Image

സാന്റാ അന്നാ ദേവാലയത്തില്‍ വി. ഫ്രാന്‍സീസ്‌ സേവ്യറിന്റെ തിരുനാള്‍ ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 05 December, 2013
സാന്റാ അന്നാ ദേവാലയത്തില്‍ വി. ഫ്രാന്‍സീസ്‌ സേവ്യറിന്റെ തിരുനാള്‍ ആഘോഷിച്ചു
ലോസ്‌ആഞ്ചലസ്‌: `ലോകം മുഴുവന്‍ നേടിയാലും ആത്മാവ്‌ നശിച്ചാല്‍ ഫലമെന്ത്‌?' എന്ന മഹദ്‌ വചനം ഉള്‍ക്കൊണ്ട്‌ അറബിക്കടലിന്റെ തീരത്തുകൂടി മണിനാദം മുഴക്കി സഞ്ചരിച്ച ത്യാഗദീപ പ്രേക്ഷിതശ്രേഷ്‌ഠനായിരുന്ന വിശുദ്ധ ഫ്രാന്‍സീസ്‌ സേവ്യറിന്റെ തിരുനാള്‍ സാന്റാ അന്നയില്‍ ആഘോഷിച്ചു.

സാന്റാ അന്നയിലുള്ള സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ പള്ളി വികാരി ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴിയുടെ കാര്‍മികത്വത്തില്‍ ഭക്തിനിര്‍ഭരമായ കുര്‍ബാനയോടെ തിരുനാളിനു തുടക്കംകുറിച്ചു.

1506-ല്‍ ഫ്രാന്‍സില്‍ ജനിച്ചുവളര്‍ന്ന്‌ പാരീസ്‌ സര്‍വ്വകലാശാലയില്‍ പഠിച്ച്‌ അദ്ധ്യാപകനാകുകയും തുടര്‍ന്ന്‌ `ഈശോ സഭയ്‌ക്ക്‌' രൂപം നല്‍കിയ ഏഴുപേരില്‍ ഒരാളായിത്തീരുകയും ചെയ്‌തു.

1942 മുതല്‍ മൂന്നുതവണ ഇന്ത്യയില്‍ മിഷന്‍ പ്രവര്‍ത്തനത്തിന്‌ എത്തുകയുണ്ടായി. 1552-ല്‍ ചൈനയിലേക്കുള്ള യാത്രാമധ്യേ രോഗബാധിതനായി 46-മത്തെ വയസില്‍ അന്തരിച്ചു. 1562-ല്‍ വിശുദ്ധനായി. ഗോവയിലെ ബോം ജീസസ്‌ കത്തീഡ്രലില്‍ വിശുദ്ധന്റെ ഭൗതീകാവശിഷ്‌ടം ഇപ്പോഴും സൂക്ഷിക്കുന്നു.

തിരുനാള്‍ മധ്യേയുള്ള തന്റെ വചനസന്ദേശത്തില്‍, ദൈവത്തിന്റെ മഹത്വത്തിനുവേണ്ടിയാണ്‌ വിശുദ്ധന്‍ ജീവിച്ചതും പ്രവര്‍ത്തിച്ചതുമെന്നും, സ്‌നേഹത്തിന്റെ സേവനം ആത്മീയമായി കരുതിയ വിശുദ്ധനെപ്പോലെ സഭയോടുള്ള തന്റെ സ്‌നേഹവും പ്രേഷിതജോലിയും നമ്മളിലും ഉണ്ടാകട്ടെയെന്നും ഇമ്മാനുവേലച്ചന്‍ ഉത്‌ബോധിപ്പിച്ചു.

ഇടവക ഗായകസംഘങ്ങള്‍ ആലപിച്ച ഗാനങ്ങള്‍ ദിവ്യബലിയെ ഭക്തിസാന്ദ്രമാക്കി. പൊന്നിന്‍കുരിശും മുത്തുക്കുടകളുമായി വിശുദ്ധന്റെ രൂപംവഹിച്ചുള്ള നഗരികാണിക്കല്‍ പ്രദക്ഷിണത്തിന്‌ സി.സി.ഡി ടീച്ചര്‍മാര്‍ നേതൃത്വം നല്‍കി. വിശുദ്ധന്റെ രൂപംവണങ്ങി നേര്‍ച്ചകാഴ്‌ചകള്‍ക്കുശേഷം സ്‌നേഹവിരുന്നുമുണ്ടായിരുന്നു.

കുറുപ്പന്തറ മണ്ണാറപ്പള്ളി, പാലാ വിളക്കുമാടം പള്ളി, ഇലഞ്ഞി സേവ്യര്‍പുരം പള്ളി എന്നീ ഇടവകകളിലെ വിശുദ്ധ ഫ്രാന്‍സീസ്‌ സേവ്യറിന്റെ തിരുനാളിനെ അനുസ്‌മരിച്ചുകൊണ്ട്‌ ഇടവകാംഗങ്ങളായ രാജു അബ്രഹാം, ടോമി തോമസ്‌, ജോര്‍ജുകുട്ടി തോമസ്‌, സണ്ണി കള്ളിവയലില്‍, ജയിംസ്‌ ജോസഫ്‌, ബെന്നി പീറ്റര്‍ എന്നിവര്‍ ചേര്‍ന്നാണ്‌ തിരുനാള്‍ ഏറ്റെടുത്ത്‌ നടത്തിയത്‌.

ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴിയോടൊപ്പം കൈക്കാരന്മാരായ ആനന്ദ്‌ കുഴിറ്റത്തിലും, ജോണ്‍സണ്‍ വണ്ടനാംതടത്തിലും ഇടവകാംഗങ്ങളും ഒന്നായി തിരുനാള്‍ വിജയത്തിനായി പ്രവര്‍ത്തിച്ചു. ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ അറിയിച്ചതാണിത്‌.
സാന്റാ അന്നാ ദേവാലയത്തില്‍ വി. ഫ്രാന്‍സീസ്‌ സേവ്യറിന്റെ തിരുനാള്‍ ആഘോഷിച്ചു
സാന്റാ അന്നാ ദേവാലയത്തില്‍ വി. ഫ്രാന്‍സീസ്‌ സേവ്യറിന്റെ തിരുനാള്‍ ആഘോഷിച്ചു
സാന്റാ അന്നാ ദേവാലയത്തില്‍ വി. ഫ്രാന്‍സീസ്‌ സേവ്യറിന്റെ തിരുനാള്‍ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക