Image

വാള്‍സ്ട്രീറ്റ് പ്രക്ഷോഭം: വ്യാപക അറസ്റ്റ് തുടരുന്നു(അങ്കിള്‍സാം വിശേഷങ്ങള്‍)

Published on 31 October, 2011
വാള്‍സ്ട്രീറ്റ് പ്രക്ഷോഭം: വ്യാപക അറസ്റ്റ് തുടരുന്നു(അങ്കിള്‍സാം വിശേഷങ്ങള്‍)


ന്യൂയോര്‍ക്ക് : വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ച് ഒറിഗോണില്‍ നടന്ന പ്രതിഷേധപ്രകടത്തില്‍ പങ്കെടുത്ത 30 പേരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. ഒക്യുപൈ പോര്‍ട്‌ലാന്‍ഡ് മൂവ്‌മെന്റിന്റെ ഭാഗമായി പേള്‍ ജില്ലയില്‍ പ്രതിഷേധപ്രകടനം നടത്തിയതിനശേഷം ഒഴിഞ്ഞുപോകാന്‍ കൂട്ടാക്കത്തവരെയാണ് പോലീസ് അറസ്റ്റു ചെയ്തു നീക്കിയത്. വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തിന് പിന്തുണ അറിയിട്ട് പ്രതിഷധപ്രകടനം നടത്തിയ 51 പേരെ സാന്‍ഡിയാഗോയില്‍ അറസ്റ്റു ചെയ്തിരുന്നു.

നാഷ്‌വില്ലയില്‍ ലെജിസ്ലേറ്റീവ് പ്ലാസയ്ക്കു മുന്നില്‍ പ്രതിഷേധപ്രകടനം നടത്തിയവരെയും പോലീസ് അറസ്റ്റു ചെയ്ത് നീക്കി. അതേസമയം കനത്ത മഞ്ഞുവീഴ്ച പ്രതിഷേധക്കാരെ വലയ്ക്കുന്നുണ്ട്. മഞ്ഞുവീഴ്ചയെ പ്രതിരോധിക്കാനായി മേല്‍ക്കുപ്പായങ്ങളും ബ്ലാങ്കറ്റുകളും സംഭാവന ചെയ്യണമെന്ന് പ്രക്ഷോഭകര്‍ അനുഭാവികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

യുഎസില്‍ കനത്ത മഞ്ഞുവീഴ്ച തുടരുന്നു; ആറു പേര്‍ മരിച്ചു; ജനങ്ങള്‍ ഇരുട്ടില്‍

ന്യൂയോര്‍ക്ക് : യുഎസ് തീരനഗരങ്ങളിള്‍ കനത്ത മഞ്ഞുവീഴ്ച തുടരുന്നു. മഞ്ഞുവീഴ്ചയെത്തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ കഴിഞ്ഞ ദിവസം ആറു പേര്‍ മരിച്ചു. മാസാചുസെറ്റ്‌സ് മേഖലയില്‍ 27 ഇഞ്ച് വരെ കനത്തില്‍ മഞ്ഞുവീഴ്ച ഉണ്ടായി. മേരിലാന്‍ഡ് മാസാചുസെറ്റ്‌സ് മേഖലകളില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനെത്തുടര്‍ന്ന് മുപ്പതു ലക്ഷത്തോളം ജനങ്ങള്‍ ഇരുട്ടിലായി.

മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് ന്യൂജഴ്‌സി, കണക്ടിക്കട്ട്, മാസാചുസെറ്റ്‌സ് സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. മഞ്ഞുവീഴ്ചയെത്തുടര്‍ന്നുണ്ടായ വാഹനാപകടങ്ങളിലാണ് വിവിധ ഇടങ്ങളിലായ ആറു പേര്‍ മരിച്ചത്. ഫിലാഡല്‍ഫിയയില്‍ രണ്ടു പേരും പെന്‍സില്‍വാനിയ, കണക്ടിക്കട്ട്, ന്യൂയോര്‍ക്ക്, മാസാചുസെറ്റ്‌സ് എന്നിവിടങ്ങളിള്‍ ഓരരോരുത്തരുമാണ് മരിച്ചത്.

പ്രസിഡന്റിനെ തെരഞ്ഞെടുക്കുമ്പോള്‍ ഉയരവും സ്വാധീനം ചെലുത്തുന്നുവെന്ന് പഠനം

ന്യൂയോര്‍ക്ക് : യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയുടെ ഉയരവും വോട്ടര്‍മാരെ സ്വാധീനിക്കുന്നുണ്‌ടെന്ന് പഠനം. ടെക്‌സാസ് ടെക് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. 1789 മുതല്‍ 2008വരെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പുകളില്‍ എതിരാളികളേക്കാള്‍ ഉയരം കൂടിയ സ്ഥാനാര്‍ഥികള്‍ക്കായിരുന്നു വിജയമെന്നും പൊളിറ്റിക്കല്‍ സയന്‍സ് പ്രഫസറായ ഗ്രെഗ് മുറേയും ബിരുദ വിദ്യാര്‍ഥിയായ ഡേവിഡ് ഷിമിറ്റ്‌സും നടത്തിയ പഠനത്തില്‍ പറയുന്നു.

അമേരിക്കക്കാരും വിദേശ വിദ്യാര്‍ഥികളും ഉള്‍പ്പെടെ 467 പങ്കെടുപ്പിച്ച് നടത്തിയ പഠനവും തങ്ങളുടെ കണ്‌ടെത്തല്‍ സാധൂകരിക്കുന്നതായി ഇവര്‍ പറയുന്നു. ഒരു മാതൃകാ പൗരനും നേതാവും എങ്ങനെയാവണമെന്നതിനെക്കുറിച്ച് പഠനത്തില്‍ പങ്കെടുത്തവരോട് രണ്ടു രേഖാചിത്രങ്ങള്‍ വരയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ 64 ശതമാനംപേരും വരച്ച മാതൃകാ നേതാവിന്റെ ചിത്രത്തിന് ഉയരക്കൂടുതലുണ്ടായിരുന്നു.

കഴിഞ്ഞവര്‍ഷത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച ബറാക് ഒബാമയുടെ ഉയരം ആറടി ഒരിഞ്ചായിരുന്നെങ്കില്‍ എതിര്‍ സ്ഥാനാര്‍ഥി ജോണ്‍ മക്കെയ്‌നിന്റെ ഉയരം അഞ്ചടി എട്ടിഞ്ചായിരുന്നു. എന്നാല്‍ അടുത്തവര്‍ഷം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒബാമയുടെ എതിര്‍സ്ഥാനാര്‍ഥിയാകാനിടയുള്ള റിക് പെറിയും മിറ്റ് റോമ്‌നെയും പ്രസിഡന്റിനൊപ്പമോ അദ്ദേഹത്തേക്കാളോ ഉയരമുള്ളവരാണെന്നതിനാല്‍ പഠനത്തിന്റെ ആധികാരികത അധികം വൈകാതെ വ്യക്തമാവും.

തൊഴില്‍ ബില്ലില്‍ തീരുമാനമെടുക്കണമെന്ന് ഒബാമ

ന്യൂയോര്‍ക്ക് : തൊഴില്‍ ബില്ല് സംബന്ധിച്ച തീരുമാനം നീട്ടിക്കൊണ്ടുപോകരുതെന്ന് ഒബാമ യുഎസ് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു. യുഎസിന്റെ സാമ്പത്തികസ്ഥിതിയെ കോണ്‍ഗ്രസിലെ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ വേണ്ടത്ര ഗൗരവത്തോടെയല്ല സമീപിക്കുന്നതെന്നും ഒബാമ കുറ്റപ്പെടുത്തി. ധനികര്‍ കൂടുതല്‍ ധനികരാവുകയും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാവുകയും ചെയ്യുന്ന സ്ഥിതിവിശേഷം തടയാന്‍ താന്‍ കൊണ്ടുവന്ന തൊഴില്‍ ബില്ലിനാവുമെന്നും ഒബാമ വ്യക്തമാക്കി.

ഒരു മില്യണ്‍ ഡോളറിനുമേല്‍ വരുമാനമുള്ളവരില്‍ നിന്ന് കൂടുതല്‍ നികുതി ഈടാക്കാനാണ് തൊഴില്‍
ബില്‍ നിര്‍ദേശിക്കുന്നത്. ഇത്തരമൊരു നിര്‍ദേശത്തെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും നേരത്തെ അംഗീകരിച്ചതാണെങ്കിലും ഇപ്പോഴവര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും ഒബാമ കുറ്റുപ്പെടുത്തി. 445 ബില്യണ്‍ ഡോളറിന്റെ തൊഴില്‍ ബില്ല് സെനറ്റ് നേരത്തെ തള്ളിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഒബാമയുടെ പ്രതികരണം.

ഇറാഖ് പിന്മാറ്റത്തിന് ശേഷവും ഗള്‍ഫ് മേഖലയില്‍ തുടരാന്‍ യു.എസ് നീക്കം

വാഷിംഗ്ടണ്‍ : വര്‍ഷാവസാനത്തോടെ ഇറാഖില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനൊരുങ്ങുന്ന അമേരിക്ക തുടര്‍ന്നും ഗള്‍ഫ് മേഖലയില്‍ പിടിമുറുക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതര ഗള്‍ഫ് രാഷ്ട്രങ്ങളില്‍ കൂടുതല്‍ സേനയെ വിന്യസിച്ച് സൈനിക സാന്നിധ്യം നിലനിര്‍ത്തുന്നതിനെ കുറിച്ച് അമേരിക്കന്‍ ഭരണകൂടം ചര്‍ച്ച നടത്തുന്നതായി 'ന്യൂയോര്‍ക് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു. കുവൈറ്റില്‍ സൈനിക സാന്നിധ്യത്തിനോ ഇറാനില്‍ സൈനിക നടപടി സ്വീകരിക്കാനോ ആണ് അമേരിക്കന്‍ നീക്കമെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്തു.

മേഖലയില്‍ അമേരിക്കക്ക് ഏറ്റവും വലിയ ഭീഷണിയായ ഇറാനെ നേരിടാന്‍ സൗദി അറേബ്യ, കുവൈറ്റ്, ബഹ്‌റൈന്‍, ഖത്തര്‍, യു.എ.ഇ, ഒമാന്‍ എന്നീ രാജ്യങ്ങളുമായി സൈനിക സഖ്യത്തിലേര്‍പ്പെടാനും അമേരിക്ക ആലോചിക്കുന്നുണ്ട്. നിലവില്‍ തന്നെ ഈ രാജ്യങ്ങളുമായി അമേരിക്ക സൈനിക ഉഭയകക്ഷി ബന്ധം പുലര്‍ത്തുന്നുണ്ട്. ഇപ്പോള്‍ 23,000 യു.എസ് സൈനികരുള്ള കുവൈറ്റിലേക്ക് കൂടുതല്‍ യുദ്ധക്കപ്പലുകള്‍ അയക്കാനും അമേരിക്കക്ക് പദ്ധതിയുണ്ട്.

ഇറാഖില്‍നിന്ന് ഈ വര്‍ഷം അവസാനത്തോടെ സേനയെ പിന്‍വലിക്കുമെന്ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ഈ മാസം 21ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, മേഖലയിലെ സ്ഥിതിഗതികള്‍ ശാന്തമാകും വരെ ഏതാനും സൈനികരെ കുറച്ചുകാലത്തേക്കു കൂടി നിലനിര്‍ത്തുമെന്നും അദ്ദേഹം പ്രസ്താവിച്ചിരുന്നു. ഇതിന്റെ ഭാഗമായി 2011ന് ശേഷവും 20,000 സൈനികരെങ്കിലും ഇറാഖില്‍ തുടരുമെന്നാണ് കരുതുന്നത്. ഇതിനുപുറമെയാണ് ഗള്‍ഫ് രാജ്യങ്ങളില്‍ സൈനികസാന്നിധ്യം കൂട്ടാനുള്ള അമേരിക്കയുടെ നീക്കം. അമേരിക്കന്‍ നീക്കത്തോട് ഗള്‍ഫ് രാജ്യങ്ങള്‍ എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല. ഡിസംബറില്‍ റിയാദില്‍ നടക്കുന്ന ജി.സി.സി രാഷ്ട്രങ്ങളുടെ സമ്മേളനത്തില്‍ ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്.

സൗദി അംബാസഡറെ വധിക്കാന്‍ ശ്രമം: ഇറാന്‍ യുഎസിനു പരാതി നല്‍കി

വാഷിംഗ്ട
ണ്‍ ‍: യുഎസിലെ സൗദി അംബാസഡര്‍ അദല്‍ അല്‍ ജുബെയ്‌റിനെ വധിക്കാനുള്ള പദ്ധതിക്ക് ഇറാന്‍ പിന്തുണ നല്‍കിയെന്ന ആരോപണം സംബന്ധിച്ച് അമേരിക്കയ്ക്ക് ഇറാന്‍ ഔദ്യോഗികമായി പരാതി നല്‍കി. ഇറാന്‍ സുരക്ഷാ ഏജന്‍സികളുമായി ബന്ധപ്പെട്ടു രണ്ടുപേരാണു പദ്ധതി ആസൂത്രണം ചെയ്തതെന്നായിരുന്നു യുഎസിന്റെ ആരോപണം.

ഇത്തരം ആരോപണങ്ങളില്‍ അതൃപ്തിയുണ്‌ടെന്ന് ഇറാന്‍ അമേരിക്കയെ അറിയിച്ചു. ഇറാനിലെ സ്വിസ് എംബസി മുഖേന രേഖാമൂലമാണ് യുഎസിനെ ഇറാന്‍ അതൃപ്തി അറിയിച്ചത്. വൃത്തികെട്ട ആരോപണം എന്നായിരുന്നു .യുഎസിന്റെ ആരോപണത്തോട് ഇറാന്‍ ആദ്യം പ്രതികരിച്ചത്. ഇറാനിലെ യുഎസ്് സൈനിക നടപടിക്ക് മുന്നൊരുക്കം നടത്താനാണ് യുഎസ് ഇത്തരമൊരു ആരോപണം ഉന്നയിച്ചതെന്നും ആക്ഷേപമുണ്ടായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക