Image

സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന് ഷെവലിയര്‍ പദവി

Published on 02 December, 2013
സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന് ഷെവലിയര്‍ പദവി
ന്യൂഡല്‍ഹി: സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന് ആഗോള കത്തോലിക്കാ സഭയില്‍ അല്മായര്‍ക്കുള്ള ഉന്നതസ്ഥാനമായ ഷെവലിയര്‍ പദവി നല്‍കി ആദരിക്കുന്നുവെന്ന് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് സല്‍വത്തോരെ പെനാച്ചിയോ അറിയിച്ചു. ഫ്രാന്‍സീസ് പാപ്പയുടെ പേരില്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി ഒപ്പുവെച്ച ഔദ്യോഗിക രേഖയും ഷെവലിയര്‍ സ്ഥാനചിഹ്നങ്ങളും നല്‍കപ്പെടും.

    അഡ്വ.വി.സി.സെബാസ്റ്റ്യന്‍ സഭയ്ക്കു നല്‍കിക്കൊണ്ടിരിക്കുന്നവിശിഷ്ട സേവനങ്ങളെ മാനിച്ചുകൊണ്ടാണ് വത്തിക്കാനില്‍ നിന്നുള്ള അംഗീകാരം. വത്തിക്കാന്റെയും ഇന്ത്യയിലെ വത്തിക്കാന്‍ കാര്യാലയത്തിന്റെയും ആശംസകള്‍ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് സല്‍വത്തോരെ പെനാച്ചിയോ സന്ദേശക്കുറിപ്പിലൂടെ പങ്കുവെയ്ക്കുകയും ഔദ്യോഗിക രേഖ കാഞ്ഞിരപ്പളളി രൂപതാ ബിഷപ് മാര്‍ മാത്യു അറയ്ക്കലിന് കൈമാറുകയും ചെയ്തു.

    ആഗോളതലത്തില്‍ വ്യാപിച്ചിരിക്കുന്ന സീറോ മലബാര്‍ സഭാംഗങ്ങളെ സഭയുടെ മുഖ്യധാരയില്‍ ശക്തിപ്പെടുത്തുവാന്‍ സഭയുടെ പ്രഥമ അല്മായ കമ്മീഷന്‍ സെക്രട്ടറിയെന്ന നിലയില്‍ അഡ്വ. വി.സി.സെബാസ്റ്റ്യന്‍ ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങള്‍ ഇതിനോടകം സഭയുടെയും സമൂഹത്തിന്റെയും വിവിധ തലങ്ങളില്‍ പ്രശംസിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ മികവുറ്റ സംഘാടകത്വവും വ്യത്യസ്ഥങ്ങളായ പ്രവര്‍ത്തന പദ്ധതികളും സഭയിലെ അല്മായ ശക്തീകരണത്തിന് കൂടുതല്‍ ഉണര്‍വ്വേകുന്നു.  വിവിധ രാജ്യങ്ങളിലും ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളിലും സഭയിലെ അല്മായരുടെ കൂട്ടായ്മകള്‍ സംഘടിപ്പിക്കുവാന്‍ നല്‍കുന്ന നേതൃത്വവും ഏറെ പ്രശംസനീയമാണ്.  ക്രൈസ്തവസമൂഹം നേരിടുന്ന വിവിധ വിശ്വാസവെല്ലുവിളികളിലും ന്യൂനപക്ഷ, കാര്‍ഷിക സാമൂഹിക രംഗങ്ങളുള്‍പ്പെടെ ആനുകാലികമായ ഒട്ടനവധി പ്രശ്‌നങ്ങളിലും അവസരോചിതമായി നടത്തുന്ന ഇടപെടലുകള്‍ സഭയ്ക്കും പൊതുസമൂഹത്തിനും ശക്തിപകരുന്നതുമാണ്. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ 1988-ല്‍  ബോംബെയില്‍ സംഘടിപ്പിച്ചതും മദര്‍ തെരേസ പങ്കെടുത്തതുമായ അന്തര്‍ദേശീയ സെമിനാറും സീറോ മലാബാര്‍ സഭ അല്മായ കമ്മീഷന്റെ പ്രഥമ അന്തര്‍ദേശീയ അല്മായ അസംബ്ലിയും വി.സി.സെബാസ്റ്റ്യന്റെ മികച്ച സംഘാടകത്തിന്റെ ഉദാഹരണങ്ങളാണ്.  കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി, കാരിത്താസ് ഇന്ത്യയുടെ ബോര്‍ഡ് മെമ്പര്‍, ഹോം ഓഫ് ഇന്റര്‍നാഷണല്‍ ഫെലോഷിപ്പ് ജനറല്‍ സെക്രട്ടറി, ലെയ്റ്റി വോയ്‌സ് ചീഫ് എഡിറ്റര്‍ തുടങ്ങി ഒട്ടനവധി ദേശീയ അന്തര്‍േേദ്ദശീയ പ്രസ്ഥാനങ്ങളില്‍ ഔദ്യോഗിക സ്ഥാനമുള്ള വി.സി.സെബാസ്റ്റ്യന്‍ പ്രമുഖനായ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റുകൂടിയാണ്. 

    ചിറ്റാരിക്കല്‍ തേനിപ്ലാക്കല്‍ ലിസിയാണ് ഭാര്യ.  മക്കള്‍ എയ്ഞ്ചല്‍, എലൈന്‍.  2014 മാര്‍ച്ച് 8ന് കാഞ്ഞിരപ്പള്ളി രൂപതാ കേന്ദ്രത്തില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഷെവലിയര്‍ സ്ഥാനചിഹ്നങ്ങള്‍ നല്‍കും. 


റവ.ഡോ.സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍
പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, കാഞ്ഞിരപ്പള്ളി  രൂപത

സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന് ഷെവലിയര്‍ പദവി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക