Image

കുറ്റകൃത്യങ്ങള്‍: കേരളത്തിന്‌ ഒന്നാംസ്ഥാനം

Published on 28 October, 2011
കുറ്റകൃത്യങ്ങള്‍: കേരളത്തിന്‌ ഒന്നാംസ്ഥാനം
ന്യൂഡല്‍ഹി: കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ കേരളം ഒന്നാംസ്ഥാനത്ത്‌. നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ്‌ ബ്യൂറോയുടെ റിപ്പോര്‍ട്ടിലാണ്‌ ഈ വെളിപ്പെടുത്തല്‍. കൊലപാതകം, സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള കുറ്റകൃത്യങ്ങള്‍, സാമ്പത്തിക കുറ്റങ്ങള്‍ എന്നിവയുടെ നിരക്കില്‍ 2010 ല്‍, ഇന്ത്യയിലെ സംസ്‌ഥാനങ്ങളില്‍ കേരളത്തിനാണ്‌ ഒന്നാം സ്ഥാനം.

ജനസംഖ്യയ്‌ക്ക്‌ ആനുപാതികമായി കലാപക്കേസുകള്‍ ഏറ്റവും കൂടുതലുണ്ടായതു കേരളത്തിലാണ്‌ - 8724 എണ്ണം. രാജ്യത്ത്‌ കഴിഞ്ഞ വര്‍ഷം പതിനായിരത്തിലധികം ഐപിസി കേസുകള്‍ റജിസ്‌റ്റര്‍ ചെയ്‌ത 23 പൊലീസ്‌ ജില്ലകളുണ്ട്‌. അതില്‍, 25,735 കേസുകളുമായി എറണാകുളം മൂന്നാം സ്‌ഥാനത്തുണ്ട്‌. എറണാകുളം റൂറല്‍(16), കൊല്ലം(17), തൃശൂര്‍(18), പാലക്കാട്‌(21) എന്നിവയും പട്ടികയിലുള്‍പ്പെടുന്നു.

2010-ല്‍ കേരളത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ കുറ്റങ്ങള്‍ മൊത്തം 1,48,313. മൊത്തം ജനസംഖ്യ 3.497 കോടി. അപ്പോള്‍ കുറ്റകൃത്യ നിരക്ക്‌ 424.1. എന്നാല്‍, രാജ്യത്തെ മൊത്തം കുറ്റകൃത്യങ്ങളില്‍ 6.7 ശതമാനമാണു കേരളത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്‌. കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ ഒന്നാമതു മധ്യപ്രദേശാണ്‌. എങ്കിലും ജനസംഖ്യയ്‌ക്ക്‌ ആനുപാതികമായി നോക്കുമ്പോള്‍ കുറ്റകൃത്യ നിരക്കില്‍ മധ്യപ്രദേശ്‌ നാലാം സ്‌ഥാനത്താണ്‌. സൈബര്‍ കുറ്റങ്ങള്‍ റജിസ്‌റ്റര്‍ ചെയ്‌ത സംസ്‌ഥാനങ്ങളുടെ പട്ടികയില്‍ കേരളം 142 കേസുകളുമായി രണ്ടാം സ്‌ഥാനത്താണ്‌. കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ അഞ്ചുശതമാനം വര്‍ധന രേഖപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക