Image

സംസ്ഥാനത്തു വിളയുന്നത് വിവാദങ്ങളുടെ നൂറുമേനി

ജി.കെ. Published on 30 October, 2011
സംസ്ഥാനത്തു വിളയുന്നത് വിവാദങ്ങളുടെ നൂറുമേനി
കേരളത്തിലിപ്പോള്‍ ലാഭകരമായി നടത്താന്‍ കഴിയുന്ന വ്യവസായമേതെന്ന് ചോദിച്ചാല്‍ കണ്ണുമടച്ചു മറുപടി പറയാന്‍ കഴിയുന്ന ഒറ്റ ഉത്തരമേ ഉള്ളൂ. 'വിവാദ' വ്യവസായം എന്ന്. കഴിഞ്ഞ ഏതാനും ദീവസങ്ങള്‍ക്കിടെ കേരള ജനത സാക്ഷ്യംവഹിച്ച വിവാദങ്ങളുടെ കണക്കുകണ്ടാല്‍ ആരുടെയും കണ്ണുതള്ളിപ്പോവും. പാമോയില്‍, വാളകം, നിര്‍മല്‍ മാധവ്, രാധാകൃഷ്ണപിള്ളയുടെ വെടിവെയ്പ്, ബാലകൃഷ്ണപിള്ളയുടെ ഫോണ്‍വിളി, ഐസ്‌ക്രീം പാര്‍ലര്‍, ടൈറ്റാനിയം, മെട്രോ റെയില്‍, നിയമസഭയിലെ കൈയാങ്കളി, രാജേഷിന്റെ പൊട്ടിക്കരച്ചില്‍, റൗഫിന്റെ ഏറ്റുപറച്ചില്‍, അരുണ്‍കുമാറിനെതിരായ ആരോപണങ്ങള്‍, പി.സി.ജോര്‍ജിന്റെ നിത്യേനയുള്ള കുമ്പസാരങ്ങള്‍ ഒടുവിലിപ്പോഴിതാ കെ.ബി.ഗണേഷ്‌കുമാര്‍ എന്ന മന്ത്രിയുടെ അസഭ്യം പറച്ചിലും.

ഈ വിവാദങ്ങള്‍ ചര്‍ച്ച ചെയ്യാനായി നമ്മുടെ വര്‍ത്തമാനപത്രങ്ങളും ടെലിവിഷന്‍ ചാനലുകളും ചെലവഴിച്ച ഊര്‍ജമുണ്ടായിരുന്നെങ്കില്‍ ഇടുക്കിയില്‍ നിന്നുള്ള വൈദ്യുതി ഇല്ലെങ്കില്‍ പോലും കേരളത്തിന് ഒരുവര്‍ഷം തുടര്‍ച്ചയായി കത്തിക്കാനുള്ള വൈദ്യുതി ഉണ്ടാക്കാമായിരുന്നു എന്നു തോന്നിപ്പോവും. ഭരണപക്ഷമാവുമ്പോള്‍ വിവാദങ്ങളെ എതിര്‍ക്കുകയും പ്രതിപക്ഷത്താവുമ്പോള്‍ വിവാദങ്ങളുണ്ടാക്കുകയും ചെയ്യുക എന്നത് സംസ്ഥാന രാഷ്ട്രീയത്തില്‍ കീഴ്‌വഴക്കമായമട്ടിലാണ് കാര്യങ്ങള്‍. ഒരുവിവാദമുണ്ടായി അതിന്റെ ചൂടാറും മുമ്പെ അടുത്ത വിവാദമുണ്ടാവുന്നു. അല്ലെങ്കില്‍ ഉണ്ടാക്കുന്നു. അതോടെ പഴയവിവാദം പാതിവഴിയല്‍ ഉപേക്ഷിക്കുന്നു. ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ ഭേദമില്ലാതെ ഇരുമുന്നണികളും വിവാദവ്യവസായത്തിലേക്ക് തങ്ങളുടേതായ സംഭാവനകള്‍ നല്‍കി മാധ്യമങ്ങളെ സഹായിക്കുകയും ചെയ്യുന്നു.

ഈ വിവാദങ്ങളെല്ലാം ചര്‍ച്ച ചെയ്ത തളര്‍ന്നിരിക്കുന്ന മാധ്യമങ്ങളോടും രാഷ്ട്രീയ നേതൃത്വത്തോടും ഇതെല്ലാം കണ്ടും കേട്ടും മടുത്ത സാധാരണ ജനങ്ങള്‍ക്കും ചോദിക്കാന്‍ ചില ചോദ്യങ്ങളുണ്ടാവും. സത്യത്തില്‍ ഈ വിവാദങ്ങള്‍ക്കൊണ്ട് കേരളത്തിലെ ജനങ്ങള്‍ക്ക് എന്തു നേട്ടമുണ്ടായി എന്ന്. അന്നന്നത്തെ അന്നത്തിനുവേണ്ടി അധ്വാനിക്കുന്ന ഭൂരിഭാഗം വരുന്ന സാധാരണക്കാരും ഈ വിവാദങ്ങളില്‍ അഭിപ്രായമോ താല്‍പര്യമോ ഉള്ളവരല്ല. എന്നിട്ടും നമ്മുടെ ടെലിവിഷന്‍ ചാനലുകള്‍ മണിക്കൂറുകളോളം ഇതു തന്നെ ചര്‍ച്ച ചെയ്യുന്നു. വര്‍ത്തമാന പത്രങ്ങള്‍ എട്ടു കോളം വെണ്ടയ്ക്ക നിരത്തി ആഘോഷിക്കുന്നു.

സാധാരണക്കാരുടെ പൊള്ളുന്ന പ്രശ്‌നങ്ങളായ അവശ്യസാധനങ്ങളുടെ വിലക്കയറ്റമോ റോഡുകളുടെ ശോചനീയാവസ്ഥയോ ഒന്നും ചര്‍ച്ച ചെയ്യാന്‍ രാഷ്ട്രീയ നേതൃത്വത്തിന് സമയമില്ലാതായിട്ട് കാലങ്ങളായി. അപ്പോഴെല്ലാം മാധ്യമങ്ങളായിരുന്നു ജനങ്ങളുടെ ശബ്ദമായിരുന്നത്. എന്നാലിപ്പോള്‍ ടെലിവിഷന്‍ മാധ്യമങ്ങളുടെ വരവോടെ നമ്മുടെ മാധ്യമങ്ങളും രാഷ്ട്രീയ നേതൃത്വത്തിന്റെ വഴിക്കാണ് നീങ്ങുന്നതെന്നാണ് സമീപകാലം വിവാദങ്ങളെല്ലാം തെളിയിക്കുന്നത്.

ഈ വിവാദങ്ങളെല്ലാം ചര്‍ച്ച ചെയ്ത് കാലത്തിന്റെ ചവറ്റുകൊട്ടയിലേക്ക് എറിയുമ്പോള്‍ മാധ്യമങ്ങള്‍ ആത്മാര്‍ഥമായും അന്വേഷിക്കേണ്ടകാര്യം ഇങ്ങനെ ചര്‍ച്ചചെയ്ത് കളയാനുള്ളതാണോ പ്രേഷകന്റെ വിലപ്പെട്ടസമയം എന്നാണ്. ഇനി മേല്‍പ്പറഞ്ഞവിവാദങ്ങളുടെയെല്ലാം സ്ഥിതിയൊന്നു പരിശോധിച്ചാല്‍ വ്യക്തമാവുന്നത് നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും ഒരു ദിവസം ആഘോഷിക്കാനുള്ള വകമാത്രമായിരുന്നു ഈ വിവാദങ്ങളെല്ലാം എന്നാണ്. നിര്‍മല്‍ മാധവ് എന്ന ഒരു കോളജ് വിദ്യാര്‍ഥിയുടെ പ്രശ്‌നം നമ്മുടെ രാഷ്ട്രീയ നേതൃത്വവും മാധ്യമങ്ങളും ദിവസങ്ങളോളമാണ് ചര്‍ച്ച ചെയ്തത്.

എന്നിട്ടോ ഈ വിദ്യാര്‍ഥിക്ക് പകരം വേറൊരു കോളജില്‍ അഡ്മിഷന്‍ നല്‍കി പ്രശ്‌നം അവസാനിപ്പിച്ചു എന്നെങ്കിലും ആശ്വസിക്കാം. എന്നാല്‍ മറ്റു വിവാദ വിഷയങ്ങളുടെ കാര്യമൊന്നു നോക്കിയാലോ. ബാലകൃഷ്ണപിള്ളയുടെ ഫോണ്‍വിളികൊണ്ട് നാലുദിവസം കൂടുതല്‍ ശിക്ഷ പിള്ളയ്ക്കു കിട്ടിയെന്നല്ലാതെ മറ്റെന്തെങ്കിലും സംഭവിച്ചതായി ഒരു മാധ്യമവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടിയുടെ ഭാഷയില്‍ പറഞ്ഞാല്‍ വഴിയില്‍ പോകുന്നവരുടെയെല്ലാം വെളിപ്പെടുത്തല്‍ കൊടുത്തതുകൊണ്ട് കുഞ്ഞാലിക്കുട്ടിക്കോ മറ്റാര്‍ക്കെങ്കിലുമോ ഒരു ചുക്കും സംഭവിച്ചിട്ടില്ല. ടൈറ്റാനിയം കേസിലും പാമോയില്‍ കേസിലുമെല്ലാം ഉമ്മന്‍ ചാണ്ടിയുടെ പങ്കിനെക്കുറിച്ച് ഒരുദിവസം ആഘോഷിച്ചതല്ലാതെ പിന്നീട് അതേക്കുറിച്ച് രാമചന്ദ്രന്‍ മാസ്റ്റര്‍ പോലും കൂടുതലായി ഒന്നും പറയുന്നതായി കേട്ടിട്ടില്ല. രാധാകൃഷ്ണപിള്ളയുടെ വെടിവെയ്പ്പും നിയമസഭയില്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെ അപമാനിച്ചുവെന്ന ആരോപണവും രാജേഷിന്റെ പൊട്ടിക്കരച്ചിലും എല്ലാം മാധ്യമങ്ങള്‍ക്ക് അന്നന്നത്തെ ന്യൂസ് അവര്‍ കൊഴുപ്പിക്കാനുള്ള വിഷയങ്ങള്‍ മാത്രമായിരുന്നുവെന്ന് ഇതെല്ലാം കണ്ടും കേട്ടും ചര്‍ച്ച ചെയ്തും വാപൊളിച്ചിരുന്ന സമയം നഷ്ടമാക്കിയ ജനങ്ങളും തിരിച്ചറിയുന്നില്ല.

അല്ലെങ്കില്‍ അത്തരമൊരു തിരിച്ചറിവ് ഉണ്ടാവാനുള്ളൊരു സ്‌പേസ് നമ്മുടെ മാധ്യമങ്ങളോ രാഷ്ട്രീയ നേതൃത്വമോ ജനങ്ങള്‍ക്കു നല്‍കുന്നില്ല. അതിനുമുമ്പെ അവര്‍ അവന്റെ ചിന്തയിലേക്ക് അടുത്തവിവാദം തിരുകി കയറ്റിയിരിക്കും. മെട്രോ റെയില്‍ പദ്ധതിക്കുള്ള ഫണ്ടില്‍ രണ്ടു കോടി രൂപ മുഖ്യമന്ത്രിയുടെ ബന്ധു മാനേജരായിരിക്കുന്ന സ്വകാര്യബാങ്കില്‍ നിക്ഷേപിച്ചിരിക്കുന്നു എന്ന വിഷയംപോലും മണിക്കൂറുകളാണ് മലയാളികളും മാധ്യമങ്ങളും ചര്‍ച്ച ചെയ്തത്.

ഇത് ഒരുപക്ഷെ ദിവസങ്ങള്‍ ചര്‍ച്ച ചെയ്യാനിരിക്കെയാണ് വി.എസിനെതിരെ ഗണേഷ്‌കുമാറിന്റെ നാവില്‍ സരസ്വതി വിളയായടിയത്. ഇനി ഈ വിഷയവുമായി രണ്ടു നാള്‍ കഴിയാം. അപ്പോഴേക്കും അടുത്ത വിവാദത്തിലുള്ള വിഷയം ആരെങ്കിലും ഉണ്ടാക്കാതിരിക്കില്ല. പി.സി.ജോര്‍ജും രാധാകൃഷ്ണപിള്ളയും ബാലകൃഷ്ണപിള്ളയും സന്തോഷ്് പണ്ഡിറ്റും ഉള്ള നാട്ടിലാണോ വിവാദങ്ങള്‍ക്ക് പഞ്ഞം.

പക്ഷെ അപ്പോഴും പ്രസക്തമായൊരു ചോദ്യം ഉത്തരമില്ലാതെ ബാക്കിയുണ്ടാവും. ഈ വിവാദങ്ങള്‍ക്കൊണ്ട് സാധാരണക്കാരന്റെ ജീവിതത്തില്‍ എന്തു മാറ്റമുണ്ടായി എന്ന്. വികസനത്തിന്റെയും കരുതലിന്റെയും പേരു പറഞ്ഞ് അധികാരത്തിലേറിയ കുഞ്ഞൂഞ്ഞിനും കൂട്ടര്‍ക്കും ഒരു കാര്യത്തിലെങ്കിലും അഭിമാനിക്കാം. അധികാരത്തിലേറി കുറഞ്ഞനാള്‍ക്കൊണ്ട് വിവാദങ്ങളുടെ നൂറുമേനി വിളയിച്ചെടുത്തതില്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക