Image

ഒരു പുതിയ അധ്യായത്തിന് താങ്കള്‍ തുടക്കം കുറിക്കുമോ? ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ഒരു തുറന്ന കത്ത് (അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌)

Published on 02 January, 2014
ഒരു പുതിയ അധ്യായത്തിന് താങ്കള്‍ തുടക്കം കുറിക്കുമോ? ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ഒരു തുറന്ന കത്ത് (അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌)
കഴിഞ്ഞ മൂന്നു ദിവസങ്ങളായി അഭിനന്ദനത്തിന്റെ  പെരുമഴയില്‍   കുളിച്ചുനില്‍ക്കുന്ന താങ്കള്‍ക്കു എന്റെയും എളിയ ആശംസ.  ദേശീയ വിദ്യാര്‍ത്ഥി യൂണിയന്റെ  അഖിലേന്ത്യാ സാരഥിയായി ഡല്‍ഹിയില്‍ വന്ന കാലംതൊട്ട് അധികാര രാഷ്ട്രീയത്തിന്റെ പടികള്‍ താങ്കള്‍ ചവുട്ടിക്കയറുന്നത് സാകൂതം നിരീക്ഷിക്കുന്നുണ്ട്.  വ്യക്തിപരമായ വളര്‍ച്ചയിലും ഉയര്‍ച്ചയിലും രാഷ്ട്രീയത്തിനപ്പുറം  നന്മനേര്‍ന്നിട്ടുണ്ട്. ആ നിലയ്ക്കുള്ള അനുമോദനത്തിനുപകരം  ഇതൊരു തുറന്ന കത്താക്കേണ്ടിവന്നത് അത്യന്തം  ഗൗരവമായ  രാഷ്ട്രീയ വിഷയം  ഈ സ്ഥാനലബ്ദിയുമായി ബന്ധപ്പെട്ടുണ്ടെന്നതുകൊണ്ടാണ്.

 ഇതു വായിക്കുമ്പോള്‍  ഭരണഘടനയനുസരിച്ച് പ്രതിജ്ഞയെടുത്ത കേരളത്തിന്റെ ആഭ്യന്തരമന്ത്രിയാണ് താങ്കള്‍.  യൂണിയന്‍ ഗവണ്മെന്റിനുപോലും നേരിട്ട് ഇടപെടാന്‍ അധികാരമില്ലാത്ത സംസ്ഥാന   കെ.പി.സി.സി പ്രസിഡന്റായി താങ്കളെ നിയോഗിച്ചതും ഇപ്പോള്‍ മന്ത്രിയാക്കിയതും പാര്‍ട്ടി ഹൈക്കമാന്റാണ്.   എല്‍.ഡി.എഫ് സര്‍ക്കാറിനെ മാറ്റി യു.ഡി.എഫ്  സര്‍ക്കാറിനെ അധികാരത്തിലേറ്റിയത് ഹൈക്കമാന്റല്ല.  കേരളത്തിലെ ജനങ്ങളാണ്.   

ഭരണഘടന സംസ്ഥാന സര്‍ക്കാറുകള്‍ക്കു മാത്രമാക്കി നീക്കിവെച്ച ക്രമസമാധാനപാലനം കേവലം പൊലീസും അതിന്റെ മര്‍ദ്ദനോപകരണങ്ങളും മാത്രം ചേര്‍ന്ന് നിര്‍വ്വഹിക്കുന്നതുമല്ല.   ആഭ്യന്തരമന്ത്രിയുള്‍പ്പെട്ട എക്‌സിക്യൂട്ടീവും നീതി നിര്‍വ്വഹണം നടത്തുന്ന കോടതികളും വ്യവസ്ഥാപിതമായി കൂട്ടായി നിര്‍വ്വഹിക്കേണ്ട ഒന്നാണ്.  അതിനെയാണ് നിയമവാഴ്ച എന്നു വിളിക്കുന്നത്.ക്രമസമാധാനപാലനമാണ് ഇനി താങ്കളുടേത്. 

എന്നാല്‍ താങ്കളുടെ മന്ത്രിപദവി  പാര്‍ട്ടിക്കും ഭരണമുന്നണിക്കും ഗവണ്മെന്റിനും അതിനെ നിലനിര്‍ത്തുന്നു എന്നു പറയുന്ന ചില ജാതി – മത സംഘടനാ നേതൃത്വങ്ങള്‍ക്കുമുള്ള   ആശ്വാസനടപടിയാണ്.  ലോകസഭാ തെരഞ്ഞെടുപ്പിനെ ഏകോപിതമായി നേരിടാനുള്ള  നടപടി.  അങ്ങനെയാണ് രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളും കാണുന്നതും  ചര്‍ച്ചചെയ്യുന്നതും.   അത്തരം ഒരവലോകമല്ല  ഈ കത്തിനുള്ള പ്രേരണ.  കോണ്‍ഗ്രസ് രാഷ്ട്രീയത്തോടും പാര്‍ട്ടി ഹൈക്കമാന്റിനോടുമുള്ള താങ്കളുടെ കൂറും ആത്മസമര്‍പ്പണവും അംഗീകരിച്ചുകൊണ്ടുതന്നെ  കാര്യം പറയട്ടെ:  കേരളത്തില്‍ നിയമവാഴ്ച അട്ടിമറിക്കപ്പെടുന്നു എന്ന ഗുരുതരമായ ആരോപണം ഉയരുമ്പോഴാണ് താങ്കള്‍ ആഭ്യന്തരമന്ത്രിപദം ഏറ്റെടുക്കുന്നത്. അന്വേഷണ ഏജന്‍സികളെയും  പ്രോസിക്യൂഷനെയും  അത്യപൂര്‍വ്വം നീതിന്യായ തലത്തിലെ ചിലരെയുമൊക്കെ ഉപയോഗപ്പെടുത്തി പണച്ചാക്കുകളും രാഷ്ട്രീയ  ഭരണാധികാരികളില്‍ ചിലരും നിയമവാഴ്ചയില്‍ ചിലപ്പോള്‍  ഇടപെട്ടിട്ടുണ്ട്. 

എന്നാല്‍ ഇപ്പോള്‍  എക്‌സിക്യൂട്ടീവും  കോടതിയും ചേര്‍ന്നുതന്നെ നിയമവാഴ്ച നിഗൂഢമായി അട്ടിമറിക്കുന്നു എന്നതാണ് ഭയപ്പെടുത്തുന്ന പുതിയ അവസ്ഥ.  സോളാര്‍കേസ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അട്ടിമറിച്ചു എന്ന് കഴിഞ്ഞദിവസം സി.പി.എം  സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു.  ഇതുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ജനപക്ഷത്തുനിന്നു നോക്കിക്കാണുന്ന ആര്‍ക്കും അതിനോടു  യോജിക്കേണ്ടിവരും.  എന്നാല്‍ സത്യത്തിന്റെ ഒരുവശം മാത്രമാണ് സി.പി.എം സെക്രട്ടറി പറഞ്ഞതെന്ന് കൂട്ടിച്ചേര്‍ക്കേണ്ടിവരും.  താങ്കള്‍ക്കുവേണ്ടി വകുപ്പു കയ്യൊഴിയുന്നതിനു തൊട്ടുമുമ്പ് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍തന്നെ നടത്തിയ വെളിപ്പെടുത്തല്‍ അതു സാധൂകരിക്കും: ടി.പി. ചന്ദ്രശേഖരനെ വധിക്കാന്‍ സി.പി.എം ഗൂഢാലോചന നടത്തി.  

കണ്ണൂരില്‍മാത്രമായി സി.പി.എം അമ്പതു രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തി.  അമ്പത്തൊന്നാമത്തേതായിരുന്നു ടി.പി. ചന്ദ്രശേഖരന്‍ വധം.   അധികാരത്തിലിരിക്കെ 2009-ലാണ് ഇതിനു  സി.പി.എം ഗൂഢാലോചന നടത്തിയത് – ആഭ്യന്തരമന്ത്രി പറഞ്ഞു.   ‘ജയിലില്‍ കിടക്കുമ്പോള്‍ ഫെയ്‌സ്ബുക്ക് ഉപയോഗപ്പെടുത്താന്‍ സാധിച്ച പ്രതികള്‍ പുറത്തിറങ്ങുമ്പോഴത്തെ സ്ഥിതിയെന്താകും’ എന്ന ചോദ്യവും ജയില്‍ വകുപ്പുകൂടി കൈകാര്യംചെയ്ത തിരുവഞ്ചൂര്‍ ഉയര്‍ത്തി.  ജനങ്ങളുടെ നാവിന്‍തുമ്പത്തുള്ള ചോദ്യമാണ് തിരുവഞ്ചൂരിന്റേതായി ചുമതല ഒഴിയുമ്പോഴെങ്കിലും പുറത്തുവന്നത്.   ജനുവരി 22  കേരള രാഷട്രീയ ചരിത്രത്തിലെ ചരിത്രപ്രധാനമായ വിധിദിനമാണ്.    അന്നു പുറത്തുവരുന്ന ടി.പി. വധകേസിലെ വിധി കേരളത്തില്‍ മാത്രമല്ല ദേശീയതലത്തിലും ലോകമെങ്ങുമുള്ള മലയാളികളും  ഉത്ക്കണ്ഠയോടെ കാത്തിരിക്കുകയാണ്.   കോടതി വിധിയെക്കുറിച്ച്  മുന്‍കൂട്ടി ഒന്നും പരാമര്‍ശിക്കാവുന്നതല്ല.     

പക്ഷെ തുടക്കംമുതലേ  കേസ് അട്ടിമറിക്കപ്പെടുമോ എന്ന ആശങ്ക മഹാഭൂരിപക്ഷം ജനങ്ങള്‍ക്കുമുണ്ട്.  അതിനുള്ള  സാഹചര്യം സി.പി.എം നേതൃത്വംതന്നെയാണ്   സൃഷ്ടിച്ചത്:  വാടകക്കൊലയാളികളടക്കമുള്ള പ്രതികളെ സി.പി.എം ഒളിപ്പിച്ചത്. അതിനെ ന്യായീകരിച്ചത്. അമ്പത്തഞ്ചു സാക്ഷികളെ അസാധാരണമാംവിധം കൂറുമാറ്റിച്ചത്.  സി.പി.എമ്മിന് ബന്ധമില്ലെന്ന് ആവര്‍ത്തിച്ചാണയിടുമ്പോഴും സി.പി.എം നേതാക്കളും പ്രധാന പ്രവര്‍ത്തകരും വാടകക്കൊലയാളികള്‍ക്കൊപ്പം കേസിലെ പ്രതികളായത്. 

അവരെ രക്ഷിച്ചെടുക്കാന്‍ പാര്‍ട്ടി ഏതറ്റംവരെയും പോകുന്നത്.   കൊലപാതകത്തിനുപയോഗിച്ച മൊബൈല്‍ ഫോണടക്കം ഉപയോഗിച്ച് ജയിലില്‍നിന്ന് എവിടെയും ബന്ധപ്പെടാന്‍ പ്രതികള്‍ക്ക് ജയില്‍ സുരക്ഷകള്‍ നീക്കംചെയ്തു കൊടുത്തത്.  പ്രതികള്‍ക്കുവേണ്ടി ജയില്‍ എ.ഡി.ജി.പി വാദിച്ചപ്പോള്‍ സി.പി.എം നേതാക്കള്‍ അതു ന്യായീകരിച്ചത്. ലാവ്‌ലിന്‍ കേസുപോലെ ടി.പി. വധക്കേസിലെയും  പ്രതികളെ കോടതി വിട്ടയക്കുമെന്ന്    വ്യക്തമാക്കുന്ന തരത്തില്‍ പാര്‍ട്ടി പ്ലീനം പ്രമേയം അംഗീകരിച്ചത്.  ജയിലിനകത്ത് പ്രതികള്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്ന് പാര്‍ട്ടി സെക്രട്ടറി വാദിച്ചത്.  ഉപയോഗിച്ച ഫോണുകള്‍ പിറകെ കണ്ടെത്തിയത്.   സാക്ഷികളെയും പാര്‍ട്ടിയുമായി ബന്ധമുള്ളവരെയും പ്രതികള്‍ ജയിലില്‍നിന്ന് ബന്ധപ്പെട്ടതിന്റെ ഫോണ്‍വിളി രേഖകള്‍ പിടിച്ചെടുത്തത്. 

ദേശദ്രോഹ കുറ്റംചുമത്തി ജയിലിലടച്ചിരിക്കുന്ന വ്യക്തി  കേസിലെ പ്രതിയായ സി.പി.എം നേതാവിനെ അസാധാരണ വേഷത്തില്‍ നേരത്തെ ജയിലില്‍ സന്ദര്‍ശിച്ചത്.  ജയില്‍ ഉദ്യോഗസ്ഥര്‍ക്കു പണം നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടും അന്വേഷണം തുടരാതെപോയത്.  ഇതുപോലെ ഒട്ടേറെ ദുരൂഹമായ കാര്യങ്ങള്‍ വസ്തുതകളായി അവശേഷിക്കുന്നു. എന്നാല്‍ സി.പി.എം നേതൃത്വത്തിന്റെ മാത്രം സ്വാധീനവും വക്രമാര്‍ഗവുംകൊണ്ടു സംഭവിച്ചതാണോ ഈവക കാര്യങ്ങള്‍.  ടി.പി വധകേസ് അട്ടിമറിക്കാന്‍ സര്‍ക്കാറിലെയും ആഭ്യന്തരവകുപ്പിലെയും ഉന്നതര്‍ ഒത്തുകളിച്ചെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.  കേസന്വേഷണം കൊലപാതക  ഗൂഢാലോചന നടത്തിയവരുടെ നേരെ തിരിയുമെന്ന് ബോധ്യമായ ഘട്ടത്തില്‍ യു.ഡി.എഫ് ഭരണം അസാധാരണ രാഷ്ട്രീയപ്രതിസന്ധിയെ നേരിടുകയുണ്ടായി.  ഈ പശ്ചാത്തലത്തില്‍ സോളാര്‍കേസില്‍നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും ടി.പി. വധക്കേസില്‍നിന്ന് സി.പി.എമ്മിനെയും പരസ്പരം രക്ഷപെടുത്താനുള്ള ഒരു രാഷ്ട്രീയ ഉടമ്പടി ഉണ്ടായതായി   സംശയിക്കുന്നുണ്ട്. 

സര്‍ക്കാറിലെയും ആഭ്യന്തരവകുപ്പിലെയും ഉന്നതര്‍ ഒത്തുകളിച്ചതായും.  തന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ജയിലില്‍ ലഭിച്ച അസാധാരണമായ സ്വാതന്ത്ര്യവും സൗകര്യങ്ങളും പുറംലോകബന്ധവും വെളിപ്പെട്ട സാഹചര്യത്തില്‍  അതിനെതിരെ ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ പ്രതികരിച്ചു. അവര്‍ക്കുലഭിച്ച  ഊമക്കത്തുകള്‍ ഈ കൊടും പ്രതികള്‍ക്ക് പിന്തുണ നല്‍കുന്ന അണിയറയ്ക്കുള്ളിലെ ഫാസിസ്റ്റു ശക്തികളുടെ മുഖംമൂടി പിച്ചിച്ചീന്തുന്നു:  “ജയിലിനകത്തിരിക്കുന്ന ചുണക്കുട്ടികള്‍ക്ക് ഒരുപാടു ജീവിതം ബാക്കിയുണ്ട്.   നിനക്കെന്തായാലും ഭര്‍ത്താവു നഷ്ടപ്പെട്ടു.    ടി.പി ബൈക്ക് ആക്‌സിഡന്റായി മരിച്ചു എന്ന് നിന്റെ സമാധാനത്തിന് വിചാരിച്ചുകൂടെ.  ഇനി ഉള്ളതുംകൂടി നഷ്ടപ്പെടാതെ ഇരുന്നോളൂ….”  …. “സുധാകരനുവേണ്ടി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ മാറ്റാന്‍ ശ്രമിക്കേണ്ട.  അതിനുമുമ്പേ നിന്നെ തീര്‍ത്തേക്കുമെടീ….”  ഒന്നര വര്‍ഷത്തിനുള്ളില്‍ വന്ന ഭീഷണമായ ഊമക്കത്തുകളില്‍ ആദ്യമാദ്യം അനുനയമായിരുന്നു:  ……. “രമച്ചേച്ചി, നമ്മുടെ പ്രസ്ഥാനത്തെ തകര്‍ക്കരുത്.  പിണറായി രണ്ടുവര്‍ഷംകൂടി കഴിഞ്ഞാല്‍ സാധാരണ സി.സി മെമ്പറായി മാറും.  അപ്പോഴും നമ്മുടെ പ്രസ്ഥാനം വേണം….”  ……”ശക്തമായ പാര്‍ട്ടിയുടെ ഭാഗമായിനിന്ന ചന്ദ്രശേഖരന്‍ ഒരുനാള്‍  പാര്‍ട്ടിക്കെതിരായി നില്‍ക്കുകയും പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തത് ഏത് നീതിയുടെ പേരിലായിരുന്നു.  അതാണോ നിങ്ങള്‍ പഠിച്ച പ്രത്യയശാസ്ത്രം.  നിങ്ങള്‍ അദ്ദേഹത്തെ തിരുത്തേണ്ടതായിരുന്നില്ലേ?….”  …… “നമ്മള്‍ കമ്മ്യൂണിസ്റ്റുകാരാണ്.    ടി.പി.യെ വധിച്ചത് സി.പി.എം സംസ്ഥാന നേതാക്കളാണെന്നു പറയാന്‍ എങ്ങനെ നാവുപൊങ്ങി?…. “  ഇപ്പോഴും പൊലീസിന്റെ അന്വേഷണത്തിലിരിക്കുന്ന ഈ ഭീഷണിക്കത്തുകളിലെ വരികള്‍ മറ്റുചില പ്രഖ്യാപനങ്ങളുമായി ശൈലിയിലും രാഷ്ട്രീയത്തിലും ഇഴചേരുന്നവയാണ്. 

ചന്ദ്രശേഖരനെ 51 വെട്ടുകളേല്‍പ്പിച്ച് കൊലപ്പെടുത്തിയതിന്  പൊലീസ് പിടിയിലായി ജയിലിലടച്ച വാടകക്കൊലയാളികളായ കിര്‍മാണി മനോജ്, ഷാഫി തുടങ്ങിയവര്‍ ഫെയ്‌സ്ബുക്കില്‍  പോസ്റ്റുചെയ്തവ. ഡി.വൈ.എഫ്.ഐയുടെ കൊടിയും  ചേഗുവേരയുടെ പടവും  പ്രൊഫൈലാക്കിയ ഈ പോസ്റ്റുകളോട്  പ്രതികരിച്ചവര്‍.  അവയിലും  അതു ലൈക്കു ചെയ്തവരുടെ  പ്രതികരണത്തിലും കാണുന്ന വാക്കും ശൈലിയും ഭീഷണിക്കത്തുകളിലെ കയ്യക്ഷരംപോലും  പരസ്പരബന്ധം ഉറപ്പുവരുത്തുന്നു. 

രമയ്ക്കുള്ള ഭീഷണിക്കത്തില്‍ പ്രതികളെ ‘കണ്ണൂരിലെ ചുണക്കുട്ടികള്‍’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഫെയ്‌സ്ബുക്കിലും അവര്‍ കണ്ണൂരിലെ ചുണക്കുട്ടികള്‍തന്നെ. ആ ചുണക്കുട്ടികളുടെ സവിശേഷത എന്താണെന്നു വിശദീകരിക്കുന്നുമുണ്ട്:  ‘ഭീഷണിക്കുമുമ്പില്‍ വഴങ്ങാത്തവര്‍, പറഞ്ഞ വാക്കിനു വിലകല്‍പ്പിക്കുന്നവര്‍, കൂടെ നില്‍ക്കുന്നവരെ നെഞ്ചോടുചേര്‍ത്ത് സ്‌നേഹിക്കുന്നവര്‍.  കഴുത്തിനുനേരെ വാളോങ്ങിയാലും വിശ്വസിക്കുന്നവരെ വഞ്ചിക്കാത്തവര്‍.  ഇങ്ങനെയുള്ള വാദങ്ങള്‍ ഞങ്ങള്‍ കണ്ണൂര്‍ക്കാര്‍ക്കല്ലാതെ മറ്റാര്‍ക്കാ പറയാന്‍ അവകാശം?’ 

ഈ അവകാശവാദത്തിനപ്പുറം സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെ ഇവര്‍ നടത്തിപ്പോന്നത് നിയമവാഴ്ചയെ വെല്ലവിളിക്കുന്ന ക്രിമിനലുകളുടെ  കൊടും ക്രൂര കൊലവിളിയാണ്:   ‘ടി.പി. ചന്ദ്രശേഖരന്റെ അനുഭവം എതിര്‍ക്കുന്നവര്‍ക്കൊക്കെ ഗുണപാഠം’.  കെ.കെ. രമയ്ക്കുള്ള ഭീഷണിയിലും ഉതുതന്നെ ആവര്‍ത്തിക്കുന്നു. നേരത്തെ ഈ മട്ടിലുള്ള കുറെ ഊമക്കത്തുകളിലൂടെ ചന്ദ്രശേഖരന്റെ തലകൊയ്യുമെന്നു ഭീഷണിപ്പെടുത്തിയിരുന്നു.  ഫെയ്‌സ്ബുക്ക് വാര്‍ത്താ രാഷ്ട്രീയ വിവാദമാവുകയും കോഴിക്കോട് ജില്ലാ ജയിലില്‍ തെരച്ചിലും അന്വേഷണവും മുറുകുകയുംചെയ്തശേഷം ഫെയ്‌സ്ബുക്കില്‍നിന്ന് ഈ പോസ്റ്റുകള്‍ അതിവേഗം പിന്‍വലിക്കുകയും ചെയ്തു. 

ലാവ്‌ലിന്‍കേസില്‍ പിണറായി വിജയനെ വിട്ടയച്ചപ്പോഴും പാലക്കാടു പ്ലീനം നടന്നപ്പോഴും അഭിവാദ്യംചെയ്ത പോസ്റ്റുകളടക്കം.  എന്നാല്‍  2012 ജൂണ്‍ 22-ന് കൊടിസുനി ഫെയ്‌സ്ബുക്കില്‍ ഇട്ട ഒരു പോസ്റ്റുമാത്രം  നിലനിര്‍ത്തിയിട്ടുണ്ട്.   ഒരു മുന്നറിയിപ്പുപോലെ: ‘തള്ളിപ്പറയരുത്. ഞങ്ങളും മനുഷ്യരാണ്.  എല്ലാം പ്രസ്ഥാനത്തിനുവേണ്ടി.’  കുറ്റവാളികളെ പ്രതികളെന്ന് കണ്ടെത്തേണ്ടതും അവര്‍ക്കു ശിക്ഷ വിധിക്കേണ്ടതും കോടതിമാത്രം നിര്‍വ്വഹിക്കേണ്ട ചുമതലയാണ്.  അതുവരെ  പ്രതികള്‍ അപരാധികളാവാത്തതുപോലെ നിരപരാധികളുമാകുന്നില്ല.  അതുകൊണ്ടാണ് ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും  തെളിവുകള്‍ സമാഹരിച്ച് കോടതിക്കുമുമ്പില്‍ സമര്‍പ്പിക്കാന്‍ സാധിക്കുമാറ് പ്രതികളെ ബാഹ്യലോകത്തുനിന്ന് ഒറ്റപ്പെടുത്തി ജയിലറകളില്‍ പാര്‍പ്പിക്കുന്നത്.  പക്ഷെ താങ്കളുടെ മുന്‍ഗാമിക്കു കീഴില്‍തന്നെ, താങ്കള്‍ അംഗമാകുന്ന മന്ത്രിസഭയുടെ മേല്‍നോട്ടത്തിലുള്ള ഭരണനിര്‍വ്വഹണത്തില്‍തന്നെ ഈ ജയിലുകള്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്കു തുല്യമായി.  

പ്രതികള്‍ക്കും അവരെ സഹായിക്കാന്‍വരുന്ന രാഷ്ട്രീയക്കാര്‍ക്കും യഥേഷ്ടം വിഹരിക്കാനുള്ള സുവര്‍ണ്ണാവസരമുണ്ടായി.  ബിഹാറില്‍പോലും നടക്കാത്ത കൊടും ക്രിമിനലുകളുടെ ഈ വിളയാട്ടം കേവലം പ്രതിപക്ഷത്തിരിക്കുന്ന ഏറ്റവും വലിയ രാഷ്ട്രീയപാര്‍ട്ടിയുടെ ഇടപെടല്‍കൊണ്ടുമാത്രം സാധിച്ചതാണോ?  ജനങ്ങള്‍ ഭരണത്തിലേറ്റിയ താങ്കളുടെ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഈ സര്‍ക്കാറിന് പങ്കൊന്നുമില്ലെന്നുപറഞ്ഞ് കൈകഴുകാനാവുമോ?  ടി.പി. ചന്ദ്രശേഖരനു പിറകെ സി.പി.എമ്മിനെ രാഷ്ട്രീയമായി എതിര്‍ക്കുന്ന, ആ പാര്‍ട്ടിയുടെ തെറ്റുകളെ ചോദ്യംചെയ്യുന്ന ആരെയും ചന്ദ്രശേഖരനെ ചെയ്തതുപോലെ  വഴിയില്‍  തടഞ്ഞുവീഴ്ത്തി അവസാനിപ്പിക്കുമെന്നാണോ? ഇതുതന്നെയാകുമോ താങ്കളുടെ നേതൃത്വത്തിലും  നാളത്തെയും നിയമവാഴ്ച? 

 ഭരണഘടനതൊട്ട് സത്യംചെയ്ത് ഈ വകുപ്പിന്റെ ചുമതല ഏറ്റെടുത്ത താങ്കള്‍ ഈ ചോദ്യത്തിന് ജനങ്ങളോട് മറുപടി പറയാന്‍  എല്ലാനിലയ്ക്കും   ബാധ്യസ്ഥനാണ്.  ടി.പി. ചന്ദ്രശേഖരന്‍വധം നമ്മുടെ സമൂഹത്തിലുണ്ടാക്കിയ വികാരവും സി.പി.എം നേതൃത്വംപോലും അതിനെ നിന്ദ്യവും നീചവുമെന്ന് വിശേഷിപ്പിക്കാന്‍ നിര്‍ബന്ധിതമായതും  താങ്കളെപ്പോലെ ഒരാള്‍ക്ക്  മറക്കാന്‍ കഴിയില്ല.  അതിന്റെ രോഷം ഒരഗ്നിപര്‍വ്വതംപോലെ കേരളീയ സമൂഹത്തിന്റെ മനസ്സില്‍ ഇപ്പോഴും ജ്വലിച്ചുനില്‍പ്പുണ്ട്.  എങ്കിലും ‘കണ്ണിനുകണ്ണ് ചോരയ്ക്കു ചോര’  എന്ന രീതിയില്‍ കേരളത്തില്‍ ഭൂമി കുലുങ്ങാതെപോയത് അക്രമംകൊണ്ടല്ല നേരിടേണ്ടത് എന്ന  ചന്ദ്രശേഖരന്‍ തന്നെ ഉയര്‍ത്തിപ്പിടിച്ച മഹത്തായ മുദ്രാവാക്യത്തിന്റെ കരുത്തും ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തോടുള്ള  ആദരവുംകൊണ്ടാണ്.

നിയമം അതിന്റെ വഴിക്കുപോകുമെന്നും നീതി ഉറപ്പാക്കുമെന്നും താങ്കളും താങ്കളുടെ പാര്‍ട്ടി നയിക്കുന്ന കേരളത്തിലെ മുന്നണി സര്‍ക്കാറും ആവര്‍ത്തിച്ചു നല്‍കിയ ഉറപ്പുകളുടെകൂടി പശ്ചാത്തലത്തിലാണ്.  എന്നിട്ടും നിയമത്തിന്റെ വഴി രാഷ്ട്രീയ ഒത്തുതീര്‍പ്പുകളുടെയും ഇടപെടലുകളടെയും ഫലമായി തടയപ്പെടുകയും നിയമവാഴ്ച അട്ടിമറിക്കപ്പെടുകയും ചെയ്താല്‍ ഉണ്ടാകാവുന്ന പ്രത്യാഘാതം താങ്കള്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ.  നിയമവാഴ്ചയിലുള്ള വിശ്വാസ്യത  തകരുന്നതോടെ അരാജകത്വത്തിലേക്കും ഭീകര പ്രവര്‍ത്തനത്തിലേക്കും വഴിതെറ്റിപ്പോകുന്ന  ഒരു ജനത ജനാധിപത്യത്തിനു വരുത്തുന്ന ദുരന്തം താങ്ങാവുന്നതോ തിരുത്താവുന്നതോ ആകില്ല. 

മറ്റാരേക്കാളും അതൊഴിവാക്കാനുള്ള ബാധ്യത ഇനി താങ്കള്‍ക്കാണ്.  മഹാത്മാവിന്റെ പേരുള്ള സ്‌ക്കൂളില്‍നിന്ന് രാഷ്ട്രീയത്തിന്റെ ബാലപാഠം നേടിയ, ഗാന്ധിജിയെ രാഷ്ട്രീയ ഗുരുവായി അംഗീകരിച്ച  താങ്കളോട് ചരിത്രത്തിലെ ഒരു പരീക്ഷണഘട്ടം ഓര്‍മ്മപ്പെടുത്തട്ടെ:  ഇന്ത്യയിലെ ഏറ്റവും കരുത്തനായ  ആഭ്യന്തരമന്ത്രിയെന്ന് വാഴ്ത്തുന്ന വല്ലഭായി  പട്ടേല്‍ ഡല്‍ഹി റെയില്‍വെസ്റ്റേഷനില്‍ കാത്തുനിന്ന് ഗാന്ധിജിയെകണ്ട സംഭവം.  പട്ടേലിന്റെയും നെഹ്‌റുവിന്റെയും രാഷ്ട്രീയ കരുത്തിനും പൊലീസ് കരുത്തിനും വര്‍ഗീയ കലാപത്തിന്റെ തീയണയ്ക്കാന്‍ സാധിക്കില്ലെന്ന് കരഞ്ഞുപറഞ്ഞത്. വര്‍ഗീയകലാപം നടക്കുന്ന മറ്റൊരിടത്തേക്ക്‌പോകാന്‍   കല്‍ക്കത്തയില്‍നിന്നു തിരിച്ച ഗാന്ധിജി ആ രാത്രിയില്‍  ഡല്‍ഹിയില്‍ ഇറങ്ങിയത്. 

ബിര്‍ളാഹൗസില്‍  ഉപവസിച്ചത്.  ഹിന്ദു വര്‍ഗീയ ഭ്രാന്തന്റെ വെടിയുണ്ട നെഞ്ചിലേറ്റുവാങ്ങി രക്തസാക്ഷിയായത്.  അങ്ങനെയാണ് ഇന്നു നാം കാണുന്ന ഇന്ത്യ ചാമ്പലാകുന്നതു തടയപ്പെട്ടത്.  കോണ്‍ഗ്രസ് പാര്‍ട്ടിയോടുള്ള ബാധ്യതയുടെ പേരിലല്ല, ജനങ്ങളോടുള്ള പ്രതിബദ്ധത നിറവേറ്റാനാണ് രാഷ്ട്രപിതാവ് അതു ചെയ്തത്. അങ്ങനെയാണ് ഇന്ത്യയും ജനാധിപത്യവും ഇന്നു നിലനില്‍ക്കുന്നത്. സ്വന്തം പാര്‍ട്ടിയോടുള്ള കൂറും മറ്റു രാഷ്ട്രീയ പാര്‍ട്ടി നേതൃത്വത്തിലുള്ളവരോടുള്ള ചങ്ങാത്തവും ആണോ ജനങ്ങളോടും നിയമവാഴ്ചയോടുമുള്ള ബാധ്യതയാണോ പ്രധാനമെന്നതാണ് ആഭ്യന്തരപദവിയില്‍ താങ്കള്‍ നേരിടുന്ന യഥാര്‍ത്ഥ വെല്ലുവിളി. 

ഇതു താങ്കളുടേയോ താങ്കളുള്‍പ്പെട്ട സര്‍ക്കാറിന്റെയോ മാത്രം പ്രശ്‌നവുമല്ല.  നമ്മുടെ ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തിന്റെയും ആ സംവിധാനത്തിന്റെ നിലനില്‍പ്പിന്റെതന്നെയും പ്രശ്‌നമാണ്.  മഹാത്മാവിന്റെ മാതൃക സ്വീകരിച്ച് നിയമവാഴ്ചയും ഭരണഘടനയും ജനസുരക്ഷയും ഉറപ്പുവരുത്തുന്ന ഒരു പുതിയ അധ്യായത്തിന് താങ്കള്‍ തുടക്കം കുറിക്കുമോ?   അതല്ല ഭരണത്തില്‍ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ തിരുവഞ്ചൂര്‍ ചെയ്തതുപോലെ പാര്‍ട്ടി താല്‍പ്പര്യത്തിനുവേണ്ടി നിയമവാഴ്ചയെ പരാജയപ്പെടുത്താന്‍ സ്വയം ആയുധമാകുമോ? 

ക്ഷമിക്കുക, അസുഖകരമായ എന്നാല്‍ സത്യത്തിന്റെ തീഷ്ണതയും മൂര്‍ച്ഛയുമുള്ള ഈ ചോദ്യം നമ്മുടെ സമൂഹത്തിന്റെ പേരില്‍ എനിക്കു  ചോദിക്കേണ്ടി വന്നിരിക്കുന്നു.  എന്റെ ബഹുമാന്യ സുഹൃത്തായ പുതിയ ആഭ്യന്തരമന്ത്രിയില്‍നിന്ന് ഇതിനുള്ള ഉത്തരമാണ്   കേരളം ആവശ്യപ്പെടുന്നത്  എന്ന് അടിവരയിട്ടു പറയാന്‍ നിര്‍ബന്ധിതനായിരിക്കുന്നു.  അങ്ങേയ്ക്കും നാടിനും നന്മവരട്ടെ എന്നാശംസിച്ചുകൊണ്ട് നിര്‍ത്തട്ടെ.  സ്‌നേഹപൂര്‍വ്വം.
ഒരു പുതിയ അധ്യായത്തിന് താങ്കള്‍ തുടക്കം കുറിക്കുമോ? ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ഒരു തുറന്ന കത്ത് (അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌)
Join WhatsApp News
RAJAN MATHEW DALLAS 2014-01-02 22:33:11
അതല്ല ഭരണത്തില്‍ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ തിരുവഞ്ചൂര്‍ ചെയ്തതുപോലെ പാര്‍ട്ടി താല്‍പ്പര്യത്തിനുവേണ്ടി നിയമവാഴ്ചയെ പരാജയപ്പെടുത്താന്‍ സ്വയം ആയുധമാകുമോ?  
 പാര്‍ട്ടി താല്‍പ്പര്യത്തിനുവേണ്ടി ???
Janapriyan 2014-01-03 12:28:29
Politicians are always politicians. They will remain like that forever. Irrespective of party, Congress, Communist, BJP etc, they all are ORE THOOVAL PAKSHIKAL. Behind the scene, most of them are close friends. POTHU JANAM IS KAZHUTHA. Over and over this is proven. Why did the Secretariat uparodham of few months ago ceased in days? How come Pinarayi Vijayan is acquitted from Lavelin case? Can you read between lines? My dear fellow AMerican Malayalees, these are all gimmicks. Look at Balakrishna Pillai. He was againist his son few months ago. Now he is his pet. Let it be Thiruvanchoor or Chennithala, they all are same. Corrupt. They are in politics to make money. All Binami. Thiruvanchoor's son may be qualified. But, it's true as PAKAL, that both father and son had connections with the Gujarat guy. Thiruvanchoor came to my state few months ago to meet with his son who was studying here (He didn't mention about the University he is studying, but mentioned about his instructor/lecturer). These are all politics my dear countrymen. You work hard here, pay your mortgage and have a drink by the end of day and go to sleep after watching KUMKUMAPOOVU. Do not entertain these politicians any more. YOu are living in a better country now. Enjoy your life here and forget about the cheap politics and corrupt politicians in India.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക