Image

പ്രസ്‌ക്ലബ്‌ കോണ്‍ഫ്രന്‍സില്‍ സെമിനാറുകള്‍ക്ക്‌ തുടക്കമായി

ജോസ്‌ കണിയാലി Published on 29 October, 2011
പ്രസ്‌ക്ലബ്‌ കോണ്‍ഫ്രന്‍സില്‍ സെമിനാറുകള്‍ക്ക്‌ തുടക്കമായി
സോമര്‍സെറ്റ്‌ (ന്യൂജേഴ്‌സി) : പതിറ്റാണ്ടുകളുടെ പത്രപ്രവര്‍ത്തന അനുഭവങ്ങള്‍ അമേരിക്കയിലെ മാധ്യമപ്രവര്‍ത്തകരുമായി പങ്കുവച്ചപ്പോള്‍ അത്‌ വാര്‍ത്തകള്‍ക്ക്‌ പിന്നിലുള്ള വാര്‍ത്തകളുടെ വെളിപ്പെടുത്തലുമായി. ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ നാലാമത്‌ കോണ്‍ഫ്രന്‍സില്‍ അതിഥികളായെത്തിയ ഡി. വിജയമോഹന്‍ (മലയാള മനോരമ), ബി.സി. ജോജോ (കേരള കൗമുദി), ജോണ്‍ ബ്രിട്ടാസ്‌ (ഏഷ്യാനെറ്റ്‌) എന്നിവരാണ്‌ വാര്‍ത്തകള്‍ തേടിപ്പോകുന്ന പത്രപ്രവര്‍ത്തകര്‍ കാണുന്ന പിന്നാമ്പുറ വിശേഷങ്ങളുടെ ചുരുളഴിച്ചത്‌. ഇന്ത്യയില്‍ മൂല്യബോധമുള്ള 200 വര്‍ഷത്തെ പത്രപ്രവര്‍ത്തന ചരിത്രം പരിശോധിച്ചാല്‍ അതില്‍ ഏറ്റവും തലയെടുപ്പുള്ളത്‌ ഒരു മലയാളിക്കാണെന്ന്‌ ബി.സി. ജോജോ ചൂണ്ടിക്കാട്ടി. പോത്തന്‍ ജോസഫ്‌ എന്ന പ്രതിഭാധനനായ ആ പത്രപ്രവര്‍ത്തകന്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി നിന്നുകൊണ്ടാണ്‌ പത്രപ്രവര്‍ത്തനം നടത്തിയത്‌. അസ്വാതന്ത്ര്യം അനുഭവിക്കുന്ന ജനതയുടെ സ്വരം അധികാരസ്ഥാനങ്ങളിലെത്തിക്കാന്‍ പോത്തന്‍ ജോസഫിന്റെ അതിശക്തമായ തൂലികയ്‌ക്ക്‌ കഴിഞ്ഞിരുന്നു. ബിബ്ലിക്കല്‍ ഭാഷയായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നതെന്ന്‌ മഹാത്മാഗാന്ധി അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ഇരുപത്തിനാലാം വയസ്സില്‍ പത്രപ്രവര്‍ത്തന രംഗത്തെത്തിയ അദ്ദേഹം തുടര്‍ന്ന്‌ മുഹമ്മദാലി ജിന്നയുടെ നേതൃത്വത്തിലുള്ള ബോംബെ സ്റ്റാന്‍ഡാര്‍ഡിലും പ്രവര്‍ത്തിച്ചു. തുടര്‍ന്ന്‌ 1930 ല്‍ ഹിന്ദുസ്ഥാന്‍ ടൈംസിലെത്തിയപ്പോഴാണ്‌ അദ്ദേഹത്തിന്റെ പ്രതിഭ കൂടുതല്‍ പ്രശോഭിക്കാന്‍ തുടങ്ങിയത്‌. ബ്രിട്ടീഷ്‌ രാജ്ഞിയുടെ പ്രതിനിധിയായി ഇന്ത്യ ഭരിച്ചിരുന്ന വൈസ്രോയി ലോര്‍ഡ്‌ വെല്ലിംഗ്‌ടണ്‌ എതിരെയായിരുന്നു അദ്ദേഹത്തിന്റെ തൂലികയുടെ പടയോട്ടം. അന്ന്‌ വെല്ലിംഗ്‌ടണിന്റെ പത്‌നി ഭരണത്തില്‍ കൈകടത്തുന്നതിനെതിരെ പോത്തന്‍ ജോസഫ്‌ ആഞ്ഞടിച്ചിരുന്നു.

ഗുജറാത്തിലെ ഗീര്‍വനങ്ങളില്‍ തപസ്സനുഷ്‌ഠിച്ചിരുന്ന പ്രസന്നാദേവി എന്ന സന്യാസിനിയാണ്‌ 31 വര്‍ഷത്തെ പത്രപ്രവര്‍ത്തന ജീവിതത്തിനിടയില്‍ തന്നെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തിയെന്ന്‌ ഡി. വിജയമോഹന്‍ (മലയാള മനോരമ) ചൂണ്ടിക്കാട്ടി. സിംഹവും പുലികളും അട്ടഹസിച്ചുനടക്കുന്ന ഗീര്‍വനത്തില്‍ മലയാളിയായ സന്യാസിനി ഒറ്റയ്‌ക്ക്‌ ജീവിക്കുന്നത്‌ അത്ഭുതം പോലെയാണ്‌ തോന്നിയത്‌. മാര്‍പ്പാപ്പാ പ്രത്യേക അനുമതി നല്‍കിയാണ്‌ പ്രസന്നാദേവിയുടെ സന്യാസജീവിതത്തിന്‌ അംഗീകാരം നല്‍കിയത്‌. ഒട്ടേറെ ഗുണപാഠങ്ങളുടെ ഒരു സര്‍വ്വകലാശാലയായാണ്‌ പ്രസന്നാദേവിയുടെ ജീവിതത്തെ തനിക്ക്‌ കാണാന്‍ കഴിഞ്ഞതെന്ന്‌ ഡി. വിജയമോഹന്‍ പറഞ്ഞു.

വാര്‍ത്തകള്‍ തേടിപ്പോകുമ്പോള്‍ പത്രപ്രവര്‍ത്തകനിലെ മനുഷ്യസ്‌നേഹിയെ തിരിച്ചറിയാന്‍ കഴിയുന്ന അവസരങ്ങളിലേക്കാണ്‌ ഏഷ്യാനെറ്റിലെ ജോണ്‍ ബ്രിട്ടാസ്‌ വിരല്‍ ചൂണ്ടിയത്‌. ഇറാക്ക്‌ യുദ്ധം റിപ്പോര്‍ട്ട്‌ ചെയ്യുവാന്‍ ബാഗ്‌ദാദിലെത്തിയപ്പോള്‍ അവിടെക്കണ്ട കാഴ്‌ചകള്‍ ആരുടെയും കരളലിയിക്കുന്നതായിരുന്നു. ചാനലുകളിലൂടെയും പത്രങ്ങളിലൂടെയും പുറംലോകം അറിഞ്ഞ പലതിലും അപ്പുറത്തായിരുന്നു ഇറാക്ക്‌. ഗുജറാത്തില്‍ ഭൂകമ്പമുണ്ടായപ്പോള്‍ കുഞ്ഞുങ്ങളുടെ മൃതദേഹം വരെ ട്രക്കിലേക്ക്‌ വലിച്ചെറിയുന്നത്‌ നേരില്‍ കാണാനിടയായി. വാര്‍ത്തകളുടെ വാണിജ്യസാദ്ധ്യതകള്‍ക്കപ്പുറം നമ്മുടെ ഉള്ളിലെ മനുഷ്യത്വത്തെ ഉണര്‍ത്തുന്ന ഇത്തരം ദൃശ്യാനുഭവങ്ങളാണ്‌ ഏറ്റവും വലിയ അനുഭവ സമ്പത്തെന്ന്‌ ജോണ്‍ ബ്രിട്ടാസ്‌ ചൂണ്ടിക്കാട്ടി. ജെ. മാത്യൂസ്‌ ആമുഖപ്രസംഗം നടത്തി. പ്രസ്‌ ക്ലബ്‌ ദേശീയ ട്രഷറര്‍ ജോര്‍ജ്‌ തുമ്പയില്‍ സ്വാഗതം പറഞ്ഞു. സെമിനാര്‍ കോര്‍ഡിനേറ്റര്‍ ജോസ്‌ കണിയാലി സെമിനാറിന്റെ വിഷയങ്ങളെക്കുറിച്ച്‌ വിശദീകരണം നല്‍കി. ഒക്കലഹോമ ചാപ്‌റ്റര്‍ ഭാരവാഹികളായ ശങ്കരന്‍കുട്ടി, ഷാജി ജോര്‍ജ്‌, ജോര്‍ജ്‌ ചെറായിയില്‍, ഫ്‌ളോറിഡ ചാപ്‌റ്റര്‍ ഭാരവാഹികളായ മാത്യു വര്‍ഗീസ്‌, സുനില്‍ തൈമറ്റം എന്നിവര്‍ ചര്‍ച്ചകള്‍ക്ക്‌ നേതൃത്വം നല്‍കി. ദേശീയ ഭാരവാഹികളായ റെജി ജോര്‍ജ്‌, ശിവന്‍ മുഹമ്മ, ഡോ. കൃഷ്‌ണ കിഷോര്‍, ടാജ്‌ മാത്യു, ജോര്‍ജ്‌ ജോസഫ്‌, ന്യൂയോര്‍ക്ക്‌ ചാപ്‌റ്റര്‍ ഭാരവാഹികളായ സുനില്‍ ട്രൈസ്റ്റാര്‍, മധു കൊട്ടാരക്കര, സജി എബ്രഹാം, ജീന്‍സ്‌മോന്‍ സഖറിയ, സജി കീക്കാടന്‍, സഞ്‌ജീവ്‌ വര്‍ഗീസ്‌ തുടങ്ങിയവര്‍ ക്രമീകരണങ്ങളുടെ ചുമതല വഹിച്ചു.
പ്രസ്‌ക്ലബ്‌ കോണ്‍ഫ്രന്‍സില്‍ സെമിനാറുകള്‍ക്ക്‌ തുടക്കമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക