Image

സാഹിത്യ സമ്മേളനം ശ്രദ്ധേയമായി

ജോസ് കണിയാലി Published on 29 October, 2011
സാഹിത്യ സമ്മേളനം ശ്രദ്ധേയമായി
ന്യൂജേഴ്‌സി : ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നാലാം ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നടന്ന സാഹിത്യസമ്മേളനം എബ്രഹാം തോമസിന്റെ അദ്ധ്യക്ഷതയില്‍ നടത്തപ്പെട്ടു. നോര്‍ത്ത് ടെക്‌സസ് ചാപ്റ്റര്‍ നേതൃത്വം നല്‍കിയ ഈ ചര്‍ച്ചയില്‍ സണ്ണി മാളിയേക്കല്‍ , ജോസ് പ്ലാക്കാട്, ബിജിലി ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു. ജോര്‍ജ് തുമ്പയിലിന്റെ വിഷയാവതരണത്തിനുശേഷം ചര്‍ച്ചകള്‍ നയിച്ചത് മോഡറേറ്റര്‍ ജെ. മാത്യൂസ് ആയിരുന്നു.

വിരസമായി തോന്നിയേക്കാവുന്ന 'അമേരിക്കയില്‍ മലയാള സാഹിത്യത്തിന്റെ വളര്‍ച്ചയ്ക്കുള്ള മലയാള മാധ്യമങ്ങളുടെ പങ്ക് ' എന്ന വിഷയം ചര്‍ച്ചയില്‍ പങ്കെടുത്തവരുടെ സജീവമായ പങ്കാളിത്തം കൊണ്ട് സജീവമായി. വിഷയം അവതരിപ്പിച്ചുകൊണ്ട് ജെ. മാത്യൂസ് സംസാരിച്ചു. അമേരിക്കയിലെ എഴുത്തുകാരുടെ കൃതികള്‍ നിരന്തരം പ്രസിദ്ധീകരിക്കുന്നതിലൂടെ, മലയാള മാധ്യമങ്ങള്‍ സാഹിത്യത്തിന്റെ വളര്‍ച്ചയ്ക്കും പ്രചാരത്തിനും നല്‍കിയ സംഭാവന പ്രശംസിക്കപ്പെട്ടു. മാധ്യമങ്ങളും എഴുത്തുകാരും നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചാവിഷയമായി. ഒരേ രചന തന്നെ ഒരേസമയത്ത് വിവിധ മാധ്യമങ്ങള്‍ക്ക് അയച്ചുകൊടുക്കുന്നത്, സര്‍ഗ്ഗാത്മകത്വം വേണ്ടത്രയില്ലാത്ത സൃഷ്ടികള്‍ , വായനക്കാരുടെ വിരസത, എഴുത്തുകാര്‍ക്ക് പ്രതിഫലം നല്‍കാന്‍ സാമ്പത്തികശേഷി ഇല്ലാത്ത മാധ്യമങ്ങള്‍ , സ്യൂഡോ റൈറ്റേഴ്‌സ്, പല മാധ്യമങ്ങളിലും കണ്ടുവരുന്ന ഒരേതരം വാര്‍ത്തകള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു.

ശങ്കരന്‍കുട്ടിയുടെ കവിതാപാരായണത്തോടുകൂടി ആരംഭിച്ച ചര്‍ച്ചയില്‍ ജേക്കബ് റോയി, ടാജ് മാത്യു, ജോര്‍ജ് കാക്കനാട്ട്, ജോണ്‍ ഇലക്കാട്, അലക്‌സ് വിളനിലം, ജോസ് കാടാപുറം, ജോസ് കണിയാലി, പ്രിന്‍സ് മാര്‍ക്കോസ്, മൊയ്തീന്‍ പുത്തന്‍ചിറ, ജോര്‍ജ് പാടിയേടത്ത്, ജോര്‍ജ് തുമ്പയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രസിദ്ധീകരണം നടത്തുന്നവരുടെയും എഴുത്തുകാരുടെയും വായനക്കാരുടെയും വ്യത്യസ്ത വീക്ഷണങ്ങള്‍ ഈ ചര്‍ച്ചയില്‍ അവതരിപ്പിക്കപ്പെട്ടു.

മലയാള മനോരമ ഡല്‍ഹി ബ്യൂറോ ചീഫ് ഡി. വിജയമോഹന്‍ ഈ ചര്‍ച്ചയില്‍ ആദ്യന്തം പങ്കെടുത്തു. അവതരിപ്പിക്കപ്പെട്ട പ്രശ്‌നങ്ങള്‍ വിലയിരുത്തിക്കൊണ്ട് അദ്ദേഹം ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചു. 'വായനയില്‍ വരുന്ന കുറവ്' ഇന്ന് കേരളത്തില്‍പ്പോലും ഭാഷയും സാഹിത്യവും നേരിടുന്ന ഒരു വെല്ലുവിളിയാണെന്ന് നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം സമര്‍ത്ഥിച്ചു.
മാധ്യമങ്ങളും സാഹിത്യകാരന്മാരും വായനക്കാരും ഒരേ ലക്ഷ്യത്തോടെ സഹകരിച്ച്പ്രവര്‍ത്തിക്കണമെന്നുള്ള ആഹ്വാനത്തോടെ ചര്‍ച്ച ഉപസംഹരിക്കപ്പെട്ടു.

സാഹിത്യ സമ്മേളനം ശ്രദ്ധേയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക