Image

ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം : സാഹോദര്യത്തിന്റെ മുന്‍വ്യവസ്ഥ

Published on 04 January, 2014
ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം : സാഹോദര്യത്തിന്റെ മുന്‍വ്യവസ്ഥ
സമൂഹങ്ങളും വ്യക്തികളും തമ്മിലുള്ള സാഹോദര്യമില്ലായ്മ എപ്രകാരം ദാരിദ്ര്യത്തിന് കാരണമാകുന്നുണ്ടെന്ന് എന്റെ മുന്‍ഗാമി 'സത്യത്തില്‍ സ്‌നേഹം' (Caritas in Veritatae) എന്ന ചാക്രികലേഖനത്തിലൂടെ ലോകത്തെ അനുസ്മരിപ്പിച്ചിട്ടുള്ളതാണ്. (11) സമൂഹത്തില്‍ നല്ല കുടുംബ ബന്ധങ്ങളും കൂട്ടായ്മയും ഇല്ലാത്തതിനാലാണ് ഇന്ന് നാം പ്രധാനമായും സമൂഹത്തില്‍ സാഹോദര്യത്തിന്റെ ദാരിദ്ര്യം അനുഭവിക്കുന്നത്. രോഗവും വാര്‍ദ്ധക്യവുംമൂലമുള്ള ആശ്രിതത്വം (pathological dependency) ഇന്ന് ആശങ്കാവഹമാംവിധം സമൂഹത്തില്‍ വര്‍ദ്ധിച്ചുവരികയാണ്. അനുദിന ജീവിതത്തിന്റെ ഭാഗമായ സുഖദുഃഖങ്ങളും ജയപരാജയങ്ങളും പങ്കുവച്ച് കുടുംബബന്ധങ്ങളുടെ മൂല്യം പുനരാവിഷ്‌ക്കരിക്കുകയും, കുടുംബങ്ങളില്‍ സഹോദര്യത്തിന്റെ ചുറ്റുപാട് ഊട്ടിയുറപ്പിക്കുകയും ചെയ്‌തെങ്കില്‍ മാത്രമേ, 'സാഹോദര്യമില്ലയ്മ കാരണമാക്കുന്ന ദാരിദ്ര്യം' നമുക്ക് നിര്‍മ്മാര്‍ജ്ജനം ചെയ്യാനാകൂ.

ഒരു വശത്ത് സമ്പൂര്‍ണ്ണ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനായി പരിശ്രമിക്കുമ്പോള്‍, മറുഭാഗത്ത് ദാരിദ്ര്യത്തിന്റെ ആനുപാതികമായ വര്‍ദ്ധനവും സമൂഹത്തില്‍ നിരീക്ഷിക്കപ്പെട്ടിട്ടുള്ളതാണ്. ഉദാഹരണത്തിന്, നാടിന്റെ ഒരു പ്രത്യേക ചരിത്ര സാംസ്‌ക്കാരിക പശ്ചാത്തലത്തിലോ, ഒരു പ്രദേശത്തോ ജീവിക്കുന്നവരുടെ ഇടയില്‍ത്തന്നെ ഈ അന്തരം ശ്രദ്ധേയമാണ്. അന്തസ്സും അവകാശവുമുള്ള മനുഷ്യന് മൂലധനം, പൊതുസൗകര്യങ്ങള്‍, വിദ്യാഭ്യാസം, ആരോഗ്യപരിചരണം, സാങ്കേതികത എന്നിവ ലഭ്യമാക്കിക്കൊണ്ട് സകലര്‍ക്കും തങ്ങളുടെ വ്യക്തിത്വവികസനത്തിനുള്ള സൗകര്യങ്ങള്‍ നല്കുവാന്‍ സാധിക്കുന്ന ഫലവത്തും ക്രിയാത്മകവുമായ സഹോദര്യത്തിന്റെ അടിസ്ഥാന നയങ്ങള്‍ കൈക്കൊള്ളേണ്ടതാണ്. അതുപോലെ വരുമാനത്തിന്റെ മേഖലയില്‍ നിലനില്ക്കുന്ന പ്രകടവും അമിതവുമായ അസന്തുലിതാവസ്ഥ ലഘൂകരിക്കാന്‍ ന്യായമായ നയങ്ങള്‍ കൈക്കൊള്ളേണ്ടതാണ്. സമ്പത്തിന്റെ 'സാമൂഹ്യ സുരക്ഷ'യെപ്പറ്റിയുള്ള സഭയുടെ നിലപാട് വിശുദ്ധ തോമസ് അക്വിനാസിന്റെ പഠനങ്ങളില്‍ അധിഷ്ഠിതമാണ്. അതായത്, സമ്പത്തുള്ളത് വളരെ നല്ലതാണ്, (12) എന്നാല്‍ അതിന്റെ ഉപയോഗത്തില്‍ അത് എന്റേതായിരിക്കുന്ന അത്രത്തോളം, മറ്റുള്ളവരുടേതും കൂടെയാണ് എന്ന ധാരണയോടെ ഉപയോഗിക്കണം, എന്നാണ്. (13)

ലാളിത്യം ജീവിതശൈലിയാക്കിക്കൊണ്ട് വിരക്തിയുടെ ജീവിതം ആശ്ലേഷിക്കുകയും തങ്ങള്‍ക്കുള്ളത് മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും ചെയ്തുകൊണ്ട് പാവങ്ങളുമായി സാഹോദര്യം പങ്കുവയ്ക്കുന്ന ജീവിതശൈലിയും ദാരിദ്ര്യം ഇല്ലാതാക്കുകയും, ഒപ്പം സമൂഹത്തില്‍ സാഹോദര്യം വളര്‍ത്തുകയും ചെയ്യുന്ന മനോഭാവം ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള പ്രായോഗികമായ മറ്റൊരു ഉപാധിയാണ്.

ക്രിസ്തുവിനെ അനുഗമിക്കുന്നവര്‍ക്ക് ഈ ജീവിതശൈലി മൗലികമാണ്. സന്ന്യസ്തര്‍ മാത്രമല്ല, സഹോദരങ്ങളോടും അയല്‍ക്കാരോടുമുള്ള ബന്ധങ്ങള്‍ ആദരിക്കുകയും അതിന്റെ മൗലികമായ കാഴ്ചപ്പാട് കാത്തുസൂക്ഷിക്കുകയുംചെയ്യുന്ന കുടുംബങ്ങളും വ്യക്തികളും ഈ ജീവിതശൈലി അവലംബിക്കേണ്ടതാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക