Image

ലാനയ്‌ക്ക്‌ പുതിയ നേതൃത്വം: ഷാജന്‍ ആനിത്തോട്ടം പ്രസിഡന്റ്‌, ജോസ്‌ ഓച്ചാലില്‍ സെക്രട്ടറി

ജോയിച്ചന്‍ പുതുക്കുളം Published on 06 December, 2013
ലാനയ്‌ക്ക്‌ പുതിയ നേതൃത്വം: ഷാജന്‍ ആനിത്തോട്ടം പ്രസിഡന്റ്‌, ജോസ്‌ ഓച്ചാലില്‍ സെക്രട്ടറി
ഷിക്കാഗോ: നോര്‍ത്തമേരിക്കയിലെ മലയാളി സാഹിത്യപ്രവര്‍ത്തകരുടെ കേന്ദ്രസംഘടനയായ ലിറ്റററി അസോസിയേഷന്‍ ഓഫ്‌ നോര്‍ത്തമേരിക്ക (ലാന)യുടെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ ഷിക്കാഗോയില്‍ ചേര്‍ന്ന സംഘടനയുടെ ജനറല്‍ബോഡി യോഗം ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു. ഷാജന്‍ ആനിത്തോട്ടം (പ്രസിഡന്റ്‌), ജോസ്‌ ഓച്ചാലില്‍ (സെക്രട്ടറി), സാംസി കൊടുമണ്‍ (ട്രഷറര്‍), ജെ. മാത്യൂസ്‌ (വൈസ്‌ പ്രസിഡന്റ്‌), സരോജാ വര്‍ഗീസ്‌ (ജോയിന്റ്‌ സെക്രട്ടറി) എന്നിവരാണ്‌ പുതിയ ഭാരവാഹികള്‍. 2013 നവംബര്‍ 29 മുതല്‍ ഡിസംബര്‍ ഒന്നുവരെ ഷിക്കാഗോയിലെ ഷെറാട്ടണ്‍ ഹോട്ടലില്‍ വെച്ചു നടന്ന ലാനയുടെ ഒമ്പതാമത്‌ നാഷണല്‍ കണ്‍വന്‍ഷനോടനുബന്ധിച്ചാണ്‌ പുതിയ ഭരണസമിതിയംഗങ്ങളെ തെരഞ്ഞെടുത്തത്‌. മുന്‍ പ്രസിഡന്റും ഇലക്ഷന്‍ കമ്മീഷണറുമായ മനോഹര്‍ തോമസ്‌ തെരഞ്ഞെടുപ്പിന്‌ നേതൃത്വം നല്‍കി.

കഥാകൃത്തും കവിയുമായ ഷാജന്‍ ആനിത്തോട്ടം ഷിക്കാഗോ സാഹിത്യവേദിയിലെ സജീവാംഗവും അറിയപ്പെടുന്ന സംഘാടകനുമാണ്‌. 2009-ലെ മേയര്‍ ഇലക്ഷനോചനുബന്ധിച്ച്‌ സ്‌കോക്കി ഡിസ്‌ട്രിക്‌ട്‌ സ്‌കൂള്‍ ബോര്‍ഡിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ നാലുവര്‍ഷക്കാലമായി സ്‌കോക്കി വില്ലേജ്‌ ഫാമിലി സര്‍വീസ്‌ കമ്മീഷണര്‍ എന്ന നിലയില്‍ സേവനം അനുഷ്‌ഠിക്കുന്നു. ഷിക്കാഗോയിലെ പ്രമുഖ മലയാളി സംഘടനയായ ഇല്ലിനോയി മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌, സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്‌. സ്‌കൂള്‍ ബോര്‍ഡംഗമെന്ന നിലയിലെ മികച്ച പ്രവര്‍ത്തനത്തിന്‌ മാസ്റ്റര്‍ ബോര്‍ഡ്‌ മെമ്പര്‍ എന്ന അംഗീകാരവും കരസ്ഥമാക്കിയിട്ടുണ്ട്‌. കഴിഞ്ഞ പതിനഞ്ച്‌ വര്‍ഷത്തോളമായി ഇല്ലിനോയി സ്റ്റേറ്റ്‌ ഗവണ്‍മെന്റ്‌ സര്‍വീസില്‍ മാനേജരായി ജോലി ചെയ്യുന്നു. ലാനയുടെ റീജിയണല്‍ കോര്‍ഡിനേറ്റര്‍, ജോ. സെക്രട്ടറി, സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചതിനുശേഷമാണ്‌ ഇപ്പോള്‍ സംഘടനയുടെ പ്രസിഡന്റുപദവിയിലെത്തുന്നത്‌.

ഡാളസിലെ സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിധ്യമായ ജോസ്‌ ഓച്ചാലില്‍ മികച്ച സംഘാടകനും കവിയും കഥാകൃത്തുമാണ്‌. കേരള ലിറ്റററി സൊസൈറ്റി ഓഫ്‌ ഡാളസിന്റെ പ്രസിഡന്റായിരുന്ന അദ്ദേഹം കേരള അസോസിയേഷന്‍ ഓഫ്‌ ഡാളസിന്റെ സാഹിത്യവിഭാഗം തലവനായിരുന്നു. ചെറുകഥാസമാഹാരങ്ങളും കവിതാ സമാഹാരങ്ങളുമുള്‍പ്പടെ അഞ്ച്‌ പുസ്‌തകങ്ങള്‍ രചിച്ചിട്ടുണ്ട്‌. ലാനയുടെ ഡാളസ്‌ റീജിയന്‍ കോര്‍ഡിനേറ്റര്‍, ട്രഷറര്‍ എന്നീ സ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുണ്ട്‌.

ലാനയുടെ ജോയിന്റ്‌ സെക്രട്ടറി, സെക്രട്ടറി, വൈസ്‌ പ്രസിഡന്റ്‌ എന്നീ സ്ഥാനങ്ങള്‍ വഹിച്ചതിനുശേഷം ഇപ്പോള്‍ ട്രഷററായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന സാംസി കൊടുമണ്‍ മികച്ച കഥാകൃത്തും സംഘടനാ പ്രവര്‍ത്തകനുമാണ്‌. ന്യൂയോര്‍ക്ക്‌ സിറ്റി ട്രാന്‍സ്‌പോര്‍ട്ടേഷന്‍ വകുപ്പില്‍ ഉദ്യോഗസ്ഥനായ അദ്ദേഹം വിചാരവേദിയുടെ പ്രസിഡന്റ്‌പദം അലങ്കരിച്ചിരുന്നു. രണ്ട്‌ കഥാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ചെറുകഥ ജനനി മാസികയുടെ ചെറുകഥാ മത്സരത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

ജനനി മാസികയുടെ പത്രാധിപരായ ജെ. മാത്യൂസ്‌ അമേരിക്കയിലെ മലയാളം സ്‌കൂളുകളുടെ മികച്ച മാതൃകയായ ന്യൂയോര്‍ക്കിലെ ഗുരുകുലം സ്‌കൂളിന്റെ പ്രിന്‍സിപ്പലും മുഖ്യചുമതലക്കാരനുമാണ്‌. ഫൊക്കാനയുടെ മുന്‍ പ്രസിഡന്റായിരുന്നു. മികച്ച വാഗ്‌മികൂടിയായ അദ്ദേഹം വിവിധ ആനുകാലികങ്ങളില്‍ ശക്തമായ ലേഖനങ്ങള്‍ എഴുതിവരുന്നു.

ലാനയുടെ പുതിയ ജോയിന്റ്‌ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സരോജാ വര്‍ഗീസ്‌ ന്യൂയോര്‍ക്ക്‌ മലയാളി സമൂഹത്തിലെ അറിയപ്പെടുന്ന വ്യക്തിത്വമാണ്‌. എഴുത്തിന്റെ ലോകത്ത്‌ വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള അവര്‍ നിരവധി വിദേശരാജ്യങ്ങളില്‍ പര്യടനം നടത്തുകയും ഉത്‌കൃഷ്‌ടമായ ആ യാത്രകളുടെ അനുഭവക്കുറിപ്പുകള്‍ പുസ്‌തകരൂപത്തിലാക്കി പ്രസിദ്ധീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളിലും പത്രമാസികകളിലും ലേഖനങ്ങളും എഴുതുന്നു.

ലാനയ്‌ക്ക്‌ പുതിയ നേതൃത്വം: ഷാജന്‍ ആനിത്തോട്ടം പ്രസിഡന്റ്‌, ജോസ്‌ ഓച്ചാലില്‍ സെക്രട്ടറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക