Image

രാജ്യാന്തര ചലച്ചിത്രോല്‍സവത്തിനു കൊടിയേറി

Published on 07 December, 2013
രാജ്യാന്തര ചലച്ചിത്രോല്‍സവത്തിനു കൊടിയേറി
തിരുവനന്തപുരം: പതിനെട്ടാമതു രാജ്യാന്തര ചലച്ചിത്രോല്‍സവത്തിനു തിരുവനന്തപുരത്ത്‌ തുടക്കമായി. 64 രാജ്യങ്ങളില്‍നിന്നായി 211 സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന ഉല്‍സവം തലസ്‌ഥാനത്തെ 12 തിയറ്ററുകളിലാണ്‌ അരങ്ങേറുക. 13നു സമാപിക്കും. കനകക്കുന്നിലെ നിശാഗന്ധിയില്‍ നെല്‍സന്‍ മണ്ടേലയ്‌ക്ക്‌ ആദരാഞ്‌ജലി അര്‍പ്പിച്ചുകൊണ്ടായിരുന്നു വന്‍ ജനപങ്കാളിത്തമുള്ള ഉദ്‌ഘാടന ചടങ്ങിന്റെ തുടക്കം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിരി തെളിച്ചു.

വിഖ്യാത സ്‌പാനിഷ്‌ സംവിധായകന്‍ കാര്‍ലോസ്‌ സോറയ്‌ക്കു സമഗ്ര സംഭാവനയ്‌ക്കുള്ള പുരസ്‌കാരം മുഖ്യമന്ത്രി സമ്മാനിച്ചു. മേളയുടെ കാറ്റലോഗ്‌ നടി ശബാന ആസ്‌മിക്കു നല്‍കി മന്ത്രി എ.പി. അനില്‍കുമാര്‍ പ്രകാശനം ചെയ്‌തു. കാര്‍ലോസ്‌ സോറയെക്കുറിച്ചുള്ള പുസ്‌തകം നടി മഞ്‌ജു വാരിയര്‍ക്കു നല്‍കി മന്ത്രി വി.എസ്‌. ശിവകുമാറാണു പ്രകാശിപ്പിച്ചത്‌.

കാര്‍ലോസ്‌ സോറയ്‌ക്കുള്ള മംഗളപത്രം ചലച്ചിത്ര അക്കാദമി വൈസ്‌ ചെയര്‍മാന്‍ ഗാന്ധിമതി ബാലന്‍ വായിച്ചു. ഫെസ്‌റ്റിവല്‍ ബുള്ളറ്റിന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍, ചീഫ്‌ സെക്രട്ടറി ഇ.കെ. ഭരത്‌ഭൂഷണു നല്‍കി പ്രകാശനം ചെയ്‌തു. മന്ത്രി കെ.സി. ജോസഫിന്റെ അധ്യക്ഷതയില്‍ സാംസ്‌കാരിക സെക്രട്ടറി റാണി ജോര്‍ജ്‌, ചലച്ചിത്ര അക്കാദമി സെക്രട്ടറി എസ്‌. രാജേന്ദ്രന്‍ നായര്‍, ആര്‍ട്ടിസ്‌റ്റിക്‌ ഡയറക്‌ടര്‍ ബീന പോള്‍ എന്നിവര്‍ പ്രസംഗിച്ചു.

ഉദ്‌ഘാടനച്ചടങ്ങിനു ശേഷം ഇന്ത്യന്‍ സിനിമയുടെ 100 വര്‍ഷങ്ങളെക്കുറിച്ചുള്ള ഡോക്കുമെന്ററിയുടെ പ്രദര്‍ശനവും നൃത്ത പരിപാടിയും നടന്നു.
രാജ്യാന്തര ചലച്ചിത്രോല്‍സവത്തിനു കൊടിയേറിരാജ്യാന്തര ചലച്ചിത്രോല്‍സവത്തിനു കൊടിയേറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക