Image

മതസൗഹാര്‍ദ്ദ പ്രതീകമായി വാവരുനട

അനില്‍ പെണ്ണുക്കര Published on 07 December, 2013
മതസൗഹാര്‍ദ്ദ പ്രതീകമായി വാവരുനട
മനുഷ്യരെല്ലാം ഒന്നാണെന്നും വിശ്വാസങ്ങളില്‍ വ്യത്യാസമുണ്ടെങ്കിലും സാഹോദര്യത്തിന് മതത്തിന്റെ  മതില്‍കെട്ടിന്റെ തടസ്സം ഉണ്ടാകാന്‍ പാടില്ലെന്ന വിശ്വതത്വം പറഞ്ഞു തരികയാണ് സന്നിധാനത്തെ വാവരുനട. അന്യസംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും എത്തുന്ന ഭക്തര്‍ക്ക് മറ്റെങ്ങും കാണാനാകാത്ത കൂട്ടായ്മയാണ് വാവരുനട പ്രദാനം ചെയ്യുന്നത്.

ഒരു വേള ശത്രുവായിരുന്ന വാവരെ അയ്യപ്പന്‍ മിത്രമാക്കിയതായാണ് ഐതിഹ്യം.  ശബരിമലയിലേക്ക് തിരിക്കുമ്പോള്‍ വാവരെ ഒപ്പം കൂട്ടി. അതിഥിയായി എത്തിയ വാവര്‍ക്ക് അയ്യപ്പന്‍ ശബരിമലയില്‍ തന്റെ സമീപത്ത്  ഇരിപ്പടവും നല്‍കി. . ജ്യോതിഷിയും ആയുര്‍വേദ വൈദ്യനുമായിരുന്നത്രേ വാവരുസ്വാമി . ജാതിമതവര്‍ണ്ണവ്യത്യാസമില്ലാതെ ഏവര്‍ക്കും ദര്‍ശനം നടത്താവുന്ന ശബരിമല നാനാത്വത്തില്‍ ഏകത്വവും വിശ്വമാനവികതയും ഉയര്‍ത്തിപ്പിടിക്കുകയാണെന്നും സ്പര്‍ധയും തീവ്രവാദവും പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന വിലോമ ശക്തികള്‍ക്ക് ഉത്തരം നല്‍കാന്‍ എരുമേലി പള്ളിക്കും വാവരുനടയ്ക്കും ആകുമെന്നും സാക്ഷ്യപ്പെടുത്തുകയാണ് വാവര്‍ നടയിലെ ഇപ്പോഴത്തെ മുഖ്യകര്‍മ്മി വി എസ് അബ്ദുല്‍ റഷീദ്. പത്തനംതിട്ട വായ്പൂര്‍ വെട്ടിപിലാക്കല കുടുംബാംഗമാണ് ഇദ്ദേഹം. ഈ കുടുംബത്തിനാണ് വാവര്‍ നടയിലെ കാര്‍മികത്വത്തിന് അവകാശം. 

അയ്യപ്പദര്‍ശനത്തിനെത്തുന്നവര്‍ വാവരുസ്വാമിയെയും വണങ്ങി അനുഗ്രഹം വാങ്ങുന്നു. ഇരുമുടിക്കെട്ടില്‍ അയ്യപ്പനുള്ള വഴിപാടിനൊപ്പം വാവരുടെ ഇഷ്ട വിഭവങ്ങളും നിറച്ചാണ് ഭക്തന്‍മാര്‍ മല ചവിട്ടുന്നത്. ജാതി മത സ്പര്‍ധ വളര്‍ത്താന്‍ ദേശവിരുദ്ധ ശക്തികള്‍ ശ്രമിക്കുമ്പോള്‍ ലോകത്തിനാകെ മാതൃകയാണ് തത്ത്വമസി സന്ദേശമരുളി ശബരിമലയും വാവരുനടയും.

മതസൗഹാര്‍ദ്ദ പ്രതീകമായി വാവരുനട
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക