Image

സംവിധായകന്‍ മോഹന്‍ രാഘവന് ആദരാജ്ഞലികള്‍

ജോസ് പിന്റോ സ്റ്റീഫന്‍ Published on 27 October, 2011
സംവിധായകന്‍ മോഹന്‍ രാഘവന് ആദരാജ്ഞലികള്‍

കലാകേരളത്തിലാകമാനം കണ്ണീര്‍ മഴ പൊഴിച്ചുകൊണ്ട് മഹാനായ ഒരു കലാകാരന്‍ കൂടി ഇഹലോകവാസം വെടിഞ്ഞു. ടി.ഡി. ദാസന്‍ സ്റ്റാന്‍ഡേഡ് VI B- എന്ന ഒറ്റചിത്രം കൊണ്ട് തന്നെ മലയാളി സിനിമാ സംവിധായകരുടെ ഇടയില്‍ പ്രമുഖ സ്ഥാനം കരസ്ഥമാക്കിയ മോഹന്‍ രാഘവന്റെ ദേഹവിയോഗം മലയാളി സിനിമാ ലോകത്തിന് മാത്രമല്ല, ലോക സിനിമാ സമൂഹത്തിന് തന്നെ വലിയൊരു നഷ്ടമാണ്.

സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ഒരു കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന മോഹന്‍ രാഘവന് എന്നും നാടകത്തോടും സിനിമയോടും പ്രത്യേക അഭിനിവേശമുണ്ടായിരുന്നു. അവിവാഹിതനായിരുന്നു അദ്ദേഹം. പിതാവ് നേരത്തെ മരിച്ചു. ഇനി ആ കുടുംബത്തില്‍ അദ്ദേഹത്തിന്റെ മാതാവും ഒരു സഹോദരിയും ഒരു സഹോദരനും അവശേഷിക്കുന്നു. സഹോദരന്‍ വിവാഹിതനാണ്; ഒരു കുഞ്ഞുമുണ്ട്.

തൃശ്ശൂര്‍ ജില്ലയില്‍ മാളക്കടുത്ത് അന്നമനടയില്‍ ആയിരുന്നു ജനനം. തൃശ്ശൂര്‍ സ്‌ക്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും ബിരുദവും മധുര കാമരാജ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദാനന്തരബിരുദവും കരസ്ഥമാക്കിയ മോഹന്‍ രാഘവന്‍ നാടകലോകത്തിലൂടെയാണ് സിനിമാലോകത്ത് എത്തിയത്. ഇതിനിടയില്‍ ചില ടിവി സീരിയലുകള്‍ക്ക് കഥയും തിരക്കഥയും എഴുതിയിട്ടുണ്ട്.

നാടകങ്ങളില്‍ നിന്നും സീരിയലുകളില്‍ നിന്നും ലഭിച്ച അനുഭവസമ്പത്തുമായി 2010-ല്‍ തന്റെ ആദ്യത്തെ സിനിമ അദ്ദേഹം സംവിധാനം ചെയ്തു.
ടി.ഡി. ദാസന്‍ സ്റ്റാന്‍ഡേഡ് VI B എന്ന ജനകീയ സിനിമയുടെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിര്‍വഹിച്ചുകൊണ്ട് മലയാള സിനിമാലോകത്ത് അദ്ദേഹം ശ്രദ്ധയും അംഗീകാരവും പ്രശസ്തിയും നേടി.

അമേരിക്കന്‍ മലയാളികളായ പോള്‍ വടക്കുംചേരി, നിര്‍മ്മിച്ച
ടി.ഡി. ദാസന്‍ സ്റ്റാന്‍ഡേഡ് VI B ഇന്ത്യയിലും വിദേശത്തുമായി നിരവധി പുരസ്‌ക്കാരങ്ങള്‍ വാരിക്കൂട്ടി. ഈ ചിത്രം വഴി 2010-ലെ കേരളാ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് മോഹന്‍ രാഘവന് ലഭിച്ചു. ഈ ചിത്രം വഴി സംസ്ഥാനസര്‍ക്കാരിന്റെ മികച്ച രണ്ടാമത്തെ നടനുള്ള അവാര്‍ഡ് ബിജു മേനോനും ലഭിച്ചു.

ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യയുടെ ജോണ്‍ എബ്രഹാം അവാര്‍ഡ്, ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്, അമൃത ഫെഫ്ക അവാര്‍ഡ്, ലോഹിതദാസ് പുരസ്‌ക്കാരം തുടങ്ങിയ പുരസ്‌ക്കാരങ്ങളും ഈ ചിത്രം വഴി അദ്ദേഹത്തിന് ലഭിച്ചു.

അന്താരാഷ്ട്ര തലത്തിലുള്ള ഫെസ്റ്റിവലുകളില്‍ ഈ ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ മെയ് മാസം ഇന്‍ഡോ-അമേരിക്കന്‍ ആര്‍ട്‌സ് കൗണ്‍സില്‍ സംഘടിപ്പിച്ച ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഈ ചിത്രം മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് കരസ്ഥമാക്കി. ചൈനയിലെ ഷാങ്ഹായി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ , ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളാ, ചെന്നൈ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ , പൂന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ തുടങ്ങിയ ഫിലിം ഫെസ്റ്റിവലുകളില്‍ ഈ ചിത്രം ജനശ്രദ്ധ നേടി.

ഈ ചിത്രത്തിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥി ടി.ഡി. ദാസന്‍ ആയി അഭിനയിച്ച അലക്‌സാണ്ടറിനെ തേടിയും നിരവധി പുരസ്‌ക്കാരങ്ങള്‍ എത്തി. മമ്മൂട്ടിയെ നായകനാക്കി നിര്‍മ്മിക്കുവാന്‍ പോകുന്ന ഒരു പുതിയ ചിത്രത്തിന്റെ തിരക്കഥയുടെ അവസാനമിനുക്കു പണി നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു ഈ ദാരുണഅന്ത്യം. അതുപോലെ മോഹന്‍ രാഘവനെക്കൊണ്ട് മറ്റൊരു ചിത്രം കൂടി സംവിധാനം ചെയ്യിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു നിര്‍മ്മാതാവായ പോള്‍ വടക്കുംചേരി.

ന്യൂയോര്‍ക്ക് ഫിലിം ഫെസ്റ്റിവലിനിടയില്‍ മോഹന്‍ രാഘവനെ പരിചയപ്പെടാനും കുറെയേറെ നേരം സംസാരിക്കുവാനും ഈ ലേഖകനും സുഹൃത്തുക്കളായ ഡോ.ജേക്കബ് തോമസിനും ഗുരു ദിലീപ്ജിക്കും അവസരം ലഭിച്ചു. മോഹന്‍ രാഘവന്റെ ദേഹവിയോഗത്തില്‍ ഞങ്ങള്‍ക്കുള്ള ദുഃഖം നിര്‍മ്മാതാവ് പോള്‍ വടക്കുംചേരിയോടൊപ്പം ചേര്‍ന്ന് ഞങ്ങളും രേഖപ്പെടുത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും അനുശോചനം രേഖപ്പെടുത്തുന്നതിനും ബന്ധപ്പെടുക. പോള്‍ വടക്കും ചേരി -paulvcherry@gmail.com
സംവിധായകന്‍ മോഹന്‍ രാഘവന് ആദരാജ്ഞലികള്‍
സംവിധായകന്‍ മോഹന്‍ രാഘവന് ആദരാജ്ഞലികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക