Image

ശക്തമായ സുരക്ഷയിലും കനത്ത തിരക്ക്

അനില്‍ പെണ്ണുക്കര Published on 07 December, 2013
ശക്തമായ സുരക്ഷയിലും കനത്ത തിരക്ക്

ശക്തമായ സുരക്ഷാ സംവിധാനങ്ങളും പരിശോധനയുമായിരുന്നെങ്കിലും സന്നിധാനത്ത് വെള്ളിയാഴ്ചയും തീര്‍ഥാടകരുടെ കനത്ത തിരക്കാണ് അനുഭവപ്പെട്ടത്. ദേഹപരിശോധന നടത്തിയശേഷമാണ് ഭക്തരെ പതിനെട്ടാംപടിയിലേക്ക് കടത്തിവിട്ടത്. സന്നിധാനത്തും, പമ്പയിലും തീര്‍ത്ഥാടകരുടേതടക്കം എല്ലാവരുടെയും ബാഗേജുകള്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി. സന്നിധാനത്തു നിന്നും കൊപ്രാക്കളത്തിലേക്കുള്ള വഴി, ഭസ്മക്കുളം ഗേറ്റ്, ഫയര്‍ഫോഴ്‌സ് ഓഫീസിനു സമീപമുള്ള ഗേറ്റ്, മേല്‍ശാന്തി കടന്നുവരുന്ന പാത, ഫ്‌ളൈ ഓവര്‍ ഇവിടെയെല്ലാം സഞ്ചാര നിയന്ത്രണം കര്‍ശനമായി ഏര്‍പ്പെടുത്തി. ദര്‍ശനത്തിനു എത്തുന്നവരെ മെറ്റല്‍ ഡിറ്റക്ടറിലൂടെയാണ് കടത്തി വിട്ടത്.

അഭിഷേകത്തിനുകൊണ്ടു വരുന്ന നെയ്യ് തവി ഉപയോഗിച്ച് പരിശോധന നടത്തി. പമ്പയിലും സന്നിധാനത്തും ശക്തമായ മഫ്തിപോലീസ് സാന്നിധ്യവും ഉണ്ട്. ആന്ധ്ര, തമിഴ്‌നാട്, കേരള പോലീസ് എന്നിവയുടെ സംഘങ്ങളെ ഇതിലേക്ക് പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ട്. സംശയം തോന്നുന്നവരെ പിന്തുടരാന്‍ നിരീക്ഷണ ക്യാമറകളും ഉപയോഗിക്കുന്നു. എല്ലാ ജില്ലകളില്‍ നിന്നും അടിയന്തിര ആവശ്യം പരിഗണിച്ച് ബോംബ് സ്‌ക്വാഡ് അംഗങ്ങളെ സുരക്ഷാ പരിശോധനയ്ക്ക് നിയോഗിച്ചിട്ടുണ്ട്. സ്ഥിരം കുറ്റവാളികളെ തിരിച്ചറിയാനും പ്രതേ്യക പോലീസ് സംഘത്തെ നിയോഗിച്ചു. പമ്പയില്‍ പ്രധാന പാതകളില്‍ കൂടിയും ഊടുവഴികളില്‍ കൂടിയും യാത്രചെയ്യുന്ന എല്ലാ തീര്‍ത്ഥാടകരെയും കര്‍ശനമായി പോലീസ് പരിശോധിക്കുന്നുണ്ട്.

ശക്തമായ സുരക്ഷയിലും കനത്ത തിരക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക