Image

അമേരിക്കയില്‍ ടെലികോം കമ്മീഷന്റെ തലപ്പത്ത്‌ ഇന്ത്യക്കാരന്‍ (അങ്കിള്‍സാം വിശേഷങ്ങള്‍)

Published on 02 November, 2011
അമേരിക്കയില്‍ ടെലികോം കമ്മീഷന്റെ തലപ്പത്ത്‌ ഇന്ത്യക്കാരന്‍ (അങ്കിള്‍സാം വിശേഷങ്ങള്‍)
വാഷിങ്‌ടണ്‍: അമേരിക്കയിലെ ഫെഡറല്‍ കമ്യൂണിക്കേഷന്‍സ്‌ കമ്മീഷന്റെ (എഫ്‌.സി.സി.)പുതിയ കമ്മീഷണറായി ഇന്ത്യന്‍ വംശജനായ അജിത്‌ വരദരാജ്‌ പൈയെ പ്രസിഡന്റ്‌ ബരാക്‌ ഒബാമ നാമനിര്‍ദേശം ചെയ്‌തു.യു.എസ്‌. ടെലികോം രംഗത്തെ തര്‍ക്കങ്ങള്‍ക്ക്‌ തീര്‍പ്പുകല്‍പ്പിക്കുന്ന അഞ്ചംഗ ഉന്നതാധികാര സമിതിയാണ്‌ എഫ്‌.സി.സി. അമേരിക്കയിലെ പ്രമുഖ അഭിഭാഷകനും ടെലികോം രംഗത്തെ വിദഗ്‌ധനുമായ വരദരാജ്‌ പൈ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗമാണ്‌.

ഡെപ്യൂട്ടി ജനറല്‍ കോണ്‍സല്‍, അസോസിയേറ്റ്‌ ജനറല്‍ കോണ്‍സല്‍, രാഷ്ട്രീയപാര്‍ട്ടികളുടെയും മുന്‍ എഫ്‌.സി.സി. ചെയര്‍മാന്മാരുടെയും ഉപദേശകന്‍ തുടങ്ങിയ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്‌ട്‌. ഇന്റര്‍നെറ്റ്‌ നെറ്റ്‌ വര്‍ക്ക്‌ മാനേജ്‌മെന്റ്‌, വയര്‍ലെസ്‌ സ്‌പെക്ട്രം ലേലം, മീഡിയ കേബിള്‍ ഉടമസ്ഥാവകാശ തര്‍ക്കങ്ങളിലും എഫ്‌.സി.സി.ക്ക്‌ നിയമോപദേശങ്ങള്‍ നല്‍കിയിരുന്നത്‌ വരദരാജ്‌ പൈയാണ്‌. സെനറ്റിന്റെ അംഗീകാരം ലഭ്യമാകുന്ന മുറയ്‌ക്ക്‌ അദ്ദേഹം ചുമതലയേല്‍ക്കും

ഡെബിറ്റ്‌ കാര്‍ഡ്‌ ഫീ ഏര്‍പ്പെടുത്താനുള്ള നീക്കം ബാങ്ക്‌ ഓഫ്‌ അമേരിക്ക ഉപേക്ഷിച്ചു

ന്യൂയോര്‍ക്ക്‌: ഡെബിറ്റ്‌ കാര്‍ഡ്‌ ഉപയോക്താക്കളില്‍ നിന്ന്‌ പ്രതിമാസം അഞ്ചു ഡോളര്‍ ഈടാക്കാനുള്ള നീക്കം ബാങ്ക്‌ ഓഫ്‌ അമേരിക്ക ഉപേക്ഷിച്ചു. ഉപഭോക്താക്കളുടെ രോഷപ്രകടനത്തെത്തുടര്‍ന്ന്‌ തീരുമാനം തല്‍ക്കാലം മാറ്റിവെയ്‌ക്കുകയാണെന്ന്‌ ബാങ്ക്‌ അധികൃതര്‍ വ്യക്തമാക്കി. ഡെബിറ്റ്‌ കാര്‍ഡ്‌ ഉപയോക്താക്കളില്‍ നിന്ന്‌ പണമീടാക്കാനുള്ള നീക്കം ജെ.പി.മോര്‍ഗന്‍ ചേസും, വെല്‍സ്‌ ഫാര്‍ഗോയും കഴിഞ്ഞ ആഴ്‌ച ഉപേക്ഷിച്ചിരുന്നു.

ബാങ്ക്‌ ഓഫ്‌ അമേരിക്കയുടെ തീരുമാനത്തിനെതിരെ ഓണ്‍ലൈനില്‍ തയാറാക്കിയ പരാതിയില്‍ മൂന്നു ലക്ഷത്തോളം പേര്‍ ഒപ്പിട്ടിരുന്നു. എന്നാല്‍ ഉപഭോക്തൃ സര്‍വെ നടത്തിയശേഷമാണ്‌ ഡെബിറ്റ്‌ കാര്‍ഡ്‌ ഫീസ്‌ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്നും ഇപ്പോള്‍ ഉപഭോക്താക്കളുടെ വികാരം മാറിയതാണ്‌ പുതിയ തീരുമാനമെടുക്കാന്‍ ബാങ്കിനെ പ്രേരിപ്പിച്ചതെന്നും ബാങ്ക്‌ ഓഫ്‌ അമേരിക്ക വക്താവ്‌ അന്നെ പേസ്‌ പറഞ്ഞു.

ഹിലരിയുടെ മാതാവ്‌ അന്തരിച്ചു

വാഷിംഗ്‌ടണ്‍: യു.എസ്‌ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റന്റെ മാതാവ്‌ ഡോറത്തി ഹൗവെല്‍ റോഥം (92) അന്തരിച്ചു. അമ്മയുടെ രോഗം മുര്‍ച്ഛിച്ചതിനെ തുടര്‍ന്ന്‌ ഇസ്‌താംബുളിലെയും ലണ്‌ടനിലെയും യാത്രാപരിപാടികള്‍ വെട്ടിക്കുറച്ച്‌ ഹിലരി ആസ്‌പത്രിയില്‍ എത്തിയിരുന്നു.

1919 ല്‍ ഷിക്കാഗോയില്‍ ഒരു അഗ്‌നിശമന സേനാംഗത്തിന്റെ മകളായാണ്‌ ഡോറത്തി ജനിച്ചത്‌. 1942 ല്‍ ബിസിനസുകാരനായ ഹ്യു ഇ റോഥവുമായി വിവാഹം. രാജ്യത്തെ പ്രഥമ വനിതയായി മകള്‍ വാര്‍ത്തകളില്‍ നിറഞ്ഞപ്പോള്‍ ഡോറത്തി വാര്‍ത്തകളില്‍ നിന്നും മാറിനിന്നിരുന്നു. എന്നാല്‍ ഒബാമയ്‌ക്കൊപ്പം മകള്‍ മത്സരിക്കാനെത്തിയപ്പോള്‍ മകള്‍ക്കൊപ്പം പല സംസ്ഥാനങ്ങളിലും ഡോറത്തി പ്രചാരണത്തിനെത്തിയിരുന്നു.

ഒബാമ പുകയില മുക്തനായി; ആരോഗ്യനില മികച്ചത്‌

വാഷിംഗ്‌ടണ്‍: യുഎസ്‌ പ്രസിഡന്റ്‌ ബറാക്‌ ഒബാമ `പുകയില മുക്‌തനാണെന്നു ശാരീരിക പരിശോധനയില്‍തെളിഞ്ഞു. 50 വയസ്സ്‌ പിന്നിട്ടെങ്കിലും മികച്ച ആരോഗ്യാവസ്‌ഥയിലുള്ള പ്രസിഡന്റ്‌, ചുമതലകള്‍ നിര്‍വഹിക്കാന്‍ തികച്ചും പ്രാപ്‌തനാണെന്നും വൈറ്റ്‌ ഹൗസ്‌ ഡോക്‌ടര്‍ ജഫ്‌റി സി. കുല്‍മാന്‍ അറിയിച്ചു.2009 ജനുവരിയില്‍ പ്രസിഡന്റായശേഷം ഒബാമയുടെ രണ്‌ടാമത്തെ പൂര്‍ണ മെഡിക്കല്‍ പരിശോധനയായിരുന്നു ഇത്‌. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പരിശോധന നടത്തുമ്പോള്‍ ഒബാമ പുകവലി നിര്‍ത്തിയിരുന്നില്ല. കഴിഞ്ഞ ഓഗസ്‌റ്റില്‍ 50 വയസ്സ്‌ പൂര്‍ത്തിയായെങ്കിലും ഒബാമ പഴയതിലും മെച്ചപ്പെട്ട ആരോഗ്യസ്‌ഥിതിയിലാണ്‌.

അന്‍പതുകാരനായ ഒബാമയുടെ ഉയരം ആറടി ഒരിഞ്ച്‌. തൂക്കം 181.3 പൗണ്‌ട്‌. ചികിത്സാ, ശസ്‌ത്രക്രിയാ ചരിത്രമില്ല. രക്‌തസമ്മര്‍ദം, കൊളസ്‌ട്രോള്‍ എല്ലാം ആരോഗ്യകരമായ നിലയില്‍ മാത്രം. ആരോഗ്യകരമായ ഭക്ഷണം, കൃത്യമായ ശാരീരിക വ്യായാമം, തൂക്കം കൃത്യമായി പാലിക്കുന്നു, മദ്യപാനം മിതമായി വല്ലപ്പോഴും മാത്രം - ഒബാമയുടെ ആരോഗ്യത്തിന്റെ രഹസ്യം ഇതാണ്‌. കടുത്ത ജോലിയുടെ സമ്മര്‍ദത്തില്‍നിന്നു രക്ഷ നേടാന്‍ സ്‌റ്റീറോയിഡ്‌ കലരാത്ത ഗുളികകള്‍ വല്ലപ്പോഴും കഴിക്കാറുണ്‌ട്‌.

ഹിമക്കാറ്റ്‌: അമേരിക്കയില്‍ മൂന്ന്‌ ലക്ഷം വീടുകള്‍ ഇരുട്ടില്‍

ന്യുയോര്‍ക്ക്‌: അമേരിക്കയില്‍ രൂക്ഷമായി തുടരുന്ന ഹിമക്കാറ്റില്‍ മരണം 19 ആയി. ന്യൂ ജേഴ്‌സി ഗവര്‍ണര്‍ ക്രിസ്‌ ക്രിസ്റ്റിയുടേതുള്‍പ്പെടെ മൂന്ന്‌ ലക്ഷം വീടുകള്‍ വൈദ്യുതി മുടങ്ങിയതുമൂലം ഇരുട്ടിലാണ്‌. കാറ്റിന്റെ വഴിയിലുള്ള സ്‌കൂളുകളെല്ലാം അടച്ചു. കാറ്റില്‍ മരംവീണും വൈദ്യുതാഘാതമേറ്റും റോഡപകടങ്ങളില്‍ പെട്ടുമാണ്‌ മരണങ്ങള്‍ സംഭവിച്ചത്‌. കാനഡയിലും ഒരാള്‍ മരിച്ചു. ന്യൂ ജേഴ്‌സി, കണക്ടിക്കട്ട്‌, മസാച്യുസെറ്റ്‌സ്‌ എന്നിവിടങ്ങളിലും ന്യുയോര്‍ക്കിന്റെ ചിലഭാഗങ്ങളിലും അടിയന്തരാവസ്ഥ തുടരുകയാണ്‌.

വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കണമെങ്കില്‍ ഒരാഴ്‌ചയെങ്കിലുമെടുക്കുമെന്ന്‌ ചിലസംസ്ഥാനങ്ങള്‍ അറിയിച്ചിട്ടുണ്‌ട്‌. വ്യോമഗതാഗതം ഉള്‍പ്പെടെ ഗതാഗത സംവിധാനങ്ങളെല്ലാം തകരാറിലാണ്‌. തെരുവുകളില്‍ 30 ഇഞ്ച്‌ കനത്തിലാണ്‌ മഞ്ഞ്‌ വീണുകിടക്കുന്നത്‌. പലയിടത്തും പെട്രോളും പാചകവാതകവും കിട്ടാനില്ല. മഞ്ഞുകാറ്റിനെ അവഗണിച്ചും ന്യൂയോര്‍ക്കിലെ സുക്കോട്ടി പാര്‍ക്കില്‍ വാള്‍ സ്‌ട്രീറ്റ്‌ പിടിച്ചടക്കല്‍ പ്രക്ഷോഭകാരികള്‍ സമരം തുടരുകയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക