Image

ലാനാ അവാര്‍ഡ്‌: ജോസഫ്‌ നമ്പിമഠം, സി.എം.സി, നീന പനയ്‌ക്കല്‍ എന്നിവരെ അഭിനന്ദിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 28 October, 2011
ലാനാ അവാര്‍ഡ്‌: ജോസഫ്‌ നമ്പിമഠം, സി.എം.സി, നീന പനയ്‌ക്കല്‍ എന്നിവരെ അഭിനന്ദിച്ചു
ന്യൂയോര്‍ക്ക്‌: അമേരിക്കയിലെ മലയാളി എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനായി ലാന ഏര്‍പ്പെടുത്തിയ സാഹിത്യ അവാര്‍ഡിന്‌ ജോസഫ്‌ നമ്പിമഠം (ഡാളസ്‌), നീന പനയ്‌ക്കല്‍ (ഫിലാഡല്‍ഫിയ), സി.എം.സി (ന്യൂയോര്‍ക്ക്‌) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

കവിത, ചെറുകഥ, നോവല്‍ എന്നീ സാഹിത്യവിഭാഗങ്ങളില്‍ 2005 ഡിസംബര്‍ 31 വരെ പ്രസിദ്ധീകരിക്കപ്പെട്ട മികച്ച മലയാള കൃതികളാണ്‌ പ്രഥമ ലാനാ അവാര്‍ഡിനായി പരിഗണിച്ചത്‌. ന്യൂയോര്‍ക്കില്‍ വെച്ച്‌ നടന്ന ലാനാ കണ്‍വെന്‍ഷന്റെ സമാപന സമ്മേളനത്തില്‍ വെച്ച്‌ പ്രസിഡന്റ്‌ ഏബ്രഹാം തെക്കേമുറി അഞ്ഞൂറ്‌ ഡോളറും പ്രശസ്‌തിപത്രവും അടങ്ങുന്ന അവാര്‍ഡ്‌ സമ്മാനിച്ചു. ഡോ. എം.വി. പിള്ള, ജോയന്‍ കുമരകം എന്നിവര്‍ അവാര്‍ഡ്‌ ജേതാക്കളെ അനുമോദിച്ച്‌ പ്രസംഗിച്ചു.

പ്രശസ്‌ത കവിയും ലാനയുടെ സ്ഥാപക നേതാവും മുന്‍ പ്രസിഡന്റുമായ ജോസഫ്‌ നമ്പിമഠത്തിന്റെ `തിരുമുറിവിലെ തീ' എന്ന കവിതാ സമാഹാരമാണ്‌ അവാര്‍ഡിനര്‍ഹമായത്‌. കാല്‌പനികതയും വൈകാരിക തീവ്രതയും സമര്‍ത്ഥമായി ഇടകലര്‍ത്തി കാവ്യഭാവനയോടെ രചിക്കപ്പെട്ട 16 കവിതകളടങ്ങുന്ന ഈ ഗ്രന്ഥം 2004-ലാണ്‌ പ്രസിദ്ധീകരിക്കപ്പെട്ടത്‌. പുരസ്‌കാര കൃതി കൂടാതെ മൂന്ന്‌ ഗ്രന്ഥങ്ങള്‍കൂടി രചിച്ചിട്ടുണ്ട്‌. കൂടാതെ `മലയാള കവിത അമേരിക്കയില്‍', `അമേരിക്കന്‍ മലയാളി കവിതകള്‍' എന്നിങ്ങനെ രണ്ട്‌ കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. കേരള ലിറ്ററി സൊസൈറ്റ്‌ ഓഫ്‌ ഡാളസിന്റെ പ്രസിഡന്റായിരുന്നു. മലയാളം പത്രം സാഹിത്യപുരസ്‌കാരം (2000), മലയാളി വേദി അവാര്‍ഡ്‌ (2000), മാം ഗ്ലോബല്‍ സാഹിത്യ പുരസ്‌കാരം (2009), വേള്‍ഡ്‌ മലായളി കൗണ്‍സില്‍ അവാര്‍ഡ്‌ (2005), ന്യൂയോര്‍ക്ക്‌ വിചാരവേദി സാഹിത്യ അവാര്‍ഡ്‌ (2010) എന്നിവയുള്‍പ്പടെ നിരവധി അംഗീകാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്‌. കൂടാതെ 2010-ലെ ഗ്ലോബല്‍ സാഹിത്യ അവാര്‍ഡ്‌ ഉള്‍പ്പടെ ഏഴ്‌ തവണ ഫൊക്കാനാ അവാര്‍ഡുകള്‍ നല്‍കി ആദരിച്ചിട്ടുണ്ട്‌.

നോവല്‍ വിഭാഗത്തില്‍ അവാര്‍ഡ്‌ നേടിയ നീനാ പനയ്‌ക്കല്‍ അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ അറിയപ്പെടുന്ന വനിതാ എഴുത്തുകാരിയും, പ്രമുഖ കഥാകൃത്തുമാണ്‌. പുരസ്‌കാരത്തിനര്‍ഹമായ `സ്വപ്‌നാടനം' ഉള്‍പ്പടെ മൂന്നു നോവലുകളും, മൂന്ന്‌ കഥാസമാഹാരങ്ങളും രചിച്ചിട്ടുണ്ട്‌. `സ്വപ്‌നാടനം', `സമ്മര്‍ ഇന്‍ യു.എസ്‌.എ' എന്ന പേരില്‍ പ്രശസ്‌ത സംവിധായകന്‍ ഷാജിയെം സംവിധാനം ചെയ്‌ത്‌ കൈരളി ടിവിയില്‍ സീരിയലായി സംപ്രേഷണം ചെയ്‌തിരുന്നു. കല, പമ്പ, ട്രൈസ്റ്റേറ്റ്‌ കേരള ഫോറം എന്നിവയുള്‍പ്പടെ അമേരിക്കയിലെ വിവിധ സംഘടനകള്‍ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചിട്ടുണ്ട്‌.

ചെറുകഥയ്‌ക്കുള്ള ലാനാ അവാര്‍ഡ്‌ കരസ്ഥമാക്കിയ സി.എം. ചാക്കോ എന്ന സി.എം.സി അമേരിക്കയിലെ പ്രശസ്‌തനായ ചെറുകഥാകൃത്തും, സംഘാടകനുമാണ്‌. ലാനയുടെ സ്ഥാപക നേതാക്കളിലൊരാളും ട്രഷററുമായിരുന്നു. അവാര്‍ഡിനര്‍ഹമായ `നേര്‍വരകള്‍' എന്ന കഥാ സമാഹാരം കൂടാതെ `അനന്തരാവകാശികള്‍' (വിവര്‍ത്തനം), കാക്കാത്തി പ്രവചനം (നാടകം), കൊര്‍ദേറോ (കഥാസമാഹാരം) എന്നീ പുസ്‌തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. `നേരവരകള്‍'ക്ക്‌ 2004-ലെ ഫൊക്കാനാ സാഹിത്യ അവാര്‍ഡ്‌ ലഭിച്ചിരുന്നു. കലാകൗമുദി, ഭാഷാപോഷിണി, മാധ്യമം, മനോരമ വാര്‍ഷിക പതിപ്പ്‌ എന്നിങ്ങനെ നിരവധി പ്രസിദ്ധീകരണങ്ങളില്‍ സി.എം.സിയുടെ ചെറുകഥകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

പ്രഥമ ലാനാ അവാര്‍ഡ്‌ കരസ്ഥമാക്കിയ ജോസഫ്‌ നമ്പിമഠം, സി.എം.സി, നീന പനയ്‌ക്കല്‍ എന്നിവരെ ലാനാ കണ്‍വെന്‍ഷനില്‍ പങ്കെടുത്തവര്‍ അഭിനന്ദിച്ചു. സമ്മാനത്തുക സ്‌പോണ്‍സര്‍ ചെയ്‌ത വാസുദേവ്‌ പുളിക്കലിനെ സംഘടനയുടെ നന്ദി അറിയിക്കുന്നു. അടുത്ത തവണത്തെ ലാനാ അവാര്‍ഡ്‌ ജേതാക്കളില്‍ കവിതാ വിഭാഗത്തിനുള്ള കാഷ്‌ അവാര്‍ഡ്‌ ജോസഫ്‌ നമ്പിമഠം സ്‌പോണ്‍സര്‍ ചെയ്‌തു. ഷാജന്‍ ആനിത്തോട്ടം അറിയിച്ചതാണിത്‌.
ലാനാ അവാര്‍ഡ്‌: ജോസഫ്‌ നമ്പിമഠം, സി.എം.സി, നീന പനയ്‌ക്കല്‍ എന്നിവരെ അഭിനന്ദിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക