Image

ഈ അപമാനം അംഗീകരിക്കില്ല: എംബസി: ഡോ. ദേവയാനിക്കു യാത്രാ നിയന്ത്രണം

Published on 14 December, 2013
ഈ അപമാനം അംഗീകരിക്കില്ല: എംബസി: ഡോ. ദേവയാനിക്കു യാത്രാ നിയന്ത്രണം
ന്യൂയോര്‍ക്ക്‌: ഡപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ഡോ. ദേവയാനി ഖോബ്രഗാഡെയുടെ അറസ്റ്റിലുള്ള പ്രതിക്ഷേധം ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ യു.എസ് ഉദ്യോഗസ്ഥരെ നേരില്‍ കണ്ട് അറിയിച്ചു. അംബാസിഡര്‍ സ്ഥാനമൊഴിഞ്ഞതിനാല്‍ താത്കാലിക ചുമതല വഹിക്കുന്ന ഷാഷെ ദഫാറെ (Charge d' Affairs) ആണ് യു.എസ് അധികൃതരെ സന്ദര്‍ശിച്ച് ഇന്ത്യയുടെ പ്രതിക്ഷേധം അറിയിച്ചത്.

ഇന്ത്യയിലെ യു.എസ്. അംബാസിഡര്‍ നാന്‍സി പവലിനെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിക്ഷേധം അറിയിച്ച കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. നയതന്ത്രജ്ഞ എന്ന നിലയിലാണ് ഡോ. ദേവയാനി അമേരിക്കയില്‍ വന്നത്. അതിനാല്‍ തന്നെ നയതന്ത്ര പരിരക്ഷ അവര്‍ക്കുണ്ട്. അതു മാനിക്കാനുള്ള ബാധ്യത അമേരിക്കന്‍ ഭരണകൂടത്തിനുണ്ട്.

ഇതിനു പുറമെ രണ്ടു കുട്ടികളുടെ മാതാവുകൂടിയാണ് അവര്‍. അവരെ അപമാനിച്ച രീതി ഇന്ത്യാ ഗവണ്‍മെന്റിനെ ഞെട്ടിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ഈ അപമാനകരമായ പെരുമാറ്റം ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും തറപ്പിച്ചുപറഞ്ഞു. ഈ പ്രശ്‌നം അടിയന്തരമായി പരിഹരിക്കാന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

ഡിസംബര്‍ 12-ന് അറസ്റ്റിലായ ഡോ. ദേവയാനിക്ക് ഉച്ചയ്ക്കുശേഷം യു.എസ് മജിസ്‌ട്രേറ്റ് ജഡ്ജ് ഡെബ്ര ഫ്രീമാന്‍ ജാമ്യം നല്‍കി. സ്വന്തം ജാമ്യത്തിനുപുറമെ (പേഴ്‌സണല്‍ റെക്കഗ്‌നേഷന്‍സ്) രണ്ടര ലക്ഷം ഡോളറുമാണ് ജാമ്യവ്യവസ്ഥ. ജാമ്യത്തുക മൂന്നുപേര്‍ കോ-സൈന്‍ ചെയ്ത് വൈകിട്ടുതന്നെ അവര്‍ പുറത്തിറങ്ങി.

ജാമ്യവ്യവസ്ഥയനുസരിച്ച് യാത്രാരേഖകളെല്ലാം അവര്‍ അധികൃതരെ ഏല്‍പിക്കണം. അമേരിക്കയ്ക്കുള്ളില്‍ യാത്രചെയ്യാം. പക്ഷെ ന്യൂയോര്‍ക്ക് സ്റ്റേറ്റ് വിട്ടുപോകുമ്പോള്‍ അധികൃതരെ അറിയിക്കണം. ആര്‍ക്കുവേണ്ടിയും യു.എസ് വിസയ്ക്ക് അവര്‍ക്ക് സ്‌പോണ്‍സര്‍ ചെയ്യാന്‍ പറ്റില്ല. നേരിട്ടോ അല്ലാതയോ മുന്‍ വേലക്കാരി സംഗീതാ റിച്ചാര്‍ഡുമായോ അവരുടെ ബന്ധുക്കളുമായോ ഒരു ബന്ധവും പാടില്ല. അതുപോലെ തന്നെ സ്വന്തം ജോലിയില്‍ എന്തെങ്കിലും മാറ്റമുണ്ടെങ്കിലും അക്കാര്യം ഡോ. ദേവയാനി യു.എസ് അധികൃതരെ അറിയിക്കണം.

വനിതകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുമെന്ന് ഡോ. ദേവയാനി നേരത്തെ പറഞ്ഞതു ചൂണ്ടിക്കാട്ടിയാണ് ന്യൂയോര്‍ക്ക് പോസ്റ്റ്, ഡെയ്‌ലി ന്യൂസ് പത്രങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അത്തരമൊരാളാണ് ജോലിക്കാരിക്ക് ന്യായമായ ശമ്പളം നിഷേധിച്ചതെന്ന് പത്രങ്ങള്‍ പരിഹസിച്ചു.

അതുപോലെ തന്നെ ആദര്‍ശ് കുംഭകോണവുമായി ബന്ധപ്പെട്ട് ഡോ. ദേവയാനിയുടെ പേര് വന്നതും പത്രങ്ങള്‍ എടുത്തുകാട്ടി. ആദര്‍ശ് സൊസൈറ്റിയില്‍ ഒരു ഫ്‌ളാറ്റ് ഡോ. ദേവയാനിക്കുണ്ടായിരുന്നു. ഇതേച്ചൊല്ലി അവര്‍ക്കെതിരേയും ഐ.എ.എസ് ഉദ്യോഗസ്ഥനായ പിതാവിനെതിരേയും ആക്ഷേപം അന്ന് ഉയര്‍ന്നതാണ്.

കഴിഞ്ഞ ജൂലൈയില്‍ വീട്ടുജോലിക്കാരി മന്‍ഹാട്ടനില്‍ ഒരു അറ്റോര്‍ണിയുടെ ഓഫീസില്‍ എത്തുമ്പോള്‍ വെസ്റ്റ് ചെസ്റ്ററിലെ ഒരു മലയാളിയും അവിടെ ഉണ്ടായിരുന്നു.

ജോലിക്കാരിയെ തിരിച്ചുകൊണ്ടുപോകുവാന്‍ കോണ്‍സുലേറ്റില്‍ \ിന്ന് ഉദ്യോഗസ്ഥര്‍ പുറത്തുകാത്തുനിന്നു. അവര്‍ പോയില്ല. മുംബയിലുള്ള ജോലിക്കാരിയുടെ വീട്ടുകാരെ അവിടെ ഇന്ത്യന്‍ അധിക്രുതര്‍ അതേ സമയം ഭീഷണിപ്പെടുത്തുകയും ചെയ്തു. ജോലിക്കാരി സംഗീത വീട്ടുകാരുമായി അറ്റോര്‍ണി ഓഫീസില്‍ നിന്നു സംസാരിച്ചു.
വൈകിട്ടത്തോടെ ഫെഡറല്‍ ഉദ്യോഗസ്ഥര്‍ വന്ന് ജോലിക്കാരിയെയും പുറത്തു കാത്തു നിന്നവരെയും കൂട്ടിക്കൊണ്ടു പോയി. പ്കഷെ ഇത് അറസ്റ്റില്‍ കലാസിക്കുമെന്നു കരുതിയതല്ല

ഇതേസമയം, ഡോ. ദേവയാനിയെ അറസ്റ്റ് ചെയ്ത രീതിക്കെതിരേ വ്യാപകമായ പ്രതിക്ഷേധം ഉയര്‍ന്നിട്ടുണ്ട്. കുട്ടിയെ സ്‌കൂളില്‍ വിടാന്‍ വന്നപ്പോള്‍ അറസ്റ്റ് ചെയ്ത് വിലങ്ങണിയിക്കാന്‍ മാത്രമുള്ള കൊടുംകുറ്റവാളിയൊന്നുമല്ല അവരെന്നു എല്ലാവരും ചൂണ്ടിക്കാട്ടുന്നു. നേരിട്ട് ഹാജരാകാന്‍ അവരോട് അധികൃതര്‍ക്ക് ആവശ്യപ്പെടാമായിരുന്നു. അവര്‍ നയതന്ത്രജ്ഞയാണെന്ന കാര്യവും അധികൃതര്‍ക്ക് അറിയാവുന്നതാണ്.

എന്നു മാത്രമല്ല ഇക്കാര്യം ഇന്ത്യാ ഗവണ്‍മെന്റുമായി സംസാരിച്ച് നടപടി എടുക്കാമായിരുന്നു. പ്രത്യേകിച്ച് ഡല്‍ഹി ഹൈക്കോടതിയില്‍ നിന്ന് ജോലിക്കാരിക്ക് എതിരേ ഉത്തരവുള്ള പശ്ചാത്തലത്തില്‍. പരമാവധി അവരെ തിരിച്ചുവിളിക്കാന്‍ ആവശ്യപ്പെടാം. അതിനു പകരം അവരേയും ഇന്ത്യയേയും അപമാനിക്കാനാണ് അധികൃതര്‍ ശ്രമിച്ചതെന്ന് പല സംഘടനാ നേതാക്കളും അഭിപ്രായപ്പെട്ടു.

തോമസ് ടി. ഉമ്മന്‍, യു.എ. നസീര്‍, അലക്‌സ് വിളനിലം തുടങ്ങി ഒട്ടേറെപ്പേര്‍ പ്രതിക്ഷേധം രേഖപ്പെടുത്തി.

നേരത്തെ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥയായിരുന്ന നീനാ മല്‍ഹോത്രയ്‌ക്കെതിരേ അവര്‍ നാട്ടിലേക്ക് മടങ്ങിയശേഷം അവരുടെ വേലക്കാരി ശാന്തി ഗുരുംഗ് കേസ് കൊടുത്തു. മല്‍ഹോത്ര കോടതിയില്‍ ഹാജരായില്ല. അതിനാല്‍ അവര്‍ക്കെതിരേ വിധി വന്നു. പിന്നീട് കോണ്‍സല്‍ ജനറല്‍ പ്രഭു ദയാലിനെതിരേ വീട്ടുജോലിക്കാരി കേസ് കൊടുത്തു. ഒടുവില്‍ അത് ഒത്തുതീര്‍ക്കുകയായിരുന്നു.

വീട്ടു ജോലിക്കു വരുന്നവര്‍ ഗ്രീന്‍ കാര്‍ഡ് കിട്ടാനും അമേരിക്കയില്‍ തുടരാനും ഏറ്റവും നല്ല വിദ്യയായി ഉപയോഗിക്കുന്നതാണ് കേസ് എന്ന് പലപ്പോഴും ആക്ഷേപവും ഉയരുന്നുണ്ട്.
ഈ അപമാനം അംഗീകരിക്കില്ല: എംബസി: ഡോ. ദേവയാനിക്കു യാത്രാ നിയന്ത്രണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക