Image

ഒരു സാക്ഷിയുടെ മൊഴി ശിക്ഷയ്‌ക്ക്‌ പര്യാപ്‌തം: സുപ്രീംകോടതി

Published on 31 October, 2011
ഒരു സാക്ഷിയുടെ മൊഴി ശിക്ഷയ്‌ക്ക്‌ പര്യാപ്‌തം: സുപ്രീംകോടതി
ന്യൂഡല്‍ഹി: ഒരു സാക്ഷി മാത്രമുള്ള കേസുകളില്‍ അയാളുടെ മൊഴി ശിക്ഷവിധിക്കാന്‍ പര്യാപ്‌തമെന്ന്‌ സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ഇത്തരം കേസുകളില്‍ പൂര്‍ണമായും വിശ്വസിക്കാവുന്ന ഒരേയൊരു സാക്ഷിയുടെ മൊഴി അടിസ്ഥാനമാക്കി കോടതിക്ക്‌ ഒരാളെ കുറ്റക്കാരനായി വിധിക്കാം. പ്രോസിക്യൂഷന്‍ ഉന്നയിക്കുന്ന ചെറിയ അഭിപ്രായവ്യത്യാസങ്ങള്‍ അവഗണിക്കാമെന്നും കോടതി വ്യക്തമാക്കി.

ഗുജറാത്തിലെ വഡോദരയില്‍ സാമ്പത്തിക തര്‍ക്കത്തെത്തുടര്‍ന്ന്‌ 2000 സപ്‌തംബര്‍ 21ന്‌ മൊയിയുദ്ദീന്‍ ഷെയ്‌ഖ്‌ എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ തക്‌ദീര്‍ സംസുദ്ദീന്‍ ഷെയ്‌ഖും മറ്റൊരാളുമാണ്‌ കീഴ്‌ക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്‌.

കൊല നടന്ന്‌ 13 ദിവസത്തിനുശേഷമാണ്‌ രക്തംപുരണ്ട തൊണ്ടിമുതല്‍ കണ്ടെടുത്തതെന്നും കൊല്ലപ്പെട്ടയാളുടെ സുഹൃത്തായതിനാല്‍ സാക്ഷി ഭരത്‌ രാജേന്ദ്ര പ്രസാദ്‌ ത്രിവേദിയുടെ മൊഴി വിശ്വസിക്കാനാവില്ലെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം സുപ്രീംകോടതി തള്ളി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടനുസരിച്ച്‌ മൊയിയുദ്ദീന്‍ ഷെയ്‌ഖിന്റെ ശരീരത്തില്‍ വാളുകൊണ്ടും കത്തികൊണ്ടുമുള്ള 33 മുറിവുകളുണ്ടായിരുന്നു. കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുമ്പോള്‍ ഷെയ്‌ഖിനൊപ്പം കാറിലുണ്ടായിരുന്ന ത്രിവേദിയാണ്‌ സംഭവത്തിന്റെ ഏക ദൃക്‌സാക്ഷി.

അദ്ദേഹത്തിന്റെ മൊഴിയെയാണ്‌ പ്രോസിക്യൂഷന്‍ മുഖ്യമായും ആശ്രയിച്ചത്‌. പ്രതികള്‍ കുറ്റക്കാരെന്നു കണ്ട സെഷന്‍സ്‌ കോടതി 2001 ഡിസംബര്‍ 14ന്‌ ഇവര്‍ക്ക്‌ ജീവപര്യന്തം തടവു ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ പ്രതികള്‍ നല്‍കിയ അപ്പീല്‍ ഗുജറാത്ത്‌ ഹൈക്കോടതി 2009 മെയ്‌ നാലിന്‌ തള്ളി. തുടര്‍ന്നാണ്‌ പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക