Image

ഫ്‌ളോറിഡയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍

ജോയിച്ചന്‍ പുതുക്കുളം Published on 28 October, 2011
ഫ്‌ളോറിഡയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍
ഫ്‌ളോറിഡ (താമ്പാ): ജീവിതവിശുദ്ധിയില്‍ കൂടി മാലാഖമാരുടെ ഗണത്തിലേക്കുയര്‍ത്തപ്പെട്ട പുണ്യശ്ശോകനായ സഭയുടെ കാവല്‍പിതാവ്‌ പരുമല മാര്‍ ഗ്രിഗോറിയോസ്‌ തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ഫ്‌ളോറിഡയില്‍ കൊണ്ടാടും.

താമ്പാ മാര്‍ ഗ്രിഗോറിയോസ്‌ യാക്കോബായ സുറിയാനി ദേവാലയത്തിന്റെ 23-മത്‌ വാര്‍ഷികത്തോടനുബന്ധിച്ച്‌ നവംബര്‍ 4 വെള്ളി, 5 ശനി എന്നീ ദിവസങ്ങളിലാണ്‌ പ്രസ്‌തുത ദേവാലയത്തില്‍ വെച്ച്‌ പെരുന്നാള്‍ നടത്തപ്പെടുക.

അമേരിക്കന്‍ ഭദ്രാസനാധിപന്‍ ആര്‍ച്ച്‌ ബിഷപ്പ്‌ യല്‍ദോ മാര്‍ തീത്തോസ്‌, അഭിവന്ദ്യ ഐസക്ക്‌ മാര്‍ ഒസ്‌തോത്തിയോസ്‌, ഇടവക വികാരി ഫാ. ജോര്‍ജ്‌ ഏബ്രഹാം സഹവൈദീകരായ ഫാ. മാത്യൂസ്‌ തൈക്കൂട്ടത്തില്‍, ഫാ. ബിനോയി തട്ടാംകുന്നേല്‍, ഫാ. കുര്യാക്കോസ്‌ പുതുപ്പാടി, ഫാ. തോംസണ്‍ ചാക്കോ തുടങ്ങിയവര്‍ ആരാധനയ്‌ക്കും ചടങ്ങുകള്‍ക്കും നേതൃത്വം നല്‍കും.

വെള്ളിയാഴ്‌ച വൈകിട്ട്‌ സന്ധ്യാ പ്രാര്‍ത്ഥനയെ തുടര്‍ന്ന്‌ അഭിവന്ദ്യ മെത്രാപ്പോലീത്ത ഐസക്‌ മാര്‍ ഒസ്‌താത്തിയോസ്‌ വചന പ്രഘോഷണം നടത്തുന്നതും തുടര്‍ന്ന്‌ കുരിശിന്‍തൊട്ടിയിലേക്കുള്ള റാസ, വര്‍ണ്ണമനോഹരമായ കരിമരുന്ന്‌ പ്രയോഗം എന്നിവയുണ്ടായിരിക്കും.

പെരുന്നാള്‍ ദിവസമായ ശനിയാഴ്‌ച പ്രഭാത പ്രാര്‍ത്ഥനയെ തുടര്‍ന്ന്‌ 9.30-ന്‌ അഭിവന്ദ്യ ഐസക്ക്‌ മാര്‍ ഒസ്‌താത്തിയോസ്‌ തിരുമേനിയുടെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ `അഞ്ചിന്‍മേല്‍ കുര്‍ബാന' ആഘോഷിക്കപ്പെടും.

തുടര്‍ന്ന്‌ പൊന്‍കുരിശ്‌, കൊടി, മുത്തുക്കുട, ചെണ്ടമേളം തുടങ്ങിയവയുടെ അകമ്പടിയോടുകൂടി ഭക്തിനിര്‍ഭരമായ റാസ നടത്തപ്പെടും. പിന്നീട്‌ നടക്കുന്ന ആശീര്‍വാദം, നേര്‍ച്ച വിളമ്പ്‌, ആദ്യഫല ലേലം, ഭക്ഷണം എന്നിവയോടുകൂടി ഈവര്‍ഷത്തെ പെരുന്നാളിന്‌ കൊടിയിറങ്ങും.

ഈവര്‍ഷത്തെ പെരുന്നാള്‍ ഏറ്റെടുത്ത്‌ നടത്തുന്നത്‌ ജയ്‌മോന്‍ ഏബ്രഹാമും കുടുംബവുമാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫാ. ജോര്‍ജ്‌ ഏബ്രഹാം (വികാരി) 813 505 9191, കോരത്‌ വര്‍ക്കി (സെക്രട്ടറി) 813 914 7180, സജി കരിമ്പന്നൂര്‍ (ട്രസ്റ്റി) 813 263 6302.
ഫ്‌ളോറിഡയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക