Image

യുഎസില്‍ അതിശൈത്യവും കനത്ത മഞ്ഞുവീഴ്‌ചയും (അങ്കിള്‍സാം വിശേഷങ്ങള്‍)

Published on 30 October, 2011
യുഎസില്‍ അതിശൈത്യവും കനത്ത മഞ്ഞുവീഴ്‌ചയും (അങ്കിള്‍സാം വിശേഷങ്ങള്‍)
വാഷിംഗ്‌ടണ്‍: യുഎസില്‍ അതിശൈത്യവും കനത്ത മഞ്ഞുവീഴ്‌ചയും. വരും ദിവസങ്ങളില്‍ മഞ്ഞു വീഴ്‌ച ശക്തമാകുമെന്നു കാലാവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പു നല്‍കി. ശരാശരി പത്ത്‌ ഇഞ്ച്‌ കനത്തില്‍ മഞ്ഞു വീഴുമെന്നാണു പ്രവചനം. കിഴക്കന്‍ തീരങ്ങളില്‍ 72 കിലോമീറ്റര്‍ വേഗതയിലാണു ശീതക്കാറ്റ്‌ ആഞ്ഞു വീശുന്നത്‌. മഞ്ഞു വീഴ്‌ച ജനജീവിതത്തെ സാരമായി ബാധിച്ചു. പല സ്ഥലത്തും വൈദ്യുതി ബന്ധം തകരാറിലായി. ഗതാഗതം തടസപ്പെട്ടു. വിമാനങ്ങള്‍ റദ്ദാക്കി.

എന്നാല്‍ ഇതിനെയെല്ലാം വെല്ലുവിളിച്ചു വാള്‍സ്‌ട്രീറ്റ്‌ പ്രക്ഷോഭകര്‍ സമരവുമായി മുന്നോട്ടു പോകുകയാണ്‌. `ഞങ്ങളുടെ പ്രതിഷേധം ശക്തമാണ്‌. ഞങ്ങളുടെ വിപ്ലവം കാലാവസ്ഥകള്‍ക്കും അപ്പുറത്താണ്‌. മഞ്ഞുകാലത്തിനപ്പുറം വേനല്‍ വരും വര്‍ഷം വരും. പക്ഷേ ഞങ്ങളുടെ ആവശ്യങ്ങളും പ്രതിഷേധങ്ങളും അംഗീകരിക്കും വരെ പ്രക്ഷോഭം തുടരുക തന്നെ ചെയ്യും' പ്രക്ഷോഭകാരികള്‍ പറയുന്നു.

വാക്കു പാലിച്ചു; വൈറ്റ്‌ഹൗസിലെ ദീപാവലി ആഘോഷത്തിന്‌ ഒബാമയെത്തി

വാഷിംഗ്‌ടണ്‍: പ്രസിഡന്റ്‌ ബറാക്‌ ഒബാമ വാക്കുപാലിച്ചു. വൈറ്റ്‌ ഹൗസില്‍ നടന്ന ദീപാവലി ആഘോഷത്തില്‍ ചിരാതുകള്‍ തെളിയിച്ച്‌ ഒബാമ ഇന്ത്യക്കാര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ചു. ഇന്ത്യന്‍ വംശജരായ രാജ്യത്തെ പ്രമുഖ ഉദ്യോഗസ്ഥ മേധാവികള്‍ക്ക്‌ ഒബാമ വിരുന്നുംനല്‍കി. രണ്ട്‌ വര്‍ഷം മുന്‍പ്‌ വൈറ്റ്‌ ഹൗസില്‍ ദീപാവലി ആഘോഷങ്ങള്‍ക്ക്‌ തുടക്കമിട്ടത്‌ ഒബാമയാണ്‌.

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ദീപാവലി ആഘോഷങ്ങള്‍ ഭാര്യ മിഷേലിനൊപ്പം ആസ്വദിച്ചതായി ഒബാമ പറഞ്ഞു. ദീപാവലി ആഘോഷങ്ങള്‍ക്കിടെ മുബൈയില്‍ ഭാര്യയ്‌ക്കൊപ്പം നൃത്തം ചെയ്‌തതും അദ്ദേഹം പ്രസംഗത്തില്‍ ഓര്‍ത്തെടുത്തു.

അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ നിരുപമ റാവു, സെന്റര്‍ ഫോര്‍ അമേരിക്കന്‍ പ്രോഗ്രസ്‌ പ്രസിഡന്റ്‌ നീരാ ടാന്‍ഡന്‍, രാജ്യത്തെ പ്രമുഖ ഹിന്ദുവംശജന്‍ അന്‍ജുഭാര്‍ഗവ, യു.എസ്‌. എയ്‌ഡ്‌ മേധാവി രാജ്‌ ഷാ, ബെലിസിലെ യു.എസ്‌. അംബാസഡര്‍ വിനയ്‌ തുമ്മലപ്പള്ളി, ഹിന്ദു പുരോഹിതന്‍ പ്രതിമ ധാര്‍, സുവര്‍ണക്ഷേത്രത്തില്‍ നിന്നുള്ള സിഖ്‌ പ്രതിനിധി എന്നിവര്‍ പങ്കെടുത്തു.

മുല്ല ഒമറുമായി നേരിട്ട്‌ ചര്‍ച്ച നടത്താന്‍ യുഎസ്‌ തയാറെന്ന്‌ ഹിലരി ക്ലിന്റണ്‍

വാഷിംഗ്‌ടണ്‍: താലിബാന്‍ നേതാവ്‌ മുല്ല ഒമറുമായി നേരിട്ട്‌ ചര്‍ച്ച നടത്താന്‍ യുഎസ്‌ തയാറാണെന്ന്‌ യുഎസ്‌ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ്‍. അഫ്‌ഗാനിസ്ഥാനില്‍ സമാധാനം പുന:സ്ഥാപിക്കുന്നതിന്‌ മുല്ല ഒമറുമായുള്ള ചര്‍ച്ച നിര്‍ണായകമാണെന്നും ഹിലരി പറഞ്ഞു. അഫ്‌ഗാന്‍ തീവ്രവാദികള്‍ക്കെതിരായ യുദ്ധം തുടരുന്നതിനൊപ്പം തന്നെ ചര്‍ച്ചകളും തുടരുമെന്നും ഹിലരി വ്യക്തമാക്കി.

താലിബാന്റെ സായുധ വിഭാഗമായ ക്വറ്റ ഷൂറയുടെ അറിവോടെ മാത്രമെ ഏതെങ്കിലും തരത്തിലുള്ള ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ നടത്തൂവെന്നും ഹിലരി പറഞ്ഞു. ക്വറ്റ ഷൂറയുടെ സമ്മതമില്ലാതെ നടത്തുന്ന ചര്‍ച്ചകളെ അംഗീകരിക്കില്ലെന്നും തീവ്രവാദികള്‍ക്കിടയില്‍ ഭിന്നത സൃഷ്‌ടിക്കാനുള്ള യുഎസ്‌ നീക്കത്തെ എതിര്‍ക്കുമെന്നും ഹഖാനി ഗ്രൂപ്പ്‌ നേതാവ്‌ സിറാജുദ്ദീന്‍ ഹഖാനി നേരത്തെ വ്യക്തമാക്കിയിരുന്നു. യുഎസിന്റെ വിദേശനയത്തില്‍ കാതലായ മാറ്റം പ്രഖ്യാപിക്കുന്നതാണ്‌ ഹിലരിയുടെ പ്രസ്‌താവനയെന്നാണ്‌ വിലയിരുത്തല്‍. താലിബാന്‍ നേതൃത്വത്തെ ഭിന്നിപ്പിച്ച്‌ മുല്ല ഒമറിനെ ഒറ്റപ്പെടുത്തുക എന്നതായിരുന്നു ഇതുവരെയുള്ള യുഎസിന്റെ നിലപാട്‌.

വാള്‍ സ്‌ട്രീറ്റ്‌ പ്രക്ഷോഭത്തോട്‌ ഇന്ത്യക്കാര്‍ മുഖം തിരിക്കുന്നു

ന്യൂയോര്‍ക്ക്‌: കോര്‍പറേറ്റ്‌ അത്യാര്‍ത്തിക്കും സാമ്പത്തിക അസന്തുലനത്തിനുമെതിരെ നടക്കുന്ന വാള്‍സ്‌ട്രീറ്റ്‌ പ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രമായ ന്യൂയോര്‍ക്കിലെ സുക്കോട്ടി പാര്‍ക്കില്‍ ഓം, ഓഷോ, ഗാന്ധി തുടങ്ങിയ വാക്കുകള്‍ കഴിഞ്ഞ ദിവസം മുഴങ്ങിയെങ്കിലും പ്രക്ഷോഭത്തോട്‌ ഇന്ത്യക്കാര്‍ പൊതുവെ മുഖം തിരിക്കുകയാണെന്ന്‌ റിപ്പോര്‍ട്ട്‌. ഇന്ത്യക്കാരനായ അലോകാനന്ദ അക അലോക കഴിഞ്ഞദിവസം പ്രക്ഷോഭകാരികള്‍ക്കായി സംഘടിപ്പിച്ച മെഡിറ്റേഷന്‍ സെഷനിലാണ്‌ യോഗാ ക്ലാസിനൊപ്പം ഓം മന്ത്രോച്ചാരണവും ഓഷോ സൂക്തങ്ങളുമെല്ലാം ഉയര്‍ന്നുകേട്ടത്‌.

അമേരിക്കയില്‍ തൊഴില്‍പരമായി ഏറ്റവുമധികം വിജയംവരിച്ചവരുടെ കൂട്ടത്തിലാണ്‌ ഇന്ത്യക്കാരുടെ സ്ഥാനം. കഠിനാധ്വാനം ചെയ്യുകയും മെച്ചപ്പെട്ട തൊഴില്‍ നേടി സുരക്ഷിതരാവുകയും ചെയ്യുക എന്നതാണ്‌ അമേരിക്കയിലെ ഇന്ത്യക്കാരുടെ പൊതുസ്വഭാവം. വാള്‍സ്‌ട്രീറ്റ്‌ പ്രക്ഷോഭത്തിലെ ഇന്ത്യന്‍ പങ്കാളിത്തം കുറയാനുളള പ്രധാനകാരണം ഇതാണെന്ന്‌ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഇന്ത്യയില്‍ അന്നാ ഹസാരെയുടെ നേതൃത്വത്തില്‍ നടന്ന അഴിമതിവിരുദ്ധ നിരാഹാരസമരത്തിന്‌ പിന്തുണ അറിയിക്കാന്‍ ന്യൂയോര്‍ക്കില്‍ പോലും ഇന്ത്യക്കാര്‍ പ്രകടനം നടത്തിയെങ്കിലും വാള്‍സ്‌ട്രീറ്റ്‌ പ്രക്ഷോഭത്തോട്‌ ഇന്ത്യന്‍ വംശജര്‍ ഇപ്പോഴും മുഖം തിരിച്ചു നില്‍ക്കുകയാണെന്നാണ്‌ വിലയിരുത്തല്‍.

യുഎസില്‍ അറസ്റ്റിലായ രജത്‌ ഗുപ്‌ത ഇന്ത്യന്‍ മധ്യവര്‍ഗത്തിന്റെ റോള്‍ മോഡല്‍

ന്യൂയോര്‍ക്ക്‌: ഇന്ത്യന്‍ മധ്യവര്‍ഗത്തിന്റെ മാതൃകാ പുരുഷനായിരുന്നു ഓഹരിവിപണിയില്‍ ക്രമക്കേട്‌ നടത്താന്‍ കൂട്ടു നിന്നതിന്‌ കഴിഞ്ഞ ദിവസം യുഎസില്‍ അറസ്റ്റിലായ രജത്‌ ഗുപ്‌ത. പെപ്‌സി കോ സിഇഒ ഇന്ദ്ര നൂയി, സിറ്റി ഗ്രൂപ്പ്‌ മേധാവി വിക്രം പണ്‌ഡിറ്റ്‌ എന്നീ പേരുകള്‍ക്കൊപ്പമായിരുന്നു രജത്‌ ഗുപ്‌തയുടെ പേരും ഇന്ത്യന്‍ മധ്യവര്‍ഗം ചേര്‍ത്തുവായിച്ചിരുന്നത്‌. യുഎസില്‍ വിജയംവരിച്ച ഇന്ത്യക്കാരെന്ന നിലയില്‍ നൂയിക്കും വിക്രം പണ്‌ഡിറ്റിനുമൊപ്പം രജത്‌ ഗുപ്‌തയും ഭൂരിഭാഗം ഇന്ത്യന്‍ ഐഐടി, ഐഐഎം വിദ്യാര്‍ഥികളുടെ മാതൃകാപുരുഷനായി.

വലിയ സാമ്പത്തിക, കുടുംബ പശ്ചാത്തലൊന്നും അവകാശപ്പെടാനില്ലാത്ത സാഹചര്യത്തില്‍ നിന്ന്‌ കഠിനാധ്വാനത്തിലൂടെ ലോകത്തിന്റെ നെറുകയിലെത്തിയവരെന്ന നിലയിലായിരുന്നു ഇവര്‍ ഇന്ത്യയിലെ ആയിരക്കണക്കിന്‌ യുവതീയുവാക്കളുടെ ആരാധ്യപുരുഷന്‍മാരായത്‌. 1966ലെ ഐഐടി എന്‍ട്രന്‍സ്‌ പരീക്ഷയില്‍ പതിനഞ്ചാം റാങ്കുകാരനായിരുന്നു രജത്‌ ഗുപ്‌ത. ഡല്‍ഹി ഐഐടിയില്‍ നിന്ന്‌ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടി ഗോള്‍ഡ്‌മാന്‍ സാക്‌സിന്റെ നേതൃപദവിവരെയെത്തിയ ഗുപ്‌തയുടെ വിജയകഥ നിരവധി വിദ്യാര്‍ഥികള്‍ക്ക്‌ പ്രചോദനവുമായിരുന്നു. എന്നാല്‍ സുഹൃത്തും ഹെഡ്‌ജ്‌ ഫണ്‌ട്‌ മാനേജറുമായ ശ്രീലങ്കന്‍ സ്വദേശി രാജരത്‌നത്തിന്‌ ഓഹരിവിപണിയില്‍ ക്രമക്കേട്‌ നടത്താന്‍ കൂട്ടു നിന്നതിന്‌ രജത്‌ ഗുപ്‌ത അറസ്റ്റിലായതോടെ ഇന്ത്യന്‍ മധ്യവര്‍ഗക്കാര്‍ക്കിടയില്‍ ഒരു വിഗ്രഹം കൂടി ഉയടുകയായിരുന്നു.

ടൈറ്റാനിക്കിന്റെ ത്രി ഡി പതിപ്പ്‌ ഏപ്രിലില്‍ തിയറ്ററിലെത്തും

ലോസ്‌ഏയ്‌ഞ്ചല്‍സ്‌: ലോകത്തെ ഒരേ സമയം അത്ഭുതപ്പെടുകയും ജാക്കിന്റെയും റോസിന്റെയും ദുരന്തപ്രണയത്തിന്റെ പേരില്‍ നൊമ്പരപ്പെടുത്തുകയും ചെയ്‌ത ഹോളിവുഡ്‌ ക്ലാസിക്‌ ചലച്ചിത്രം ടൈറ്റാനിക്കിന്റെ ത്രി ഡി പതിപ്പ്‌ അടുത്തവര്‍ഷം ഏപ്രിലില്‍ തിയറ്ററുകളിലെത്തും. ത്രി ഡി പതിപ്പിന്റെ 18 മിനിട്ട്‌ ഫൂട്ടേജ്‌ കഴിഞ്ഞ ദിവസം സംവിധായകന്‍ ജെയിംസ്‌ കാമറൂണ്‍ പുറത്തുവിട്ടിരുന്നു. ഏപ്രില്‍ ആറിനായിരിക്കും ചിത്രം ലോകമെമ്പാടുമായി റിലീസ്‌ ചെയ്യുക.

18 മില്യണ്‍ ഡോളറാണ്‌ ചിത്രത്തിന്റെ ത്രി ഡി പതിപ്പ്‌ തയാറാക്കാനുള്ള ചെലവായി പ്രതീക്ഷിക്കുന്നത്‌. 1997ല്‍ പുറത്തിറങ്ങിയ ചിത്രം 1.84 ബില്യണ്‍ ഡോളറാണ്‌ ലോകമെമ്പാടും നിന്നായി വാരിക്കൂട്ടിയത്‌. ഒരു ഹോളിവുഡ്‌ ചിത്രത്തിന്‌ ലഭിക്കുന്ന ഏറ്റവും വലിയ രണ്‌ടാമത്തെ കളക്ഷനായിരുന്നു ഇത്‌. ഇതിനു പുറമെ മികച്ച ചിത്രത്തിനും സംവിധായകനുമടക്കം 11 ഓസ്‌കര്‍ പുരസ്‌കാരങ്ങളും ചിത്രം നേടിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക