Image

ലിബിയന്‍ ജനതക്ക്‌ സ്വതന്ത്ര ജീവിതം ഉറപ്പാക്കും: കിരീടാവകാശി

Published on 27 October, 2011
ലിബിയന്‍ ജനതക്ക്‌ സ്വതന്ത്ര ജീവിതം ഉറപ്പാക്കും: കിരീടാവകാശി
ദോഹ: ലിബിയന്‍ ജനതക്ക്‌ മാന്യവും സ്വതന്ത്രവുമായ ജീവിതം ഉറപ്പാക്കുക എന്നതാണ്‌ ഖത്തറിന്‍െറ ലക്ഷ്യമെന്ന്‌ കിരീടാവകാശി ശൈഖ്‌ തമീം ബിന്‍ ഹമദ്‌ ആല്‍ഥാനി പ്രസ്‌താവിച്ചു. ലിബിയന്‍ പരിവര്‍ത്തന സമിതി (എന്‍.ടി.സി) തലവന്‍ മുസ്‌തഫ അബ്ദുല്‍ജലീലിന്‍െറയും നാറ്റോ അംഗരാഷ്ട്രങ്ങളിലെ സൈനിക മേധാവികളുടെയും സാന്നിധ്യത്തില്‍ നടന്ന ലിബിയന്‍ പിന്തുണക്കായുള്ള സൗഹൃദ സമിതിയുടെ സമ്മേളനം ദോഹ ഷെറാട്ടണ്‍ ഹോട്ടലില്‍ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തങ്ങളുടെ ദുരിതങ്ങള്‍ക്ക്‌ അറുതിവരുത്തിക്കൊണ്ട്‌ രാഷ്ട്രീയ മാറ്റത്തിന്‌ വേണ്ടി പ്രവര്‍ത്തിച്ചവരെ ലിബിയന്‍ ജനത ഒരിക്കലും മറക്കില്‌ളെന്നും കിരീടാവകാശി പറഞ്ഞു. ഖദ്ദാഫിയുടെ മര്‍ദ്ദകഭരണം അവസാനിപ്പിക്കുന്നതിന്‌ ഖത്തര്‍ ഭരണകൂടം നല്‍കിയ സഹായം വിലപ്പെട്ടതാണെന്ന്‌ യോഗത്തില്‍ അധ്യക്ഷത വഹിച്ച മുസ്‌തഫ അബ്ദുല്‍ജലീല്‍ അഭിപ്രായപ്പെട്ടു. നാറ്റോയും അവരോടൊപ്പം അണിനിരന്ന അന്താരാഷ്ട്ര സമൂഹവും ഇക്കാര്യത്തില്‍ അവിസ്‌മരണീയമായ പങ്ക്‌ വഹിച്ചിട്ടുണ്ട്‌. സ്വാതന്ത്ര്യവും ജനാധിപത്യവും നീതിയും സമാധാനവും നിലനിര്‍ത്തുന്നതില്‍ തങ്ങള്‍ക്ക്‌ ലഭിച്ച പിന്തുണ ഇനിയും തുടരേണ്ടതുണ്ട്‌. ഇനി നാറ്റോ നടപടികള്‍ നിര്‍ത്തിവെച്ച്‌ തങ്ങളുടെ അതിര്‍ത്തികള്‍ സംരക്ഷിക്കുകയും ദേശീയ സുരക്ഷ ഉറപ്പാക്കുകയും വേണം. തങ്ങളുടെ പൗരന്‍മാര്‍ അയല്‍രാജ്യങ്ങളിലേക്ക്‌ അനധികൃതമായി നുഴഞ്ഞുകയറുകയോ ആയുധങ്ങള്‍ കടത്തുകയോ ചെയ്യില്ല.

രാസായുധങ്ങള്‍ ഉപയോഗിക്കില്‌ളെന്നും തങ്ങള്‍ ഉറപ്പുനല്‍കുന്നതായി അദ്ദേഹം പറഞ്ഞു. വിപ്‌ളവകാരികള്‍ ആയുധങ്ങള്‍ ദുരുപയോഗം ചെയ്യാതെ ഭരണകൂടത്തിന്‌ കൈമാറുമെന്ന്‌ ലിബിയന്‍ പ്രതിരോധ മന്ത്രി ജലാല്‍ ദുഹൈലി അറിയിച്ചു. ലിബിയയില്‍ സുസ്ഥിരത കൈവരുത്താനാവശ്യമായ എല്ലാ പിന്തുണയും ഖത്തര്‍ നല്‍കുമെന്ന്‌ സായുധ സേനാമേധാവി മേജര്‍ ജനറല്‍ ഹമദ്‌ ബിന്‍ അലി അല്‍ അതിയ്യ വ്യക്തമാക്കി.
നാറ്റോ അംഗരാഷ്ട്രങ്ങള്‍ ഉള്‍പ്പെടെ പതിനഞ്ച്‌ പട്ടാള മേധാവികള്‍ പങ്കെടുത്തതിനാല്‍ സമ്മേളനം നടന്ന മജ്‌ലിസ്‌ ഹാളില്‍ ഒട്ടാകെ ഒരു സൈനിക പരേഡിന്‍െറ പ്രതീതിയായിരുന്നു. ഇവരെ കൂടാതെ അംഗരക്ഷകരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും നിര തന്നെ സമ്മേളനത്തില്‍ സന്നിഹതരായിരുന്നു. എന്‍.ടി.സി തലവന്‍ മുസ്‌തഫ അബ്ദുല്‍ജലീല്‍ സൈനിക മേധാവികളുമായി പരിചയപ്പെട്ട ശേഷമാണ്‌ വേദിയിലെത്തിയത്‌.
ലിബിയന്‍ ജനതക്ക്‌ സ്വതന്ത്ര ജീവിതം ഉറപ്പാക്കും: കിരീടാവകാശി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക