Image

ബ്രോങ്ക്‌സ്‌ ഇടവകയിലെ ബൈബിള്‍ ക്ലാസുകള്‍ നൂറിന്റെ നിറവില്‍

ഷോളി കുമ്പിളുവേലി Published on 04 December, 2013
ബ്രോങ്ക്‌സ്‌ ഇടവകയിലെ ബൈബിള്‍ ക്ലാസുകള്‍ നൂറിന്റെ നിറവില്‍
ന്യൂയോര്‍ക്ക്‌: ബ്രോങ്ക്‌സ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ഇടവകയിലെ എല്ലാ വാര്‍ഡുകളിലും മാസത്തിലൊരിക്കല്‍വീതം നടന്നുവരുന്ന ബൈബിള്‍ പഠനം നൂറു ക്ലാസുകള്‍ പൂര്‍ത്തിയാകുന്നത്‌, വിശ്വാസവര്‍ഷാചരണങ്ങളുടെ ഭാഗമായി വിവിധ വാര്‍ഡുകളില്‍ ആഘോഷിക്കുന്നു.

2002 മാര്‍ച്ച്‌ 24-ന്‌ രൂപീകൃതമായ ബ്രോങ്ക്‌സ്‌ ഇടവകയിലെ വാര്‍ഡുതല ബൈബിള്‍ പരിശീലനങ്ങള്‍ക്ക്‌ ദേവാലയത്തോളം തന്നെ പഴക്കമുണ്ട്‌. വികാരി ഫാ. ജോസ്‌ കണ്ടത്തിക്കുടിയുടെ നേതൃത്വത്തില ഇടവകയെ എട്ടുവാര്‍ഡുകളാക്കി തിരിച്ച്‌ മുഴുവന്‍ വാര്‍ഡുകളിലും എല്ലാമാസവും പരമാവധി മുടങ്ങാതെ ബൈബിള്‍ ക്ലാസുകള്‍ നടന്നുവരുന്നു. അങ്ങനെ ഒരുവര്‍ഷം പന്ത്രണ്ട്‌ ബൈബിള്‍ ക്ലാസുകള്‍വീതം ഓരോ വാര്‍ഡിലും നടക്കും. അതാത്‌ വാര്‍ഡുകളിലെ വീടുകളില്‍ വെച്ചാണ്‌ ക്ലാസുകള്‍ നടക്കുന്നത്‌. പ്രസ്‌തുത വീട്ടിലെ കുടുംബനാഥന്റെ സ്വാഗത പ്രസംഗത്തോടെ ബൈബിള്‍ പരിശീലനം ആരംഭിക്കുന്നു. `പരിശുദ്ധാത്മാവേ നീ എഴുന്നള്ളി വരണമേ...' എന്ന ഗാനം സദസ്‌ ആലപിക്കുമ്പോള്‍ കുടുംബനാഥ തിരി തെളിയിക്കുന്നു. തുടര്‍ന്ന്‌ കഴിഞ്ഞ ക്ലാസികള്‍ പഠിച്ചതിന്റെ സംക്ഷിപ്‌ത റിപ്പോര്‍ട്ട്‌ വാര്‍ഡ്‌ സെക്രട്ടറി അവതരിപ്പിക്കുന്നു. അതിനുശേഷം പുതിയ അദ്ധ്യായം ആരംഭിക്കും. ആദ്യ ഒന്നോ രണ്ടോ വാക്യം ക്ലാസ്‌ നടക്കുന്ന വീട്ടിലെ കുടുംബനാഥന്‍ വായിക്കുന്നു. അതിന്റെ ഇംഗ്ലീഷ്‌ പരിഭാഷ അതേ വീട്ടിലെ കുട്ടിയും വായിക്കുന്നു. അതിനുശേഷം രണ്ടുപേരും അവര്‍ മനസിലാക്കിയ കാര്യം സദസില്‍ പങ്കുവെയ്‌ക്കുന്നു. തുടര്‍ന്ന്‌ ക്ലാസ്‌ എടുക്കുന്ന വികാരി ഫാ. ജോസ്‌ കണ്ടത്തിക്കുടി തന്റെ സ്വതസിദ്ധമായ വ്യാഖ്യാനശൈലിയില്‍ വളരെ ലളിതമായി മലയാളത്തിലും, കുട്ടികള്‍ക്കായി ഇംഗ്ലീഷിലും സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിവരിക്കും. അങ്ങനെ സദസിലുള്ള എല്ലാവരും ഒന്നും രണ്ടും വാക്യങ്ങള്‍ വീതം വായിക്കുകയും, മനസിലാക്കിയ കാര്യം പങ്കുവെയ്‌ക്കുകയും ചെയ്യുന്നു. ജോസച്ചന്റെ വിശകലനങ്ങളും തിരുത്തലുകളും കൂട്ടത്തില്‍ ഉണ്ടാകും. പങ്കെടുക്കുന്ന എല്ലാവരും കുട്ടികള്‍ എന്നോ മുതിര്‍ന്നവര്‍ എന്നോ ഭേദമില്ലാതെ അന്നത്തെ ക്ലാസില്‍ പഠിച്ച കാര്യങ്ങള്‍ സദസില്‍ വെച്ച്‌ സംസാരിക്കണമെന്നത്‌ നിര്‍ബന്ധമാണ്‌. തുടര്‍ന്ന്‌ സ്വയം പ്രേരിത മദ്ധ്യസ്ഥ പ്രാര്‍ത്ഥനകളുടെ അവസാനം അച്ചന്റെ ആശീര്‍വാദത്തോടെ ഏതാണ്ട്‌ പത്തുമണിയോടുകൂടി അന്നത്തെ ബൈബിള്‍ പഠനം അവസാനിക്കുന്നു. അങ്ങനെ നൂറുമാസങ്ങള്‍ കൊണ്ട്‌ ബൈബിളിലെ നൂറ്‌ അദ്ധ്യായങ്ങള്‍ പഠിച്ചത്‌ വിവിധ വാര്‍ഡുകള്‍ ആഘോഷിക്കുവാന്‍ പോകുകയാണ്‌. ഈ ഡിസംബര്‍ മാസം സെന്റ്‌ ജൂഡ്‌ വാര്‍ഡ്‌ (വൈറ്റ്‌പ്ലെയിന്‍സ്‌) ആണ്‌ ആദ്യ നൂറ്‌ ക്ലാസ്‌ പൂര്‍ത്തിയാക്കുന്നത്‌. ഇത്‌ വാര്‍ഡിന്റെ പാരീഷ്‌ കൗണ്‍സില്‍ പ്രതിനിധിയും, കപ്പിള്‍സ്‌ മിനിസ്‌ട്രി ചെയര്‍മാനുമായ ഷാജി സഖറിയായുടെ ഭവനത്തില്‍ വെച്ച്‌ ഡിസംബര്‍ 12-ന്‌ വ്യാഴാഴ്‌ച വൈകുന്നേരം 7 മണിക്ക്‌ ആഘോഷിക്കുന്നു. ചടങ്ങില്‍ ബൈബിള്‍ ക്ലാസിന്‌ തുടക്കംകുറിക്കുകയും എല്ലാ പ്രതിസന്ധികളേയും അതിജീവിച്ചുകൊണ്ട്‌ മുടങ്ങാതെ ക്ലാസുകള്‍ എടുക്കുകയും ചെയ്‌ത വികാരി ഫാ. ജോസ്‌ കണ്ടത്തിക്കുടി, വാര്‍ഡിലെ മുന്‍കാല സെക്രട്ടറിമാര്‍ എന്നിവരെ ആദരിക്കും. അസിസ്റ്റന്റ്‌ വികാരി ഫാ റോയിസണ്‍ മേനോലിക്കല്‍, കൈക്കാരന്മാര്‍, മറ്റ്‌ വാര്‍ഡ്‌ സെക്രട്ടറിമാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.

ചിക്കാഗോ രൂപതയിലെ ആദ്യ വൈദീക വിദ്യാര്‍ത്ഥി ബ്രദര്‍ കെവിന്‍ മുണ്ടയ്‌ക്കല്‍ ഈ വാര്‍ഡിലെ അംഗമാണ്‌. ഈ വാര്‍ഡില്‍ നിന്നും കടുതല്‍ ദൈവവിളികള്‍ ഉണ്ടാകാന്‍ പ്രത്യേക പ്രാര്‍ത്ഥനകളും നടന്നുവരുന്നു.
ബ്രോങ്ക്‌സ്‌ ഇടവകയിലെ ബൈബിള്‍ ക്ലാസുകള്‍ നൂറിന്റെ നിറവില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക