Image

പാവങ്ങളുടെ പക്ഷം ചേരുന്ന ക്രിസ്‌മസ്‌: പരിശുദ്ധ കാതോലിക്ക ബാവ

Published on 05 December, 2013
പാവങ്ങളുടെ പക്ഷം ചേരുന്ന ക്രിസ്‌മസ്‌: പരിശുദ്ധ കാതോലിക്ക ബാവ
ഒരു ക്രിസ്‌മസ്‌ കൂടി പടി കടന്നെത്തുമ്പോള്‍ ലോകം മുഴുവന്‍ ഉത്സവ ലഹരിയിലാണ്‌. ലോക രക്ഷകനായി അവതരിച്ച യേശുക്രിസ്‌തുവിന്റെ ജനനപ്പെരുന്നാള്‍ കോടിക്കണക്കിന്‌ രൂപ മറിയുന്ന കമ്പോളമായിമാറിയിരിക്കുന്നു.എന്തിനേയും വില്‌പനചരക്കാക്കി ലാഭം കൊയ്യുന്ന ഒരു വണിക്‌ സംസ്‌ക്കാരം ക്രിസ്‌മസിനേയും മൊത്തവിലയ്‌ക്ക്‌ എടുത്തിരിക്കുന്നു.എന്നാല്‍ ക്രിസ്‌മസില്‍ അധികം ശ്രദ്ധിക്കപെടാതെ പോകുന്നഒരു വിഷയമാണ്‌ ആദ്യത്തെ ക്രിസ്‌മസ്‌ പാവങ്ങളുടേത്‌ ആയിരുന്നു എന്നുളളത്‌ പരിശുദ്ധ കാതോലിക്ക ബാവ പറഞ്ഞു .

ഒന്നാമത്‌, ആരും ഗൌനിയ്‌ക്കാനിടയില്ലാത്ത ഒരു പശു തൊഴുത്താണ്‌ ക്രിസ്‌മസിന്റെ രംഗവേദി സമൂഹത്തിലെ മാന്യന്‍മാരും പണ്ഡിതരും പണക്കാരും തങ്ങുന്ന സത്രത്തില്‍ യേശുവിന്‌ പിറക്കാന്‍ ഇടം ലഭിച്ചില്ല എന്ന്‌ വേദം സാക്ഷിക്കുന്നു. അഭിജാതവര്‍ഗ്ഗത്തിന്റെ അരങ്ങായിരുന്ന ആ സത്രം ഇന്ന്‌ അവിടെ സൂക്ഷിക്കപ്പെട്ടിട്ടില്ല. എന്നാല്‍ യേശുവിന്‌ ഇടം നല്‍കിയ പുല്‍ത്തൊഴുത്ത്‌ഇന്ന്‌ ലക്ഷക്കണക്കിന്‌ തീത്ഥാടകരെ ആകര്‍ഷിക്കുന്ന പുണ്യസ്ഥാനമാണ്‌. രാജക്കന്മാരുടെ രാജാവായ ദൈവപുത്രന്‍ ജനിച്ചു വീണത്‌ മിണ്ടാപ്രാണികളുടെ മധ്യത്തിലാണ്‌. പുല്ലും പശുവും ആടും ഒക്കെ സ്ഥിതി ചെയ്യുന്ന ഒരു സമ്പൂര്‍ണ്ണ ആവാസ വ്യവസ്ഥയുടെ മധ്യത്തിലാണ്‌ ദൈവപുത്രന്റെ ജനനം. പൂക്കളും പുഴുക്കളും സസ്യജന്തുജാലങ്ങളും സമ്യക്കായി സമ്മേളിക്കുന്ന അനുഗ്രീത വാസസ്ഥാനമാണത്‌. ദൈവം സ്യഷ്ടിച്ച മനോഹരമായ ഈ ലോകത്തെ തന്റെ മാത്രം സുഖത്തിനുവേണ്ടി നശിപ്പിക്കുന്ന ആധുനികമനുഷ്യന്‍ ക്രിസ്‌മസിന്റെ സനാതന സന്ദേശം ഉള്‍ക്കൊളളാതെ പോകുന്നു. യേശുക്കുഞ്ഞിന്‌ അരികില്‍ നില്‍ക്കുന്ന പശുവും, കിടാവും ആട്ടിന്‍കുട്ടിയുമൊക്കെ ഇന്നത്തെ `ഫളാറ്റ്‌' കുട്ടികള്‍ക്ക്‌ കടകളില്‍ ലഭിക്കുന്ന `ഡോള്‍സ്‌്‌്‌' ആയി മാത്രം മാറിയിരിക്കുന്നു. വിണ്ണിലെ രാജകുമാരന്‍ മണ്ണിലേക്ക്‌ വന്നത്‌, മണ്‍മക്കളെ വിണ്‍മക്കളാക്കാനാണ്‌ എന്നു പറയുമ്പോഴും മണ്ണില്‍ തൊടാതെ ജീവിക്കുന്ന ഇന്നത്തെ കുട്ടികള്‍ക്ക്‌ മണ്ണിലേക്ക്‌ മടക്കിവരാനുളള ആഹ്വാനമായും കേള്‍ക്കണം. `അവനവനിസ'ത്തിന്റെ സങ്കുചിതമേഖലകളില്‍ നിന്ന്‌ കുറെക്കൂടി വിശാലമായ ഈ പ്രക്യതിയുടെ സ്ഥൂലമണ്ഡലത്തിലേക്ക്‌ ഇറങ്ങിച്ചെല്ലാം.

രണ്ടാമത്‌, ആദ്യ ക്രിസ്‌മസ്‌ സന്ദേശം ലഭിച്ചത്‌ സമൂഹത്തിലെ പാര്‍ശ്വവല്‍കൃതരായ ഒരു പറ്റം ആട്ടിടയന്‍ന്മാര്‍ക്കാണ്‌. പതിതരോടും പാര്‍ശ്വവല്‍കൃതരോടും അഷ്ടിയ്‌ക്കു വകയില്ലാത്തവരോടും ദൈവം പക്ഷം ചേരുന്നതിന്റെ ദൃശ്യാവിഷ്‌കാരമാണ്‌ ഇവിടെ നാം ദര്‍ശിക്കുക. ആടുകളെ കാവല്‍ ചെയ്‌ത്‌ വെളിമ്പ്രദേശത്ത്‌ കഴിയുന്ന ആട്ടിടയന്മാര്‍ക്ക്‌ പരിഷ്‌കൃതമായ സമൂഹത്തോട്‌ ഒരു ബന്ധവുമില്ല. ആടുകള്‍ക്കൊപ്പം `ആടുജീവിതം' തന്നെ നയിക്കുന്ന ആട്ടിടയന്‍ അറിയപ്പെടുന്നവനേയല്ല. ഒരുപക്ഷേ അവരുടെ അസ്‌തിത്വം പോലും ആരും ഗൌനിക്കുന്നുണ്ടാവില്ല. ഈ വിധം സമൂഹം അറിയാതെ പോക്കുന്നവര്‍ക്കാണ്‌ ദൈവത്തിന്റെ അറിയിപ്പ്‌ ലഭിക്കുന്നത്‌. സമ്പന്ന രാഷ്ട്രങ്ങളില്‍ ജീവിക്കുന്നവര്‍ക്ക്‌ വിശപ്പിന്റെ വിളി എന്തെന്ന്‌ അറിയില്ലായിരിക്കും. പക്ഷേ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍, എന്തിന്‌ ഇന്ത്യയില്‍ പോലും ചിലയിടങ്ങളില്‍, വിശപ്പുകൊണ്ട്‌ മരിക്കുന്നവര്‍ ഉണ്ട്‌. പക്ഷേ അവരെ ആരും അറിയുന്നില്ല. അറിയാതെ പോകുന്നു. ആദ്യ ക്രിസ്‌മസ്‌ രാത്രിപോലെ തിരസ്‌കൃതരും പാര്‍ശ്വവല്‍കൃതരുമായ പാവങ്ങളുടെ മദ്ധ്യത്തിലേയ്‌ക്ക്‌ അവര്‍ക്ക്‌ സന്തോഷവാര്‍ത്തയുമായി ചെല്ലുന്ന ഒരു ക്രിസ്‌മസ്‌ നമുക്കും അനുഭവവേദ്യമാകട്ടെ. അതാണ്‌ ക്രിസ്‌മസ്‌ നല്‍കുന്ന സന്തോഷവും സമാധാനവും..
പാവങ്ങളുടെ പക്ഷം ചേരുന്ന ക്രിസ്‌മസ്‌: പരിശുദ്ധ കാതോലിക്ക ബാവ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക