Image

സ്റ്റാച്യു ഓഫ്‌ ലിബര്‍ട്ടിയ്‌ക്ക്‌ നൂറ്റിഇരുപത്തഞ്ചാം പിറന്നാള്‍ (അങ്കിള്‍സാം വിശേഷങ്ങള്‍)

Published on 29 October, 2011
സ്റ്റാച്യു ഓഫ്‌ ലിബര്‍ട്ടിയ്‌ക്ക്‌ നൂറ്റിഇരുപത്തഞ്ചാം പിറന്നാള്‍ (അങ്കിള്‍സാം വിശേഷങ്ങള്‍)
ന്യൂയോര്‍ക്ക്‌: അമേരിക്കന്‍ സ്വാതന്ത്യത്തിന്റെ പ്രതീകമായ `സ്‌റ്റാച്യു ഓഫ്‌ ലിബര്‍ട്ടി യുടെ 125ാം പിറന്നാള്‍ യുഎസ്‌ വര്‍ണാഭമായി കൊണ്‌ടാടി. പച്ചനിറമുള്ള പ്രതിമയുടെ രൂപത്തിലുണ്‌ടാക്കിയ കേക്ക്‌ മുറിച്ചുകൊണ്‌ടാണ്‌ ആഘോഷം അവസാനിപ്പിച്ചത്‌.

ആഘോഷത്തിനു ശേഷം സന്ദര്‍ശകരുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ `സ്‌റ്റാച്യു ഓഫ്‌ ലിബര്‍ട്ടി പുനരുദ്ധാരണ ജോലികള്‍ക്കായി ഒരു വര്‍ഷത്തേക്ക്‌ അടച്ചു. 2.7 കോടി ഡോളര്‍ ചെലവു വരുന്ന പദ്ധതിയാണ്‌ ഇതിലേക്ക്‌ അംഗീകരിച്ചിരിക്കുന്നത്‌.

അമേരിക്കന്‍ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ നൂറാം വാര്‍ഷികത്തിനുള്ള സമ്മാനമായി ഫ്രഞ്ചുകാര്‍ സമ്മാനിച്ചതാണ്‌ ഈ പ്രതിമ. 46 മീറ്ററാണു പ്രതിമയുടെ മാത്രം ഉയരം. വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ഭീകരാക്രമണത്തിനു ശേഷം സുരക്ഷ കണക്കിലെടുത്ത്‌, പ്രതിമ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുന്നവരുടെ എണ്ണം നിയന്ത്രിച്ചിരുന്നു.

യുഎസിലെയും ഫ്രാന്‍സിലെയും ആയിരത്തിലേറെ പേര്‍ ലിബര്‍ട്ടി ദ്വീപില്‍ പ്രതിമ സമര്‍പ്പണത്തിന്റെ വാര്‍ഷികാഘോഷത്തില്‍ പങ്കാളികളായി. നാല്‍പതിലധികം രാജ്യങ്ങളില്‍ നിന്ന്‌ ഇവിടെയെത്തി അമേരിക്കന്‍ പൗരത്വം സ്വീകരിച്ചവരും ഇവരില്‍ ഉള്‍പ്പെടുന്നു.യുഎസിന്റെയും ഫ്രാന്‍സിന്റെയും ദേശഭക്‌തി ഗാനങ്ങള്‍ വേദിയില്‍ മുഴങ്ങി. ബോട്ടുകളില്‍ നിന്ന്‌ അഭിവാദ്യമര്‍പ്പിച്ചും പ്രതിമയ്‌ക്കു ചുറ്റും പ്രഭാരൂപങ്ങള്‍ ഉയര്‍ത്തിയുമായിരുന്നു ആഘോഷം.

താടി കളയാന്‍ വിസമ്മതിച്ച സിഖ്‌ വംശജന്‌ നിയമനം, നഷ്‌ടപരിഹാരം

വാഷിംഗ്‌ടണ്‍: മതാചാരപ്രകാരമുള്ള താടി വടിക്കാന്‍ വിസമ്മതിച്ചതിനു ജയില്‍ ഗാര്‍ഡ്‌ ജോലി നിരസിക്കപ്പെട്ട സിഖ്‌ വംശജന്‍ ത്രിലോചന്‍ സിങ്‌ ഒബ്‌റോയിക്ക്‌ (63) ആറു വര്‍ഷത്തെ നിയമയുദ്ധത്തിനുശേഷം കലിഫോര്‍ണിയ സ്‌റ്റേറ്റ്‌ പഴ്‌സനേല്‍ ബോര്‍ഡിന്റെ ഒത്തുതീര്‍പ്പുവഴി ജയിലില്‍ കറക്‌ഷനല്‍ ഓഫിസറായി നിയമനവും 2,95,000 ഡോളര്‍ നഷ്‌ടപരിഹാരവും.

സെപ്‌റ്റംബര്‍ 11 ഭീകരാക്രമണത്തിനുശേഷം ദക്ഷിണേഷ്യന്‍ വംശജരെ, പ്രത്യേകിച്ചു താടിയുള്ള സിഖ്‌ വംശജരെ ഭീകരരെന്ന മുന്‍വിധിയോടു കൂടി വീക്ഷിക്കുന്നതിനെയാണ്‌ ഒബ്‌റോയിയുടെ നിയമയുദ്ധം പ്രതിഫലിപ്പിച്ചതെന്ന്‌ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഹര്‍മീത്‌ കെ. ധില്ലന്‍ പറഞ്ഞു.

സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ആപ്പിളിനെ പിന്തള്ളി സാംസംഗ്‌ ഒന്നാമത്‌

കാലിഫോര്‍ണിയ: പേറ്റന്റിന്റെ പേരില്‍ ആപ്പിളും സാംസംഗും തമ്മിലുള്ള ബലാബലം തുടരുന്നതിനിടെ, ആഗോള സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ആപ്പിളിനെ കടത്തിവെട്ടി സാംസംഗ്‌ മുന്നിലെത്തിയതായി റിപ്പോര്‍ട്ട്‌. ഈ വര്‍ഷത്തെ മൂന്നാംപാദത്തിലാണ്‌ (ജൂലായ്‌-സെപ്‌റ്റംബര്‍) സാംസംഗ്‌ മുന്നിലെത്തിയത്‌.

ഇക്കാലയളവില്‍ സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ സാംസംഗിന്റെ വിഹിതം ഏതാണ്‌ട്‌ 24 ശതമാനമായതായി `സ്‌ട്രാറ്റജി അനാലിറ്റിക്‌സ്‌' പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. 27.8 മില്യണ്‍ സ്‌മാര്‍ട്ട്‌ഫോണുകളാണ്‌ 2011 ജൂലായ്‌-സെപ്‌റ്റംബര്‍ കാലയളവില്‍ സാംസംഗ്‌ വിപണിയിലെത്തിച്ചത്‌. അതേസമയം, ഇക്കാലയളവില്‍ 17.1 മില്യണ്‍ ഫോണുകള്‍ മാത്രമാണ്‌ ആപ്പിളിന്‌ വിപണിയിലെത്തിക്കാനായത്‌.16.8 മില്യണ്‍ ഫോണുകള്‍ വിപണിയിലെത്തിച്ച നോക്കിയയാണ്‌ മൂന്നാംസ്ഥാനത്ത്‌.

ആപ്പിളിന്റെ പുതിയ ഐഫോണ്‍ മോഡല്‍ (ഐഫോണ്‍ 4 എസ്‌) പുറത്തുവരാനായി ഉപഭോക്താക്കള്‍ കാക്കുന്ന സമയമായിരുന്നു ജൂലായ്‌-സെപ്‌റ്റംബര്‍ കാലം. അതുകൊണ്‌ടാണ്‌ ഐഫോണിന്റെ വില്‍പ്പന പിന്നിലായതെന്ന്‌ റിപ്പോര്‍ട്ട്‌ വിലയിരുത്തുന്നു. ആന്‍ഡ്രോയിഡ്‌ അധിഷ്‌ഠിതമായ ഗാലക്‌സി ഫോണുകളാണ്‌ സാസംഗിന്റെ മുന്നേറ്റം സാധ്യമാക്കിയത്‌. ആകെ 117 മില്യണ്‍ സ്‌മാര്‍ട്ട്‌ഫോണുകളാണ്‌ 2011 ജൂലായ്‌- സെപ്‌റ്റംബര്‍ കാലത്ത്‌ ലോകവിപണിയിലെത്തിയത്‌. കഴിഞ്ഞവര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച്‌ 44 ശതമാനം കൂടുതലാണിത്‌.

ന്യൂയോര്‍ക്കിലെ ആദ്യ കാസിനോ ജനങ്ങള്‍ക്കായി തുറന്നു

ന്യൂയോര്‍ക്ക്‌: വര്‍ഷങ്ങള്‍ നീണ്‌ട കാത്തിരിപ്പിനുശേഷം ന്യൂയോര്‍ക്കിലെ ആദ്യ കാസിനോ ജനങ്ങള്‍ക്കായി തുറന്നു. ന്യൂയോര്‍ക്ക്‌ നഗരത്തിലെ ക്യൂന്‍സിലുള്ള അക്യുഡക്‌ട്‌ റേസ്‌ ട്രാക്കിന്‌ സമീപമാണ്‌ `റിസോര്‍ട്ട്‌ വേള്‍ഡ്‌' കാസിനോ പ്രവര്‍ത്തനം ആരംഭിച്ചത്‌. 2001 സെപ്‌റ്റംബര്‍ 11 അക്രമണത്തിനുശേഷമുണ്‌ടായ സാമ്പത്തികമാന്ദ്യത്തെത്തുടര്‍ന്ന്‌ കാസിനോയ്‌ക്കുള്ള അനുമതി നല്‍കുന്നത്‌ സംസ്ഥാന ഭരണകൂടം വൈകിപ്പിക്കുകയായിരുന്നു. നേരിട്ടുള്ള ചൂതാട്ടത്തിന്‌ പകരം വീഡിയോ ഗെയിമിലൂടെയും വീഡീയോ ലോട്ടറിയിലൂടെയുമുള്ള ചൂതാട്ടമാണ്‌ ന്യൂയോര്‍ക്ക്‌ കാസിനോയില്‍ ഉണ്‌ടാവുക. ഡീലര്‍മാരുമായി നേരിട്ടുള്ള ചൂതാട്ടത്തിന്‌ സ്‌കോപ്പില്ലാത്തത്‌ ചിലര്‍ക്കെങ്കിലും നിരാശപകര്‍ന്നെങ്കിലും ഏറെ നാളത്തെ കാത്തിരിപ്പിനുശംഷം തുറന്ന കാസിനോയില്‍ കയറി ഭാഗ്യം പരീക്ഷിക്കാന്‍ ആദ്യദിനം തന്നെ ജനങ്ങളുടെ നീണ്‌ടനിരയായിരുന്നു ഉണ്‌ടായിരുന്നത്‌.

റോമ്‌നെയുടെ മോര്‍മോണ്‍ പശ്ചാത്തലത്തെക്കുറിച്ച്‌ 58 ശതമാനം അമേരിക്കക്കാര്‍ക്കും അറിവില്ല

ന്യൂയോര്‍ക്ക്‌: അടുത്തവര്‍ഷം നടക്കുന്ന യുഎസ്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാവാന്‍ ഒരുങ്ങുന്ന മിറ്റ്‌ റോമ്‌നെയുടെ മോര്‍മോണ്‍ പശ്ചാത്തലം രാഷ്‌ട്രീയ നേതൃത്വത്തിനിടയില്‍ വലിയ ചര്‍ച്ചയാണെങ്കിലും ഭൂരിഭാഗം വോട്ടര്‍മാരും ഇതിനെക്കുറിച്ച്‌ ബോധവാന്‍മരല്ലെന്ന്‌ സര്‍വെ. പബ്ലിക്‌ റിലീജിയന്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിസ്റ്റ്യൂട്ട്‌ അടുത്തിടെ നടത്തിയ ഒരു സര്‍വെ അനുസരിച്ച്‌ 58 ശതമാനം ജനങ്ങളും റോമ്‌നെയുടെ മോര്‍മോണ്‍ പശ്ചാത്തലത്തെപ്പറ്റി അറിവില്ലാത്തവരാണ്‌.

സര്‍വെയില്‍ പങ്കെടുത്ത 45 ലശതമാനം പേര്‍ക്കും റോമ്‌നെയുടെ മതമേതാണെന്നു പോലും അറിയില്ലെങ്കില്‍ 10 ശതമാനം പേര്‍ റോമ്‌നെ പ്രൊട്ടസ്റ്റന്റോ കത്തോലിക്കനോ ആണെന്നാണ്‌ ധരിച്ചിരിക്കുന്നത്‌. റോമ്‌നെയുടെ മോര്‍മോണ്‍ പശ്ചാത്തലം ആയുധമാക്കി പ്രസിഡന്റ്‌ സ്ഥാനാര്‍ഥിയാവാന്‍ അദ്ദേഹത്തിന്‌ വെല്ലുവിളി ഉയര്‍ത്തുന്ന റിക്‌ പെറിയുടെ തെരഞ്ഞെടുപ്പ്‌ പ്രചാരകര്‍ രംഗത്തുവന്നിരുന്നു. എന്നാല്‍ മുന്‍ ഉഠാ ഗവര്‍ണര്‍ കൂടിയായ റോമ്‌നെയുടെ മോര്‍മോണ്‍ പശ്ചാത്തലത്തെക്കുറിച്ച്‌ ടെക്‌സാസ്‌ ഗവര്‍ണര്‍ കൂടിയായ പെറി ഇതുവരെ പരസ്യമായി രംഗത്തുവന്നിട്ടില്ല.

ഫേസ്‌ബുക്ക്‌ ഒരുദിവസം നേരിടുന്നത്‌ 60,000 ഹാക്കിംഗ്‌ ശ്രമങ്ങള്‍

ന്യൂയോര്‍ക്ക്‌: ജനപ്രിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ വെബ്‌സൈറ്റായ ഫേസ്‌ബുക്‌ ഒരുദിവസം നേരിടുന്നത്‌ 60,000 ഹാക്കിംഗ്‌ ശ്രമങ്ങള്‍. മോഷ്‌ടിച്ച യൂസര്‍നെയിമും പാസ്‌വേഡും ഉപയോഗിച്ചാണ്‌ ഹാക്കര്‍മാര്‍ ഫേസ്‌ബുക്ക്‌ അക്കൗണ്‌ടില്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നത്‌. 800 മില്യണ്‍ ഉപയോക്താക്കളുള്ള ഫേസ്‌ബുക്കില്‍ ഓരോദിവസവും ഒരു മില്യണ്‍ പേര്‍ ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കാറുണ്‌ട്‌. വ്യാജ ഓഫറുകളും സന്ദേശങ്ങളും അയക്കാനും ഉല്‍പ്പന്നങ്ങളുടെ മാര്‍ക്കറ്റിംഗിനും വേണ്‌ടിയാണ്‌ ഹാക്കര്‍മാര്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിക്കുന്നത്‌.

അഡീഷണല്‍ ഓതന്റിക്കേഷന്‍ ചോദ്യങ്ങളിലാണ്‌ പല ഹാക്കര്‍മാരും കുടുങ്ങാറുള്ളത്‌. ലോഗിന്‍ പരാജയപ്പെടുമ്പോള്‍ ഉപയോക്താക്കളോട്‌ സുഹൃത്തുകളുടെ ചിത്രം കണ്‌ട്‌ തിരിച്ചറിയാന്‍ ആവശ്യപ്പെടുന്ന പുതിയ ട്രസ്റ്റഡ്‌ ഫ്രണ്‌ട്‌സ്‌ സാങ്കേതികത ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ്‌ ഹാക്കു ചെയ്യാന്‍ ശ്രമിക്കുന്നവരുടെ എണ്ണം കൃത്യമായി മനസ്സിലാക്കാനായതെന്നും ഫേസ്‌ബുക്ക്‌ വക്താവ്‌ ബാരി ഷ്‌നിറ്റ്‌ പറഞ്ഞു.

ഇന്ത്യ കാണാന്‍ കിം കാര്‍ദാഷിയാനും ആഗ്രഹം

ന്യൂയോര്‍ക്ക്‌: ഇന്ത്യെയെ കണ്‌ടെത്താനെത്തുന്ന ഹോളിവുഡ്‌ സെലിബ്രിറ്റികളുടെ എണ്ണം കൂടുന്നു. ഫോര്‍മുല വണ്‍ കാറോട്ട മത്സരങ്ങളുടെ ഭാഗമായി ഇന്ത്യയിലെത്തിയ ലേഡി ഗാഗയ്‌ക്ക്‌ പിന്നാലെ മറ്റൊരു ഹോളിവുഡ്‌ താരം ഇന്ത്യയിലെത്താന്‍ താല്‍പര്യംപ്രകടിപ്പിച്ച്‌ രംഗത്തെത്തി. റിയാലിറ്റി സ്റ്റാര്‍ കിം കാര്‍ദാഷിയാനാണ്‌ ഇപ്പോള്‍ ഇന്ത്യ കാണാന്‍ പൂതി തോന്നിയിരിക്കുന്നത്‌. ഇന്ത്യന്‍ വംശജനായ യുഎസ്‌ വ്യവസായി വിക്രം ചത്‌വാളിന്റെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കവെയാണ്‌ കിം തന്റെ ആഗ്രഹം പരസ്യമാക്കിയത്‌. സുഹൃത്തും ഇന്ത്യന്‍ ഡിസൈനറുമായ റെയ്‌ച്ചല്‍ റോയിയില്‍ നിന്ന്‌ ഇന്ത്യയിലെ ഫാഷനെക്കുറിച്ചും വസ്‌ത്രധാരണരീതിയെക്കുറിച്ചുമെല്ലാം താന്‍ മനസ്സിലാക്കിയിട്ടുണ്‌ടെന്നും അതൊന്ന്‌ നേരിട്ട്‌ അനുഭവിച്ചറിയണമെന്ന്‌ ആഗ്രമുണ്‌ടെന്നും കിം വ്യക്തമാക്കി. ഇന്ത്യയിലെ പാരമ്പര്യവസ്‌ത്രങ്ങള്‍ വാങ്ങണമെന്നും തനിക്ക്‌ ആഗ്രഹമുണ്‌ടെന്ന്‌ കിം പറയുന്നു. ഇന്ത്യക്കാരണിയുന്ന നിറങ്ങളും സ്വര്‍ണവളകളുമെല്ലാം തനിക്ക്‌ ഇഷ്‌ടമാണെന്നും കിം പറഞ്ഞു. ആഞ്ചലീന്‌ ജോളി, ബ്രാഡ്‌ പിറ്റ്‌, ജൂലിയ റോബര്‍ട്‌സ്‌, പാരീസ്‌ ഹില്‍ട്ടണ്‍ വില്‍ സ്‌മിത്ത്‌ തുടങ്ങിയ ഹോളിവുഡ്‌ സെലിബ്രിറ്റികളും കഴിഞ്ഞവര്‍ഷങ്ങളില്‍ ഇന്ത്യയിലെത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക