Image

പരുമല പെരുന്നാളിന്‌ ഇന്ന്‌ കൊടിയിറങ്ങും

Published on 02 November, 2011
പരുമല പെരുന്നാളിന്‌ ഇന്ന്‌ കൊടിയിറങ്ങും
പരുമല: പരിശുദ്ധ പരുമല തിരുമേനിയുടെ 109-മത്‌ ഓര്‍മപ്പെരുനാളിന്‌ ഇന്ന്‌ കൊടിയിറങ്ങും. രാവിലെ 11ന്‌ കാതോലിക്കേറ്റ്‌ ശതാബ്‌ദി ഉദ്‌ഘാടനം നടക്കും. പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ വലിയ ബാവാ ഉദ്‌ഘാടനം ചെയ്യും. പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവാ അധ്യക്ഷത വഹിക്കും. ഡോ. സുകുമാര്‍ അഴീക്കോട്‌ പ്രഭാഷണം നടത്തും. 12ന്‌ മാര്‍ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ക്രൈസ്‌തവ വിദ്യാര്‍ഥി പ്രസ്‌ഥാന സംഗമം നടക്കും. ഗീവര്‍ഗീസ്‌ മാര്‍ കൂറിലോസ്‌ അധ്യക്ഷത വഹിക്കും. രണ്ടിന്‌ റാസയോടെ പെരുനാള്‍ കൊടിയിറങ്ങും.

പെരുന്നാളിനോടനുബന്ധിച്ച്‌ ഇന്നലെ നടന്ന റാസയില്‍ ആയിരങ്ങളാണു പങ്കുചേര്‍ന്നത്‌. പൊന്‍-വെള്ളി കുരിശുകളും മുത്തുക്കുടകളും കൈകളിലേന്തിയ വിശ്വാസികള്‍ പ്രാര്‍ഥനാഗാനങ്ങള്‍ ഏറ്റുപാടിയാണു പെരുനാള്‍ റാസയില്‍ പങ്കെടുത്തത്‌.

സന്ധ്യാനമസ്‌കാരത്തെ തുടര്‍ന്നാണു റാസ നടന്നത്‌. വിവിധ ജില്ലകളില്‍ നിന്നെത്തിയ തീര്‍ഥാടകര്‍ക്കു പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ നേതൃത്വത്തില്‍ മെത്രാപ്പൊലീത്തമാര്‍ വാഴ്‌വ്‌ നല്‍കി. തോമസ്‌ മാര്‍ അത്തനാസിയോസ്‌, കുര്യാക്കോസ്‌ മാര്‍ ക്ലിമ്മീസ്‌, ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസ്‌, പൗലോസ്‌ മാര്‍ പക്കോമിയോസ്‌, ഡോ. യാക്കൂബ്‌ മാര്‍ ഐറേനിയസ്‌, ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്‌റ്റമോസ്‌, യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ്‌, ജോസഫ്‌ മാര്‍ ദിവന്നാസിയോസ്‌, ജോഷ്വാ മാര്‍ നിക്കോദീമോസ്‌, ഡോ. ഗീവര്‍ഗീസ്‌ മാര്‍ യൂലിയോസ്‌, സഖറിയാസ്‌ മാര്‍ അന്തോനിയോസ്‌ എന്നിവര്‍ തീര്‍ഥാടകരെ ആശീര്‍വദിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക