Image

ലാനാ ന്യൂയോര്‍ക്ക്‌ കണ്‍വെന്‍ഷന്‍ വന്‍ വിജയം

ജോയിച്ചന്‍ പുതുക്കുളം Published on 27 October, 2011
ലാനാ ന്യൂയോര്‍ക്ക്‌ കണ്‍വെന്‍ഷന്‍ വന്‍ വിജയം
ന്യൂയോര്‍ക്ക്‌: ലിറ്ററി അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക (ലാന) യുടെ എട്ടാമത്‌ ദേശീയ സമ്മേളനം വന്‍ വിജയമായി. ഒക്‌ടോബര്‍ 21,22 തീയതികളില്‍ ന്യൂയോര്‍ക്കിലെ ഫ്‌ളോറല്‍ പാര്‍ക്കില്‍ (വൈലോപ്പള്ളി നഗര്‍) വച്ച്‌ നടന്ന കണ്‍വെന്‍ഷനില്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള അനവധി സാഹിത്യ പ്രവര്‍ത്തകര്‍ പങ്കെടുത്തു.

ഒക്‌ടോബര്‍ 21-ന്‌ വൈകുന്നേരം ചേര്‍ന്ന പൊതുസമ്മേളനത്തില്‍ പ്രസിഡന്റ്‌ ഏബ്രഹാം തെക്കേമുറി ഭദ്രദീപം തെളിയിച്ച്‌ കണ്‍വെന്‍ഷന്റെ ഔദ്യോഗിക ഉദ്‌ഘാടനം നിര്‍വഹിച്ചു. കേരളത്തില്‍ നിന്നും വിശിഷ്‌ടാതിഥിയായി എത്തിയ പ്രശസ്‌ത സാഹിത്യകാരി മാനസി മുഖ്യ പ്രഭാഷണം നടത്തി. അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ ഭാഷാ സ്‌നേഹത്തെ മാനസി പ്രകീര്‍ത്തിച്ചു. ഭാഷാ തീവ്രവാദമല്ല, ഭാഷാ അധിനിവേശമാണ്‌ പ്രവാസികള്‍ നടത്തേണ്ടത്‌. കണിക്കൊന്നയുടേയും കാട്ടരുവിയുടേയും ലോകത്തുനിന്നുമാറി ഇവിടുത്തെ ജീവനുള്ള കഥകള്‍ എഴുതുവാന്‍ മാനസി പ്രവാസി എഴുത്തുകാരെ ഉത്‌ബോധിപ്പിച്ചു.

മുന്‍ പ്രസിഡന്റുമാരായ പീറ്റര്‍ നീണ്ടൂര്‍, ജോസഫ്‌ നമ്പിമഠം, മനോഹര്‍ തോമസ്‌, പ്രശസ്‌ത സഞ്ചാര സാഹിത്യകാരന്‍ യൂനുസ്‌ കുഞ്ഞ്‌, ജോയന്‍ കുമരകം, വാസുദേവ്‌ പുളിക്കല്‍, സാംസി കൊടുമണ്‍, ജെ. മാത്യൂസ്‌, ഷാജന്‍ ആനിത്തോട്ടം എന്നിവര്‍ പ്രസംഗിച്ചു.

വള്ളത്തോള്‍ അവാര്‍ഡ്‌ ജേതാവ്‌ സി. രാധാകൃഷ്‌ണന്റെ സന്ദേശം സമ്മേളനത്തില്‍ വായിച്ചു. അന്തരിച്ച കഥാകാരന്‍ കാക്കനാടന്‍, ജന്മശതാബ്‌ദിയാചരിക്കുന്ന വൈലോപ്പള്ളി ശ്രീധരമേനോന്‍, ചങ്ങമ്പുഴ കൃഷ്‌ണപിള്ള, പാലാ നാരായണന്‍ നായര്‍ എന്നിവര്‍ക്ക്‌ ലാനാ പ്രവര്‍ത്തകര്‍ ആദരാഞ്‌ജലി അര്‍പ്പിച്ചു.

ഉദ്‌ഘാടന സമ്മേളനത്തെ തുടര്‍ന്ന്‌ നടന്ന കാവ്യസന്ധ്യ ഹൃദ്യമായ അനുഭവമായിരുന്നു. ലാനാ മുന്‍ പ്രസിഡന്റ്‌ പീറ്റര്‍ നീണ്ടൂര്‍ നേതൃത്വം നല്‍കിയ കാവ്യസന്ധ്യയില്‍ പതിനഞ്ച്‌ പേര്‍ സ്വന്തം കവിത അവതരിപ്പിച്ചു.

കണ്‍വെന്‍ഷന്റെ രണ്ടാം ദിവസം നടന്ന ചര്‍ച്ചാ സമ്മേളനത്തില്‍ കവിത, നോവല്‍, ചെറുകഥ എന്നിവയുള്‍പ്പടെ സാഹിത്യത്തിന്റെ വിവിധ മേഖലകളെക്കുറിച്ച്‌ നിരവധി സെമിനാറുകള്‍ നടന്നു. `മലയാള സാഹിത്യത്തിന്റെ വികാസത്തില്‍ പാശ്ചാത്യ സാഹിത്യത്തിന്റെ സ്വാധീനം' എന്ന വിഷയത്തെ അധികരിച്ച്‌ നടന്ന ആദ്യ സെമിനാറില്‍ പ്രൊഫ. ജോസഫ്‌ ചെറുവേലില്‍ മുഖ്യ പ്രബന്ധം അവതരിപ്പിച്ചു. മാനസി, എന്‍.എസ്‌ തമ്പി എന്നിവര്‍ പ്രസംഗിച്ചു. വാസുദേവ്‌ പുളിക്കല്‍ കോര്‍ഡിനേറ്റ്‌ ചെയ്‌ത സെമിനാറില്‍ ജെ. മാത്യൂസ്‌ മോഡറേറ്ററായിരുന്നു. രണ്ടാമത്തെ സെമിനാറില്‍ `അത്യുത്തമ സാഹിത്യം: ആത്മസത്തയുടെ കണ്ടെത്തല്‍' എന്ന പ്രബന്ധം ഡോ. എ.കെ. ബാലകൃഷ്‌ണ പിള്ള അവതരിപ്പിച്ചു. ഡോ. ശ്രീധര്‍ കര്‍ത്താ പ്രസംഗിച്ചു. ജോര്‍ജ്‌ മണ്ണിക്കരോട്ടായിരുന്നു മോഡറേറ്റര്‍. `മലയാളത്തിലെ തെരഞ്ഞെടുക്കപ്പെട്ട പുരസ്‌കാര കൃതികളിലൂടെ' ഒരു ഓട്ടപ്രദക്ഷിണം നടത്തിയ അടുത്ത സെമിനാറില്‍ ഡോ. കുഞ്ഞാപ്പു മുഖ്യ പ്രബന്ധം അവതരിപ്പിച്ചു. പവര്‍പോയിന്റിന്റെ സഹായത്തോടെ സമഗ്രമായി അവതരിപ്പിക്കപ്പെട്ട പ്രസ്‌തുത പ്രബന്ധം പുതുമയാര്‍ന്ന അനുഭവമായി. ആദരണീയനായ ഡോ. എം.വി. പിള്ളയുടെ സാന്നിധ്യവും പ്രസംഗവും പ്രസ്‌തുത സെമിനാറിന്റെ ആകര്‍ഷണമായിരുന്നു.

ഉച്ചയൂണിനുശേഷം നടന്ന കവിതാ ചര്‍ച്ച ആസ്വാദ്യകരമായ ചര്‍ച്ചയ്‌ക്ക്‌ വഴിതുറന്നു. കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്‌ ജേതാവ്‌ ചെറിയാന്‍ കെ. ചെറിയാന്റെ കവിതകളെക്കുറിച്ച്‌ ജോണ്‍ വേറ്റം, എന്‍.കെ. ദേശത്തിന്റെ `മുദ്ര' എന്ന കൃതിയെപ്പറ്റി ഡോ. നന്ദകുമാര്‍ ചാണയില്‍ എന്നിവര്‍ മുഖ്യ പ്രബന്ധം അവതരിപ്പിച്ചു. ജോണ്‍ ഇലയ്‌ക്കാട്ട്‌, ചാക്കോ ഇട്ടിച്ചെറിയ, ജെയിന്‍ മുണ്ടയ്‌ക്കല്‍, ത്രേസ്യാമ്മ നടാവള്ളി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന്‌ നടന്ന ചെറുകഥാ ശില്‍പ്പശാല പണ്‌ഡിതോചിതമായ ചര്‍ച്ചയ്‌ക്കാണ്‌ വഴിവെച്ചത്‌. സന്തോഷ്‌ എച്ചിക്കാനത്തിന്റെ `കൊമാല' എന്ന അവാര്‍ഡ്‌ കൃതിയെ അപഗ്രഥിച്ച്‌ ജെ. മാത്യൂസ്‌ അവതരിപ്പിച്ച പ്രബന്ധം ശ്രദ്ധേയമായിരുന്നു. പ്രശസ്‌ത കഥാകൃത്ത്‌ സി.എം.സി തന്റെ കഥാനുഭവങ്ങളുടെ പിന്‍ബലത്തില്‍ അവതരിപ്പിച്ച പ്രബന്ധവും ആസ്വാദ്യകരമായി. മനോഹര്‍ തോമസ്‌ കോര്‍ഡിനേറ്റ്‌ ചെയ്‌ത ചര്‍ച്ചയില്‍ ജോസ്‌ ഓച്ചാലില്‍, ജേക്കബ്‌ തോമസ്‌ എന്നിവരും പ്രസംഗിച്ചു.

വൈകുന്നേരം നടന്ന നോവല്‍ ചര്‍ച്ചയില്‍ ബന്യാമിന്റെ `ആടുജീവിത'ത്തെപ്പറ്റി ജോസഫ്‌ നമ്പിമഠം, സേതുവിന്റെ `അടയാളങ്ങള്‍' എന്ന കൃതിയെപ്പറ്റി ഷാജന്‍ ആനിത്തോട്ടം, നോവല്‍ സാഹിത്യത്തെപ്പറ്റി ജോര്‍ജ്‌ മണ്ണിക്കരോട്ട്‌, എം.കെ. സുകുമാരന്റെ `ചുവന്ന ചിഹ്‌നങ്ങള്‍' അടിസ്ഥാനമാക്കി സാംസി കൊടുമണ്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഏബ്രഹാം തെക്കേമുറി മോഡറേറ്റ്‌ ചെയ്‌ത സെമിനാറില്‍ മീനു എലിസബത്ത്‌ മാത്യു, ഡോ. എന്‍.പി. ഷീല എന്നിവരും പ്രസംഗിച്ചു.

വൈകിട്ട്‌ പ്രസിഡന്റ്‌ ഏബ്രഹാം തെക്കേമുറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാപന സമ്മേളനത്തില്‍ ഡോ. എം.വി. പിള്ള സമാപന സന്ദേശം നല്‍കി. ഡോ. എ.കെ.ബി പിള്ള, ജോയന്‍ കുമരകം, ഡോ. എന്‍.പി. ഷീല, ജോസ്‌ കാടാപുറം, ബാബു ഉത്തമന്‍, ജനാര്‍ദ്ദനന്‍ ഗോവിന്ദന്‍, വര്‍ഗീസ്‌ ചുങ്കത്തില്‍ എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. ഡോ. സാറാ ഈശോ, സി. ആന്‍ഡ്രൂസ്‌, അബ്‌ദുള്‍ പുന്നയൂര്‍ക്കുളം എന്നിവരുടെ പുസ്‌തകങ്ങളുടെ പ്രകാശനവും നടത്തപ്പെട്ടു. `അമേരിക്കയിലെ മലയാള സാഹിത്യ ചരിത്രം' രചിച്ച ജോര്‍ജ്‌ മണ്ണിക്കരോട്ട്‌, പ്രശസ്‌ത സഞ്ചാര സാഹിത്യകാരന്‍ എം.സി. ചാക്കോ മണ്ണാര്‍കാട്ടില്‍, പ്രശസ്‌ത കഥാകാരന്‍ ജോണ്‍ മാത്യു എന്നിവര്‍ക്ക്‌ പ്രശംസാ ഫലകം നല്‍കി ലാന ആദരിച്ചു. പ്രഥമ ലാനാ സാഹിത്യ അവാര്‍ഡ്‌ നേടിയ ജോസഫ്‌ നമ്പിമഠം, സി.എം.സി, നീന പനയ്‌ക്കല്‍ എന്നിവര്‍ പ്രസിഡന്റ്‌ ഏബ്രഹാം തെക്കേമുറിയില്‍ നിന്നും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. ജോയന്‍ കുമരകം, എന്‍.എസ്‌. തമ്പി, ഡോ. എ.കെ.ബി പിള്ള എന്നിവര്‍ക്ക്‌ ലാനയുടെ വിശിഷ്‌ടാംഗത്വം നല്‍കി ആദരിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ലാനയുടെ ഭാരവാഹികളെ സദസിന്‌ പരിചയപ്പെടുത്തി. സെക്രട്ടറി സാംസി കൊടുമണ്‍ സ്വാഗതവും, കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ രാജു തോമസ്‌ കൃതജ്ഞതാ പ്രസംഗവും നടത്തി. ന്യൂയോര്‍ക്ക്‌ കണ്‍വെന്‍ഷന്റെ വിജയത്തിനായി പരിശ്രമിച്ച വാസുദേവ്‌ പുളിക്കല്‍, സാംസി കൊടുമണ്‍, ബാബു പാറയ്‌ക്കല്‍, റീനി മമ്പലം, രാജു തോമസ്‌, ജെ. മാത്യൂസ്‌, പീറ്റര്‍ നീണ്ടൂര്‍, ജോസ്‌ ചെരിപുറം, സന്തോഷ്‌ പാലാ എന്നിവരെ ലാനാ പ്രവര്‍ത്തകര്‍ നന്ദിയോടെ സ്‌മരിക്കുന്നു.
ലാനാ ന്യൂയോര്‍ക്ക്‌ കണ്‍വെന്‍ഷന്‍ വന്‍ വിജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക