രഷറര്‍ ഷാജി ജോണ്‍ എന്നിവര്‍ അംഗങ്ങളുടെ വിവിധ ചോദ്യങ്ങള്‍ക്ക്‌ മറുപടി നല്‍കി. മുന്‍ ജനറല്‍ സെക്രട്ടറി ഷഹി പ്രഭാകരന്‍ അവതരിപ്പിച്ച 2008-2010ലെ റിപ്പോര്‍ട്ടും, മുന്‍ ട്രഷറര്‍ ശ്രീമതി ലീലാ മാരേട്ട്‌ അവതരിപ്പിച്ച വരവു ചിലവു കണക്കുകളും ജനറല്‍ കൗണ്‍സില്‍ അംഗീകരിച്ചു പാസ്സാക്കി.

ജനറല്‍ സെക്രട്ടറി ബോബി ജേക്കബ്ബ്‌ അവതരിപ്പിച്ച ഭരണഘടനാ ഭേദഗതികള്‍ അംഗങ്ങള്‍ അംഗീകരിച്ചു. അതുപ്രകാരം പുതുതായി ഒരു എക്‌സി. വൈസ്‌ പ്രസിഡന്റ്‌, ഒരു അഡീഷണല്‍ അസ്സോസിയേറ്റ്‌ സെക്രട്ടറി, ഒരു അഡീഷണല്‍ അസ്സോസിയേറ്റ്‌ ട്രഷറര്‍ മൂന്ന്‌ എക്‌സിക്യൂ ട്ടീവ്‌ കമ്മിറ്റിയംഗങ്ങള്‍ എന്നിവരെക്കൂടി ഭരണസമിതിയില്‍ ഉള്‍പ്പെടുത്തുന്നതായിരിക്കും.

ഫൊക്കാനക്ക്‌ ന്യൂയോര്‍ക്കില്‍ ഒരു ആസ്ഥാന മന്ദിരം നിര്‍മ്മിക്കുന്നതിനായി പോള്‍ കറുകപ്പിള്ളി മുന്നോട്ടു വെച്ച നിര്‍ദ്ദേശം ജനറല്‍ കൗണ്‍സില്‍ അംഗീകരിക്കുകയും, അതിന്റെ സാധ്യത ആരായാന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റി രൂപീകരിക്കുകയും ചെയ്‌തു.

പുതിയ അംഗസംഘടനകളുടെ രജിസ്‌ട്രേഷനും അംഗീകാരവും സംബന്ധിച്ച തീരുമാനമെടുക്കാന്‍ ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീസിനേയും, എക്‌സിക്യൂ ട്ടീവ്‌ കമ്മിറ്റിയേയും ജനറല്‍ കൗണ്‍സില്‍ ചുമതലപ്പെടുത്തി. 2012 ജനുവരിയില്‍ കേരളത്തില്‍ നടത്താനുദ്ദേശിക്കുന്ന കേരള കണ്‍വന്‍ഷന്‌ ജനറല്‍ കൗണ്‍സില്‍ പരിപൂര്‍ണ്ണ പിന്തുണ നല്‍കി.

ഹൂസ്റ്റണില്‍ നടക്കുന്ന പതിനഞ്ചാമത്‌ കണ്‍വന്‍ഷന്‌ ഉജ്ജ്വല പ്രതികരണമാണ്‌ ജനറല്‍ കൗണ്‍സിലില്‍ നിന്ന്‌ ലഭിച്ചത്‌. ഏകദേശം നാലായിരത്തോളം പേരെ പ്രതീക്ഷിക്കുന്ന കണ്‍വന്‍ഷന്‌ നാലു ദിവസത്തെ ഭക്ഷണവും താമസവുമുള്‍പ്പെട്ട പാക്കേജിന്‌ വെറും ആയിരം ഡോളര്‍ മാത്രമേ ചിലവു വരൂ. ഈ വര്‍ഷം ഡിസംബര്‍ 31-നു മുന്‍പ്‌ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ. ഈ അവസരം പരമാവധി മുതലെടുക്കാന്‍ എല്ലാ അംഗസംഘടനകളിലേയും അംഗങ്ങളെ ജനറല്‍ കൗണ്‍സില്‍ ആഹ്വാനം ചെയ്‌തു.

ഹൂസ്റ്റണ്‍ കണ്‍വന്‍ഷന്റെ ഇതുവരെയുള്ള പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയ ജനറല്‍ കൗണ്‍സില്‍, കണ്‍വന്‍ഷന്‍ ഭാരവാഹികളെ പ്രത്യേകം അഭിനന്ദിച്ചു. ടെറന്‍സണ്‍ തോമസ്സിന്റെ നന്ദിപ്രകടനത്തോടെ യോഗം സമാപിച്ചു.
ആവേശമായി ഫൊക്കാന ജനറല്‍ കൗണ്‍സില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക