Image

അനന്തപുരിയുടെ പ്രതിരൂപമൊരുക്കുന്ന ഫൊക്കാന

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 03 November, 2011
അനന്തപുരിയുടെ പ്രതിരൂപമൊരുക്കുന്ന ഫൊക്കാന
ഹൂസ്റ്റണ്‍: 2012 ജൂണ്‍ 30 മുതല്‍ ജൂലൈ 3 വരെ ഹൂസ്റ്റണില്‍ അരങ്ങേറുന്ന ഫൊക്കാനയുടെ പതിനഞ്ചാമത്‌ ദേശീയ കണ്‍വന്‍ഷന്‍ വേദിയായ ഹൂസ്റ്റണിലെ ക്രൗണ്‍ പ്ലാസ ഹോട്ടലിലെ സൗകര്യങ്ങള്‍ വിലയിരുത്താനായി പ്രസിഡന്റ്‌ ജി.കെ. പിള്ളയുടെ നേതൃത്വത്തില്‍ കണ്‍വന്‍ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ സന്ദര്‍ശനം നടത്തി.

പ്രസിഡന്റ്‌ ജി.കെ. പിള്ള, ട്രഷറര്‍ ഷാജി ജോണ്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ഏബ്രഹാം ഈപ്പന്‍ എന്നിവരെക്കൂടാതെ മറ്റു കണ്‍വന്‍ഷന്‍ കമ്മിറ്റി ഭാരവാഹികളും സംഘത്തിലുണ്ടായിരുന്നു.

ഹൂസ്റ്റണിലെ വില്ല്യം ഹോബി, ജോര്‍ജ്ജ്‌ ബുഷ്‌ എന്നീ രണ്ടു വിമാനത്താവളങ്ങളില്‍നിന്നും തുല്യ ദൂരമാണ്‌ ഹോട്ടല്‍ സമുച്ചയത്തിലേക്ക്‌. റിലയന്റ്‌ സ്റ്റേഡിയത്തിനടുത്തു പ്രൗഢിയോടെ തലയുയര്‍ത്തി നില്‍ക്കുന്ന അതിവിശാലമായ പാര്‍ക്കിംഗ്‌ സൗകര്യങ്ങളുള്ള ക്രൗണ്‍ പ്ലാസ ഹോട്ടല്‍ കണ്‍വന്‍ഷന്‍ വേദിയായി തെരഞ്ഞെടുത്തതില്‍ എല്ലാവരും സന്തുഷ്ടി പ്രകടിപ്പിച്ചു.

`അനന്തപുരി' എന്ന്‌ നാമകരണം ചെയ്‌തിട്ടുള്ള കണ്‍വന്‍ഷന്‍ നഗരിയെ സാക്ഷാല്‍ അനന്തപുരിയുടെ പ്രതിരൂപമാക്കുമെന്ന്‌ കണ്‍വന്‍ഷന്‍ ഭാരവാഹികള്‍ അറിയിച്ചു. തിരുവനന്തപുരത്തെ ആറാട്ടിനെ അനുസ്‌മരിപ്പിക്കുമാറ്‌ ആനയും അമ്പാരിയും താളമേളഘോഷങ്ങളോടെയായിരിക്കും കണ്‍വന്‍ഷന്‍ ഉദ്‌ഘാടകനായ തിരുവിതാംകൂര്‍ മഹാരാജാവിനെ എതിരേല്‌ക്കുക. ഈ അസുലഭ മുഹൂര്‍ത്തത്തിന്‌ സാക്ഷ്യം വഹിക്കുവാന്‍ പ്രശസ്‌തരും പ്രമുഖരുമായ ഒട്ടേറെ പേര്‍ ഹൂസ്റ്റണില്‍ എത്തിച്ചേരുമെന്ന്‌ ഭാരവാഹികള്‍ പ്രത്യാശ പ്രകടിപ്പിച്ചു.

സമ്മേളന നഗരിയിലേക്കുള്ള അലങ്കാരവസ്‌തുക്കള്‍ കേരളത്തില്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണെന്ന്‌ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ഏബ്രഹാം ഈപ്പന്‍ പറഞ്ഞു. കൂടാതെ, കണ്‍വന്‍ഷന്‍ ദിനങ്ങളിലെല്ലാം തനി കേരളീയ വിഭവങ്ങളായിരിക്കും വിളമ്പുക എന്നും അദ്ദേഹം പറഞ്ഞു. സമ്മേളന നഗരിയില്‍ തന്നെ അവ ക്രമീകരിക്കുന്നു എന്ന പ്രത്യേകതയും ഇപ്രാവശ്യത്തെ കണ്‍വന്‍ഷനുണ്ട്‌.

യുവജനങ്ങള്‍ക്ക്‌ മുന്‍തൂക്കം കൊടുത്തുകൊണ്ടുള്ള ധാരാളം പരിപാടികള്‍ ഈ കണ്‍വന്‍ഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതും പ്രത്യേകം എടുത്തു പറയേണ്ടിയിരിക്കുന്നു.
അനന്തപുരിയുടെ പ്രതിരൂപമൊരുക്കുന്ന ഫൊക്കാന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക