Image

ജനകീയ പ്രസ്ഥാനമായി ലാന മാറും: ലാന പ്രസിഡന്റ് ഷാജന്‍ ആനിത്തോട്ടവുമായി അഭിമുഖം

Published on 26 December, 2013
ജനകീയ പ്രസ്ഥാനമായി ലാന മാറും: ലാന പ്രസിഡന്റ് ഷാജന്‍ ആനിത്തോട്ടവുമായി അഭിമുഖം
ഇമലയാളി : ലാനയെപ്പറ്റിയുള്ള കാഴ്ചപ്പാട്? ഭാവി പരിപാടികള്‍?

ലിറ്റററി അസ്സോസിയേഷന്‍ ഓഫ് നോര്‍ത്തമേരിക്ക (ലാന) യെ അതിന്റെ പേര് അന്യര്‍ത്ഥമാക്കിക്കൊണ്ട് വടക്കെ അമേരിക്കയിലെ മുഴുവന്‍ മലയാളി സാഹിത്യസ്വാദകരുടെയും ഏകോപനക്കണ്ണി (Linking Force) യായി മാറ്റുക എന്നതാണ് മുഖ്യമായും ലക്ഷ്യമിടുന്നത്. ഏതാനും അമേരിക്കന്‍ നഗരങ്ങളിലെ ഏതാനും എഴുത്തുകാരുടെ മാത്രം സംഘടനയാകാതെ, എല്ലാ എഴുത്തുകാരുടെയും, അതൊടൊപ്പം എല്ലാ വായനക്കാരുടെയും പ്രിയപ്പെട്ട പ്രസ്ഥാനമായി ലാന മാറണം. ജീവിതത്തില്‍ ഇന്നേവരെ ഒരു കഥയോ കവിതയോ എഴുതാത്തവരും എന്നാല്‍ പരന്ന വായനയും ആഴത്തിലുള്ള സാഹിത്യവബോധവമുള്ള ധാരാളം മലയാളികള്‍ അമേരിക്കയിലും കാനഡയിലുമായി അധിവസിക്കുന്നുണ്ട്. ലാന അവര്‍ക്കുകൂടിയുള്ളതാണ്, അങ്ങിനെയായിത്തീരണം. എങ്കിലേ ഈ സംഘടന ജനകീയമാവുകയുള്ളൂ. ജനകീയമാവുമ്പോഴാണ് ലാനയെന്ന സംഘടന കൂടുതല്‍ പ്രയോജനപ്രദവും അക്ഷരസ്‌നേഹികളുടെ യഥാര്‍ത്ഥ കൂട്ടായ്മയുമാവുന്നത്. ചുരുക്കത്തില്‍ എല്ലാ അക്ഷരസ്‌നേഹികളിലേയ്ക്കും ഇറങ്ങിച്ചെല്ലുന്ന ഒരു ജനകീയപ്രസ്ഥാനമായി ലാന വളരുന്ന അവസ്ഥയാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. ഈ റീച്ചൗട്ടിലൂടെ പതിനേഴുകാരിയായ ലാനയെന്ന ഈ കൊച്ചുസുന്ദരി കൂടുതല്‍ സ്വീകാര്യയും പ്രിയപ്പെട്ടവളുമാവുമെന്ന് ഞങ്ങള്‍ വിശ്വസിയ്ക്കുന്നു.


ഇമലയാളി : എന്തൊക്കെ മാറ്റങ്ങളാണു ലാനയില്‍ വരുത്താന്‍ ആഗ്രഹിക്കുന്നത്?

 റീച്ചൗട്ട് ഔട്ട്, മുകളില്‍ സൂചിപ്പിച്ചതുപോലെ, കൂടുതല്‍ ആളുകളിലേക്ക്, വായനക്കാരിലേക്ക് ഇറങ്ങിച്ചെല്ലുന്ന നയമായിരിക്കും ഇനിയങ്ങോട്ട് ലാന ലക്ഷ്യം വയ്ക്കുന്നത്. റീച്ചൗട്ടിന്റെ വ്യാപ്തിയനുസരിച്ച് ലാനയുടെ ജനകീയതയും വര്‍ദ്ധിപ്പിയ്ക്കുന്ന ഭാവികാലമാണ് ലാനയുടെ മുഖ്യലക്ഷ്യം. ഇതിന്റെ ഭാഗമായി ഇപ്പോള്‍ അംഗസംഘടനകള്‍ ഇല്ലാത്തിടങ്ങളില്‍ പുതിയ റീജിയനുകള്‍ രൂപവല്‍ക്കരിച്ച് അവിടങ്ങളിലെ റീജിയണല്‍ കോര്‍ഡിനേറ്റര്‍മാരുടെ നേതൃത്വത്തില്‍ കൂടുതല്‍ സാഹിത്യാസ്വാദകരു#െ ലാനയോട് ചേര്‍ന്ന് പ്രവര്‍ത്തിപ്പിക്കുവാന്‍ പരിശ്രമിക്കും. ലാനയില്‍ അംഗത്വമെടുക്കാത്ത ഒരുപാട് സാഹിത്യാസ്വാദകര്‍ അമേരിക്കയിലും കാനഡയിലുമായുണ്ട്. അങ്ങനെയുള്ളവരെ പ്രസ്ഥാനത്തിലേക്ക് ക്ഷണിച്ച് സംഘടന വിപൂലീകരിക്കുവാനും പദ്ധതിയിടുന്നു.

കേരളസാഹിത്യ അക്കാദമിയോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചുകൊണ്ട് അതുവഴി മലയാളി സാഹിത്യത്തിലെ മുഖ്യധാരാ എഴുത്തുകാരുമായി ചേര്‍ന്ന് നിന്നുകൊണ്ടുള്ള സാഹിത്യസപര്യ പ്രധാനപ്പെട്ട മറ്റൊരു ലക്ഷ്യമാണ്. ചിക്കാഗോയില്‍ ചേര്‍ന്ന ഈ വര്‍ഷത്തെ ദേശീയ സമ്മേളനം അതിന്റെ നാന്ദി കുറിച്ചുകഴിഞ്ഞു. ലാനയുടെ നാഷണല്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുവാന്‍ വേണ്ടി മാത്രം കേരളത്തില്‍ നിന്നും ഇതാദ്യമായി സാഹിത്യ അക്കാദമി പ്രസിഡന്റ് തന്നെ വന്നത് ചരിത്രപരമായ ഒരു മാറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. അടുത്തവര്‍ഷം സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ, തുഞ്ചന്‍പറമ്പില്‍, ഭാഷാപിതാവ് എഴുത്തച്ഛന്റെ മണ്ണില്‍ തന്നെ ലാനയുടെ ഒരു സമ്മേളനം നടത്തുവാന്‍ കേരളസാഹിത്യ അക്കാദമിയും ലാനയും സംയുക്തമായി തീരുമാനിച്ചുകഴിഞ്ഞു. ഈ സമ്മേളനം അമേരിക്കന്‍ മലയാളി എഴുത്തുകാരും കേരളത്തിലെ സാഹിത്യകാരും തമ്മിലുള്ള ആത്മബന്ധം ഊട്ടിയുറപ്പിക്കുന്നതായിരിക്കുമെന്ന് അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ ലാന കണ്‍വന്‍ഷനില്‍ പ്രഖ്യാപിച്ചത് സമ്മേളത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം ആവേശം നല്‍കി. തുഞ്ചന്‍പറമ്പിലെ കൂട്ടായ്മയും തുടര്‍ന്ന് തൃശ്ശൂരിലെ കേരള സാഹിത്യ അക്കാദമി ആസ്ഥാനവും ലൈബ്രറിയും കേരള കലാമണ്ഡലവും സന്ദര്‍ശിക്കുന്ന പദ്ധതിയുമെല്ലാം സമീപഭാവിയിലെ സ്വപ്നപദ്ധതികളാണ്.


ഇമലയാളി : ലാന കൊണ്ട് എന്താണു ഗുണം? ഇതുവരെ ലാന എന്തു നേട്ടങ്ങളുണ്ടാക്കി?

അമേരിക്കയിലെ മലയാളി എഴുത്തുകാരുടെ ബൗദ്ധികവും സാഹിത്യപരവുമായ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ സ്ഥാനമാണ് ലാനയ്ക്കുള്ളത്. എഴുത്തുകാരുടെ അഭിമാനവും അസ്തിത്വവും വളര്‍ത്തി ക്രിയാത്മകമായ പ്രോത്സാഹനങ്ങള്‍ അവര്‍ക്ക് നല്‍കുവാന്‍ ലാനയ്ക്ക് സാധിച്ചിട്ടുണ്ട് എന്നത് നിസ്തര്‍ക്കമായ വസ്തുതയാണ്. പതിനേഴ് വര്‍ഷങ്ങള്‍ക്കു മുമ്പ് ലാന രൂപവല്‍ക്കരിയ്ക്കുന്നത് വരെ നോര്‍ത്തമേരിക്കയിലെ മലയാളി എഴുത്തുകാര്‍ക്ക് ഒരു ഏകോപനമോ വിവിധ നഗരങ്ങളിലെ സാഹിത്യപ്രവര്‍ത്തകര്‍ക്ക് ഒന്നിച്ചുകൂടുവാനുള്ള മാന്യമായ ഒരു അവസരമോ ഉണ്ടായിരുന്നില്ല. രണ്ട് വര്‍ഷം കൂടുമ്പോള്‍ നടന്നിരുന്ന ഫൊക്കാനാ കണ്‍വന്‍ഷനുകളിലെ പലവക പരിപാടികളിലൊന്നായി വിരലിലെണ്ണാവുന്നവര്‍ മാത്രം പങ്കെടുക്കുന്ന ഒരു സാഹിത്യസമ്മേളനമായിരുന്നു എഴുത്തുകാരുടെ കൂടിവരവുകള്‍ക്കുള്ള ഏകസങ്കേതം. ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രം നീണ്ട് നില്‍ക്കുന്ന ഈ യോഗങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്ന ഇത്തരം കൂട്ടായ്മകള്‍ ഒരു സാഹിത്യ ചര്‍ച്ചകള്‍ക്കും തികയാതെയും ആത്മസംതൃപ്തി നല്‍കാതെയും വന്നപ്പോഴാണ് അമേരിക്കന്‍ വന്‍കരയിലെ മലയാളി എഴുത്തുകാര്‍ക്ക് മാത്രമായി ഒരു കേന്ദ്രസംഘടനയുണ്ടാക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി അക്ഷരസ്‌നേഹികള്‍ ആഴത്തില്‍ ചര്‍ച്ച ചെയ്തതും ഒടുവില്‍ 1997 ജൂണ്‍ 14ന് ഡാളസ്സില്‍ സംഘടന പിറവി കൊണ്ടതും. ആദ്യ പ്രസിഡന്റ് ഡോ. എം.എസ്.ടി. നമ്പൂതിരി മുതല്‍ പിന്നീട് സാരത്ഥികളായ ജോസഫ് നമ്പിമഠം, മനോഹര്‍ തോമസ്, ജോണ്‍ ഇളമത, എബ്രഹാം തോമസ്, പീറ്റര്‍ നീണ്ടൂര്‍, എബ്രഹാം തെക്കേമുറി, വാസുദേവ് പുളിയ്ക്കല്‍ എന്നിവരുടെ നായകത്വത്തില്‍ സംഘടന ഏറെ വളര്‍ച്ച നേടിയിട്ടുണ്ട്.

വടക്കെ അമേരിക്കയിലെ മലയാളി എഴുത്തുകാര്‍ക്ക് ഇന്ന് ഒരു സംഘടനയുടെയും പുറംവരാന്തയില്‍ ശിരസ്സ് നമിച്ച് നില്‍ക്കേണ്ടതില്ല. എഴുത്തുകാരുടെ സ്വന്തം സംഘടനയായ ലാന സംഘടിപ്പിക്കുന്ന സമ്മേളനങ്ങളില്‍ വളരെ അഭിമാനപൂര്‍വ്വവും ഏറെ ആവേശത്തോടെയുമാണ് സാഹിത്യപ്രവര്‍ത്തകര്‍ പങ്കെടുക്കുന്നത്. ഏറ്റവും ഒടുവിലായി നടന്ന ചിക്കാഗോ സമ്മേളനത്തില്‍ എടുത്തു പറയത്തക്കതായി കണ്ട ഒരു സവിശേഷത, വനിതാ സാഹിത്യപ്രവര്‍ത്തകരുടെ വലിയ തോതിലുള്ള സാന്നിദ്ധ്യമായിരുന്നു. ഒരു കുടുംബയോഗത്തില്‍ പങ്കെടുക്കുന്ന ഉല്‍സാഹത്തോടെയും ഊഷ്മളതയോടെയുമാണ് ഒറ്റയ്ക്കും കുടുംബത്തോടൊപ്പവും വന്ന അവര്‍ മറ്റ് അക്ഷരോപാസകരോടൊപ്പം ഷെറാട്ടണ്‍ ഹോട്ടലിലെ സമ്മേളന നഗറില്‍ മൂന്ന് ദിനരാത്രങ്ങള്‍ ഒരിമിച്ചു കഴിച്ചുകൂട്ടിയത്. ലാനയെന്ന പ്രസ്ഥാനത്തിന്റെ നിയോഗവും അനിവാര്യതയുമായി ഇത്തരം കൂടിവരവുകളെ നമ്മള്‍ കാണേണ്ടിയിരിക്കുന്നു.

അതൊടൊപ്പം തന്നെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നായിരുന്നു ഇംഗ്ലീഷില്‍ സാഹിത്യരചന നടത്തുന്ന മലയാളി എഴുത്തുകാരുടെ സാന്നിദ്ധ്യവും പങ്കാളിത്തവും. അന്‍പതു വര്‍ഷത്തോളമായി അമേരിയ്ക്കയില്‍ കഴിയുകയും കര്‍മ്മം കൊണ്ട് ഡോക്ടര്‍മാരായി സേവനം ചെയ്യുകയും ചെയ്യുന്ന ഒരുപാട് പേര്‍ എഴുത്തിന്റെ വഴിയില്‍ സമയം കിട്ടുമ്പോഴൊക്കെ സഞ്ചരിയ്ക്കുന്നുണ്ട്. ക്രിയാത്മക രചനയില്‍ ഒട്ടേറെ ഔന്നത്യം പുലര്‍ത്തുന്ന അവരില്‍ പലരും ഇത്തവണത്തെ ലാന സമ്മേളത്തില്‍ സജീവമായി പങ്കെടുക്കുയും എഴുത്തനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു. ഡോ.എം.വി.പിള്ള, ഡോ. തെക്കേടത്ത് മാത്യൂ, ഡോ. എം.പി. രവീന്ദ്രനാഥ്, ഡോ.സുശീലാ രവീന്ദ്രന്‍, ഡോ. ശകുന്തള തങ്കഗോപാല്‍ എന്നിവര്‍ ഏറെ സംതൃപ്തിയോടെയാണ് മടങ്ങിയത്.


ഇമലയാളി : ചില വ്യക്തിപരമായ കാര്യങ്ങള്‍. എന്നാണു എഴുത്തു തുടങ്ങിയത്?

മറ്റെല്ലാവരെയും പോലെ വായനയുടെ ലോകത്തുനിന്നുമാണ് എഴുത്തിലേയ്ക്ക് ഞാനിറങ്ങിയത്. കൊച്ചുക്ലാസ്സുകളില്‍ പഠിക്കുമ്പോള്‍ മുതല്‍ കിട്ടുന്നതെന്തും വായിയ്ക്കുമായിരുന്നു. കഥകളും കവിതകളുമായിരുന്നും ഏറെയിഷ്ടം. ഇന്നും അങ്ങിനെ തന്നെ. ബാലരമയും കുട്ടികളുടെ ദീപികയുമായിരുന്നു ആദ്യ സഖാക്കള്‍. ബഷീറിന്റെയും കാരൂരിന്റെയും കഥകളില്‍ തുടങ്ങി പത്മനാഭന്റെ കഥകളിലേയ്‌ക്കെത്തിയപ്പോഴേക്കും എഴുതാനുള്ള ത്വര തുടങ്ങി. എം.ടി.യുടെ കഥകളും നോവലുകളും വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. ഓ.എന്‍.വി. കവിതകളുടെ ലാവണ്യവും വയലാര്‍-പി. ഭാസ്‌ക്കരന്‍ എന്നിവരുടെ സിനിമാഗാനങ്ങളുടെ അര്‍ത്ഥഛഭംഗികളും എന്നും ആവേശമായി കൊണ്ടുനടക്കുന്നു.

എഴുതാനുള്ള ആവേശത്തിനും ആത്മവിശ്വാസത്തിനും അവരുടെ രചനകള്‍ വലിയ തോതില്‍ സ്വാധീനിച്ചിരിക്കുന്നു. സഖറിയയുടെ കഥകളുടെ രചനാരീതികളും പെരുമ്പടം ശ്രീധരന്റെ നോവലുകളിലെ ഗ്രാമ്യഭംഗിയും അവതരണവും ഏറെ ഇഷ്ടപ്പെട്ടുന്നു.

ആദ്യകഥ എഴുതിയത് എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്. മാത്തമാറ്റിക്‌സ് ക്ലാസ്സിലെ ബോറന്‍ പിരിയഡുകളില്‍ കണ്ട പകല്‍ക്കിനാവുകളുടെയിടയില്‍ നിന്നെവിടെ നിന്നോ ആദ്യകഥയ്ക്ക് മുളപൊട്ടി. സ്‌ക്കൂളിലെ കയ്യെഴുത്ത് മാസികയില്‍ പ്രസിദ്ധീകരിച്ച ആ കഥ നല്‍കിയ സംതൃപ്തി ഏറെ വലുതായിരുന്നു. പിന്നെ പലവട്ടം എഴുതുകയും മാറ്റിയെഴുതുകയും ചെയ്ത ഒരുപാട് ചെറുകഥകള്‍… ആദ്യകവിത എഴുതിയത് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ കേരള സന്ദര്‍ശനസമയത്ത്. കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ പുസ്തകക്കെട്ടുകള്‍ക്കിടയില്‍ പഴയൊരു ഡയറിയില്‍ ആ കവിത വീണ്ടും കണ്ടപ്പോള്‍ ഏറെ സന്തോഷം തോന്നി.


ഇമലയാളി : എഴുത്തുകാരനെന്ന നിലക്ക് എവിടെ എത്തണം എന്നാണു ആഗ്രഹം?

എഴുത്തുകാരനായിത്തീരുക എന്നത് എന്നുമെന്റെ സ്വപനമായിരുന്നു. അദ്ധ്യാപകനായി നാട്ടില്‍ കഴിഞ്ഞ കാലത്തും അമേരിക്കയില്‍ സ്ഥിരവാസമുറപ്പിക്കുമ്പോഴും സമയം കിട്ടുമ്പോഴൊക്കെ എന്തെങ്കിലും കുത്തിക്കുറിയ്ക്കുന്നതില്‍ സംതൃപ്തിയനുഭവിക്കുന്നു. മികച്ച ഒരു ചെറുകഥാകൃത്തായിത്തീരുക എന്നതു തന്നെയാണ് എഴുത്തിന്റെ ലോകത്തെ ഏറ്റവും വലിയ സ്വപ്നം. എം.ടി.യുടെ “ഇരുട്ടിന്റെ ആത്മാവ”് പോലെയോ എന്‍.എസ്. മാധവന്റെ “ഹിഗ്വിറ്റ” പോലെയോ ടി.പത്മനാഭന്റെ “ശേഖൂട്ടി” പോലെയോ ഉള്ള ഒരു കൃതി രചിയ്ക്കണമെന്നത് എന്നും സ്വപ്നമായി കൊണ്ടുനടക്കുന്നു. അതിമോഹമായിരിക്കാം, എങ്കിലും ആഗ്രഹിക്കുന്നതില്‍ തെറ്റില്ലല്ലോ. എഴുത്തുകാരന്‍ മണ്‍മറഞ്ഞുപോയാലും വേലായുധനും (ഇരുട്ടിന്റെ ആത്മാവ്), ഗീവര്‍ഗീസച്ചനും (ഹിഗ്വിറ്റ), ശേഖൂട്ടിയെന്ന നായയും (ശേഖൂട്ടി) വായനക്കാരുടെ മനസ്സില്‍ എന്നും ജീവിക്കും. അത്തരമൊരു കഥയെഴുതിയാല്‍ ജീവിതം ധന്യമായി എന്ന് വിശ്വസിക്കുന്നു.


ഇമലയാളി : വിദ്യാഭ്യാസം, കുടുംബം, ജോലി എന്നിവ?

 ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം കോട്ടയം ജില്ലയിലെ ഉഴവൂര്‍ ലൂര്‍ദു ് ഹൈസ്‌ക്കൂളില്‍. പ്രിഡിഗ്രി വിദ്യാഭ്യാസം ഡോണ്‍ ബോസ്‌കോയിലായിരുന്നു. ജീവിതത്തില്‍ ചിട്ടയായ പഠനത്തിനും സംഘടനാ പാടവത്തിനും വഴിമരുന്നിട്ടതും അവിടുത്തെ വിദ്യാഭ്യാസമായിരുന്നു. ബി.എ. ഇക്കണോമിക്‌സ് ഫസ്റ്റ് ക്ലാസ്സില്‍ പാസായത് കുറവിലങ്ങാട് ദേവമാതാ കോളേജില്‍ നിന്ന്. അവിടെ ഓറട്ടറി ക്ലബ്ബ് സെക്രട്ടറിയായത് പ്രസംഗകലയില്‍ ഒട്ടേറെ വളരാന്‍ സഹായിച്ചു. കോള്ജ് ആര്‍ട്‌സ് ചാമ്പ്യനും എന്‍.എസ്.എസ്. വോളണ്ടിയര്‍ ലീഡറുമായിരുന്നു. അക്കാലത്ത് അനവധി ഇന്റര്‍കോളജിയറ്റ് പ്രസംഗ മത്സരംഗങ്ങളിലും ഡിബേറ്റ് മത്സരങ്ങളിലും കോളേജിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത് സമ്മാനങ്ങള്‍ വാങ്ങിയിട്ടുണ്ട്. കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിലും മല്‍സരിച്ച് വിജയിച്ചു. പാലാ സെന്റ് തോമസ് കോളജില്‍ നിന്നും എം.എ. ഇക്കണോമിക്‌സ് പാസ്സായി. മാന്നാനം സെന്റ് ജോസഫ് കോളജില്‍ നിന്നും ബി.എഡ് പാസ്സായി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലും തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് സ്റ്റഡീസില്‍ (സി.ഡി.എസ്) നിന്നുമായി എം.ഫില്‍ പഠനം. എം.ഫില്‍ ഡിസ്സേര്‍ടേടഷന് തയ്യാറാക്കാന്‍ ഒട്ടേറെ സഹായിച്ച സി..ഡി.എസിലെ ഡോ. ഇറുദയരാജനെപ്പറ്റി അടുത്തകാലത്ത് ഈമലയാളിയില്‍ വായിച്ചത് സുഖമുള്ള ഓര്‍മ്മകള്‍ നല്‍കി.

ഭാര്യ ബിനു റെസ്പിറേറ്ററി തെറാപ്പിസ്റ്റ്. മക്കള്‍ അന്‍ഷില്‍, ആല്‍വിന്‍. ഇപ്പോള്‍ ഇല്ലിനോയി സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസില്‍ മാനേജരായി ജോലി ചെയ്യുന്നു. 2009 ല്‍ നടന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ സ്‌കോക്കി ഡിസ്ട്രിക്ട് സ്‌ക്കൂള്‍ ബോര്‍ഡിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പില്‍ അന്നത്തെ ബോര്‍ഡ് പ്രസിഡന്റിനെ തോല്‍പ്പിച്ചുകൊണ്ട് ബോര്‍ഡ് ഓഫ് എഡ്യൂക്കേഷന്‍ അംഗമായി. പൊതുജനസേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്‌കോക്കി വില്ലേജ് കമ്മീഷ്ണര്‍ എന്ന സ്ഥാനവും വഹിക്കുന്നു.


ഇമലയാളി : പ്രവാസി സാഹിത്യത്തെപറ്റിയുള അഭിപ്രായം എന്താണു?

ആദ്യമേ തന്നെ പറയട്ടെ, പ്രവാസി സാഹിത്യം എന്നൊന്നില്ല. സാഹിത്യം മാത്രമേയുള്ളൂ. പ്രവാസി എഴുതിയാലും സ്ഥിരവാസി എഴുതിയാലും സാഹിത്യം സാഹിത്യം തന്നെയാണ്. പ്രവാസി സാഹിത്യം എന്നൊരു വര്‍ഗ്ഗീകരണം നല്‍കുന്നത് നമ്മള്‍ പ്രവാസികളെ സ്വയം ചെറുതാക്കലാണ്. ഉത്തമ സാഹിത്യം ആരുടെ ഭാഗത്തു നിന്നുണ്ടായാലും അത് ശ്രേഷ്ഠമാണ്. ഡല്‍ഹിയിലിരുന്ന് സഖറിയയും എം. മുകുന്ദനും ചെറിയാന്‍ കെ. ചെറിയാനും രചിച്ച കൃതികള്‍ കേരളത്തിലിരുന്ന് എം.ടിയും ടി.പത്മനാഭനും ഓ.എന്‍.വി.യും രചിച്ചവയോളം തന്നെ ഉല്‍കൃഷ്ഠമാണ്. ബന്യാമിന്റെ “ആടുജീവിതം” ശ്രദ്ധേയമായത് അദ്ദേഹം പ്രവാസി എഴുത്തുകാരനായതുകൊണ്ടല്ല, വ്യത്യസ്തമായ, ജീവിതഗന്ധിയായ കഥ പറഞ്ഞതു കൊണ്ടാണ്. അമേരിക്കന്‍ എഴുത്തുകാരും തങ്ങളുടെ പ്രവര്‍ത്തനമേഖലയിലെ അസാമാന്യ അനുഭവങ്ങള്‍ അസാമാന്യശ്രേഷ്ഠതയോടെ രചിക്കുമ്പോള്‍ ഉത്തമകൃതികളുണ്ടാവുന്നു. ഗൃഹാതുരത മണക്കുന്ന കഥകള്‍ വിട്ട് പുത്തന്‍ അനുഭവങ്ങളുടെ വിളംബരങ്ങള്‍ക്ക് വഴിയൊരുക്കുക!
ജനകീയ പ്രസ്ഥാനമായി ലാന മാറും: ലാന പ്രസിഡന്റ് ഷാജന്‍ ആനിത്തോട്ടവുമായി അഭിമുഖംജനകീയ പ്രസ്ഥാനമായി ലാന മാറും: ലാന പ്രസിഡന്റ് ഷാജന്‍ ആനിത്തോട്ടവുമായി അഭിമുഖം
Join WhatsApp News
വിദ്യാധരൻ 2013-12-26 20:01:57
"ആദ്യമേ തന്നെ പറയട്ടെ, പ്രവാസി സാഹിത്യം എന്നൊന്നില്ല." അതുപോലെ പെണ്ണെഴുത്തും ഇല്ല!

George Nadavayal 2013-12-26 20:06:21
I take my hat off to Sri. Shajan Anithottam; Best wishes for the invigorations you aim to instill in LANA. George Nadavayal
Peter Neendoor 2013-12-27 08:18:14
NANMAKAL UNDAKATTE......
വിദ്യാധരൻ 2013-12-27 18:54:20
ലാന എന്ന സംഘടനയെ ജനകീയം ആക്കണം എന്നുള്ള താങ്കളുടെ ഉദേശ്യം നല്ലത് തന്നെ. ലാന എല്ലാവിധത്തിലുള്ള സാഹിത്യത്തെ പരിപോഷിപ്പിക്കണം എന്നുള്ള ലക്ഷ്യം ഉള്ളത് കൊണ്ട്, വായനക്കാർക്കും അവരുടെ അഭിപ്രായത്തിനും വില കാണും എന്ന് പ്രതീക്ഷിക്കുന്നു. വായനക്കാർ ഇല്ലാതെ അല്ലെങ്കിൽ പ്രേഷകർ ഇല്ലാതെ സാഹിത്യവുമായി ബന്ധപെട്ട് നില്ക്കുന്ന ഒരു  സംഘടനക്കും ഒരു കലകൾക്കും നിലനിൽപ്പില്ല എന്നത്  അതുമായി കുല ബന്ധമുള്ളവരും, വിവരം ഉള്ളവരും, ക്രാന്തദെർശികളും മായ സംഘാടകർ അറിഞ്ഞിരിക്കണം. വായനെക്കാരെ സൃഷ്ട്ടിക്കുന്ന  ഏറ്റവും ശ്രമകരമായ ദൗത്യം എഴുത്തുകാരെന്റെ ആണെന്ന സത്യം, വിനയപൂർവ്വം, എഴുത്തുകൊണ്ട് വായനക്കാരെ സൃഷ്ട്ടിച്ച  ഒരു വലിയ എഴുത്തുകാരനിൽ നിന്ന് നിങ്ങൾ കേട്ടതാണ് . എന്നെ പോലെയുള്ള സംസ്കാര ശൂന്യരായ വായനക്കാർ നോക്കുന്നത്, കുരങ്ങനെ പോലെയുള്ള ഈ മനസിനെ ഒതുക്കി നിറുത്താനാണ് . അതിനായിട്ടാണ് നല്ല പുസ്തകങ്ങൾ വായിക്കാൻ ശ്രമിക്കുന്നത്. ആ സമയത്ത് എഴുത്ത്കാരെന്ന മർക്കെടങ്ങളെ നേരിടേണ്ടി വന്നോലോ.?  മറ്റൊന്ന് - അമേരിക്കയിൽ വളരെ നല്ല സ്ത്രീ എഴുത്തുകാരുണ്ട്‌. അവരിൽ പലരും ലാനയുടെ മീറ്റിംഗ് കഴിഞ്ഞു, പെണ്ണെഴുത്തെന്ന തരം താഴ്ന്ന സമീപനത്തിന്റെ പിന്നിലെ കുടിലമായ ലക്ഷ്യത്തെ ചോദ്യം ചെയ്തു ഇ-താളുകളിൽ എഴുതുകയുണ്ടായി. അതിനെക്കുറിച്ച് ഒരു ലാനയിലെ സംഘാടകരും പ്രതികരിച്ചു കണ്ടില്ല. അത് നിങ്ങൾ തിരുത്തും എന്ന് പ്രതീക്ഷിക്കുന്നു.  പ്രവാസി സാഹിത്യം ഒന്ന് എന്നില്ല എന്ന് പറയുന്ന നിങ്ങൾ മടിക്കാതെ പറയു പെണ്ണെഴുത്ത് എന്ന് ഒന്നില്ല എന്ന്.  കേരളത്തിലെ ഏതോ പേരുകെട്ട (കേട്ട) കുടിലബുദ്ധി സാഹിത്യകാരാൻ അങ്ങനെ ഒരു പെരുകൊടുത്തെങ്കിൽ, അതിനു വിധേയപ്പെട്ടു നില്ക്കാതെ തിരുത്തുക എന്നത് വിവേകിയായ ഒരു സംഘാടകനു കിട്ടുന്ന അവസരം ആണ്.  കേരളത്തിൽ ഒരു ബോസിന്റെ മുന്നിൽ ഒറ്റയ്ക്ക് ഒരു സ്ത്രീ കേറിച്ചെന്നാൽ അവരെ ബലാൽ സംഘം ചെയ്യാൻ മടിക്കാത്ത ഒരു സംസ്ക്കാരം ആണ് നില്ക്കുന്നത്. അങ്ങനെയുള്ളവരാണ് ഇന്ന് ഭരിക്കുന്നത്‌. എവിടെയും കുടിലതയും വഞ്ചനയും നിറഞ്ഞു നില്ക്കുന്നു. അമേരിക്കയിലെ ചില മലയാളി നേതാക്കന്മാരെപോലെ എന്തെങ്കിലും അഭിപ്രായം പറയാൻ ശ്രമിച്ചാൽ പറയുന്നവന്റെ കഴുത്തു ഞെരിച്ചു കൊല്ലാനുള്ള ശ്രമമാണ്. ആർക്കറിയാം ഒരിക്കൽ ഇവന്മാരുടെ കൈകൾ ഇന്റെർനെറ്റിലൂടെ നീണ്ടു വരികയും വായനക്കാരന്റെ കഴുത്തു ഞെരിക്കുകയും ചെയ്യുമോ എന്ന് ? പിന്നെ കഥ എഴുത്തും കവിത എഴുത്തും ആരെയും പഠിപ്പിക്കാവുന്ന ഒന്നല്ല. അത് നൈസർഗികമായ വാസനകളിൽ നിന്ന് വളർന്നു വലുതാകണ്ടതാണ്. അല്ലാതെ നിങ്ങൾ പറയുന്ന മാർഗ്ഗത്തിലൂടെ സഞ്ചരിച്ചാൽ അത് സാഹിത്യ സംഗീത കാവ്യ കലകളുടെ കടക്കു കോടാലി വയ്യിക്കുന്നതിനു സമമാണ്. അല്ലാതെ തന്നെ വളരെ അധികം പേർ പടച്ചു വിടുന്നുണ്ടല്ലോ? അവാർഡുകൾ തീരുമാനിക്കുന്നതിനുള്ള മാനദണ്ഡങ്ങളും, വിധികർത്താക്കളെയും മുൻകൂട്ടി വിളംബരം ചെയ്യേണ്ടതാണ്.  

"സുകുമാര കലകളുടെ ലക്ഷ്യം ഒന്നുതന്നെ. സത്യത്തേയും നന്മയേയും സൗന്ദര്യത്തേയും ഏകീകരിക്കുന്ന സംസ്ക്കാര മൂല്യത്തെ കലാകാരന്റെ വ്യക്തി മുദ്രയോടുകൂടി ഉചിതരൂപങ്ങളിൽ ആവിഷ്കരിക്കുക" (സൗന്ദര്യനിരീക്ഷണം -എം. പി. പോൾ പേജ് 31 )



എസ്കെ 2013-12-29 18:33:48
കഴിവുള്ളവരെ പ്രോത്സാഹിപ്പിക്കുക. എഴുതാന്‍ കഴിവുlള്ള വളരെപ്പേര്‍ ഇവിടെയുണ്ട്. അതിലധികം പേര്‍ എഴുത്തുകാരെന്ന് സ്വയം വിചാരിച്ച് ഭയജനകമായ രചനകള്‍ നടത്തുന്നവരാണ്. 
vayanakkaran 2013-12-29 19:59:38
കഴിവുള്ളവരെ  തിരിച്ചറിയാൻ കഴിവുള്ളവർ
വേണമല്ലോ? നാട്ടിലെ പ്രസിദ്ധീകരണങ്ങളിൽ
വരുന്നതാണ് കഴിവിന്റെ മാനദണ്ഡം ആയി അമേരിക്കൻ
മലയാളികൾ കരുതുന്നത്. വായനക്കാരും ചുരുക്കം.
പിന്നെ സ്ത്രീകൾ എഴുതിയാൽ എന്തായാലും അതിനെ പ്രശംസിക്കാൻ ഓരോ തോമാച്ചന്മാരുമുണ്ട്. അത് കണ്ട് സഹിക്കെട്ട്  ശ്രീ ജോസ് ചെരിപുരം "മുക്രയിടുന്ന മൂരികൾ"
എന്നൊരു കവിത വരെ എഴുതി. ഒരു ;പഴയ പാട്ട് ഓര്മ്മ വരുന്നു. സുന്ദരിമാരെ കണ്ടാലെന്നുടെ
കണ്ണിനകത്തൊരു ചുടുവാതം, ഒരു പെണ്മണി
വഴിയെ നടന്ന് പോയാൽ ഇടക്കഴുത്തിനു പിടിവാതം"

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക