Image

എസ്‌.എം.സി.സി.യുടെ പ്രവര്‍ത്തനോദ്‌ഘാടനം മാര്‍. ജോര്‍ജ്‌ ആലഞ്ചേരി നിര്‍വ്വഹിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 31 October, 2011
എസ്‌.എം.സി.സി.യുടെ പ്രവര്‍ത്തനോദ്‌ഘാടനം മാര്‍. ജോര്‍ജ്‌ ആലഞ്ചേരി നിര്‍വ്വഹിച്ചു
ഷിക്കാഗോ:അമേരിക്കയിലെ സീറോമലബാര്‍ കത്തോലിക്കരുടെ ദേശീയ അല്‍മായ സംഘടനയായ, സീറോ മലബാര്‍ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ (ഏസ്‌.എം.സി.സി.) പുതിയ ഭരണ സമിതിയുടെ പ്രവര്‍ത്തനോദ്‌ഘാടനം സീറോ മലബാര്‍ സഭയുടെ അധിപനായ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍. ജോര്‍ജ്‌ ആലഞ്ചേരി ഒക്‌ടോബര്‍ 25നു ചിക്കാഗോയില്‍ വച്ച്‌ നിര്‍വ്വഹിച്ചു.

ചിക്കാഗോയിലെ സെന്റ്‌. മേരീസ്‌ ക്‌നാനായ കത്തോലിക്ക ദേവാലയാങ്കണത്തില്‍ നടന്ന ചടങ്ങില്‍, ചിക്കാഗൊ സെന്റ്‌. തോമസ്‌ സീറോ മലബാര്‍ രൂപതാ ബിഷപ്‌ മാര്‍. ജേക്കബ്‌ അങ്ങടിയത്ത്‌, മോണ്‍സിഞ്ഞോര്‍ ഏബ്രഹാം മുത്തോലത്ത്‌ എന്നിവരും, എസ്‌.എം.സി. സി യുടെ ദേശീയ ഭാരവാഹികളും മറ്റു നിരവധി പ്രതിനിധികളും, അഭ്യൂദയകാംഷികളും പങ്കെടുത്തു.

സംഘടനയുടെ ബോര്‍ഡ്‌ അംഗം, ശ്രീ. തോമസ്‌്‌ തോമസ്‌ പാലത്ര, ട്രഷറര്‍ ശ്രീമതി. ഏലിക്കുട്ടി ഫ്രാന്‍സിസ്‌ എന്നിവര്‍ യഥാക്രമം ആലഞ്ചേരിപ്പിതാവിനും, അങ്ങാടിയത്ത്‌ പിതാവിനും പുഷ്‌പോപഹാരങ്ങള്‍ നല്‍കി സ്വീകരിച്ചു. പുതിയ ഭരണ സമിതിയുടെ പ്രസിഡണ്ട്‌ ശ്രീ. സേവി മാത്യു, ഏവര്‍ക്കും സ്വാഗതമാശംസിച്ചു. സഭാധികാരികളുമായുള്ള ദൃഢമായ ഐക്യവും, സഹവര്‍ത്തിത്വവും പുതിയ ഭരണസമിതിയുടെ മുഖമുദ്രയായിരിക്കുമെന്ന്‌ സേവി മാത്യു ഒരിക്കല്‍ക്കൂടി അറിയിച്ചു. വന്ദ്യപിതാക്കന്മാരുടെ അനുഗ്രഹാശീര്‍വദങ്ങളോടെ ഈ പ്രവര്‍ത്തന കാലഘട്ടം ആരംഭിക്കുവാന്‍ സധിക്കുന്നതിലുള്ള ചാരിതാര്‍ത്ഥ്യവും അദ്ദേഹം രേഖപ്പെടുത്തി. തുടര്‍ന്ന്‌ വിവിധ സ്‌ഥലങ്ങളില്‍നിന്നും എത്തിച്ചേര്‍ന്ന സംഘടനാഭാരവാഹികളെ ഓരോരുത്തരായി സഭാപിതാക്കന്മാര്‍ക്ക്‌ അദ്ദേഹം പരിചയപ്പെടുത്തി.

തുടര്‍ന്ന്‌ സംഘടനയുടെ ജനറല്‍ സെക്രട്ടറി ശ്രീ. സിറിയക്ക്‌ കുര്യന്‍ എസ്‌.എം.സി.സി.യുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളെയും ഭാവി പ്രവര്‍ത്തന പരിപാടികളെയും പറ്റിയുള്ള വിവരണ പത്രിക പിതാക്കന്മാര്‍ക്കും, മോണ്‍. മുത്തോലത്തിനും സമര്‍പ്പിച്ചു. സീറോ മലബാര്‍ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി ഈ അടുത്തകാലത്ത്‌ സ്‌ഥാനമേറ്റ വലിയ പിതാവിനെ അഭിനന്ദിച്ചുകൊണ്ടുള്ള ആശംസാഫലകം, സംഘടനയുടെ സ്‌ഥാപക പ്രസിഡണ്ട്‌ ഡോ. ജയിംസ്‌ കുറിച്ചി മാര്‍. ആലഞ്ചേരിക്കു സമര്‍പ്പിച്ചു. തന്റെ മെത്രാഭിഷേകത്തിന്റെ പത്താം വാര്‍ഷികത്തിന്റെ നിറവില്‍ ചിക്കാഗോ സീറോ മലബാര്‍ രൂപതയെ നയിക്കുന്ന ബഹു. അങ്ങാടിയത്ത്‌ പിതാവിനെ അനുമോദിച്ചുകൊണ്ടുള്ള പ്രശംസാഫലകം, എസ്‌. എം. സി. സി. യുടെ മുന്‍ പ്രസിഡണ്ട്‌ ശ്രീ. ജോര്‍ജ്‌ ജോസഫ്‌ കൊട്ടുകാപ്പള്ളി പിതാവിനു സമര്‍പ്പിച്ചു.

തുടന്ന്‌ പ്രസിദ്ധ സാമൂഹിക സംമ്പര്‍ക്കമാധ്യമമായ ഫേസ്‌ബുക്കില്‍ എസ്‌. എം. സി. സി സംഘടനയുടേതായി തുടങ്ങിയ പേജിന്റെ (smccusa) ഉദ്‌ഘാടനം മാര്‍. ആലഞ്ചേരി നിര്‍വ്വഹിച്ചു. തുടര്‍ന്നു നടത്തിയ പ്രസംഗത്തില്‍ സഭയുടെ വളര്‍ച്ചയില്‍ അല്‍മായര്‍ക്കും അല്‍മായസംഘടനകള്‍ക്കുമുള്ള പ്രാധാന്യത്തെപ്പറ്റി മാര്‍. ആലഞ്ചേരി പ്രതിപാദിച്ചു സംസാരിച്ചു. അല്‍മായ സംഘടനകള്‍, സംഭാനേതൃത്വത്തോട്‌ ചേര്‍ന്നു നിന്നുകൊണ്ട്‌ സഭയെ ശക്‌തിപ്പെടുത്താനായി അക്ഷീണം പരിശ്രമിക്കണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. തുടര്‍ന്ന്‌ പുതിയ ഭാരവാഹികളെ അഭിനന്ദിക്കുകയും സന്നിഹിതരായിരുന്ന ഏവരേയും ആശീര്‍വദിക്കുകയും ചെയ്‌തു.

സംഘടനയുടെ വൈസ്‌ പ്രസിഡണ്ട്‌ ശ്രീ. ജോര്‍ജുകുട്ടി പുല്ലാപ്പള്ളി, ബോര്‍ഡ്‌ അംഗം, ശ്രീ. മാത്യു തോയലില്‍ ഡിട്രോയിറ്റ്‌ ചാപ്‌ടര്‍ സെക്രട്ടറി ശ്രീ. അരുണ്‍ ദാസ്‌ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍ജി.
എസ്‌.എം.സി.സി.യുടെ പ്രവര്‍ത്തനോദ്‌ഘാടനം മാര്‍. ജോര്‍ജ്‌ ആലഞ്ചേരി നിര്‍വ്വഹിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക