Image

ആം ആദ്‌മി പാര്‍ട്ടിയുടെ മറ്റു താത്‌പര്യങ്ങള്‍ എന്തെല്ലാം?

Published on 09 December, 2013
ആം ആദ്‌മി പാര്‍ട്ടിയുടെ മറ്റു താത്‌പര്യങ്ങള്‍ എന്തെല്ലാം?
രാഷ്‌ട്രീയ വിശാരദന്‍മാരുടെ നിരീക്ഷണങ്ങള്‍ക്കും ബുദ്ധിജീവികളുടെ രാഷ്‌ട്രീയ ബൗദ്ധികവ്യായാമങ്ങള്‍ക്കും അപ്പുറമാണ്‌ ഗ്രൗണ്ട്‌ റിയാലിറ്റി എന്ന്‌ തെളിയിക്കുന്നതാണ്‌ കടന്നു പോയ ഉത്തരേന്ത്യന്‍ തിരഞ്ഞെടുപ്പ്‌. അതില്‍ ഏറ്റവും പ്രധാന്യമര്‍ഹിക്കുന്നത്‌ ഡല്‍ഹിയില്‍ തന്നെ. ഇന്ത്യയുടെ രാഷ്‌ട്രീയ ഭൂമികയിലേക്ക്‌ ഒരു പുതിയ പാര്‍ട്ടിയുടെ ജനനം. `ആം ആദ്‌മി പാര്‍ട്ടി'. ഒരു സൂപ്പര്‍ ഹീറോ പരിവേഷത്തോടെ ഒരു പുതിയ നേതാവിന്റെ ജനനം. `അരവിന്ദ്‌ കേജരിവാള്‍'.

ദേശിയ പാര്‍ട്ടിയായ കോണ്‍ഗ്രസിനെ മൂക്കുകുത്തിച്ച്‌ ആം ആദ്‌മി പാര്‍ട്ടി നേടിയ വിജയം ഇങ്ങ്‌ കേരളത്തില്‍പ്പോലും ആഘോഷിക്കപ്പെടുകയാണ്‌. കോണ്‍ഗ്രസിനും ബി.ജെ.പിക്കും ബദലായി സാധാരണക്കാരന്റെ ഒരു രാഷ്‌ട്രീയധാര മുമ്പോട്ടു വെക്കാന്‍ ഇടതുപക്ഷപാര്‍ട്ടികള്‍ പോലും അമ്പേ പരാജയപ്പെട്ട്‌ നില്‍ക്കുന്നിടത്താണ്‌ കേവലം ഒരു വര്‍ഷം മാത്രം ആയുസുള്ള ആം ആദ്‌മി പാര്‍ട്ടി വന്‍ വിജയം നേടുന്നത്‌. ഭരണം നേടാനുള്ള കേവല ഭൂരിപക്ഷത്തിലേക്ക്‌ എത്തിയില്ലെങ്കിലും ആം ആദ്‌മി പാര്‍ട്ടി നേടിയത്‌ ഗംഭീര വിജയം തന്നെ. വിജയത്തിന്റെ ഒരു കൊടുങ്കാറ്റ്‌ എന്ന്‌ തന്നെ പറയാം.

മധ്യവര്‍ഗത്തിന്റെ പാര്‍ട്ടി എന്ന്‌ ആം ആദ്‌മിയെ കുറ്റപ്പെടുത്താന്‍ വരട്ടെ. ആം ആദ്‌മി ഡെല്‍ഹിയില്‍ വിജയം നേടിയത്‌ മധ്യവര്‍ഗത്തിന്റെ മാത്രം പിന്തുണയോടെയല്ല. 35 ശതമാനം വരുന്ന താഴെക്കിടയിലുള്ള അതിസാധാരണക്കാരന്റെയും ചേരിനിവാസികളുടെയുമെല്ലാം പിന്തുണ ആം ആദ്‌മി പാര്‍ട്ടിക്കായിരുന്നു. കോണ്‍ഗ്രസിനോ ബി.ജെ.പിക്കോ ഇവരെ ഒപ്പം നിര്‍ത്താന്‍ കഴിഞ്ഞില്ല. ഈ സാധാരണക്കാരനെ ഒപ്പംകൂട്ടാന്‍ ഇടതുപക്ഷത്തിനും കഴിഞ്ഞില്ല. ഇവിടേക്കാണ്‌ ആം ആദ്‌മി പാര്‍ട്ടി ഇടിച്ചു കയറിയത്‌. അങ്ങനെ നോക്കുമ്പോള്‍ ഉത്തരേന്ത്യന്‍ മേഖലയിലെമ്പാടുമുള്ള സാധാരണക്കാരനിലേക്കും ആദിവാസി ദളിത്‌ മേഖലകളിലേക്കും വേരോട്ടമുണ്ടാക്കാന്‍ കഴിഞ്ഞാല്‍ നാളെകളില്‍ ആം ആദ്‌മി പാര്‍ട്ടി പുതിയൊരു ചരിത്രമെഴുതുക തന്നെ ചെയ്യും. അതെന്തായാലും കോണ്‍ഗ്രസിന്‌ അല്‌പം പോലും ഗുണം ചെയ്യില്ല എന്നതാണ്‌ യഥാര്‍ഥ്യം.

ആം ആദ്‌മിപാര്‍ട്ടിക്ക്‌ എല്ലാ രാഷ്‌ട്രീയ നിരീക്ഷകരും കല്‌പിച്ച്‌ നല്‍കിയത്‌ വെറും അഞ്ചു മുതല്‍ പത്ത്‌ സീറ്റ്‌ വരെയാണ്‌. അവര്‍ ഒരു രാഷ്‌ട്രീയ സമര്‍ദ്ദ ഗ്രൂപ്പായി നിയമ സഭയില്‍ എത്തുമെന്നത്‌ ഒഴിച്ചാല്‍ സര്‍ക്കാര്‍ കോണ്‍ഗ്രസിനോ ബി.ജെ.പിക്കോ നേടാന്‍ കഴിയുമെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍ എല്ലാ രാഷ്‌ട്രീയ നിരീക്ഷണങ്ങളെയും അട്ടിമറിക്കുന്നതായിരുന്നു ആം ആദ്‌മി പാര്‍ട്ടിയുടെ വിജയം. ഇനി കാര്യങ്ങള്‍ പഴയത്‌ പോലെയാവില്ല എന്ന്‌ ചുരുക്കം.

നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിനൊപ്പമോ ബി.ജെ.പിക്ക്‌ ഒപ്പമോ ചേരില്ല എന്ന്‌ തന്നെ അരവിന്ദ്‌ കേജരിവാള്‍ തറപ്പിച്ചു പറയുന്നു. അങ്ങനെ എന്തെങ്കിലും നീക്കമുണ്ടായാല്‍ അത്‌ കേജരിവാള്‍ ഇതുവരെ മുമ്പോട്ടു വെച്ച രാഷ്‌ട്രീയത്തെ ഒരു ദിവസം കൊണ്ട്‌ ബലികൊടുക്കുന്നത്‌ പോലെയാകും. പ്രതിപക്ഷത്തിരിക്കാനോ അല്ലെങ്കില്‍ ഒരു തിരഞ്ഞെടുപ്പ്‌ കൂടി നേരിടാനോ തങ്ങള്‍ ഒരുക്കമാണെന്നാണ്‌ കേജരിവാളിന്റെ പക്ഷം. എന്തായാലും നിലവിലെ സ്ഥിതിഗതികള്‍ വെച്ചു നോക്കുമ്പോള്‍ ഡല്‍ഹിയില്‍ രാഷ്‌ട്രപതി ഭരണത്തിനാവും സാധ്യത. ആറു മാസങ്ങള്‍ക്ക്‌ ശേഷം മറ്റൊരു തിരഞ്ഞെടുപ്പ്‌ എത്തുമ്പോള്‍ വ്യക്തമാകും ആം ആദ്‌മി പാര്‍ട്ടിയുടെ നിലവിലെ വിജയം വെറും കടലാസു പുലി മാത്രമായിരുന്നോ എന്നത്‌.

നവമാധ്യമങ്ങളിലൂടെയുള്ള ചടുല പ്രചരണങ്ങളിലൂടെയും ജനങ്ങളുടെ പ്രശ്‌നത്തില്‍ നേരിട്ട്‌ ഇടപെട്ടുകൊണ്ടുള്ള ആക്‌ടിവിസത്തിലൂടെയുമാണ്‌ ആം ആദ്‌മി പാര്‍ട്ടി ഒരു വര്‍ഷം കൊണ്ട്‌ വളര്‍ന്ന്‌ വന്നത്‌. ഡെല്‍ഹിയിലെ കറന്റ്‌ ബില്ല്‌ ഉയര്‍ന്നപ്പോള്‍ ജനങ്ങള്‍ക്കൊപ്പം നിന്ന്‌ അരവിന്ദ്‌ കേജരിവാള്‍ പ്രതിഷേധിച്ചതിന്‌ ഒരു ആക്‌ടിവിസത്തിന്റെ സ്വഭാവമാണ്‌ ഉണ്ടായിരുന്നത്‌. എന്നാല്‍ മുഖ്യധാരാ രാഷ്‌ട്രീയത്തിലേക്ക്‌ വരുമ്പോള്‍ ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെ സ്വഭാവം ആം ആദ്‌മി പാര്‍ട്ടി പ്രകടിപ്പിക്കുന്നുണ്ടോ എന്ന്‌ സംശയം തന്നെ. ആം ആദ്‌മി പാര്‍ട്ടിക്ക്‌ ഇപ്പോള്‍ തന്നെ ഇന്ത്യയില്‍ അങ്ങോളമിങ്ങോളമായി 300 ജില്ലാ കമ്മറ്റികളുണ്ട്‌ എന്ന്‌ അവര്‍ അവകാശപ്പെടുന്നുണ്ട്‌. ഇത്‌ ശരിയുമായിരിക്കാം. എന്നാല്‍ പൊതുവില്‍ കണ്ടു ശീലിച്ച ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെ കേഡര്‍ സ്വഭാവം ഇവിടെയില്ല.

മാത്രമല്ല അഴിമതി എന്ന വിഷയത്തില്‍ മാത്രമാണ്‌ ആം ആദ്‌മി പാര്‍ട്ടി തങ്ങളുടെ നിലപാട്‌ വ്യക്തമായി പറയുന്നത്‌. അഴിമതി എന്നത്‌ ജനകീയ പ്രശ്‌നങ്ങളില്‍ ഒന്ന്‌ മാത്രമാണ്‌ എന്ന്‌ വരുമ്പോള്‍ ആം ആദ്‌മി പാര്‍ട്ടിയുടെ മറ്റുള്ള താത്‌പര്യങ്ങള്‍ എന്തെല്ലാം എന്ന ചോദ്യം പ്രസക്തമാണ്‌. അവരുടെ വികസന അജണ്ടകള്‍ എന്തെല്ലാമാണ്‌. അവരുടെ സാമ്പത്തിക നയങ്ങള്‍ എന്താണ്‌. അവരുടെ ഫോറിന്‍ പോളസിസ്‌ എന്തെല്ലാമാണ്‌.. ഇങ്ങനെ നൂറു നൂറ്‌ വിഷയങ്ങളില്‍ ചോദ്യങ്ങള്‍ ബാക്കി നില്‍ക്കുന്നു. ഇതിനെല്ലാം കൂടി വ്യക്തമായ മറുപടി നല്‍കുന്ന ഒരു രാഷ്‌ട്രീയ പ്രത്യയശാസ്‌ത്രത്തിന്റെ പിന്‍ബലം ആം ആദ്‌മി പാര്‍ട്ടിക്കില്ല. ഇനിയങ്ങനെയൊന്ന്‌ രൂപപ്പെടുത്തുമ്പോള്‍ അവര്‍ വലതുപക്ഷത്തായിരിക്കുമോ അതോ പുതിയൊരു ഇടതുപക്ഷ നയം രൂപീകരിക്കുമോ എന്നൊക്കെ കണ്ടറിയേണ്ടിയിരിക്കുന്നു.

ഇവിടെ പൊതുവില്‍ നമ്മുടെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ കാണിക്കുന്ന ചില പാപ്പരത്തങ്ങള്‍ ആം ആദ്‌മി പാര്‍ട്ടിയും പ്രകടിപ്പിച്ചിരുന്നു. അത്‌ ശ്രദ്ധയില്‍ പെടാതെ പോയി എന്ന്‌ മാത്രം. സമൂഹത്തെ ജാതീയമായി തിരിച്ച്‌ വോട്ട്‌ ചോദിക്കുന്നത്‌ പോലെയൊരു മോശം രാഷ്‌ട്രീയ സംസ്‌കാരം വേറൊന്നില്ല. എന്നല്‍ ബി.ജെ.പി പരസ്യമായിട്ടും കോണ്‍ഗ്രസും രഹസ്യ സ്വഭാവത്തില്‍ പരസ്യമായിട്ടും ഇങ്ങനെ തന്നെയാണ്‌ വോട്ട്‌ ബാങ്ക്‌ രൂപപ്പെടുത്തുന്നത്‌. ഈ വഴിയില്‍ നിന്ന്‌ മാറി നടക്കാന്‍ കേജരിവാളിനും കഴിഞ്ഞില്ല എന്നതാണ്‌ സത്യം.

മുസ്ലിംങ്ങള്‍ തങ്ങള്‍ക്ക്‌ വോട്ട്‌ ചെയ്യണമെന്ന്‌ ഡല്‍ഹിയിലെ ഇലക്ഷന്‍ പ്രചരണ വേളയില്‍ കേജരിവാള്‍ ആവര്‍ത്തിച്ച്‌ പറഞ്ഞത്‌ ഓര്‍മ്മിക്കുക. കോണ്‍ഗ്രസിന്‌ വോട്ട്‌ ചെയ്‌ത്‌ മുസ്ലിംങ്ങള്‍ മണ്ടത്തരം ആവര്‍ത്തിക്കരുതെന്നും കേജരിവാള്‍ പറഞ്ഞു. സംഘപരിവാരത്തില്‍ നിന്നും മുസ്ലിമിനെ രക്ഷിക്കാന്‍ കോണ്‍ഗ്രസിനല്ല തങ്ങള്‍ക്കാണ്‌ കഴിയുക എന്നതായിരുന്നു കേജരിവാളിന്റെ ധ്വനി. സമൂഹത്തെ ഹിന്ദുവും മുസ്ലുമുമായി തിരിച്ച്‌ വോട്ട്‌ ചോദിക്കുന്ന അതേ നിലാപാട്‌ ആവര്‍ത്തിക്കുകയാണ്‌ കേജരിവാളും ചെയ്‌തത്‌. അതുപോലെ അഴിമതി വിരുദ്ധ പ്രകടനങ്ങളുമയി എത്തിയ കേജരിവാളിന്റെ പാര്‍ട്ടിയിലെ അംഗങ്ങള്‍ ഒരു വെബ്‌സൈറ്റിന്റെ സ്റ്റിംഗ്‌ ഓപ്പറേഷനില്‍ കുടുങ്ങിയതും ഏറെ വിവാദമായിരുന്നു.

ഇങ്ങനെ നിരവധി ബാലാരിഷ്‌ഠിതകളില്‍ കൂടിയാണ്‌ ആം ആദ്‌മി പാര്‍ട്ടി കടന്നു പോകുന്നതെങ്കിലും നിലവില്‍ കേജരിവാളിനെ ജനങ്ങള്‍ വിശ്വാസത്തിലെടുക്കുന്നു എന്ന്‌ വേണം കരുതാന്‍. അഴിമതിയുടെ ആഴങ്ങളില്‍ മുങ്ങിപ്പോയ കോണ്‍ഗ്രസിനും ഫാസിസ്റ്റ്‌ സ്വപ്‌നങ്ങള്‍ കാണുന്ന ബിജെപിക്കും സാധാരണക്കാരന്റെ പ്രശ്‌നങ്ങളിലേക്ക്‌ ഇറങ്ങിച്ചെല്ലാന്‍ കഴിയാതെ തകരുന്ന ഇടതുപാര്‍ട്ടികള്‍ക്കും കേജരിവാളും സംഘവും ഒരു ഷോക്ക്‌ ട്രീറ്റ്‌മെന്റ്‌ തന്നെയാണ്‌ നല്‍കിയിരിക്കുന്നത്‌. ഈ ഷോക്ക്‌ ഇനി എങ്ങനെ പ്രവര്‍ത്തിക്കുമെന്ന്‌ ലോക്‌സഭാ ഇലക്ഷനില്‍ കാത്തിരുന്ന്‌ കാണാം.
ആം ആദ്‌മി പാര്‍ട്ടിയുടെ മറ്റു താത്‌പര്യങ്ങള്‍ എന്തെല്ലാം?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക