Image

പുതുവത്സരത്തില്‍ സാക്കിന്റെ സുവിശേഷം: ദൈവം നമ്മോടുകൂടെ, അവന്‍ ശക്തി പകരും (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)

Published on 31 December, 2013
പുതുവത്സരത്തില്‍ സാക്കിന്റെ സുവിശേഷം: ദൈവം നമ്മോടുകൂടെ, അവന്‍ ശക്തി പകരും (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
``ഞാന്‍ ഏതിനും പോരുന്നവനാണ്‌. അവന്‍ മുഖാന്തിരമാണ്‌ ആ ശക്തി എനിക്കു കൈവന്നിരിക്കുന്നത്‌'' -അപ്പൊസ്‌തലനായ പൗലൊസ്‌ ഫിലിപ്പിയര്‍ക്കെഴുതിയ ലേഖനം നാലാം അദ്ധ്യായം 13-ാം വാക്യം പറയുന്നു. ``I have strength for anything through him, who gives me power" - എന്നാണ്‌ ഓക്‌സ്‌ഫഡ്‌ യൂണിവേഴ്‌സിറ്റി പ്രസ്സും കേംബ്രിജ്‌ യൂണിവേഴ്‌സിറ്റി പ്രസ്സും പെന്‍ഗ്വിന്‍ ബുക്‌സും കൂടി 1964ല്‍ ഇറക്കിയ ന്യൂ ഇംഗ്ലീഷ്‌ ബൈബിളിന്റെ പുതിയ നിയമ ഭാഗത്തു പറയുന്നത്‌.

വിശുദ്ധ വേദപുസ്‌തകം ആര്‌, എപ്പോള്‍ വിവര്‍ത്തനം ചെയ്‌താലും അതിന്റെ അന്തഃസത്ത ചോര്‍ന്നുപോകുന്നില്ല. അര്‍ത്ഥവും ശക്തിയും ഒന്നുതന്നെ. അതില്‍നിന്നും ശക്തിയാര്‍ജിച്ചുകൊണ്ടാണ്‌ മലയാളിയെങ്കിലും മലയാളത്തിനും അപ്പുറത്തേക്ക്‌ സുവിശേഷം ഓതാന്‍ 75-ാം വയസ്സിലും സാക്‌ പൂനന്‍ ചുറ്റിസഞ്ചരിക്കുന്നത്‌. ഏഴാംകടലിനക്കരെയും - അമേരിക്കയിലും യൂറോപ്പിലും ഓസ്‌ട്രേലിയയിലുമെല്ലാം -ക്രൈസ്‌തവര്‍ അദ്ദേഹത്തിന്റെ പുതിയ സുവിശേഷം കേള്‍ക്കാന്‍ തടിച്ചുകൂടുന്നതും അവയില്‍നിന്ന്‌ പുതിയ ജീവനും ശക്തിയും ആര്‍ജിക്കുന്നതും അങ്ങനെയാണ്‌. തന്മൂലം സാക്‌ തന്റെ കൈയൊപ്പിനു താഴെ ഈ വാക്യം ഒരു കൊടിയടയാളമായി ഉദ്ധരിക്കുന്നു.

സ്‌കൂള്‍ പഠനം കഴിഞ്ഞയുടന്‍ നേവിയില്‍ ചേര്‍ന്നയാളാണ്‌ സാക്‌. 1957ല്‍ നാഷണല്‍ ഡിഫന്‍സ്‌ അക്കാഡമിയില്‍നിന്ന്‌ ബെസ്റ്റ്‌ ഔട്ട്‌ഗോയിംഗ്‌ കേഡറ്റായി പരിശീലനം പൂര്‍ത്തിയാക്കി അവിടെ തുടര്‍ന്നിരുന്നുവെങ്കില്‍ നാവികസേനയുടെ ഉന്നതശ്രേണികളില്‍ - കുറഞ്ഞപക്ഷം ഒരു അഡ്‌മിറല്‍ എങ്കിലും - എത്തിപ്പെട്ടേനെ. പക്ഷേ, 22-ാം വയസ്സില്‍ ലഫ്‌റ്റനന്റായിരിക്കുമ്പോള്‍ തന്റെ വഴി നാവികസേനയല്ല, മറ്റൊരു സേനയാണെന്നു സാക്‌ തിരിച്ചറിഞ്ഞു. കൊച്ചിയിലെ നാവികകേന്ദ്രത്തില്‍ സ്‌കൂട്ടര്‍ ഓടിച്ചു ചെന്നപ്പോള്‍ മേലധികാരി പിടികൂടി. ``മേലില്‍ ഈ സ്‌കൂട്ടറുമായി നേവല്‍ബേസില്‍ കണ്ടുപോകരുത്‌'' എന്ന്‌ അദ്ദേഹം ആജ്ഞാപിച്ചു. സ്‌കൂട്ടറിന്റെ ഇരുവശത്തും ബൈബിളില്‍നിന്നുള്ള വാക്യങ്ങള്‍ എഴുതിപ്പിടിപ്പിച്ചിരുന്നു. ``ക്രിസ്‌തു മരിച്ചത്‌ നിന്റെ പാപങ്ങള്‍ ദൂരീകരിക്കാന്‍'' എന്നായിരുന്നു ഒരു സന്ദേശം. സാക്‌ ഭഗ്നാശനായില്ല. സ്‌കൂട്ടര്‍ ഗേറ്റില്‍ പൂട്ടിവച്ചശേഷം ബാക്കി ദൂരം സൈക്കിളില്‍ യാത്രയായി. എന്നിട്ടും ആശയം കൈവിട്ടില്ല.

മലയാള മനോരമ അസിസ്റ്റന്റ്‌ എഡിറ്റര്‍ ജോജി ടി. സാമുവലിന്റെയും പത്‌നി ലൈലയുടെയും അതിഥിയായി കോട്ടയത്തെത്തിയ സാക്കും പത്‌നി ഡോ. ആനിയും ഒരിക്കലും പ്രതീക്ഷ കൈവിടാത്തവരാണ്‌. എപ്പോഴും ചുണ്ടുകളില്‍ മായാതെ നില്‍ക്കുന്ന പുഞ്ചിരി അതിന്റെ ഒരു കൊടിയടയാളമാണ്‌. ``എന്റെ ദുഃഖങ്ങളില്‍ നിങ്ങള്‍ എന്നോടുകൂടിയായിരുന്നില്ലേ; എനിക്കത്രയും മതി'' എന്ന ഫിലിപ്പിയര്‍ ലേഖനത്തിന്റെ തൊട്ടടുത്ത വാചകമാണ്‌ സാക്‌ ദമ്പതികളുടെ ജീവിതത്തിലെ സമവാക്യം.

നല്ല പ്രാസംഗികനാണ്‌. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ രണ്ടുലക്ഷത്തിലേറെ സി.ഡികളായി വിറ്റഴിഞ്ഞിട്ടുണ്ട്‌. നല്ല എഴുത്തുകാരനുമാണ്‌. ഇരുപത്തഞ്ചിലേറെ ഇംഗ്ലീഷ്‌ ഗ്രന്ഥങ്ങള്‍. അവയില്‍ `ചെറിയ തുടക്കങ്ങളുടെ ദിവസം' (The day of small begnings) എന്ന ആത്മകഥാപരമായ ഗ്രന്ഥം വായനക്കാര്‍ക്കെല്ലാം പുതിയൊരു വഴികാട്ടിയും പ്രചോദനവുമായി കലാശിച്ചിട്ടുണ്ട്‌. (അരുന്ധതി റോയിയുടെ ബുക്കര്‍ സമ്മാനം നേടിയ `ദി ഗോഡ്‌ ഓഫ്‌ സ്‌മോള്‍ തിംഗ്‌സ്‌' എന്ന പുസ്‌തകം പോലെ).

കേരളത്തില്‍ വേരുകളുണ്ടെങ്കിലും (എറണാകുളം ജില്ലയില്‍ മുളന്തുരുത്തി) സാക്‌ ജനിച്ചതും വളര്‍ന്നതും പുറത്താണ്‌. പിതാവ്‌ ഉത്തരേന്ത്യയില്‍ എന്‍ജിനീയറായിരുന്നു. നാവികസേനയില്‍ ആയിരിക്കുമ്പോള്‍ കൊച്ചിയിലുണ്ടായിരുന്നു. ഇന്‍ഡോ-പാക്‌ യുദ്ധകാലത്ത്‌ കറാച്ചിയെ തവിടുപൊടിയാക്കാന്‍ കെല്‌പുള്ള യുദ്ധക്കപ്പലില്‍ കുതിച്ചുപോയതാണ്‌. പക്ഷേ, കറാച്ചി തുറമുഖത്ത്‌ പാക്കിസ്ഥാന്‍ വിതറിയിരുന്ന മൈനുകള്‍ വാരിമാറ്റിയശേഷം കപ്പല്‍ ഗതിമാറിപ്പോന്നു.

ഇതെല്ലാം ദൈവം നല്‍കുന്ന ചില സൂചനകള്‍ (സൈന്‍സ്‌) ആണെന്ന്‌ ഉറച്ചുവിശ്വസിക്കുന്നയാളാണു സാക്‌. ഡല്‍ഹിയില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ എവിടേക്കോ യാത്രപോകാന്‍ ബസ്‌ പിടിക്കാന്‍ പോയ കഥ സാക്‌ വിവരിക്കുന്നു: തനിക്കു പോകേണ്ട ബസ്‌ കിട്ടുമോ എന്നുറപ്പില്ല. കിട്ടിയാല്‍ അങ്ങോട്ടുതന്നെ. ഇല്ലെങ്കില്‍ കിട്ടുന്ന ബസില്‍ മറ്റൊരിടത്തേക്ക്‌. ഉദ്ദേശിച്ച ബസ്‌ കിട്ടിയില്ല. മറ്റൊരു വഴിക്കു പോയി. മറ്റു ചിലരെക്കണ്ടു. ജീവിതത്തെത്തന്നെ മാറ്റിമറിച്ച ഒരു യാത്രയായിരുന്നു അത്‌.

ഏതു കഷ്‌ടപ്പാടിലും ദൈവത്തെ ആശ്രയിച്ചാല്‍ അവിടുന്നു പിന്തുണയ്‌ക്കുമെന്ന്‌ സ്വാനുഭവത്തിലൂടെ തെളിയിച്ചയാളാണ്‌ സാക്‌. ചെന്നൈയിലും മധുരയിലും തൂത്തുക്കുടിയിലുമെല്ലാം പ്രസംഗിച്ചുനടന്നതിനൊടുവില്‍ എവിടെയെങ്കിലുമൊന്നു കാലുറപ്പിക്കാന്‍ ആലോചിച്ചു. ദീര്‍ഘകാലം ജീവിതത്തില്‍ വഴികാട്ടിയായിരുന്ന ബ്രദര്‍ ഭക്തസിംഗ്‌ ആണ്‌ വെല്ലൂരില്‍ പഠിച്ചിറങ്ങിയ ആനിയെ കാണിച്ചുകൊടുത്തത്‌. 1968 ജൂണ്‍ 19ന്‌ അദ്ദേഹംതന്നെ വിവാഹം ആശീര്‍വദിക്കുകയും ചെയ്‌തു. കുഷ്‌ഠരോഗികള്‍ക്കിടയില്‍ സേവനം ചെയ്യുകയാണു തന്റെ ജീവിതലക്ഷ്യമെന്നു പ്രഖ്യാപിച്ച ഒരു പെണ്‍കുട്ടിയെന്ന നിലയിലായിരുന്നു ആനി സാക്കിനെ ആകര്‍ഷിച്ചത്‌. കരുനാഗപ്പള്ളിയില്‍ വേരുകള്‍ ഉള്ള ആളാണ്‌ ആനി.

ഒടുവില്‍, ബാംഗളൂരില്‍ സ്ഥിരതാമസമാക്കി. അവിടെനിന്ന്‌ ദേശത്തെയും ലോകത്തെയും നാനാദിക്കുകളിലേക്ക്‌ പ്രഭാഷണപര്യടനങ്ങള്‍ നടത്തി. നഗരത്തിലെ ഡാക്കോസ്റ്റ സ്‌ക്വയറിലെ വീട്ടില്‍നിന്നായിരുന്നു സുവിശേഷഘോഷണത്തിന്റെ തുടക്കം. 1969ല്‍ ദി സുപ്രീം പ്രയോരിറ്റീസ്‌ എന്ന ആദ്യപുസ്‌തകം പ്രസിദ്ധീകരിച്ചു. 1975ല്‍ ബാംഗളൂരില്‍ സ്വന്തം ആസ്ഥാനമാക്കി. സി.എഫ്‌.സി (ക്രിസ്‌ത്യന്‍ ഫെലോഷിപ്പ്‌ ചര്‍ച്ച്‌) എന്ന സ്വന്തം സഭയ്‌ക്കു തുടക്കംകുറിച്ചു.

ജീവിതത്തിലുടനീളം ചില ആദര്‍ശങ്ങളെയും നിഷ്‌ഠകളെയും മുറുകെപ്പിടിക്കുന്നയാളാണ്‌ സാക്‌. നാവികസേനയില്‍ ഇരിക്കുമ്പോള്‍ ഗവണ്‍മെന്റിനു നഷ്‌ടംവരുത്തിയെന്നു ബോധ്യംവന്നപ്പോള്‍ ആ തുക തിരിച്ചടച്ചത്‌ വിചിത്രമായ ഒരു വഴിയിലൂടെയായിരുന്നു. നഷ്‌ടം വന്ന തുകയേക്കാള്‍ കൂടിയ വിലയ്‌ക്കുള്ള റെയില്‍വേ ടിക്കറ്റുകള്‍ ഒന്നിച്ചു വാങ്ങി കീറിപ്പറത്തുകയായിരുന്നു ആ വഴി. താന്‍ മുഖേന വന്ന നഷ്‌ടം അങ്ങനെ സര്‍ക്കാരിനു തിരിച്ചുനല്‍കാന്‍ കഴിഞ്ഞല്ലോ എന്നതായിരുന്നു ആശ്വാസം.

സാക്‌ മിസോറമില്‍ പോയി പ്രസംഗിച്ചു; അവിടത്തെ ബാപ്‌റ്റിസ്റ്റ്‌ സഭയുടെ 150-ാം സഭയുടെ വാര്‍ഷികത്തില്‍. അവര്‍ക്കു വിശ്വാസതീവ്രതയുണ്ട്‌. കാരണം, സഭതന്നെ ചെറുപ്പമാണ്‌. ഇവിടെയോ? രണ്ടായിരം വര്‍ഷത്തെ പാരമ്പര്യമുണ്ട്‌. വിശ്വാസതീവ്രത അതമാത്രം കുറവ്‌. പുതിയ സഭകള്‍ വരുന്നു. പ്രസംഗങ്ങള്‍ ഉയരുന്നു. മൈക്കും മേളവുമായി ആളെക്കൂട്ടുന്നു. എവിടെയെല്ലാം ആള്‍ക്കൂട്ടമുണ്ടോ, അവിടെല്ലാം വിശ്വാസതീവ്രതയില്ല. ഇതാണ്‌ സാക്കിന്റെ കണ്ടെത്തല്‍.

പരുമല തിരുമേനിയുടെ കുടുംബത്തില്‍പ്പെട്ട ആളാണ്‌ സാക്‌ പൂനന്‍. സാക്‌-ആനി ദമ്പതിമാര്‍ക്ക്‌ നാല്‌ ആണ്‍മക്കള്‍. സഞ്‌ജയ്‌, സന്തോഷ്‌, സന്ദീപ്‌, സുനില്‍. എല്ലാവര്‍ക്കുംകൂടി പതിനൊന്നു കൊച്ചുമക്കള്‍. നാല്‍വരും അമേരിക്കയില്‍ സ്ഥിരതാമസമാണ്‌. എന്നാല്‍, സാക്കിന്റെ ആദര്‍ശം ഇന്ത്യക്കു പുറത്തുനിന്ന്‌ ഒരു പൈസപോലും സംഭാവന വാങ്ങരുതെന്നാണ്‌. സുവിശേഷഘോഷണം തികച്ചും സ്വയംപര്യാപ്‌തമാകണം. മക്കളില്‍ സഞ്‌ജയ്‌ പൂനന്‍ അമേരിക്കയില്‍ പ്രശസ്‌തനായ ഒരു മാനേജ്‌മെന്റ്‌ വിദഗ്‌ധനാണ്‌. സാപ്‌ എന്ന കമ്പനിയുടെ സാരഥിയെന്ന നിലയില്‍ ആപ്പിളിന്റെയും ഐ.ബി.എമ്മിന്റെയും വാര്‍ഷികയോഗങ്ങളില്‍ പ്രഭാഷണം നടത്തുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ഒരു ദൗത്യം. സ്റ്റാന്‍ഡ്‌ഫോര്‍ഡില്‍നിന്നു മാസ്റ്റേഴ്‌സും ഹാര്‍വാര്‍ഡില്‍നിന്ന്‌ എം.ബി.എയും നേടിയ ആളാണ്‌ സഞ്‌ജയ്‌.
പുതുവത്സരത്തില്‍ സാക്കിന്റെ സുവിശേഷം: ദൈവം നമ്മോടുകൂടെ, അവന്‍ ശക്തി പകരും (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)പുതുവത്സരത്തില്‍ സാക്കിന്റെ സുവിശേഷം: ദൈവം നമ്മോടുകൂടെ, അവന്‍ ശക്തി പകരും (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)പുതുവത്സരത്തില്‍ സാക്കിന്റെ സുവിശേഷം: ദൈവം നമ്മോടുകൂടെ, അവന്‍ ശക്തി പകരും (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)പുതുവത്സരത്തില്‍ സാക്കിന്റെ സുവിശേഷം: ദൈവം നമ്മോടുകൂടെ, അവന്‍ ശക്തി പകരും (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)പുതുവത്സരത്തില്‍ സാക്കിന്റെ സുവിശേഷം: ദൈവം നമ്മോടുകൂടെ, അവന്‍ ശക്തി പകരും (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
Join WhatsApp News
george sabu 2014-01-04 09:28:23
ഇന്നത്തെ ലോകത്തിൽ സാക് പൂന്നൻ പോലെ ഉള്ള ആളുകളെ  കാണാൻ വളരെ പ്രയാസം . എല്ലാ പ്രസങ്ങകരും പണം എങ്ങെൻ ഉണ്ടാക്കാം എന്നാണ് പ്രസങ്ങിക്കുന്നത്. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക