Image

വി.ജെ. കുര്യന്‌ റോക്ക്‌ലാന്റ്‌ മിഷനില്‍ സ്വീകരണം നല്‍കി

ജോയിച്ചന്‍ പുതുക്കുളം Published on 28 October, 2011
വി.ജെ. കുര്യന്‌ റോക്ക്‌ലാന്റ്‌ മിഷനില്‍ സ്വീകരണം നല്‍കി
ന്യൂയോര്‍ക്ക്‌: വിദേശ മലയാളികളുടെ സ്വപ്‌നസാക്ഷാത്‌കാരമായ നെടുമ്പാശേരി എയര്‍പോര്‍ട്ട്‌ യാഥാര്‍ത്ഥ്യമാക്കിയ സിയാല്‍ ഡയറക്‌ടര്‍ വി.ജെ. കുര്യന്‍ ഐ.എ.എസിന്‌ റോക്ക്‌ലാന്റ്‌ മിഷനില്‍ ഹൃദ്യമായ സ്വീകരണം നല്‍കി. ഇന്ത്യയില്‍ നിന്നും കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ പരിശീലനത്തിനെത്തിയിരിക്കുന്ന 100 അംഗ ഐ.എ.എസ്‌ സംഘാംഗമായാണ്‌ അദ്ദേഹം അമേരിക്കയില്‍ എത്തിയിരിക്കുന്നത്‌.

ഒക്‌ടോബര്‍ 16-ന്‌ ഞായറാഴ്‌ച വി. കുര്‍ബാനയ്‌ക്കും കൊന്തനമസ്‌കാരത്തിനുംശേഷം മിഷന്‍ ഡയറക്‌ടര്‍ ഫാ. തദേവൂസ്‌ അരവിന്ദത്ത്‌ വി.ജെ. കുര്യനെ സദസ്സിന്‌ പരിചയപ്പെടുത്തി സ്വാഗതം ആശംസിച്ചു. തന്റെ ജീവിത വിജയത്തില്‍ ദൈവമാതാവിന്റെ ഇടപെടലുകള്‍ അദ്ദേഹം സദസ്സുമായി പങ്കുവെച്ചു. ഔദ്യോഗിക ജീവിതത്തിലെ വിഷമം പിടിച്ച തീരുമാനങ്ങളൊക്കെയും എടുക്കുമ്പോള്‍ അദൃശ്യമായ ഒരു മാതൃഹസ്‌തം തനിക്കു തുണയായിരുന്നുവെന്ന്‌ അദ്ദേഹം അനുസ്‌മരിച്ചു. അഞ്ചു വയസ്സുമുതല്‍ തന്റെ അമ്മയില്‍ നിന്നും പകര്‍ന്നുകിട്ടിയതാണ്‌ മാതാവിനോടുള്ള ഭക്തിയെന്നും അദ്ദേഹം പറഞ്ഞു. മാതാവിനോടുള്ള ഭക്തി ഈശോയിലേക്കുള്ള വഴിമാത്രമാകാവൂ എന്നദ്ദേഹം ഏവരേയും ഓര്‍മ്മപ്പെടുത്തി.

റോക്ക്‌ലാന്റ്‌ മിഷനില്‍ താന്‍ എത്തിച്ചേരാനുണ്ടായ സാഹചര്യം ബഹുമാനപ്പെട്ട തദേവൂസച്ചനും, തന്റെ ദീര്‍ഘകാല സുഹൃത്തായ മലയാളം പത്രം എക്‌സിക്യൂട്ടീവ്‌ എഡിറ്റര്‍ ജേക്കബ്‌ റോയിയുമാണെന്നദ്ദേഹം പറഞ്ഞു.

റോക്ക്‌ലാന്റ്‌ മിഷനില്‍ നടന്ന ബൈബിള്‍ ക്വിസ്‌ വിജയികള്‍ക്ക്‌ അദ്ദേഹം ട്രോഫികള്‍ നല്‍കി. തുടര്‍ന്ന്‌ നടന്ന സ്‌നേഹവിരുന്നില്‍ സംബന്ധിച്ച്‌ കേരളത്തെക്കുറിച്ചുള്ള തന്റെ നൂതന സ്വപ്‌നങ്ങളും ആശയങ്ങളും ഏവരുമായി പങ്കുവെച്ചു. റോക്ക്‌ലാന്റ്‌ മിഷനുവേണ്ടി റോയ്‌ ആന്റണി അറിയിച്ചതാണിത്‌.
വി.ജെ. കുര്യന്‌ റോക്ക്‌ലാന്റ്‌ മിഷനില്‍ സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക