സ്‌നേഹത്തിന്‍ ദൂതുമായ് മണ്ണിലേക്കെത്തിയ
വിണ്ണിലെ രാജകുമാരാ..
മാനത്തെ
മന്നന്റെ ഇംഗിതം പോലെ നീ
ഭൂമിയില്‍ സ്വര്‍ഗ്ഗമൊരുക്കി
ശാന്തിയും സൗഖ്യവും
നേര്‍ന്നുകൊണ്ടെപ്പോഴും
ഞങ്ങള്‍ക്ക്
കൂട്ടായിരുന്നു.
പാവങ്ങള്‍ക്കത്താണിയായി നീ അവരുടെ
പാപങ്ങള്‍ക്കൊക്കെയും
മാപ്പു നല്‍കി
പാരിതില്‍ പറുദീസ പണിയുവാനെത്തിയ
പുണ്യാവതാരമെ,
യേശുനാഥാ....
നീ തന്നെ സത്യവും മാര്‍ഗ്ഗവും ഞങ്ങള്‍ക്ക്
ആശയും അഭയവും
വേറേയില്ല
രാജകൊട്ടാരങ്ങള്‍ കാത്ത് കിടന്നിട്ടും
പുല്‍ക്കൂട്ടില്‍
ജന്മമെടുത്ത ദേവാ..
നക്ഷത്ര ദീപം കൊളുത്തി മാലാഖമാര്‍
ആ രാത്രി പാടി
തിമിര്‍ത്ത ഗാനം
`അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം
ഭൂമിയില്‍
സന്മനസ്സുള്ളവര്‍ക്ക് സമാധാനം
പാടുന്നു ദേവാ നിന്‍ ജന്മദിനത്തിലീ
ഭക്‌തരും
ഏകാഗ്ര ചിത്തരായി
മഞ്ഞല ചാര്‍ത്തില്‍ കുളിച്ച് പവിത്രയായ്
ഭൂമിയും
വിശ്വാസ സ്‌നാനമേറ്റു
നിന്റെ ജന്മത്താല്‍ അനുഗ്രഹം നേടിയ
വര്‍ഷാന്ത്യ മാസവും
കാത്തിരുന്നു
സ്‌നേഹം നിറഞ്ഞു കവിയും വിളക്കുകള്‍
തെളിയിച്ചു ഞങ്ങളും
കാത്തിരിപ്പു
ഞങ്ങള്‍ തന്‍ ജന്മങ്ങളുപഹാരമായി-
ട്ടര്‍പ്പിച്ചിടുന്നു
നിന്‍ ജന്മ നാളില്‍
സ്വീകരിച്ചാശ്വാസമേകുക , ദൈവമേ
നിത്യ ജീവന്റെയനുഗ്രഹം
നല്‍കുക.
ശുഭം