Image

പ്രസ്‌താവന ഖേദകരം: മുഖ്യമന്ത്രി, പിന്‍വലിച്ചതായി ഗണേഷ്‌ കുമാര്‍

Published on 28 October, 2011
പ്രസ്‌താവന ഖേദകരം: മുഖ്യമന്ത്രി, പിന്‍വലിച്ചതായി ഗണേഷ്‌ കുമാര്‍
തിരുവനന്തപുരം: പ്രതിപക്ഷനേതാവ്‌ വി.എസ്‌ അച്യുതാനന്ദനെ കാമഭാന്ത്രനെന്ന്‌ വിളിച്ച നടപടി ഖേദകരമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞു. പ്രസ്‌താവന നിര്‍ഭാഗ്യകരമായി പോയെന്നും ഇത്‌ ഒരിക്കലും സര്‍ക്കാരിന്റെ അഭിപ്രായമല്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഒരു പ്രത്യേക സാഹചര്യത്തിലാണ്‌ വി.എസിനെതിരെ പരാമര്‍ശങ്ങള്‍ നടത്തിയതെന്നും ഗണേഷിനോട്‌ പ്രസ്‌താവന പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ഇതുസംബന്ധിച്ച്‌ സഭയില്‍ വിശദീകരണം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഖേദപ്രകടനത്തെ തുടര്‍ന്ന്‌ സ്‌പീക്കര്‍ സഭാനടപടികളിലേക്ക്‌ കടക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ നേരത്തെ ഇത്തരത്തില്‍ പ്രസ്‌താവന നടത്തിയ ഗണേഷ്‌കുമാറിന്റെ പിതാവും മുന്‍മന്ത്രിയുമായ ബാലകൃഷ്‌ണപിള്ളയെ പുറത്താക്കാന്‍ കരുണാകരന്‍ കാട്ടിയ ധൈര്യം ഉമ്മന്‍ചാണ്ടിക്കുണ്ടോ എന്നാണ്‌ അറിയേണ്ടതെന്ന്‌ കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു.

തുടര്‍ന്ന്‌ ഗണേഷ്‌കുമാറിനെ സസ്‌പെന്റ്‌ ചെയ്യണമെന്നാണ്‌ പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ സഭക്ക്‌ പുറത്തു പറഞ്ഞ കാര്യത്തിന്‌ സഭയില്‍ നിന്ന്‌ സസ്‌പെന്റ്‌ ചെയ്യാന്‍ കഴിയില്ലെന്ന്‌ സ്‌പീക്കര്‍ അറിയിച്ചു.

അച്യുതാനന്ദന്‌ ഒരു രോഗമുണ്ട്‌, ഞരമ്പുരോഗം, ഇപ്പോഴതിന്റെ പേരാണ്‌ കാമഭ്രാന്ത്‌. പ്രായം കഴിഞ്ഞാല്‍ ചിലര്‍ക്കുള്ളതാണിത്‌. ഇത്തരക്കാര്‍ക്ക്‌ ഇത്‌ ദൗര്‍ബല്യമാണ്‌ എന്നതായിരുന്നു ഗണേഷിന്റെ വിവാദപരാമര്‍ശങ്ങള്‍.

ഇതിനിടെ മന്ത്രി ഗണേഷ്‌ കുമാര്‍ പ്രസ്‌താവന പിന്‍വലിക്കുകയും ഖേദപ്രകടനം നടത്തുകയും ചെയ്‌തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക