Image

പ്രിയ ജോ, നിനക്കായ്‌ ഈ വരികള്‍ (ഓര്‍മ്മക്കുറിപ്പുകള്‍: 13- സരോജ വര്‍ഗ്ഗീസ്‌, ന്യൂയോര്‍ക്ക്‌)

Published on 09 January, 2014
പ്രിയ ജോ, നിനക്കായ്‌ ഈ വരികള്‍ (ഓര്‍മ്മക്കുറിപ്പുകള്‍: 13- സരോജ വര്‍ഗ്ഗീസ്‌, ന്യൂയോര്‍ക്ക്‌)
ജീവിതം വഴിമുട്ടുന്ന ഒരുനുഭവമാണ്‌ ജോ പിരിഞ്ഞുപോയതില്‍ പിന്നെ ഉണ്ടായിട്ടുള്ളത്‌. കാരണം ജോയില്ലാതെ സഞ്ചരിക്കേണ്ട ഒരു വഴി ഞാന്‍ തന്നെ വെട്ടി തെളിയിക്കേണ്ടിയിരിക്കുന്നു. ദൈവത്തില്‍ വിശ്വാസമുള്ളവര്‍ക്ക്‌ പ്രതിബന്ധങ്ങള്‍ ഉണ്ടാകുന്നില്ല എന്ന ഉറച്ച വിശ്വാസത്തോടെ ഞാന്‍ ഏകാന്തമായ എന്റെ വീട്ടില്‍ ഓരോരൊ ചിന്തകളില്‍ മുഴുകിയിരുന്നു. എനിക്ക്‌ മുന്നോട്ട്‌ പോകാനുള്ള വഴി എവിടെയാണ്‌. പോംവഴികളെക്കാള്‍ ഒരു സാധാരണ വഴിയാണു ഞാന്‍ തേടുന്നത്‌. പലരും ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു ശപിക്കപ്പെട്ട സമയമാണിത്‌. ആത്മഹത്യ ചെയ്‌ത്‌ ജീവിതത്തില്‍ നിന്നും രക്ഷപ്പെടുന്നവരോട്‌ എനിക്കെന്തോ ബഹുമാനമില്ല. ഓര്‍മ്മ വച്ച നാള്‍ മുതല്‍ യേശുനാഥനെ എപ്പോഴും മനസ്സില്‍ ധ്യാനിച്ച്‌, എന്റെ മാലയില്‍ തൂങ്ങുന്ന കുരിശ്ശ്‌മാലയില്‍ പിടിച്ച്‌ ഞാന്‍ എന്റെ മനസ്സിനു ധൈര്യം പകര്‍ന്നിരുന്നു. അത്‌കൊണ്ട്‌ അത്തരം ചിന്തകള്‍ എന്റെ മനസ്സിനെ അലട്ടാറില്ല.

പന്ത്രണ്ടാമത്തെ വയസ്സ്‌ മുതല്‍ മദ്‌ബഹ ശുശ്രൂഷകനായി ജീവിതം ആരംഭിച്ച ജോ ജീവിച്ചിരുന്നപ്പോള്‍ എപ്പോഴും ദൈവത്തിന്റെ മഹത്വങ്ങള്‍ പറഞ്ഞ്‌കൊണ്ടിരുന്നു. വളരെ സാത്വികനായി ജീവിച്ച ജോ ഒരു പുണ്യാത്മാവായി എനിക്ക്‌ ചുറ്റും സുരക്ഷയുടെ കോട്ടകള്‍ പണിയുമോ എന്ന്‌ ചിലപ്പോള്‍ ഞാന്‍ വ്യമോഹിക്കാറുണ്ട്‌. ദൈവത്തില്‍ ഉറച്ച്‌ വിശ്വസിക്കുന്നവരെ അവന്‍ കൈവിടില്ലെന്ന്‌ പള്ളിയില്‍ പോകുമ്പോള്‍, വേദപുസ്‌തകം വായിക്കുമ്പോള്‍ എല്ലാം കേള്‍ക്കുകയും അറിയുകയും ചെയ്യുന്നത്‌ തീരെ ദുര്‍ബ്ബലമാകുന്ന അവസരങ്ങളില്‍ എത്രയൊ സഹായകമായിട്ടുണ്ട്‌,.കുഞ്ഞ്‌നാള്‍ മുതല്‍ ദൈവത്തില്‍ വിശ്വസിച്ചിരുന്നത്‌കൊണ്ട്‌ എനിക്ക്‌ ദൈവം നന്മയുടെ വഴികള്‍ കാണിച്ചു തരുമെന്ന ശുഭചിന്തകളുടെ വെളിച്ചവുമായി മുന്നോട്ട്‌ നീങ്ങുമ്പോള്‍ ഒരു വഴി അവിടെ ഉണ്ടാകുന്നു.

എക്ലാ വേദനകളും കാലം മാറ്റുമെന്ന്‌ പറയുമെങ്കിലും അത്‌ മുഴുവന്‍ ശരിയാണെന്ന്‌ എനിക്ക്‌ തോന്നുന്നില്ല. ഇതെഴുതുമ്പോള്‍ ഒരു പുതു വര്‍ഷം പിറക്കുകയാണ്‌. മഞ്ഞും, വെയിലും, മഴയും, തണുപ്പുമായി കാലം നമ്മെ എതിരേല്‍ക്കുമ്പോള്‍ എന്തെല്ലാം ഓര്‍മ്മകള്‍ ചിറക്‌ വിരിക്കുന്നു. ഒരു സ്‌ത്രീയും ഇഷ്‌ടപ്പെടാത്ത വിധവ എന്ന അവസ്‌ഥയില്‍ കഴിയുമ്പോള്‍ എനിക്ക്‌ തോന്നുന്നു കാലം പ്രക്രുതിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്ക്‌ നമ്മുടെ മനസ്സിലേയും ചിന്തകള്‍ വഴങ്ങിപോകുന്നുവെന്ന്‌. ഇനി മുതല്‍ ഞാന്‍ ഏകയാണെന്ന്‌ കൊഴിഞ്ഞ്‌ വീഴുന്ന ഇലകള്‍, ഉരുകിയൊലിക്കുന്ന മഞ്ഞ്‌ കട്ടകള്‍, മാരിക്കാര്‍ മറക്കുന്ന സൂര്യപ്രഭ എല്ലാം എന്നെ ഓര്‍മ്മിക്കുന്നു. ഓരോന്നിനും ഒരു കാലം. അത്‌ കഴിഞ്ഞാല്‍ പിന്നെ ആ കാലം പ്രക്രുതിയല്ലാതെ മനുഷ്യ ജീവിതത്തില്‍ വരികയില്ല.. പ്രക്രുതിയെപോലെ തന്നെ മനുഷ്യരിലും കാലങ്ങള്‍ മാറുന്നു.ഒരിക്കലും തിരിച്ച്‌്‌ കിട്ടാത്ത കാലങ്ങള്‍. ജീവിതത്തില്‍ കാലങ്ങള്‍ മാറുന്നു, പുതിയത്‌ ഒന്ന്‌ വരുന്നു. പ്രക്രുതിയെപോലെ ചാക്രിക സ്വഭാവമില്ല. കാരണം നമ്മള്‍ ഓരോ കാലങ്ങളിലൂടെ ജീവിക്കയും പിന്നെ മണ്‍ മറഞ്ഞ്‌പോകുകയുമാണ്‌. എനിക്ക്‌ ഇനിമുതല്‍ ദുഃഖത്തിന്റെ ഹിമകണങ്ങള്‍ തുളുമ്പി നില്‍ക്കുന്ന കാലം. ദൈവികമായ ചിന്തയാല്‍ അത്തരം സാഹചര്യങ്ങളെ അതിജീവിക്കേണ്ടിയിരിക്കുന്നു.

പുതുവര്‍ഷത്തിന്റെ ആഹ്ലാദവും, അലങ്കാരവും, തയ്യാറെടുപ്പുമായി ലോകം എനിക്ക്‌ ചുറ്റും ഒരുങ്ങുമ്പോള്‍ എന്റെ ചിന്തകളും പതറുന്നു. കഴിഞ്ഞ പുതുവര്‍ഷത്തിലാണ്‌ ഞാനും ജോയും ഒരുമിച്ച്‌ പള്ളിയില്‍ പോയത്‌. ശരീര അസ്വാസ്‌ഥമുണ്ടായിട്ടും പള്ളിയിലെ കുര്‍ബ്ബാനയും പ്രാര്‍ഥനയും ജോ വളരെ ആസ്വദിച്ചു. പുതുവര്‍ഷപുലരി ദേവാലയത്തിലെത്തി ആരാധനയോടെ ആരംഭിക്കണമെന്ന്‌ നിഷ്‌ക്കര്‍ഷയുള്ള ഒരു ഉത്തമ വിശ്വാസിയായിരുന്നു ജോ. ആ ദിവസം മറ്റുള്ളവര്‍ക്ക്‌ സന്തോഷിക്കാനും ആനന്ദിക്കാനുമായി പിറക്കുമ്പോള്‍ ജോയെ സംമ്പന്ധിച്ചേടത്തോളം ആ ദിവസം ദുഃഖ്‌സ്‌മൃതികള്‍ ഉണര്‍ത്തുന്ന ഒരു കരിദിനമാണ്‌. അന്നേ ദിവസമാണ്‌ താന്‍ ജീവനെക്കാളുപരി സ്‌നേഹിച്ചിരുന്ന സ്വന്തം മാതാവ്‌ കാലയവനികക്കുള്ളിലേക്ക്‌ മറഞ്ഞത്‌. ഒരു പക്ഷെ ജീവിതാനുഭവങ്ങളും ചെറുപ്പം മുതലുള്ള ഈശ്വരചിന്തയും മദ്‌ബഹയിലെ ശുശ്രൂഷകളുമായിരിക്കും അദ്ദേഹത്തില്‍ ലൗകിക ചിന്തകളേക്കാള്‍ അദ്ധ്യാത്മികമായ ഒരു ഭാവം പകര്‍ന്നത്‌. നാല്‍പ്പത്തിരണ്ട്‌ കൊല്ലക്കാലം നൂയോര്‍ക്കില്‍ താമസിച്ചിട്ടും ഒരിക്കല്‍പോലും ടൈ സ്‌കൈറില്‍ പ്രതിവര്‍ഷം അരങ്ങേറുന്ന പുതുവര്‍ഷ പരിപാടി കാണാനൊ പരിപാടിയിലെ ഏറ്റവും ആകര്‍ഷണീയമായ `ബാള്‍ ഡ്രോപ്പിങ്ങ്‌' (Ball Dropping) കാണാനൊ അദ്ദേഹം താല്‍പ്പര്യപ്പെട്ടില്ല. അത്തരം ആഢംമ്പരങ്ങളിലും പ്രകടനങ്ങളിലും ആത്മാര്‍ഥത കുറവാണെന്ന വിശ്വാസക്കാരനായിരുന്നു ജോ. എന്നാല്‍ അദ്ദേഹത്തിന്റെ ഏറ്റവും ഇഷ്‌ടപ്പെട്ട ചാനല്‍ സി.എന്‍.എന്‍. മിക്കപ്പോഴും കണ്ടിരുന്നു. പ്രത്യേകിച്ച്‌ അമേരിക്കയുടെ ഭരണചക്രം തിരിക്കുന്ന നേതാക്കന്മാര്‍ മാറി മാറിവരുമ്പോള്‍ ആ ചാനല്‍ കൊടുക്കുന്ന വാര്‍ത്തകള്‍ കൗതുകത്തോടെ നോക്കിയിരുന്ന്‌ കേട്ടിരുന്നു. മരിക്കുന്നതിനു തലേ ദിവസവും തീരെ അവശനായിട്ടും ആ ചാനല്‍ ശ്രദ്ധിച്ചുകൊണ്ട്‌ കിടന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ ശ്രദ്ധിച്ചിരുന്നത്‌കൊണ്ട്‌ വളരെയധികം പൊതുവിജ്‌ഞാനം അദ്ദേഹത്തിനുണ്ടായിരുന്നു. ഫ്‌ളോാറിഡയില്‍ താമസിക്കുന്ന മകളുടെ കുട്ടികള്‍ക്ക്‌ സ്‌കൂളിലേക്ക്‌ പ്രൊജക്‌ടുകള്‍ തയ്യാറേക്കേണ്ടി വരുമ്പോള്‍ സംശയമുള്ളത്‌ അവര്‍ വിളിച്ച്‌ ചോദിച്ചിരുന്നു. ഇയ്യിടെ നെത്സന്‍ മണ്ഡേല മരിച്ചപ്പോള്‍ മക്കള്‍ പറഞ്ഞു പപ്പ ഉണ്ടായിരുന്നെങ്കില്‍ സി.എന്‍.എന്‍ ചാനല്‍ ഓഫ്‌ ചെയ്യില്ലായിരുന്നു. പ്രത്യേകിച്ച്‌ വൈറ്റ്‌ ഹൗസില്‍ ജോലി ചെയ്യുന്ന മകന്‍ മണ്ഡേലയുടെ ചരമ പരിപാടികളില്‍ പങ്കെടുക്കാന്‍ പ്രസിഡന്റ്‌ ഒബാമക്കൊപ്പം പോയിരുന്നത്‌കൊണ്ട്‌ അവനെ കാണാന്‍ വേണ്ടി കണ്ണിമക്കാതെ നോക്കിയിരിക്കുമെന്നത്‌ ഉറപ്പാണ്‌. ആ ദിവസങ്ങളില്‍ ഞാന്‍ സി.എന്‍.എന്‍. ചാനല്‍ ഓണ്‍ ചെയ്‌ത്‌ വച്ചിരുന്നു. ഒരു പക്ഷെ മകനെ കാണാമെന്നുള്ള ആഗ്രഹത്തേക്കാള്‍ ജോയുടെ അദ്രുശ്യ സാന്നിദ്ധ്യം ഉണ്ടാകുമെന്നുള്ള വിശ്വാസമായിരുന്നു എന്റെ മനസ്സില്‍ അപ്പോഴെല്ലാം നിറഞ്ഞ്‌ നിന്നത്‌.

പുതുവര്‍ഷം പിറക്കുമ്പോള്‍ അനാവശ്യമായ ആഘോഷങ്ങള്‍ക്ക്‌ സമയം ചിലവഴിക്കാതെ കഴിഞ്ഞ കാലങ്ങളില്‍ ലഭിച്ച അനുഗ്രഹങ്ങള്‍ക്കായി ദൈവത്തിനു നന്ദി പറഞ്ഞ്‌കൊണ്ട്‌ വരുംകാല ദിനങ്ങള്‍ സമാധാനപൂര്‍ണ്ണമാക്കി തരാന്‍ പ്രാര്‍ഥിക്കുകയുമാണ്‌ നമ്മള്‍ ചെയ്യേണ്ടത്‌ എന്നാണു അദ്ദേഹം കരുതിയിരുന്നത്‌. പുതുവത്സരത്തില്‍ ടി.വി.യില്‍ കൂടി കാണിക്കുന്ന ബാള്‍ ഡ്രോപ്പിങ്ങ്‌ കാണാന്‍ എനിക്ക്‌ കൂട്ടിരിക്കാന്‍ പോലും ജോ തയ്യാറായിരുന്നില്ല. എന്നാല്‍ പുതുവത്സരാശംസകള്‍ എല്ലാവര്‍ക്കും നേരുന്നതില്‍ അത്രീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു. പുതുവര്‍ഷ പുലരിയില്‍ വിശുദ്ധ വേദപുസ്‌തകത്തില്‍ നിന്നും 101-70 സങ്കീര്‍ത്തനം വായിക്കണമെന്ന്‌ അദ്ദേഹം എന്നെ പലപ്പോഴും ഓര്‍മ്മിപ്പിക്കുമായിരുന്നു. ദാവീദ്‌ രാജാവ്‌ തന്റെ രാജവാഴ്‌ച ആരംഭിക്കുന്നതിനുമുമ്പ്‌ എടുത്ത ചില തീരുമാനങ്ങളാണ്‌ ആ സങ്കീര്‍ത്തനം എന്നും നമ്മുടെ നിത്യജീവിതത്തില്‍ ഓര്‍ത്തിരിക്കേണ്ട ചില ഉപദേശങ്ങളാണ്‌ അവയെന്നും അദ്ദേഹം പറയുമായിരുന്നു. തീര്‍ത്തും കിടപ്പാകുന്നതിനുമുമ്പ്‌ വരെ എല്ലാ പുതുവര്‍ഷ പുലരിയിലും എനിക്ക്‌ വേണ്ടി കാപ്പി തയ്യാറാക്കി തരുന്നതില്‍ അദ്ദേഹം സന്തോഷം കണ്ടെത്തി. അങ്ങനെ പ്രിയതമന്റെ കൈകൊണ്ടുണ്ടാക്കിയ കാപ്പി മൊത്തി കുടിക്കുമ്പോള്‍ പ്രഭാതങ്ങള്‍ എന്നും അങ്ങനെയാകണെയെന്ന്‌ ഞാന്‍ എത്രമാത്രം ആശിച്ചിരുന്നു.

പള്ളിയില്‍ പോകുമ്പോള്‍ നമ്മള്‍ ദൈവത്തിനു വളരെ അടുത്ത്‌ എന്ന പ്രതീതി തോന്നുമെന്ന്‌ ജോ പറയും. ദൈവം മനസ്സിലല്ലേ പള്ളിയിലാണോ എന്ന്‌ ജോയുടെ പ്രതികരണമറിയാന്‍ ഞാന്‍ ചോദിക്കുമ്പോള്‍ ജോ ചിരിക്കാറാണ്‌ പതിവ്‌. അത്തരം കാര്യങ്ങളില്‍ ഒരു വാദപ്രതിവാദത്തിനു അദ്ദേഹം തയ്യാറാകില്ല. ദൈവത്തില്‍ അചഞ്ചലമായ വിശ്വാസമുണ്ടായിരുന്ന ജോ മനസ്സില്‍ ദൈവത്തെ പ്രതിഷ്‌ഠിച്ചിട്ടുണ്ടെങ്കിലും പൂര്‍വ്വികരായി നടത്തിപ്പോന്ന ചടങ്ങുകള്‍ക്ക്‌ വളരെ പ്രാധാന്യം നല്‍കി പോന്നു.

ഈപുതുവര്‍ഷം അടുക്കുന്തോറും എന്റെ മനസ്സില്‍ വിഷാദം നിറയാന്‍ തുടങ്ങുന്നു. വിവാഹത്തിനു ശേഷം ആദ്യമായി ഒറ്റക്ക്‌ ഒരു പുതിയ വര്‍ഷ പുലരിയില്‍ ഞാന്‍ ഉണരുന്നു. സൂര്യ കിരണങ്ങള്‍ക്ക്‌ മാറ്റമില്ല. പ്രക്രുതിക്ക്‌ മാറ്റമില്ല. എന്റെ വീട്‌ മാത്രം ഉണരാതെ ഉറങ്ങി കിടക്കുന്നു. അവിടെ ഞാന്‍ ഉണര്‍ന്നിരിക്കയാണ്‌. ജോ ഉപയോഗിച്ച്‌്‌ ബാക്കി വച്ചു പോയ കൊളോണ്‍ കുപ്പികള്‍, ക്രീമുകള്‍ എല്ലാം അതെപടി ഇരിക്കുന്നു. വീട്‌ നിറയെ ജോയുടെ സാധനങ്ങളും ജോയും നിറഞ്ഞ്‌ നില്‍ക്കുന്നു. ജോ കെട്ടിയ വാച്ച്‌ ഇപ്പോഴും ഓടുന്നുണ്ട്‌. അതിന്റെ ബാറ്ററി തീരും വരെ അതും ഓടും. നമ്മള്‍ക്കെല്ലാം ദൈവം ഒരു കാലാവധി നിശ്‌ചയിച്ചിട്ടുണ്ട്‌. അത്‌ തീര്‍ന്നാല്‍ പിന്നെ ഭൂമിയുടെ മേലെയുള്ള ജീവിതം അവസാനിച്ചു. പിന്നെ ഭൂമി ദേവിയോട്‌ അലിഞ്ഞ്‌ ചേരുക. യാഥാര്‍ത്യങ്ങളെ അഭിമുഖീകരിക്കാന്‍ വേദനിക്കുന്ന മനസ്സുകള്‍ക്ക്‌ കഴിയില്ലെന്ന്‌ ഞാന്‍ മനസ്സിലാക്കി. എന്റെ മനസ്സില്‍ എപ്പോഴും ഒരു ചോദ്യം ഉയര്‍ന്ന്‌ വരുന്നു. ഇണപിരിയാതെ കഴിയുന്ന ദമ്പതിമാരില്‍ ഒരാളെ മാത്രം വിളിക്കാതെ രണ്ടു പേരേയും ഒരുമിച്ച്‌ വിളിച്ചുകൂടെ. എല്ലാമറിയുന്ന ദൈവം എന്തുകൊണ്ടു ഇതേപ്പറ്റി ചിന്തിച്ചില്ല. .എന്തൊക്കെ ഞാന്‍ ചിന്തിച്ചാലും പുതുവര്‍ഷ പുലരി പിറക്കും. ജോയില്ലാതെ ഞാന്‍ തനിയെ പള്ളിയില്‍ പോകും. പ്രാര്‍ഥനയിലൂടെ ജോയുമായി സംസാരിക്കും. ഞാന്‍ ഒത്തിരി സംസാരിക്കുന്നു എന്നാണു ജോ പറയാറുള്ളത്‌. ജോ മിതഭാഷിയായിരുന്നു. ഒരു പക്ഷെ ജോ എനിക്ക്‌ മുമ്പ്‌ എന്നെ വിട്ടുപോകുമെന്ന്‌ അറിയാവുന്ന ദൈവം എന്നെകൊണ്ട്‌ അങ്ങനെ സംസാരിപ്പിച്ചതായിരിക്കും. ഒന്നും ബാക്കി വക്കാതെ നീ അവനുമായി സംസാരിക്കുക. പക്ഷെ ഞാന്‍ ജോയുമായുള്ള സംസാരം നിറുത്തുന്നില്ല. ഞാന്‍ പറഞ്ഞ്‌കൊണ്ടെയിരിക്കുന്നു. ചിലതൊക്കെ കുത്തിക്കുറിച്ച്‌ വെയ്‌ക്കുന്നു.

(തുടരും)
പ്രിയ ജോ, നിനക്കായ്‌ ഈ വരികള്‍ (ഓര്‍മ്മക്കുറിപ്പുകള്‍: 13- സരോജ വര്‍ഗ്ഗീസ്‌, ന്യൂയോര്‍ക്ക്‌)പ്രിയ ജോ, നിനക്കായ്‌ ഈ വരികള്‍ (ഓര്‍മ്മക്കുറിപ്പുകള്‍: 13- സരോജ വര്‍ഗ്ഗീസ്‌, ന്യൂയോര്‍ക്ക്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക