Image

പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ഡാളസ്സില്‍

നെല്ലിക്കല്‍ രാജു Published on 02 November, 2011
പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ഡാളസ്സില്‍
ഡാളസ്സ്‌, (ടെക്‌സാസ്‌): മലങ്കര സഭയുടെ പ്രഖ്യാപിത പരിശുദ്ധന്‍ പരുമല മാര്‍ ഗ്രിഗോറിയോസ്‌ തിരുമേനിയുടെ നാമത്തില്‍ സ്‌ഥാപിച്ചിരിക്കുന്ന ഗാര്‍ലന്റ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ഇടവകയുടെ പെരുന്നാളും, കണ്‍വെന്‍ഷനും, പരിശുദ്ധ പിതാവിന്റെ 109-മത്‌ ഓര്‍മ്മപ്പെരുന്നാളും ഭക്തിനിര്‍ഭരമായി വിപുലമായ പരിപാടികളോടെ നവംബര്‍ 3, 4, 5, 6 (വ്യാഴം, വെള്ളി, ശനി, ഞായര്‍) തീയ്യതികളില്‍ ആചരിക്കുന്നു.

ഒക്‌ടോബര്‍ മുപ്പതാം തീയ്യതി ഞായറാഴ്‌ച രാവിലെ വിശുദ്ധ കുര്‍ബാനയ്‌ക്കു ശേഷം വികാരി റവ.ഫാ.രാജു എം.ദാനിയേല്‍ കൊടി ഉയര്‍ത്തിയതോടെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക്‌ തുടക്കം കുറിച്ചു. തുടര്‍ന്ന്‌ എല്ലാ ദിവസവും വൈകിട്ട്‌ ഏഴു മണി മുതല്‍ ദേവാലയത്തില്‍ സന്ധ്യാപ്രാര്‍ത്ഥനയും വചനശുശ്രൂഷയും പരിശുദ്ധന്റെ പേരില്‍ പ്രത്യേക മദ്ധ്യസ്ഥപ്രാര്‍ത്‌ഥനകളും ഉണ്‌ടായിരിക്കും.

ഈ വര്‍ഷത്തെ പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ തിരുവനന്തപുരം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്‌ മെത്രാപ്പൊലീത്താ മുഖ്യകാര്‍മികത്വം വഹിക്കും. കൂടാതെ പ്രസിദ്ധ കണ്‍വെന്‍ഷന്‍ പ്രാസംഗികനും, ധ്യാനഗുരുവും, വാഗ്‌മിയുമായ റവ.ഫാ. അലക്‌സാണ്‌ടര്‍ കുര്യന്‍ നവംബര്‍ മൂന്നാം തീയതി മുതല്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ മുഖ്യപ്രാസംഗികനായിരിക്കും. നവംബര്‍ നാലാം തീയതി വെള്ളിയാഴ്‌ച സന്ധ്യാപ്രാര്‍ത്ഥനയെത്തുടര്‍ന്ന്‌ അനുസ്‌മരണ പ്രഭാഷണം, വചനശുശ്രൂഷ എന്നിവ ഉണ്‌ടായിരിക്കും

നവംബര്‍ 5-ന്‌ ശനിയാഴ്‌ച രാവിലെ പത്തുമുതല്‍ യുവജനങ്ങള്‍ക്കായി പ്രത്യേക യോഗവും വൈകിട്ട്‌ 6:30-ന്‌ സന്ധ്യാനമസ്‌കാരവും, കണ്‍വെന്‍ഷനും നടക്കും.

പ്രധാന പെരുനാള്‍ ദിനമായ നവംബര്‍ ആറാം തീയതി ഞായറാഴ്‌ച രാവിലെ പ്രഭാത നമസ്‌കാരത്തെത്തുടര്‍ന്ന്‌ അഭിവന്ദ്യ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്‌ മെത്രാപ്പൊലീത്തായുടെ പ്രധാനകാര്‍മികത്വത്തിലും റവ.ഫാ. അലക്‌സാണ്‌ടര്‍ കുര്യന്‍, റവ.ഫാ.രാജു എം.ദാനിയേല്‍ എന്നിവരുടെ സഹകാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബ്ബാനയും, വചനപ്രഘോഷണവും, മധ്യസ്ഥപ്രാര്‍ഥനയും തുടര്‍ന്ന്‌ പരമ്പരാഗത രീതിയിലുള്ള ഭക്‌തിപുരസ്സരമായ റാസയും സ്‌നേഹവിരുന്നും നടക്കും.

പരിശുദ്ധ പരുമല തിരുമേനിയുടെ തിരുശേഷിപ്പ്‌ സ്ഥാപിച്ചിരിക്കുന്ന ഈ ദേവാലയത്തില്‍ നാനാജാതിമതസ്‌ഥര്‍ക്ക്‌ നേര്‍ച്ചകാഴ്‌ചകള്‍ അര്‍പ്പിക്കുന്നതിനുള്ള സൗകര്യവും ഉണ്‌ടായിരിക്കുമെന്ന്‌ ഇടവക വികാരി റവ.ഫാ.രാജു എം.ദാനിയേല്‍ അറിയിച്ചു.

പെരുന്നാള്‍ ആഘോഷങ്ങളില്‍ ഭക്‌തിയാദരപൂര്‍വ്വം പങ്കെടുത്ത്‌ അനുഗ്രഹം പ്രാപിക്കുവാന്‍ ഡാളസ്സിലും പരിസര പ്രദേശങ്ങളിലുമുള്ള ഏവരെയും ക്ഷണിക്കുന്നതായി ഇടവക വികാരിയും മാനേജിംഗ്‌ കമ്മറ്റി അംഗങ്ങളും സംയുക്‌തമായി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ :

റവ.ഫാ.രാജു എം. ദാനിയേല്‍ (വികാരി) (214)476 6584
കുര്യന്‍ മാത്യു (ഇടവക സെക്രട്ടറി) (214) 223 8001
മൈക്കിള്‍ ചാക്കോ(ഇടവക ട്രസ്‌റ്റി) (214) 240 7123.
പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ഡാളസ്സില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക