Image

ഫൊക്കാനയില്‍ പുതിയ സംഘടനകള്‍; കണ്‍വന്‍ഷന്‌ വന്‍ പിന്തുണ

Published on 01 December, 2013
ഫൊക്കാനയില്‍ പുതിയ സംഘടനകള്‍; കണ്‍വന്‍ഷന്‌ വന്‍ പിന്തുണ
ന്യൂയോര്‍ക്ക്‌: വലിയ ജനപങ്കാളിത്തം ലഭിക്കുന്ന രണ്ട്‌ മതസംഘടനകളുടെ സമ്മേളനം ചിക്കാഗോയില്‍ നടക്കുമ്പോള്‍ തന്നെയാണ്‌ ഫൊക്കാനാ സമ്മേളനവും അടുത്ത ജൂലൈയില്‍ നടക്കുന്നതെന്നും അതിനാല്‍ ഫൊക്കാനാ സമ്മേളനം വിജയിപ്പിക്കാന്‍ കൂടുതല്‍ ശ്രമങ്ങള്‍ ആവശ്യമുണ്ടെന്നും ഫൊക്കാനാ നേതാക്കള്‍ പറഞ്ഞു.

അമേരിക്കയുടെ മറ്റ്‌ പ്രദേശങ്ങളില്‍ നിന്നും കാനഡിയില്‍ നിന്നും കൂടുതല്‍ പേരെ പങ്കെടുപ്പിക്കാന്‍ പ്രത്യേക കര്‍മ്മപരിപാടി ആവിഷ്‌കരിച്ചിട്ടുണ്ടെന്നും അവയെല്ലാം ഭംഗിയായി മുന്നേറുന്നുവെന്നും ഫൊക്കാനാ പ്രസിഡന്റ്‌ മറിയാമ്മ പിള്ള പറഞ്ഞു. സമുദായ സംഘടനകളുടേയും സമ്മേളനങ്ങളുടേയും അതിപ്രസരം എല്ലാ വിഭാഗങ്ങളേയും ഉള്‍ക്കൊള്ളുന്ന മതേതര സംഘടനകള്‍ക്ക്‌ പ്രതിസന്ധി സൃഷ്‌ടിച്ചിട്ടുണ്ടെങ്കിലും ഫൊക്കാനാ അതിനു മുന്നില്‍ പതറില്ലെന്നു ജനറല്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസ്‌ പറഞ്ഞു. മൂന്നു ദശാബ്‌ദമായി ജൂലൈ 4,5,6 തീയതികളില്‍ ഫൊക്കാനാ കണ്‍വന്‍ഷന്‍ നടന്നുവരുന്ന പാരമ്പര്യം അഭംഗുരം തുടരുകതന്നെ ചെയ്യും.

മറ്റു പ്രദേശങ്ങളില്‍ നിന്ന്‌ മികച്ച പ്രതികരണം മാത്രമല്ല, പുതുതായി ഒരു ഡസന്‍ അസോസിയേഷനുകള്‍ ഫൊക്കാനയില്‍ അംഗത്വം സ്വീകരിച്ചിട്ടുണ്ടെന്നും ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍ പോള്‍ കറുകപ്പള്ളില്‍ പറഞ്ഞു. പുതിയ പത്ത്‌ സംഘടനകള്‍ക്ക്‌ അംഗത്വം നല്‍കാന്‍ നാഷണല്‍ കമ്മിറ്റി അനുമതി നല്‍കി.

ക്വീന്‍സിലെ ടൈസന്‍ സെന്ററില്‍ ന്യൂയോര്‍ക്ക്‌ റീജിയണല്‍ കണ്‍വന്‍ഷനും കിക്കോഫിനും മുമ്പായി മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുയായിരുന്നു നേതാക്കള്‍.

ന്യൂയോര്‍ക്ക്‌ റീജിയനില്‍ നിന്ന്‌ 150 കുടുംബങ്ങള്‍ ചിക്കാഗോ കണ്‍വന്‍ഷന്‌ രജിസ്റ്റര്‍ ചെയ്യുമെന്ന്‌ കരുതുന്നതായി റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ അഡ്വ. വിനോദ്‌ കെയര്‍കെ അറിയിച്ചു. ന്യൂയോര്‍ക്കില്‍ നിന്നു പോകുന്നവര്‍ക്കായി സൗജന്യമായി ബസ്‌ സൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യവും പരിഗണനയിലുണ്ടെന്ന്‌ ഡോ. ജോസ്‌ കാനാട്ട്‌ പറഞ്ഞു.

ടൊറന്റോ മലയാളി അസോസിയേഷന്‍ പ്രസിഡന്റായി പത്തുതവണ തെരഞ്ഞെടുക്കപ്പെട്ട ജോണ്‍ പി. ജോണ്‍, സെക്രട്ടറിയായിരുന്ന സണ്ണി ജോസഫ്‌ എന്നിവര്‍ കാനഡയില്‍ നിന്ന്‌ രണ്ട്‌ ബസ്‌ നിറയെ ആളുകള്‍ പങ്കെടുക്കുമെന്ന്‌ ഉറപ്പുണ്ടെന്ന്‌ പറഞ്ഞു. ഫൊക്കാനയുടെ അടുത്ത കണ്‍വന്‍ഷന്‍ (2016) ജോണ്‍ പി. ചാക്കോയുടെ നേതൃത്വത്തില്‍ ടൊറന്റോയില്‍ നടത്താനും അവര്‍ സന്നദ്ധത പ്രകടിപ്പിച്ചു.

വാഷിംഗ്‌ടണ്‍ ഡി.സി അടക്കം വേറെയും നഗരങ്ങള്‍ താത്‌പര്യം പ്രകടിപ്പിച്ച സാഹചര്യത്തില്‍ ജനറല്‍ കൗണ്‍സില്‍ തീരുമാനമെടുക്കും.

ഇതിനകം നടന്ന കിക്ക്‌ഓഫുകള്‍ മികച്ച വിജയമായിരുന്നുവെന്ന്‌ പ്രസിഡന്റ്‌ മറിയാമ്മ പിള്ള പറഞ്ഞു. ഒഹായോയിലെ ക്ലീവ്‌ലാന്റില്‍ പുതുതായി രൂപംകൊണ്ട അസോസിയേഷന്‍ ഡിസംബര്‍ 14-ന്‌ കിക്ക്‌ഓഫ്‌ നടത്തും. 150 കുടുംബങ്ങള്‍ അസോസിയേഷനില്‍ അംഗങ്ങളാണ്‌. ഡാളസില്‍ ഡിസംബര്‍ 28-നും, ഹൂസ്റ്റണില്‍ 29-നും ആണ്‌ കിക്ക്‌ഓഫ്‌. ഫിലാഡല്‍ഫിയയില്‍ ഫെബ്രുവരിയില്‍ നടക്കും. ചിക്കാഗോയില്‍ കിക്ക്‌ഓഫ്‌ നടന്നു. അടുത്തത്‌ ഫെബ്രുവരിയില്‍ നടക്കും.

ജനുവരിയില്‍ നടക്കുന്ന പ്രവാസി ഭാരതീയദിവസില്‍ ഫൊക്കാന നേതാക്കള്‍ പങ്കെടുക്കും. ഇതിനു പുറമെ ഭാഷയ്‌ക്കൊരു ഡോളര്‍ പ്രകാരമുള്ള സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യും. 6000-ല്‍പ്പരം ഡോളര്‍ ഇതിനായി സമാഹരിച്ചിട്ടുണ്ടെന്ന്‌ മുന്‍ പ്രസിഡന്റ്‌ ജി.കെ. പിള്ള പറഞ്ഞു.

കാനഡയിലെ അഞ്ച്‌ സംഘടനകളില്‍ മൂന്നെണ്ണം പുതുതായി രൂപംകൊണ്ടതാണ്‌. നയാഗ്ര മലയാളി അസോസിയേഷന്‍, മിസ്സിസ്സാഗാ മലയാളി അസോസിയേഷന്‍, ബ്രാംപ്‌ടണ്‍ മലയാളി അസോസിയേഷന്‍, ടൊറന്റോ മലയാളി അസോസിയേഷന്‍, ഹാമില്‍ട്ടണ്‍ മലയാളി അസോസിയേഷന്‍ എന്നിവയ്‌ക്കാണ്‌ ഫൊക്കാനയില്‍ അംഗത്വം നല്‍കിയത്‌. സ്റ്റാറ്റന്‍ഐലന്റ്‌, ഡെലവേര്‍, ഒഹായോ, ഓസ്റ്റിന്‍ തുടങ്ങിയ സ്ഥലങ്ങളിലെ അസോസിയേഷനുകളും അംഗത്വം പുതുക്കുകയോ, അംഗത്വത്തിന്‌ അപേക്ഷ നല്‍കുകയോ ചെയ്‌തു. ന്യൂജേഴ്‌സി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന `നാമം' ഫൊക്കാനയില്‍ അംഗത്വം നേടി. പ്രസിഡന്റ്‌ മാധവന്‍ നായരും ചടങ്ങില്‍ പങ്കെടുത്തു.

നാലംഗ കുടുംബത്തിന്‌ 1200 ഡോളറാണ്‌ രജിസ്‌ട്രേഷന്‍ ഫീസെന്ന്‌ ട്രഷറര്‍ വര്‍ഗീസ്‌ പാലമലയില്‍ പറഞ്ഞു. മൂന്നു ദിവസത്തെ താമസവും ഭക്ഷണവും കലാപരിപാടികള്‍ക്കുള്ള ടിക്കറ്റും ഉള്‍പ്പെടെയാണ്‌. കണ്‍വന്‍ഷന്‍ സ്‌പോണ്‍സര്‍ക്ക്‌ 25,000 ഡോളറാണ്‌. മെഗാ സ്‌പോണ്‍സര്‍ 10,000 ഡോള
ര്‍. നാട്ടില്‍ നിന്നുള്ള മികച്ച ഒരു പ്രോഗ്രാമും അവതരിപ്പിക്കും.

സംവിധായകന്‍ ജയന്‍ മുളങ്ങാടിന്റെ നേതൃത്വത്തില്‍ അമേരിക്കന്‍ മലയാളികളുടെ 50 വര്‍ഷത്തെ ചരിത്രം പറയുന്ന ദൃശ്യാവിഷ്‌കാരം പുതുമയായിരിക്കുമെന്ന്‌ കണ്‍വന്‍ഷന്‍ ചെയര്‍ അഗസ്റ്റിന്‍ കരികുംറ്റിയില്‍ പറഞ്ഞു. രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ പരിപാടി നൃത്തവും സ്‌കിറ്റും എല്ലാം ഉള്‍പ്പെടുത്തിയായിരിക്കും മലയാളി കുടിയേറ്റ കഥ പറയുക.

ചിക്കാഗോയില്‍ നടക്കുന്ന മൂന്നാമത്തെ കണ്‍വന്‍ഷനാണിത്‌. ഒഹയര്‍ ഹൈറ്റില്‍ (Hyatt) നടക്കുന്ന കണ്‍വന്‍ഷനില്‍ എത്തിച്ചേരാനും മറ്റും പ്രായസമൊന്നുമില്ല.

ഷോര്‍ട്ട്‌ ഫിലിം ഫെസ്റ്റിവല്‍ ഫൊക്കാനാ സമ്മേളനത്തില്‍ ഉണ്ടാവുമെന്ന്‌ ശബരി നായര്‍ പറഞ്ഞു. നൂറുവര്‍ഷത്തെ ഇന്ത്യന്‍ സിനിമയുടെ കഥപറയുന്ന പരിപാടിയും ഉണ്ടാവും. സിനിമാരംഗത്തെ അതികായരെ ആദരിക്കും.

എക്‌സി. വൈസ്‌ പ്രസിഡന്റ്‌ വര്‍ഗീസ്‌ ഉലഹന്നാന്‍, വനിതാ വിഭാഗം ചെയര്‍ ലീല മാരേട്ട്‌, ട്രസ്റ്റി ബോര്‍ഡ്‌ സെക്രട്ടറി ഗണേഷ്‌ നായര്‍, ശ്രീകുമാര്‍ ഉണ്ണിത്താന്‍, ജോയി ഇട്ടന്‍, കെ.കെ. ജോണ്‍സണ്‍, തോമസ്‌ കൂവള്ളൂര്‍, എം.കെ. മാത്യു, ഇന്നസെന്റ്‌ ഉലഹന്നാന്‍, ലൈസി അലക്‌സ്‌ തുടങ്ങി ഒട്ടേറെപ്പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

(നാളെ: ആവേശത്തിരയിളക്കി ന്യൂയോര്‍ക്ക്‌ റീജിയന്‍ കണ്‍വന്‍ഷനും കിക്ക്‌ ഓഫും).
ഫൊക്കാനയില്‍ പുതിയ സംഘടനകള്‍; കണ്‍വന്‍ഷന്‌ വന്‍ പിന്തുണ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക